പോസ്റ്റൽ കേരള സർക്കിൾ എക്സലന്‍റ് അവാർഡ് ലഭിച്ചതിനെ തുടർന്ന് നാരങ്ങാനം കണമുക്ക് ഗ്രാമം വി.കെ. സുരേഷിനെ ആദരിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം മൊമന്‍റോ നൽകുന്നു (ഫയൽ ചി​ത്രം

സ്വന്തം പോസ്റ്റുമാന്‍റെ വിയോഗത്തിൽ തേങ്ങി കണമുക്ക്​ ഗ്രാമം

റാന്നി: നാരങ്ങാനം പഞ്ചായത്തിലെ കണമുക്ക് എന്ന കൊച്ച് പോസ്റ്റ് ഓഫിസിനെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക്​ ഉയർത്തിയ പ്രിയ പോസ്റ്റുമാന്‍റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. നാരങ്ങാനം നോർത്ത്​ കണമുക്ക്​ പോസ്​റ്റോഫിസ്​ പോസ്റ്റുമാൻ റാന്നി തോട്ടമൺ വാളിക്കൽ വി.കെ. സുരേഷിന്‍റെ (സുരേഷ്​ റാന്നി-60) മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കണമുക്ക്​ ​​ഗ്രാമത്തിനായിട്ടില്ല. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടയിൽ ഓരോ വീട്ടിലും കുടുംബാംഗത്തെ പോലെ അദ്ദേഹം നാടുമായി ഇഴുകി ചേർന്നിരുന്നു.

27ന് രാത്രി 11 മണിയോടെയാണ് ഹൃദ്രോഗബാധയെ തുടര്‍ന്നാണ് സുരേഷ്​ അന്തരിച്ചത്. തപാല്‍ വകുപ്പിലെ ജോലിത്തിരക്കും പ്രാദേശിക പത്രപ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ട എഴുത്തിന്റെ വഴിയില്‍ നിന്ന് അദ്ദേഹം വേദനയോടെ പിന്മാറി. അത് തപാല്‍ വകുപ്പിന്റെ നേട്ടമായി. തപാൽ വകുപ്പിന്‍റെ നിരവധി പുരസ്കാരങ്ങളാണ്​ അദ്ദേഹം കണമുക്ക് പോസ്റ്റ് ഓഫീസിലേക്ക്​ എത്തിച്ചത്​. അതും വാര്‍ത്തയായി. വാര്‍ത്ത എഴുതി മാത്രം ശീലിച്ച സുരേഷ് താനും ഒരു വാര്‍ത്തയാകുന്നത് കണ്ട് ഏറെ സന്തോഷിച്ചു.

കേരളാ പോസ്റ്റൽ സർക്കിൾ സതേൺ റീജിയനിലെ പത്തനംതിട്ട ഡിവിഷനിൽ റാന്നി സബ്ഡിവിഷനിൽ പെട്ട ബ്രാഞ്ച് പോസ്റ്റോഫി സാണ് കണമുക്കിൽ പ്രവർത്തിക്കുന്ന നാരങ്ങാനം നോർത്ത് പോസ്റ്റോഫിസ്. നാരങ്ങാനം പോസ്റ്റോഫിസ് മുറിയിൽ മൂന്നു ഷെൽഫുകളിൽ വെക്കാവുന്നതിലധികം ട്രോഫികളും മൊമന്‍റോകളും സർട്ടിഫിക്കറ്റുകളുമുണ്ട്. ഇതിൽ ബഹുഭൂരിഭാഗവും തപാൽ വകുപ്പിലെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന് സുരേഷിന് ലഭിച്ച അംഗീകാരങ്ങളാണ്.

കേരളാ സർക്കിൾ തലത്തിൽ ഒരിക്കലെങ്കിലും സമ്മാനാർഹൻ ആകുകയെന്നത് തപാൽ വകുപ്പിലെ ഏതൊരു ജീവനക്കാരന്‍റേയും ആഗ്രഹമാണ്. എന്നാൽ, ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ പോസ്റ്റൽ ഇൻഷുറൻസ് ബിസിനസ്സിൽ അടക്കം രണ്ടു തവണ എക്സലൻസ് അവാർഡ് ഉൾപ്പെടെ നാലു തവണ സംസ്ഥാന തലത്തിൽ അവാർഡു സ്വന്തമാക്കിയ ജീവനക്കാരനാണ് സുരേഷ്. ഇതിനു പുറമെ ഡിവിഷൻ, സബ്ഡിവിഷൻ തലങ്ങളിലും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പോസ്റ്റൽ സേവങ്ങൾക്കു പുറമെ ഇന്ത്യാ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കുമായി ബന്ധപ്പെട്ടു നടന്ന മത്സരങ്ങളിലെല്ലാം മികവാർന്ന വിജയമാണ് നേടിയത്. ദേശീയ തലത്തിൽ സുരക്ഷാ കവച് എന്ന പേരിൽ നടത്തിയ ജനറൽ ഇൻഷുറൻസ് മത്സരത്തിന് രണ്ടാം സ്ഥാനം നേടിയിരുന്നു കേരളാ സർക്കിൾ തലത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ വിജയിച്ച് ബാഹുബലി അവാർഡും സ്വന്തമാക്കി.

ജനങ്ങൾക്ക് പരമാവധി സേവനം നൽകുക എന്ന ലക്ഷ്യത്തോടെ നാരങ്ങാനം നോർത്ത് പോസ്റ്റോഫിസ് പ്രവർത്തനം മാറ്റിമറിച്ചു. പാൻ കാർഡില്ലാത്ത നിരവധിയാളുകൾക്ക് ഇ-പാൻ എടുത്തു നൽകുന്നതും ആധാർ പി.വി.സി കാർഡ് നൽകുന്നതും പരമാവധി കർഷകരെ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെടുത്തി അവർക്ക് സഹായം ലഭ്യമാക്കുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. തപാൽ വകുപ്പ് നടപ്പാക്കുന്ന വിഷുക്കൈനീട്ടം പദ്ധതി, ശബരിമല പ്രസാദവിതരണം, ഗംഗാജല വിതരണം, വയനാട് പുനർജനിയിലെ കർക്കടക വാവുബലി തർപ്പണം തുടങ്ങി എല്ലാ കാര്യങ്ങളിലും സുരേഷ് ജോലി ചെയ്യുന്ന നാരങ്ങാനം നോർത്ത് ഓഫിസിന്‍റെ പങ്കാളിത്തം ശ്രദ്ധേയമായി.

നാട്ടുകാരുടെ കൂട്ടായ്മയിൽ കണമുക്കിൽപാറ പുറമ്പോക്കു ഭൂമിയിൽ ഏതാനും വർഷങ്ങൾക്കു മുമ്പു സ്ഥാപിച്ച കെട്ടിടത്തിലാണ് പോസ്റ്റോഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ അസി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സുരേഷ് സ്വന്തം പണം മുടക്കിയാണ് സൗരോർജ ഫാനും ബൾബും സ്ഥാപിച്ചത്. ഇവിടെയെത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കുടിവെള്ളം അടക്കം ക്രമീകരിച്ചു. സമീപ പോസ്റ്റോഫിസ് പരിധിയിൽ നിന്നു പോലും ആളുകൾ വിവിധ ആവശ്യങ്ങൾക്ക് നാരങ്ങാനം നോർത്ത് ഓഫിസിൽ എത്തുന്നു.

5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ ആധാർ എടുത്തു നൽകുന്നു. ഇവിടെയും വിവിധ ക്യാമ്പുകളിലുമായി ഇതിനകം 1000 ലധികം കുട്ടികൾക്ക് ആധാർ എടുത്തു നൽകി. നാരങ്ങാനം പഞ്ചായത്തിലെ 5 വയസിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ആധാർ എടുത്തു നൽകുന്ന കംപ്ലീറ്റ് ചൈൽസ് ആധാർ പ്രോഗ്രാം (സി-ക്യാപ്പ്) എന്ന പദ്ധതി സ്വന്തം നിലയിൽ തയ്യാറാക്കി നടപ്പാക്കി വരികയായിരുന്നു. സ്വന്തം പോസ്റ്റോഫിസിനെ നേട്ടങ്ങളുടെ പട്ടികയിൽ എപ്പോഴും ഒന്നാമത് എത്തിക്കുമ്പോഴും വിവിധ സബ്ഡിവിഷനകളിൽ എത്തി ജീവനക്കാർക്ക് പോസ്റ്റൽ സേവനങ്ങൾ സംബന്ധിച്ച് കളാസുകൾ എടുത്തു.

വിവിധ സാമുദായിക, സാംസ്കാരിക സംഘടനകളുടെ യോഗങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു ഡസനിലധികം ക്ളാസുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളിലായി കഴിഞ്ഞ മൂന്നു പതിറ്റാണ്ട് പ്രാദേശിക മാധ്യമ പ്രവർത്തകനായിരുന്നു റാന്നി സ്വദേശിയായ സുരേഷ്. ജനങ്ങൾ ചർച്ച ചെയ്ത നിരവധി വാർത്തകൾ കണ്ടെത്തിയും നാടിന്‍റെ വെളിച്ചമായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ഹൃദയ സംബന്ധമായ രോഗം ഉണ്ടായപ്പോഴും ആശുപത്രിവിട്ടാല്‍ ഉടന്‍ ഓഫിസിലെത്തുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ഇനി മടക്കമില്ല എന്നറിയാതെ ആയിരിക്കാം.

Tags:    
News Summary - Naranjanam Post Office Post Master V.K Suresh Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.