1. മംഗലാപുരത്ത് എയർ ഇന്ത്യ വിമാനം തകർന്നു വീണപ്പോൾ 2. ഇൻസെറ്റിൽ മായൻകുട്ടി, കൃഷ്ണൻ

തീഗോളം ബാക്കിവെച്ച ജീവിതങ്ങൾ

പച്ചമരങ്ങൾ നിന്നു കത്തുകയാണ്‌. വിമാന അവശിഷ്‌ടങ്ങൾക്കൊപ്പം കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തലങ്ങും വിലങ്ങും തെറിച്ചുവീണുകിടക്കുന്നു. കരിഞ്ഞ മാംസത്തിന്റെ രൂക്ഷഗന്ധം മാത്രം. ചിലതിൽ ജീവന്‍റെ തുടിപ്പുണ്ടെന്ന തോന്നൽ... പുഞ്ചിരിക്കുന്ന മുഖവുമായി പ്രിയപ്പെട്ടവരുടെ വരവുകാത്ത് പുറത്ത് നിന്നവർ കേട്ടത് ഭൂമി നടുങ്ങുന്ന ശബ്ദം. നിമിഷനേരംകൊണ്ട് അവിടം അഗ്നിഗോളവും കറുത്ത പുകയുംകൊണ്ട് നിറഞ്ഞു. ഷണനേരം കൊണ്ട് പുഞ്ചിരിക്കുന്ന മുഖഭാവങ്ങളത്രയും അലമുറകളുമായി മാറി. കുടുംബങ്ങളുടെയും നാടിന്റെയും സ്വപ്നങ്ങൾ തകർത്തെറിഞ്ഞ ദുരന്തം. 2010 മേയ് 22ന് പുലർച്ചയാണ് മംഗലാപുരം ബജ്പെ വിമാനത്താവളത്തിനു സമീപം എയർ ഇന്ത്യയുടെ എ.ഐ 812 വിമാനം കത്തിയമർന്നത്. 158 ജീവനുകൾ വെന്തെരിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുപേരിൽ രണ്ടു മലയാളികളുമുണ്ടായിരുന്നു.

പച്ചമാംസം വെന്തെരിഞ്ഞ പ്രഭാതം

ആറു ജീവനക്കാരടക്കം 166 യാത്രികരായിരുന്നു വിമാനത്തിൽ. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്നവർവരെ മരണത്തിന് കീഴടങ്ങി. സന്ദർശക വിസയിലെത്തി മടങ്ങുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. കണ്ണൂർ കുറുമാത്തൂരിലെ മായൻ കുട്ടി, കാസർകോട് ഉദുമ മാങ്ങാട് കൂളിക്കുന്നിലെ ബാരയിലെ കൃഷ്ണൻ എന്നിവരാണ് രക്ഷപ്പെട്ട മലയാളികൾ. അപകടത്തിൽ വിമാനത്തിന്‍റെ പൊട്ടിപ്പിളർന്ന വിടവാണ് ഇവർക്ക് രക്ഷാവാതിലായത്. മരിച്ചവരിൽ 66 പേർ മലയാളികളായിരുന്നു. 27 പേർ കാസർകോട്ടുകാർ. 12 വർഷങ്ങൾക്കിപ്പുറവും അപകടത്തിന്‍റെ ആഘാതം കൃഷ്ണന്‍റെയും മായൻകുട്ടിയുടെയും മനസ്സിൽ വെന്തുരുകുകയാണ്.

മായൻകുട്ടി എന്ന 'അത്ഭുതക്കുട്ടി'

''പതിവുപോലെ വിമാനം സേഫായി ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതായുള്ള അറിയിപ്പിനു പിന്നാലെ ലൈറ്റുകളും തെളിഞ്ഞു. ഗാഢമായ ഉറക്കിൽനിന്ന് എല്ലാവരും എഴുന്നേറ്റ് ഇറങ്ങാനുള്ള തയാറെടുപ്പിലായി. ഒരു പ്രശ്നവുമില്ലാതെയാണ് വിമാനം റൺവേ തൊട്ടത്. പൊടുന്നനെ ശക്തമായി കുലുങ്ങിയ വിമാനം എവിടെയോ ഇടിച്ചതുപോലെ. പന്തികേട് തോന്നി പുറത്തേക്ക് നോക്കിയപ്പോൾ തീഗോളം വിമാനത്തെ പൊതിയുന്നു. 22 എഫ്, നടുക്ക് വിൻഡോ സൈഡിലായിരുന്നു സീറ്റ്. ഞെട്ടൽ മാറും മുമ്പ് അതിശക്തമായ കുലുക്കത്തോടെ വിമാനം താഴേക്ക് എടുത്തെറിയപ്പെട്ടു. എന്തോ വലിയ അപകടം സംഭവിച്ചെന്ന് ഉറപ്പായിരുന്നു. വിമാനത്തിനുള്ളിൽ നിസ്സഹായതയുടെ കൂട്ട നിലവിളികൾ. ഇരുട്ടും പുകയും ചൂടും കരിഞ്ഞ മണവും മാത്രം. എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോവണമെന്നോ അറിയാത്ത അവസ്ഥ. ഒരു കാര്യം അപ്പോഴേക്കും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു; രക്ഷപ്പെടില്ലെന്ന സത്യം.

ഇനി മരണമാണ് മുന്നിലുള്ളത്. പെട്ടെന്നാണ് എതിർവശത്ത് ഒരു വിടവിലൂടെ വെളിച്ചം ഉള്ളിലേക്ക് കയറിയത്. വിമാനം പൊട്ടിയതിനെതുടർന്നുണ്ടായ വിടവായിരുന്നു. ഭാഗ്യത്തിന് സീറ്റ് ബെൽറ്റ് എളുപ്പം അഴിക്കാൻ സാധിച്ചു. പുറത്തെ കനത്ത തീച്ചൂടിനെ വകവെക്കാതെ ആ വിടവിലൂടെ പുറത്തേക്ക് ചാടി. കാട്ടിലേക്കാണ് വീണത്. പിന്നാലെ, ചാടിയ ഭാഗത്തുനിന്ന് ശക്തമായ പൊട്ടിത്തെറിയുണ്ടായി, എൻജിൻ ഓഫായിട്ടില്ല. അപ്പോഴും മനസ്സിലാകെ വിമാനം പൊട്ടിത്തെറിച്ച് ഞാൻ മരിക്കുമെന്ന ചിന്തയായിരുന്നു.

മാ​യ​ൻ​കു​ട്ടി കുടുംബത്തോടൊപ്പം

പിറകോട്ട് തിരിഞ്ഞുനോക്കാതേ ഓടിക്കോ എന്ന് കൂടെ ചാടിയ ആൾ വിളിച്ചുപറയുന്നത് കേട്ട് വിജനമായ കാട്ടിലൂടെ ഞങ്ങൾ മുകളിലേക്ക് ഓടി. പത്തു പതിനഞ്ച് മിനിറ്റോളം ഓടിയപ്പോൾ ചെന്നെത്തിയത് റെയിൽവേ ട്രാക്കിലേക്കാണ്. നാട്ടുകാരാണ് ഞങ്ങളെ ഓട്ടോയിലും ബൈക്കിലുമായി ആശുപത്രിയിലെത്തിച്ചത്'' -രണ്ടേ രണ്ട് സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിശ്വസിക്കാനാകാത്ത പുനര്‍ജന്മം തന്നത് അല്ലാഹുവാണെന്ന് മായൻകുട്ടി പറയുന്നു.

ദുബൈയിലെ ഷിപ്പിങ് കമ്പനിയിൽ പി.ആർ.ഒ ആയിരുന്നു മായൻകുട്ടി. ''അപകടശേഷം പിന്നെ ഗൾഫിൽ പോകുന്നതും വിമാനത്തിൽ കയറുന്നതും ആലോചിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയായിരുന്നു. പക്ഷേ, ജീവിതപ്രാരബ്ധം പോകാതിരിക്കാൻ അനുവദിച്ചില്ല. ആറുമാസ അവധിക്കാണ് നാട്ടിലെത്തിയതെങ്കിലും അവധി തീരാൻ ഒരുദിവസം ശേഷിക്കെ തിരികെ മടങ്ങി.മാനസികാഘാതം മറികടക്കാൻ പലതവണ കൗൺസലിങ്ങിന് വിധേയനായി. ഇന്നും ആ ഓർമകളെ പേടിയാണ്. ആലോചിക്കുമ്പോള്‍തന്നെ വിറയൽ. മരണത്തിന്റെ മുഖം കണ്ട പേടി. അപകട ശേഷം എയർ ഇന്ത്യ വിമാനത്തിൽ യാത്ര വിരളമാണ്.'' മായൻകുട്ടി പറയുന്നു.

മായൻകുട്ടി ഇപ്പോൾ ഉമ്മുൽ ഖുവൈനിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ്. മകൻ മുനവ്വിറും കുടുംബവും ദുബൈയിലുണ്ട്. ഭാര്യ പി.പി. ബിഫാത്തുവും ഇടക്ക് അവരോടൊപ്പം പോവാറുണ്ട്. മകൾ ജുമാനയുടെ വിവാഹം ഈയിടെ കഴിഞ്ഞു. ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് മരണത്തിന്റെ വായില്‍നിന്ന് മായിന്‍കുട്ടി രക്ഷപ്പെടുന്നത്. പത്തു വര്‍ഷം മുമ്പ് സൗദിയിലെ ഹൈവേയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വാൻ ഓടിച്ചുപോകുമ്പോള്‍ മുന്‍ചക്രം പൊട്ടിയുണ്ടായ അപകടത്തിൽനിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

ജീവൻ കിട്ടി, ജീവിതം പോയി

''ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനം വേഗത്തിലാണ് താഴേക്കു പതിച്ചത്. മൊത്തം ഇരുട്ടായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പക്ഷേ, പുറത്തെ തീഗോളം എല്ലാത്തിനും മറുപടിതന്നു. പെട്ടെന്നാണ് തൊട്ടുമുകളിലായി വെളിച്ചം കണ്ടത്. വിമാനം പിളർന്നുണ്ടായ വിടവാണ്. സീറ്റ് ബെൽറ്റ് ഒരുവിധം അഴിച്ച് ആ വിടവിലൂടെ വലിഞ്ഞു കയറി. ശരീരമാസകലം പരിക്കുണ്ടെങ്കിലും രക്ഷപ്പെടാനുള്ള ഏക വഴിയാണെന്ന് മനസ്സ് ഉറപ്പിച്ചിരുന്നു.

ഇലക്ട്രിക് വയറിലും മറ്റും പിടിച്ചാണ് മുകളിലേക്ക് വലിഞ്ഞുകയറിയത്. താഴേക്കു നോക്കാതെ പ്രാണരക്ഷാർഥം ചാടി. വീണത് മുള്ളിലേക്കാണെങ്കിലും വേദന അറിഞ്ഞില്ല. പുറത്ത് ഭീതിതമായ കാഴ്ചകൾ, തീഗോളവും കറുത്ത പുകയും മാത്രം. തീയുടെ ചൂട് സഹിക്കാൻ പറ്റുമായിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എയർപോർട്ടിൽ തന്നെ സ്വീകരിക്കാൻ വന്ന സുഹൃത്തിനോട് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഫോണിൽ വിളിച്ച് സുരക്ഷിതനാണെന്നു പറഞ്ഞു'' -കൃഷ്ണന്‍റെ തീപിടിച്ച ഓർമകളിന്നും മനസ്സിൽ അണയാതെ കത്തുന്നു.

കൃഷ്ണനും കുടുംബവും

ദുരന്തത്തിന്‍റെ ഓർമകൾ ഇന്നും പേടിപ്പെടുത്തുന്നുണ്ട് കൃഷ്ണനെ. വർഷം 12 കഴിഞ്ഞിട്ടും കണ്മുന്നിൽ അഗ്നിഗോളമായ വിമാനത്തിന്‍റെ ചിത്രംതന്നെയാണ് മനസ്സിൽ. ജീവൻ തിരികെ കിട്ടിയെങ്കിലും മനസ്സിന്നും അപകടത്തെ തരണം ചെയ്തിട്ടില്ല. അപകടത്തിൽ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, തോൾ ഇളകി, ശരീരം മൊത്തം മുറിവുകൾ. ആഴ്ചകളോളം ആശുപത്രിയിൽ. വിമാനത്തിന്‍റെ ഇടതുഭാഗത്ത് മധ്യഭാഗത്തെ 17ാം നമ്പർ സീറ്റായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെ ജീവനല്ലാതെ ബാക്കി മുഴുവനും നഷ്ടപ്പെട്ടു.

''ആ ഞെട്ടൽ ഇന്നും മാറിയില്ല. എല്ലാ കാര്യത്തിലും ഇപ്പോഴും പേടിതന്നെയാണ്. ജബൽ അലിയിലെ കോൺട്രാക്ട് കമ്പനിയിലായിരുന്നു ജോലി. അപകട ശേഷം രണ്ടുവർഷം നാട്ടിൽതന്നെ നിന്നു. ഒരു ജോലിക്കും പോവാനോ പുറത്തിറങ്ങാനോ കഴിയാത്ത മാനസികാവസ്ഥ. പിന്നെ ജീവിതപ്രാരബ്ധംതന്നെയാണ് ഖത്തറിലെത്തിച്ചത്. അഞ്ചു വർഷം അവിടെ ഒരു ഗ്യാസ് കമ്പനിയിൽ എങ്ങനെയോ പിടിച്ചുനിന്നു. പിന്നെ അവിടെ തുടരാൻ മനസ്സ് അനുവദിക്കാത്തതിനാൽ തിരികെ നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ നാട്ടിൽ വീടിനടുത്ത് ചെറിയ കട നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്'' കൃഷ്ണൻ പറയുന്നു. ഭാര്യ ബിന്ദു. കീർത്തി, കൃപ എന്നിവർ മക്കളാണ്.

ജീവൻവെച്ചുള്ള വിലപേശൽ

''പാന്‍റിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചതിനാൽ എന്‍റെ പാസ്പോർട്ട് മാത്രം തിരികെ കിട്ടി. അപകടമായതിനാൽ പിന്നീട് എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടാണ് എക്സിറ്റ് സീൽ അടിച്ചത്. ഗൾഫിലേക്ക് പോയതുകൊണ്ടു മാത്രമാണ്, ഉള്ള ജോലിയെങ്കിലും തിരികെ കിട്ടിയത്. എയർ ഇന്ത്യയുടെ വാഗ്ദാനം കാത്തിരുന്നെങ്കിൽ ആ ജോലിയും പോയേനേ'' -മായൻകുട്ടി പറയുന്നു.

''ജോലി തരുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് മന്ത്രിയോട് ചോദിക്കണം'' -എയർ ഇന്ത്യ പ്രതിനിധികള്‍ ഒരിക്കൽ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. അങ്ങേയറ്റം പരിശ്രമിച്ചാണ് ചെറിയ തുകയെങ്കിലും നഷ്ടപരിഹാരമായി വാങ്ങാനായത്. അതിനായി ഒരുപാട് തവണ നടത്തിച്ചു. അഞ്ചു ലക്ഷം നഷ്ടപരിഹാരവും ലഗേജിന് രണ്ടു ലക്ഷവും ഉൾപ്പെടെ ഏഴു ലക്ഷമാണ് ആകെ തന്നത്. അതിൽനിന്ന് ഒരു വിഹിതം കമീഷനായും കൊടുക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.

അപകടത്തിന്‍റെ പിറ്റേന്ന് വന്ന വാർത്ത

അപകടശേഷം നഷ്ടപരിഹാരമായി നാലു ലക്ഷവും ലഗേജിനുള്ള രണ്ടു ലക്ഷവും ഉൾപ്പെടെ ആറു ലക്ഷമാണ് കൃഷ്ണന് ആകെ കിട്ടിയത്. ആദ്യം ഇരകളുടെ കൂട്ടായ്മ നൽകിയ കേസിൽ പങ്കാളിയായിരുന്നു. എന്നാൽ, വിലപേശലും മാനസിക പ്രയാസവും കാരണം വ്യക്തിപരമായി കേസിനു പോയില്ല. പുതിയ വീടിന്‍റെ പണി പൂർത്തിയാക്കാനായിരുന്നു നാട്ടിലേക്ക് വന്നത്. ജീവൻ തിരിച്ചുനൽകിയ അപകടം പക്ഷേ, സമ്പാദ്യമെല്ലാം കവർന്നു. പാസ്പോർട്ടും കത്തിച്ചാമ്പലായി. വീടുപണി നിലച്ചുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ കിട്ടിയത് വാങ്ങുകയായിരുന്നു. ജീവന്‍ തിരികെ ലഭിച്ചതുതന്നെ വലിയ ഭാഗ്യമെന്നു കരുതി -കൃഷ്ണന്‍ പറയുന്നു.

എയറിലായി എയർ ഇന്ത്യയുടെ വാഗ്ദാനം

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് അർഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ അധികൃതർ ഇനിയും സന്നദ്ധമായിട്ടില്ലെന്ന് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു. അതിനായി ചില കുടുംബങ്ങള്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് (മോൺട്രിയോൾ ഉടമ്പടി) ഒരു കുടുംബത്തിന് 72 ലക്ഷം രൂപയോളം (1,60,000 ഡോളര്‍) നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേൽ അപകടദിവസം വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. രക്ഷപ്പെട്ടവർക്ക് എയര്‍ ഇന്ത്യ ജോലി വാഗ്ദാനം ചെയ്തു, ഗള്‍ഫിലേക്ക് മടങ്ങിപ്പോകാന്‍ താൽപര്യമുള്ളവർക്ക് യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിനായി ഒരു ഫോറവും തന്നു. എന്നാൽ, ഫോറം പൂരിപ്പിച്ചു നൽകിയെങ്കിലും ഒരാൾക്കുപോലും വാഗ്ദാനം ചെയ്ത ജോലി നൽകിയിട്ടില്ലെന്നും അവർ പറയുന്നു.

മോഹനവാഗ്ദാനങ്ങളുടെ പെരുമഴ അവസാനിച്ചശേഷം ഇരകളുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളായിരുന്നു. സഹായം നൽകുന്നതിന് വക്കീലിനെ വെച്ചും ഏജൻസികളെ വെച്ചും എയർ ഇന്ത്യ അധികൃതർ വിലപേശി. പരമാവധി കുറഞ്ഞ തുകമാത്രമാണ് പലര്‍ക്കും നല്‍കിയത്. മടുപ്പ് തോന്നിയതോടെയാണ് പലരും അതിനു പിന്നാലെ പോകാതിരുന്നത്. അതിനു തയാറാകാത്തവര്‍ മാംഗളൂർ എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്‍ എന്ന സംഘടന രൂപവത്കരിച്ചാണ് പോരാട്ടം തുടരുന്നത്. വൈകാതെ അനുകൂലമായി അന്തിമ വിധി നേടാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഭാരവാഹികളും ബന്ധുക്കളും.

Tags:    
News Summary - It is 12 years since the Mangalore plane crash. Survivors tell life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.