യു.എ. ഇ യുടെ പോയകാലത്തെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിച്ച് ശ്രദ്ധേയനാവുകയാണ് കാസർഗോഡ് സ്വദേശി ഹമീദ് പൈക്ക. യു.എ.ഇ രൂപപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള അപൂര്‍വ്വ കറന്‍സികള്‍, കോയിനുകള്‍, ടെലിഫോണ്‍ കാര്‍ഡുകള്‍, സ്റ്റാമ്പുകള്‍, പത്ര കട്ടിങുകള്‍, ബാഡ്ജുകൾ, മാഗസിനുകൾ, സുവനീറുകൾ, ലെറ്റർ പാഡുകൾ എന്നിങ്ങനെ നീളുന്നു ഹമീദിന്റെ വിസ്മയ ശേഖരം. അരനൂറ്റാണ്ട് പുറകിലത്തെ കഥകളിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ എക്സ്പോ 2020 യും യു.എ.ഇ യുടെ ബഹിരാകാശ സഞ്ചാരവും കോപ് ഉച്ചകോടിയുടെ വിവരണങ്ങളുമെല്ലാം ചിത്രങ്ങളും വാർത്താ ശകലങ്ങളുമായി ശേഖരത്തിൽ നിറഞ്ഞു നിൽക്കുന്നു.
ദുബൈ ഹോർലാൻസിലെ സുഹൃത്തുക്കളുടെ ബാച്ചിലർ മുറിയിൽ കെട്ടി അടുക്കി വെച്ചിരിക്കുന്ന അമൂല്യ വസ്തുക്കൾ ഒരു രാജ്യത്തിന്റെ പൈതൃക കഥകൾ വിളിച്ചോതുന്നവയാണ്. യു.എ.ഇ യുടെ ചരിത്രവും അതിലെ സമ്പന്നതയും പതിനെട്ട് വർഷത്തോളം നിധിപോലെ കാത്തു സൂക്ഷിച്ചുവെങ്കിലും ജീവിതം ചോദ്യ ചിഹ്നമായി നിൽക്കുന്ന ഹമീദിന് സമാഹരിച്ച വസ്തുക്കൾ അത്രയും വിറ്റൊഴിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ രംഗത്ത് താൽപര്യമുള്ളവർ വന്നാൽ വിൽക്കാനും അതുവഴി തന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാനാവുമെന്നുമാണ് പ്രതീക്ഷ.
ഒരു ദിര്‍ഹത്തിന്റെ 44 തരം നാണയങ്ങൾ. പഴയതും പുതിയതുമായ അറബിക് ലിപികളില്‍ ഇറക്കിയ അഞ്ച്, പത്ത് ദിര്‍ഹം കറന്‍സികള്‍, യു.എ.ഇയും ഖത്തറും സംയുക്തമായി ഇറക്കിയ അഞ്ച് റിയാലിന്റെ കറന്‍സി, ഇന്ത്യയും യു.എ.ഇയും ഇറക്കിയ രൂപ കറന്‍സി എന്നിവയെല്ലാം അപൂർവ കൂട്ടത്തിലെ നാണയ-കറൻസി വൈവിധ്യങ്ങളാണ്. 1973ല്‍ പുറത്തിറക്കിയ ഒരു ദിര്‍ഹം നോട്ടില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന് മുമ്പേ ഉണ്ടായിരുന്ന യു.എ.ഇ കറന്‍സി ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1978 ൽ പോർട്ട് റാശിദ് ഉദ്ഘാടന വേളയിൽ ഇറക്കിയ മാഗസിൻ, 79 ൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വേൾഡ് ഫയർസ്പ്രിങ് ചടങ്ങിന്റെ ഭാഗമായുള്ള സുവനീർ, യു.എ.ഇയുടെ ആദ്യ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ്, ആദ്യമായി ഇറക്കിയ ബത്താക്ക, 90ൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ബാഡ്ജ്, 2020 എക്സ്പോയിലെ മൊത്തം പവലിയനുകളുടെയും ഫോട്ടോയും സ്റ്റാമ്പും പതിച്ച ബുക്ലെറ്റ്, സ്പിരിറ്റ് ഓഫ് യൂനിയൻ എന്ന കാമ്പയിനിൽ ഇറക്കിയ വിവിധയിനം അർട്ട് വർക്കുകളും ബാഡ്ജുകളും എല്ലാം അപൂർവ്വ ഇനങ്ങളാണ്.
ഉപയോഗിച്ചു വലിച്ചെറിയുന്ന ടെലിഫോണ്‍ കാര്‍ഡിന്റെ ശേഖരത്തിലൂടെയും ഹമീദ് പൈക്ക ഐക്യ എമിറേറ്റുകളുടെ ചരിത്രം പറയുന്നുണ്ട്. 35 വര്‍ഷം മുമ്പ് മുതലുള്ള ഇത്തിസലാത്ത് കാര്‍ഡുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആദ്യകാലങ്ങളിലെ ആർ.ടി.എ കാർഡുകൾ, മെട്രോയുടെ വിവിധ ഘട്ടങ്ങളിൽ ഇറക്കിയ കാർഡുകൾ, മെട്രോ ട്രെയിൻ പദ്ധതി നിലവിൽ വരുന്ന എത്രയോ വർഷങ്ങൾക്കു മുമ്പ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന്റെ രൂപ കല്പനയുമായി ഇറക്കിയ ടെലിഫോൺ കാർഡ് എന്നിവയെല്ലാം ഹമീദിന്റെ പക്കലുണ്ട്.
പബ്ലിക് ടെലിഫോൺ ബൂത്തുകൾ അപ്രത്യക്ഷമായെങ്കിലും ഹമീദിന്റെ കൈവശമുള്ള കാർഡുകൾക്ക് ഇന്നും തിളക്കമുണ്ട്. മെഷീനിനകത്തേക്ക് തിരുകുന്ന കാര്‍ഡുകളില്‍ വിളിക്കുന്ന ബാലന്‍സ് അറിയിക്കുന്നതിനു കാര്‍ഡില്‍ ദ്വാരം ഇടുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. കാര്‍ഡ് സംവിധാനത്തില്‍ യു.എ.ഇ പുറത്തിറക്കിയ ആദ്യ ടെലിഫോണ്‍ കാര്‍ഡ് മുതല്‍ വിവിധ സന്ദര്‍ഭങ്ങളിലായി ഇറക്കിയ 2500ലധികം ഫോണ്‍ കാര്‍ഡുകളും കൂട്ടത്തിലുണ്ട്.
ആദ്യ കാലങ്ങളിലെ മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകളും ഇവയിലുണ്ട്. രാജ്യത്തിന്റെ സംസ്കാരവും പ്രൗഢിയും വിളിച്ചോതുന്നതും രാജ്യത്തെ പ്രധാന വൃക്ഷ, സസ്യലതാദികളെ കുറിച്ചുള്ളതും, പ്രധാന കെട്ടിടങ്ങളും വസ്തുക്കളും വിവരിക്കുന്ന ചിത്രങ്ങളും കാര്‍ഡുകളില്‍ കാണാം. ലഹരിക്കെതിരെ മലയാളത്തില്‍ ഇറക്കിയ ടെലിഫോൺ കാർഡ് അറബ് നാടിന് കേരളത്തോടുള്ള പൗരാണിക ബന്ധം വിളിച്ചോതുന്നതാണ്.
ആയിരത്തോളം അപൂര്‍വ്വ സ്റ്റാമ്പുകളാണ് മറ്റൊരു ഇനം. യു.എ.ഇ അമ്പതാം വാർഷികവും ഇന്ത്യയുടെ 75ആം വാർഷികത്തിന്റെയും ഭാഗമായി സംയുക്തമായി ഇറക്കിയ തപാൽ സ്റ്റാമ്പ്, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ അടങ്ങിയതും, അദേഹത്തിന്റെ അഞ്ചു ചിത്രങ്ങള്‍ ഒരേപോലെ തെളിയുന്നതുമായ സ്റ്റാമ്പ്, മരുഭൂമിയിലെ പ്രസിദ്ധമായ കാഫ് മരത്തിന്റെ ഒറിജിനൽ വിത്ത് പതിച്ച് എംബ്രോയ്ഡ് ചെയ്ത അപൂർവ സ്റ്റാമ്പ്, ഗാന്ധിജിയുടെ 150ാം ജന്മ ദിനത്തോടാനുബന്ധിച്ച് ഇറക്കിയ യു.എ.ഇ സ്റ്റാമ്പ്, കൈകൊണ്ട് ഉരച്ചാല്‍ കാപ്പി പൊടിയുടെ സുഗന്ധം പരത്തുന്ന തപാല്‍ സ്റ്റാമ്പ് എന്നിവയെല്ലാം ഹമീദിന്റെ ഓർമ്മ കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
വിവിധ ഘട്ടങ്ങളില്‍ രാജ്യത്ത് വന്നുപോയ സ്റ്റാമ്പുകളുടെ വലിയൊരു ആല്‍ബം തന്നെയുണ്ട്. വിവിധ ഭാഷകളിലുള്ള പത്ര കട്ടിങുകളും ഫോട്ടോകളും കൗതുകമുണര്‍ത്തുന്നതാണ്. യു.എ.ഇ ക്ക് പുറമേ ലോകത്തുടനീളമുള്ള വിവിധ സംഭവങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കുന്ന 3,000 വാര്‍ത്ത ശകലങ്ങളാണ് കൂട്ടത്തിലുള്ളത്. രാഷ്ട്ര ശിൽപികളുടെ പഴകാല ഫോട്ടോകള്‍, വിവിധ പത്രങ്ങളില്‍ വന്ന ഇവരുടെ വാര്‍ത്തകള്‍, ഫോട്ടോകള്‍ പ്രധാന സംഭവങ്ങൾ, നേട്ടങ്ങൾ എന്നിവയും ഹമീദ് അമൂല്യ നിധിയിലുണ്ട് . നാട്ടില്‍ നിന്ന് പഴയ കാലത്ത് യു.എ.ഇയിലേക്കും തിരിച്ചും അയച്ചിരുന്ന വിവിധ മാതൃകയിലുള്ള ഇന്‍ലെന്റ് കവറുകൾ ഗൃഹാതുരമുണർത്തുന്നതാണ്.
പ്രവാസിയായി യു.എ.ഇയില്‍ എത്തും മുമ്പ് ഹമീദ് നാട്ടിലും പുരാവസ്തു ശേഖരത്തിലൂടെ പ്രശസ്തനാണ്. പതിനൊന്നാം വയസ്സില്‍ സ്കൂള്‍ പഠനകാലത്ത് സഹപാഠി തന്ന കുറച്ചു പഴയ നാണയങ്ങളാണ് തന്റെ പുരാവസ്തു ശേഖരണത്തിന് പ്രചോദനമായതെന്ന് ഹമീദ് പറയുന്നു . നൂറ്റാണ്ടുകളുടെ കഥ പറയുന്ന വസ്തുക്കളാണ് ഏറെ കാലത്തെ പ്രയത്നത്തിന്റെ ഫലമായി നാട്ടില്‍ സൂക്ഷിച്ചു പോരുന്നത്. ഹൈദരാബാദ് രാജാക്കന്മാര് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറക്കിയ കല്ലു നാണയം മുതല്‍ ഇന്ത്യ ഗവണ്മെന്റ് ഏറ്റവും അവസാനം പിന്‍വലിച്ച നാണയം വരെ നാട്ടിലെ ശേഖരത്തിലുണ്ട്.
കൂട്ടത്തില്‍ തിരുവിതാംകൂറിലുണ്ടായിരുന്ന അരചക്രമാണ് ഇതില്‍ ഏറ്റവും ചെറിയ നാണയം. രാജഭരണ കാലത്തെ മുദ്രപതിച്ച വെള്ളി നാണയങ്ങള്‍, 1943 ലെ ഓട്ടമുക്കാല്, 1950ലെ ഒരു പൈസ , 49ലെ നൂറിന്റെ വലിയ നോട്ട്, പഴയ അണ പൈസകള്‍, വിവിധ കാലത്തെ മുദ്ര പത്രങ്ങള്‍, മണ് പാത്രങ്ങള്‍, വലുപ്പം കുറഞ്ഞ ഖുര്‍ആന്‍ തുടങ്ങിയവ നാട്ടിലെ അമൂല്യങ്ങളില്‍ ചിലത് മാത്രം. നാണയ ശേഖരണവുമായി ബന്ധപ്പെട്ടവര്‍ക്കുള്ള കോഴിക്കോട് കേന്ദ്രമായുള്ള മലബാര്‍ ന്യുമിസ്മാറ്റിക് സൊസൈറ്റിയുടെ അംഗം കൂടിയാണ് ഹമീദ്. യു.എ.ഇയിൽ അടുത്തിടെ ആരംഭിച്ച കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷനിലും അംഗമാണ്.
നാട്ടില്‍ വിവിധ സ്കൂളുകളിലും മറ്റു പൊതു പരിപാടികളിലും നിരവധി തവണ പുരാവസ്തു പ്രദര്‍ശനം നടത്തി ശ്രദ്ധേയനാണ്. തന്റെ അഭിരുചി മനസ്സിലാക്കിയ യു.എ.ഇ സ്വദേശിയാണ് വർഷങ്ങൾക്കു മുമ്പ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് സഹായിച്ചതെന്ന് ഹമീദ് പറയുന്നു. കേട്ടറിഞ്ഞ നിരവധി പേര് കൗതുക വസ്തുക്കള്‍ കാണാന്‍ വരാറുണ്ട്. പല തവണ വിവിധ സംഘടനകൾ വഴി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. യു.എ.ഇ ദേശീയദിനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ ശേഖരം പ്രദര്‍ശിപ്പിക്കണമെന്ന സ്വപ്നം അടുത്തിടെ ഐ.സി.എഫ് പ്രവർത്തകർ സഫലീകരിച്ചു.
പതിനെട്ട് വർഷത്തെ പ്രവാസ ജീവിതത്തിനിടക്ക് തേടിപിടിച്ചതും പണം കൊടുത്ത് വാങ്ങിയതും വിവിധ ഓഫീസുകൾ കയറിയിറങ്ങി സംഘടിപ്പിച്ചു കൂട്ടിയതുമായ വലിയൊരു അമൂല്യ നിധി തന്നെയാണ് ഹമീദിന്റെ പക്കലുള്ളത്. മൊത്തം ഏട്ടായിരത്തോളം ഇനങ്ങളുണ്ട്. ഒരു ദിർഹം മുതൽ ആയിരം ദിർഹത്തോളം വിലമതിക്കുന്ന സാധനങ്ങളുണ്ടതിൽ. വിലകെട്ടിയാൽ ഏകദേശം അമ്പതിനായിരം ദിർഹത്തിന്റെ ശേഖരങ്ങൾ കാണുമെന്ന് ഹമീദ് പറയുന്നു.
ഒരു എക്സ്ബിഷനിൽ അനായാസം പ്രദർശിപ്പിക്കാവുന്ന തരത്തിൽ ഫയലുകളായും ബുക് ലെറ്റ്കളായും പൂർണ്ണ വിവരണങ്ങളോടെ തരംതിരിച്ചു വെച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ നിർണായക ശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹമീദിന്, പക്ഷെ ജീവിതമിപ്പോൾ പ്രതിസന്ധിയിലാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് ദുരിതം തുടങ്ങിയത്. പത്തുവർഷത്തിലധികം ജോലി ചെയ്തിരുന്ന കമ്പനി ഇപ്പോൾ ഇല്ല. ജോലി പോയതോടെ അമൂല്യ ശേഖരം സൂക്ഷിക്കാനും ഒരിടമില്ല. ഈ സാഹചര്യത്തിൽ തന്റെ അമൂല്യ ശേഖരങ്ങൾ വിൽക്കാനൊരുങ്ങുകയാണ്. ജോലി നഷ്ടപ്പെട്ടതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ശേഖരങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതുമാണ് ഹമീദിനെ മറിച്ചൊരു തീരുമാനത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.