ചെറുതോണി: 90 ശതമാനം ജന്മന കാഴ്ചപരിമിതിയുള്ള 43കാരനായ കലേഷ് ആരോരുമില്ലാത്ത രോഗികളെ പരിചരിക്കലും അവർക്ക് അന്നദാനവും നൽകലും ജീവിതവ്രതമാക്കിയിരിക്കുകയാണ്. കടുത്ത ദാരിദ്ര്യം അനുഭവിച്ചു വളർന്ന കലേഷിന്റെ മാതാപിതാക്കൾ ടാറിങ് ജോലിയും വിറക് വെട്ടിയുമാണ് ഉപജീവനം കഴിഞ്ഞ് വരുന്നത്. ഈ ജീവിതപ്രതിസന്ധികളാണ് സന്നദ്ധ പ്രവർത്തനത്തിലേക്ക് കലേഷിനെ നയിക്കാൻ ഇടയാക്കിയത്. ഇതിലൂടെ സമൂഹത്തിനുവേണ്ടി തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് കലേഷ് തീരുമാനിക്കുകയായിരുന്നു. 2019ൽ ചെറുതോണി ഗാന്ധിനഗർ കോളനിയിലെ 18 വീടുകളിൽ കിടപ്പുരോഗികൾക്ക് മരുന്നും ഭക്ഷണവുമൊരുക്കിയാണ് കലേഷ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇപ്പോൾ സഹായത്തിനായി 142 പേരുണ്ട്. അവരിൽനിന്ന് പിരിവെടുത്തും അവരുടെ വീടുകളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ സംഭരിച്ചുമാണ് അന്നദാനം നടത്തിവരുന്നത്. ഒപ്പം ചെറുതോണി ടൗണിലെ ഓട്ടോറിക്ഷ, ചുമട്ട് തൊഴിലാളികളുടെ സഹകരണവുമുണ്ട്.
ഉച്ചക്കും വൈകീട്ടും ഒരു പൊതിച്ചോറ് നൽകിയാൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും അത് തികയും. എന്നാൽ, പ്രഭാതഭക്ഷണത്തിനാണ് അവർ ഏറെ ബുദ്ധിമുട്ടുന്നതെന്ന് കലേഷ് പറയുന്നു. തനിക്ക് പരിചയമുള്ള കുടുംബങ്ങളിലെ വിശേഷ ദിവസങ്ങൾ ചോദിച്ചറിഞ്ഞ് അന്നേ ദിവസം അവരെക്കൊണ്ട് ഭക്ഷണം സ്പോൺസർ ചെയ്യിക്കാൻ കഴിയുന്നുണ്ട്. പണം കണ്ടെത്താൻ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കരോക്കെ ഗാനമേള നടത്തിയും ബക്കറ്റ് പിരിവിലൂടെയും സഹായാഭ്യർഥന നടത്തുന്നുണ്ട്. സഹായത്തിനായി ആറാം ക്ലാസുകാരിയായ മകൾ ശിവകാമിയും ഭാര്യ സൗമ്യയും എന്നും രാവിലെ ആശുപത്രിയിലെത്തും. ഭക്ഷണ വിതരണത്തിനായി മാസം ഒന്നരലക്ഷം രൂപ ചെലവു വരുന്നതായി കലേഷ് പറഞ്ഞു. ഇതിനകം ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളിലായി 1000 പേർക്ക് സൗജന്യ രക്തദാനം നടത്തി.
വർഷംതോറും അയ്യായിരത്തിലധികം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയും വിതരണം ചെയ്തു വരുകയും ചെയ്യുന്നു. 2018ലെ പ്രളയത്തിൽ ചെറുതോണി ഡാം തുറന്നുവിട്ട് പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയപ്പോൾ ഗാന്ധിനഗർ കോളനിയിലുള്ള രോഗബാധിതനായ കുട്ടിയെ എടുത്തുകൊണ്ട് പാലത്തിന് മുകളിലൂടെ ഓടിയ നാലുപേരുടെ ചിത്രം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പാലത്തിന് മുകളിലൂടെ ഓടിയവരിൽ ഒരാൾ കലേഷായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.