കോന്നി: ജനിച്ചത് നേപ്പാളിൽ. ഒറ്റപ്പെട്ടു പോയത് യു.പി.യിൽ വെച്ച്. വോട്ട് ചെയ്യുന്നത് കോന്നി മണ്ഡലത്തിൽ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോന്നിയിൽ വോട്ട് രേഖപ്പെടുത്തുകയാണ് കാഞ്ചൻ എന്ന രാജൻ. നേപ്പാളിൽ ജനിച്ച ചെങ്ങറ ചെമ്മാനി കിഴക്കേ ചരുവിൽ രാജൻ(65) ആണ് വോട്ട് ചെയ്യുന്നത്. കോന്നി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൊന്നപ്പാറ പാരീഷ്ഹാൾ ബൂത്തിൽ ആണ് വോട്ട്. 40 വർഷത്തിലേറെയായി കേരളത്തിലെ വോട്ടർ പട്ടികയിൽ പേരുള്ളതും തെരഞ്ഞെടുപ്പിൽ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ആളാണ് ഇദ്ദേഹം.
1967 ൽ ഉത്തർപ്രദേശിലെ അതിർത്തി ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ കാഞ്ചൻ എന്ന പത്ത് വയസ്സുകാരനാണ് രാജൻ എന്ന പേര് സ്വീകരിച്ച് കേരളീയനായത്. ചോള പാടത്ത് പണിയെടുത്ത അമ്മയുടെ കണ്ണിൽ നിന്ന് അകന്ന് പോയി റോഡരുകിൽ നിന്ന് കരയുന്നത് കണ്ട ഈ ബാലന് പത്തനംതിട്ട പുത്തൻപീടിക സ്വദേശിയായ സൈനികൻ രക്ഷകനാവുകയായിരുന്നു. കുട്ടിയെ ഒപ്പം കൂട്ടി കൊണ്ട് വന്ന് ഭക്ഷണം നൽകിയ ശേഷം അവധിക്ക് വന്നപ്പോൾ സൈനികൻ നാട്ടിലേക്ക് കൂട്ടികൊണ്ട് പോന്നു.
പത്തനംതിട്ട പുത്തൻ പീടികയിലെ വീട്ടിൽ വളർന്ന കാഞ്ചന് വീട്ടുകാർ രാജനെന്ന് പേര് നൽകി വളർത്തി. വോട്ടർ പട്ടികയിൽ പേര് ചേർത്തതോടെ എല്ലാ തെരഞ്ഞെടുപ്പുകളിലും പതിവായി വോട്ട് ചെയ്യാനും തുടങ്ങി. പിന്നീട് മുതിർന്നപ്പോൾ പത്തനംതിട്ട നഗരത്തിൽ എത്തുകയും ചെയ്തു. നഗരത്തിൽ ചെരുപ്പ്കുത്തിയായും നഗരസഭയുടെ നായ് പിടുത്തക്കാരനായും ലോഡിങ് തൊഴിലാളിയായും നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോന്നിയിൽ വിവിധ ജോലികൾ ചെയ്താണ് ഉപജീവനം. 1979ൽ കണ്ണങ്കര സ്വദേശിനി തങ്കമണിയെ വിവാഹം ചെയ്തു.
1980 മുതൽ ചെങ്ങറ മിച്ചഭൂമിയിൽ കുടുംബത്തോടപ്പം താമസമായി.പിന്നീട് നാട്ടിൽ എത്തിയ ഗൂർഖകൾ രാജനെ നേപ്പാളിൽ എത്തിക്കാം എന്ന് അറിയിച്ചുവെങ്കിലും മടങ്ങിയില്ല. നേപ്പാളിൽ അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒക്കെ ഉള്ളതായി രാജന്റെ ഓർമ്മകളിൽ ഉണ്ട്. മക്കളും കൊച്ചുമക്കളും ഒക്കെ ആയി കോന്നിയുടെ മണ്ണിൽ ഇഴകി ചേർന്ന രാജന് കോന്നിയുടെ മണ്ണിൽ തന്നെ തുടരാൻ ആണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.