ചിത്രങ്ങൾ: അനീഷ് തോടന്നൂർ

ഓണം, ആഘോഷിക്കാൻ വയ്യ... പക്ഷെ...

പ്രയാസങ്ങൾക്കിടയിലും, ഓണം അങ്ങനെയാണ് നാം അറിയാതെ കേറി വരും. ഓണത്തെ കുറിച്ച് ചിന്തിക്കുേമ്പാൾ, ഓണപാട്ടുകളും പൂക്കളുമാണ് മനസിൽ നിറയുക. ഏത്, വറുതിക്കിടയിലും ഓണമുണ്ടാകും. അതിജീവനത്തിന്‍റെ സന്ദേശം കൂടിയാണ് നമുക്കിന്ന് ഓണം. കൈതപ്രം പറഞ്ഞുതുടങ്ങുന്നു...

‘‘എല്ലാം വളരുന്നു, പൂക്കുന്നു, കായ്ക്കുന്നി-

തെല്ലാറ്റിനും വളക്കൂറുറ്റതിന്നിലം.

ഊഴിതന്നക്ഷയപാത്രത്തില്‍

നിന്നൊരേ സൂര്യന്‍റെ

ചൂടും വെളിച്ചവുമുണ്ണുവോർ.

വർണ്ണങ്ങൾ, ചൊല്ലുകൾ വെവ്വേറെയെങ്കിലും

ഒന്നിച്ചുകൂടിക്കഴിഞ്ഞതാണിന്നിലം...’’

(ഒ.എൻ.വി- ചോറൂണ്)

കോഴിക്കോട് ‘കൈതപ്രം’ വീട്ടിലെത്തിയവരിൽ ചിലരെങ്കിലും ഈ ഒ.എൻ.വി കവിത ഓർക്കും. കാരണം, എല്ലാറ്റിനെയും സ്വീകരിച്ചിരുത്തുന്ന ഒരിടം. എല്ലാ അർത്ഥത്തിലും അതിരുകൾ തീർത്തുകൊണ്ടിരിക്കുന്ന കാലത്ത്, വേറിട്ട അനുഭവം. അകത്തെ പൂജാമുറിയിൽ മക്ക, ജെറുസലേം, മൂകാംബിക എന്നിവിടങ്ങളിലെ മണ്ണുണ്ട്. മൂകാംബികയിലെ കെടാവിളക്കുമുണ്ട്...

മലയാളിയുടെ ആത്മാവിൻ പുസ്തകത്താളിൽ മയിൽപ്പീലിയായി ചേർത്തുവച്ച പ്രിയപ്പെട്ട കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് അങ്ങനെയാവാനേ കഴിയൂ. മനുഷ്യത്വമാണ് അദ്ദേഹത്തിന് മതം. ഒന്നരപതിറ്റാണ്ടിലേറെയായി കൈതപ്രത്തിന്‍റെ കുടുംബത്തോടൊപ്പമാണ് മാനേജർ ജംഷീർ. വീട്ടിലെ പൂജാ മുറിയില്‍ അവനുണ്ടാകും. കലാകേന്ദ്രത്തിനുള്ളിലെ ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും ജംഷീര്‍ ആണെന്ന് നിറഞ്ഞ ചിരിയോടെ കൈതപ്രം പറയുന്നു.

2008 ലാണ് ജംഷീര്‍ എത്തുന്നത്. അന്ന് അവന്‍ ക്ഷീണിതനായിരുന്നു. അവന്റെ ആരോഗ്യം മെച്ചപ്പെടുത്തി. പിന്നീട് അവനെ പഠിക്കാന്‍ സഹായിച്ചു. ഇപ്പോൾ, ഈ വീടിന്‍റെ ഭാഗമായി. ഒരിക്കൽ കൈതപ്രം പറഞ്ഞു. എന്‍റെ പേരിനൊപ്പം ഇനി നമ്പൂതിരി വേണ്ട. എല്ലാം വേർതിരിവിന്‍റെ ഭാഗമാകുന്ന കാലമാണല്ലോ?. വിവേചനത്തിനിടവരുത്തുമെങ്കിൽ നമ്പൂതിരി വേണ്ട. ദാമോദരൻ എന്ന പേരും വേണ്ട. എനിക്ക് കൈതപ്രം എന്ന പേര് മതി. ‘കാവാല’ത്തെ പോലെ... ‘നെടുമുടി’യെപോലെ... അറിഞ്ഞവർക്കെല്ലാം ഈ ജീവിതം പാഠമാണ്.

ദാരിദ്ര്യത്തിന്‍റെ ഓണക്കാലം

ഓണമാണ് മുമ്പിലെന്ന് പറഞ്ഞപ്പോൾ കൈതപ്രത്തിന്‍റെ മനസിൽ നിറയെ വയനാട് നൽകിയ വിങ്ങലായിരുന്നു. ഇത്തവണ ഓണം ആഘോഷിക്കാൻ വയ്യെന്നായി മറുപടി. വയനാടിന്‍റെ വേദന നാം കണ്ടോണ്ടിരിക്കുകയാണ്. വയനാടിന്‍റെ വേദനക്കൊപ്പം നിന്ന് ഞാൻ ഒരു പാട്ടെഴുതിയിട്ടുണ്ട്. അത്, 25 പ്രമുഖഗായകർ പാടി. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സാന്ത്വനം എന്നു പറയുന്നത് സംഗീതത്തിന്‍റെ ഭാഗമാണ്. ഈ ലോകത്തിനു തന്നെ സംഗീതമാണ് സാന്ത്വനം. ഈ വീട് വെക്കുന്നതിന് മുൻപ് ഈ പ്ലാവും മാവും എല്ലാം വെച്ചുപിടിപ്പിച്ചു. എപ്പോഴും ഞാൻ പാട്ടുകേൾക്കും അതാണ് എനിക്ക് സാന്ത്വനം. പ്രയാസങ്ങൾക്കിടയിലും, ഓണം അങ്ങനെയാണ് നാം അറിയാതെ കേറി വരും. ഓണത്തെ കുറിച്ച് ചിന്തിക്കുേമ്പാൾ, ഓണപാട്ടുകളും പൂക്കളുമാണ് മനസിൽ നിറയുക.

ഏത്, വറുതിക്കിടയിലും ഓണമുണ്ടാകും. അതിജീവനത്തിന്‍റെ സന്ദേശം കൂടിയാണ് നമുക്കിന്ന് ഓണം. കുട്ടിക്കാലത്ത് ദാരിദ്ര്യത്തിന്‍റെ ഓണമാണ്.

അച്ഛൻ വണ്ടൂരാണ്. അന്ന്, വണ്ടൂർ വലിയ ദൂരമാണ്. ഓണത്തിനെ വരാറുള്ളൂ. അന്ന്, പണമില്ലെങ്കിൽ അച്ഛൻ വരില്ല. സ്കൂളിൽ പാർട്ട്ടൈം സംഗീത അധ്യാപകനായിരുന്നു. മാസം 60 രൂപയാണ്. ഓണക്കോടിക്കൊക്കെ വകുപ്പുണ്ടെങ്കിൽ അച്ഛനെത്തും. ഇല്ലെങ്കിൽ എപ്പോഴെങ്കിലും വന്നുപോകും. കേരളത്തിൽ അപ്പോൾ പൊതുവെ അങ്ങനെ തന്നെയാണ് ഓണം. വലിയ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നവർ ചുരുക്കം. 1975 കാലത്തോടെയാണ് ഞാൻ വലിയ ഓണം കണ്ടുതുടങ്ങിയത്. തിരുവനന്തപുരത്ത് നാടകക്കാലമുണ്ടായിരുന്നു. കാവാലത്തിന്‍റെയും പ്രസാദ് സാറിന്‍റെയും കൂടെ നടന്ന കാലം. അന്ന് ഞങ്ങൾ പരമശിവൻ മാസ്റ്ററുടെ കൂടെയാണ് താമസിച്ചിരുന്നത്. നെടുമുടി വേണുവൊക്കെ കൂടെയുണ്ടായിരുന്നു. അക്കാലത്ത്, ആകാശവാണിക്ക് വേണ്ടി പാട്ടെഴുതിയിരുന്നു. അതെല്ലാം ഓണത്തിന്‍റെ നിറം കൂട്ടി. ഇന്ന്, ചിന്തിക്കുമ്പോൾ, ഓർമ്മകളിൽ ഇന്നെലെയെന്നോണം എല്ലാം മനസിലുണ്ട്... ഇപ്പോൾ, പതിറ്റാണ്ടുകളായി ഓണം പോലുള്ള ആഘോഷങ്ങളെ മലയാളി വലിയരീതിയിൽ സ്വീകരിക്കുകയാണ്. സന്തോഷിക്കാനുള്ള അവസരമാണ്. പ്രകൃതി വിഭവങ്ങളുടെ കാലം. കാലം ഏറെ മാറിയെങ്കിലും ഓണം വരും. ഓർമ്മയിലും ജീവിതത്തിലും.

മാത്യുവെന്ന സഹപാഠി

ഓണത്തിന്‍റെ ഓർമ്മകളിൽ ഇപ്പോൾ മാത്യുവെന്ന സഹപാഠിയുണ്ട്. പയ്യന്നൂരിൽ ഒന്നിച്ച് പഠിച്ചയാളാ. മലയോര കർഷക കുടുംബത്തിലാണ് മാത്യു ജനിച്ചത്. അന്ന്, കപ്പയൊക്കെ ടൗണിൽ വിൽക്കാൻ വരും. തിരിച്ചുപോകുമ്പോൾ പച്ചക്കറിയൊക്കെ വീട്ടിൽ തരും. അച്ഛനൊന്നും എത്താത്ത ഓണത്തിന് മാത്യു കൂടെയുണ്ടാകും.

ഞങ്ങളുടെ പ്രയാസമറിഞ്ഞ് ചെയ്യാറുണ്ടായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ, അമ്മ എനിക്ക് കത്തെഴുതി. മാത്യു വന്നിരുന്നു. മാത്യു വലിയവേഷമൊക്കെ ധരിച്ചാണ് വന്നത്. അച്ഛനാവാൻ പഠിക്കുന്നുവെന്ന് പറഞ്ഞു. പിന്നെ, മംഗലാപുരത്ത് ജോലിക്ക് പോവുകയാണെന്ന് അറിയിച്ചു. പിന്നെ, അയാളെകുറിച്ച് വിവരമൊന്നുമില്ല. അങ്ങനെയാണ്, ഏതോ ഓണക്കാലത്ത് ഞാൻ പത്രത്തിൽ എഴുതി മാത്യു വന്നിരുന്നെങ്കിൽ സന്തോഷമായോനെയെന്ന്. ഉത്രാടത്തിന്‍റെ അന്നാണ് ആ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അന്ന്, കാസർകോടുണ്ടായിരുന്നു മാത്യു. അത്, വായിച്ചവൻ വന്നു. ഈ കോഴിക്കോടെ വീട്ടിലെത്തി ഓണ സദ്യ കഴിച്ച് മടങ്ങി. പിന്നെ പലപ്പോഴായി മാതൃു വന്നു. ഇനി വന്നില്ലെങ്കിലും വിളിക്കും. എന്‍റെ ഓണം മാത്യുവിനെ കുറിച്ചുള്ളത് കൂടിയാണ്. അമ്മ മൂകാംബിക പോകുമ്പോൾ മാത്യുവിനെ പള്ളിയിൽ പോയി കണ്ടു. അതൊക്കെ മാത്യു പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാണ് മാത്യു. ഒരു കാലഘട്ടം നൽകിയ സൗഹൃദം.

‘ദേവദുന്ദുഭീ സാന്ദ്രലയം...’

ഓണം പാട്ടുകളുടെ കാലം കൂടിയാണ്. ‘ഓണത്താറ് ആടി വരുന്നേ...’ വരവേൽപ്പ് എന്ന സിനിമക്ക് വേണ്ടിയെഴുതിയ പാട്ട് എനിക്ക് ഏറെ പ്രിയമാണ്. നമ്മുടെ നാട്ടിൽ ഓണത്താറ്, ഓണപ്പൊട്ടൻ എന്നൊക്കെ പേരിൽ മഹാബലിയുടെ പ്രതിരൂപമെന്ന രീതിയിൽ ചില വരവുണ്ട്. ആ ഓർമ്മയാണ് ഓണത്താറ് ആടിവരുന്നേ എന്ന പാട്ടിന് പിന്നിൽ.

തമ്പിച്ചേട്ടന്‍റെ ‘തിരുവോണപ്പുലരിയിൽ...’ എന്ന പാട്ട് വലിയ ഇഷ്ടമാണ്. ഓണത്തിന് ഞാൻ എഴുതി സംഗീതം നൽകി മകൻ ദീപു പാടിയ പാട്ടുണ്ട്. ആറൻമുള വള്ളം കളിയുടെ പശ്ചാത്തലത്തിൽ ‘തിരുവോണത്തോണി പൊന്നും തോണി...’. പിന്നെ, ദാസേട്ടന്‍റെ തരംഗിണിക്കും ആകാശവാണിക്കും വേണ്ടി നിരവധി ഓണപ്പാട്ട് എഴുതി.


‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രം ആദ്യമെഴുതിയ ചലച്ചിത്രഗാനം. അതാകട്ടെ1986ൽ ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്‍റെ’ എന്ന ചിത്രത്തിനുവേണ്ടിയാണ്. ജെറി അമൽദേവിന്‍റെ ഈണത്തിൽ പിറന്ന ആ ഗാനത്തിലൂടെയാണ് മലയാളത്തിന്‍റെ ഈ വസന്തകാലം തുടങ്ങുന്നത്. 350ൽ അധികം സിനിമകൾക്കായി പാട്ടെഴുതി. നിരവധി സംഗീതസംവിധായകരുടെ ഉള്ളറിഞ്ഞ ഗാനരചയിതാവായി. കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് നാം ഹൃദയപൂർവം സ്വീകരിച്ച ഗാനങ്ങൾ ഏറെയും പിറന്നത്.

‘ഹിസ് ഹൈനസ് അബ്ദുല്ല’യിലെ ‘ദേവസഭാതലം’ എന്ന ഗാനരംഗത്തിലെ സംഗീതജ്ഞനെപ്പോലെ, മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങളുമായി 10ലേറെ സിനിമകളിൽ കൈതപ്രം നടനായി. സംവിധായകൻ ജയരാജിന്റെ ആദ്യസിനിമയായ ‘വിദ്യാരംഭം’ മുതൽ കൈതപ്രവും കൂടെയുണ്ട്. ‘കുടുംബസമേത’വും ‘പൈതൃക’വുമൊക്കെയായി അനേകം സിനിമകൾ. ജയരാജിന്റെ ‘സോപാനം’ എന്ന ചിത്രത്തിനു കഥയും തിരക്കഥയുമെഴുതാൻ തീരുമാനിച്ചത് 1993ൽ മൂകാംബിക യാത്രക്കിടെയാണ്. ജയരാജിന്റെ തന്നെ ‘ദേശാടന’ത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ആ ചിത്രത്തിലെ ‘നാവാമുകുന്ദ ഹരേ’ എന്ന ഗാനത്തിലൂടെ കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ പിന്നണി ഗായകനായെത്തി. മകനും കൂടെ കൂടിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ. എല്ലാറ്റിനും തൊട്ടരികെ പ്രിയ പത്മി ദേവി ദാമോദരനും കൂടെയുണ്ട്. നിരവധി സിനിമകൾ കൈതപ്രത്തിന്‍റെ മുൻപിലുണ്ടിപ്പോൾ. അക്ഷരങ്ങൾ കൊണ്ട് പല്ലവി തീർത്ത ഗാനം. മധുബാലകൃഷ്ണൻ പാടിയ പാട്ട് മലയാളി ഏറ്റെടുത്തു. കുട്ടികൾ പാട്ടുപാടി അക്ഷരമാല പഠിക്കുകയാണെന്ന് കൈതപ്രം അറിയുന്നു.

Tags:    
News Summary - Kaithapram Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-08 07:53 GMT