നമുക്ക് കടലെന്നാൽ തിരമാലകളടിക്കുന്ന, ഉള്ളിലൊരത്ഭുത ലോകമുണ്ടെന്ന് പറയപ്പെടുന്ന, അനേകായിരം ജീവിജാലങ്ങളുണ്ടെന്ന് പറഞ്ഞു കേട്ട, പവിഴപ്പുറ്റുകളുള്ള, വർണ്ണമത്സ്യങ്ങളുള്ള, നീലക്കടൽ.. അത്രതന്നെ.. കടലാഴങ്ങളിലെ പല വിസ്മയങ്ങളെക്കുറിച്ചും കേട്ടറിവ് മാത്രമാണ് നമുക്കുള്ളത്. ഒരിക്കലെങ്കിലും കടലിനകമൊന്ന് കണ്ടെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും നമ്മളിൽ പലരും. എന്നാൽ കടലിനടിയിലേക്ക് ഊളിയിട്ടിറങ്ങി ചെല്ലുന്ന സ്കൂബ ഡൈവർമാരെക്കുറിച്ച് കേട്ടിട്ടില്ലേ ? കടലിന്റെ അംബാസഡർമാരെന്നാണ് ഇവരറിയപ്പെടുന്നത്. അത്തരത്തിൽ അഗാധമായ ആഴക്കടലിന്റെ ഉള്ള് തൊട്ടറിഞ്ഞ ഒരാലപ്പുഴക്കാരൻ സ്കൂബ ഡൈവറുണ്ട് ഇങ്ങ് യു.എ.ഇയിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി വേണു ശങ്കരൻ.
യു.എ.ഇയിൽ ജുമേറയിൽ ഡൈവിങ് ഇൻസ്ട്രക്ടറായ വേണു ആഴക്കടലിലകപ്പെട്ടുപോയ കപ്പലിന്റെ അവശിഷ്ടങ്ങൾ തേടിയാണ് അധികവും കടലിലിറങ്ങാറുള്ളത്. ഫുജൈറയിൽ ഇത്തരം കപ്പലുകൾ കാണാൻ അവസരവും ഒരുക്കിയിട്ടുണ്ട്. കടലിനടിയിൽ ഡൈവ് ചെയ്ത് തകർന്നടിഞ്ഞ കപ്പലുകൾ കാണാൻ ആളുകൾക്കും വേണുവിനൊപ്പം പോകാനാവും. വിദേശികളും, സ്വദേശികളുമായി നിരവധി പേരാണ് ഇന്ന് വേണുവിനടുത്ത് സ്കൂബാ ഡൈവിങ് പഠിക്കാനായെത്തുന്നത്.
കടലിനുള്ളിലെ മനോഹാര്യത വേണുവിനൊരു ഹരം തന്നെയാണ്. ഒരിക്കൽ കടലിനടിത്തട്ടിലെ സൗന്ദര്യമാസ്വദിച്ചവർ മറ്റൊരു വിനോദം തേടിപ്പോവില്ലെന്നാണ് വേണുവിന്റെ അഭിപ്രായം. 16 വർഷത്തിലേറെയായി യു.എ.ഇയിൽ തന്നെയാണ് താമസം. ആഴ്ച്ചയിലൊരു നാലഞ്ച് പ്രാവശ്യമെങ്കിലും കടലുകണ്ടില്ലെങ്കിൽ വല്ലാത്തൊരസ്വസ്ഥതയാണെന്നും അത്രയേറെ കടൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും വേണു പറയുന്നു.
സ്കൂബ ഡൈവിങ്, റെക്ക് ഡൈവിങ്, ഫ്രീ ഡൈവിങ്, സ്പിയർ ഫിഷിങ് തുടങ്ങിയ കടലിലെ എല്ലാ സാഹസികതകളും വേണുവിനറിയാം. ഓക്സിജന്റെ സഹായമില്ലാതെ കടലിനടിയിൽ പോകുന്ന ഡൈവിങ് രീതിയായ ഫ്രീ ഡൈവിങ് ലൈസെൻസ് കൂടി വേണുവിനുണ്ട്. കേരളത്തിൽ നിന്ന് ഫ്രീ ഡൈവിങ് പഠിപ്പിക്കുന്ന ഒരേ ഒരു ഇൻസ്ട്രക്ടർ കൂടിയാണ് വേണു. വെള്ളത്തിനടിയിൽ നിന്ന് അമ്പെയ്ത് മീൻ പിടിക്കുന്ന രീതിയായ സ്പിയർ ഫിഷിങ്ങിനായാണ് വേണുവിനടുത്ത് വിദേശികളധികവുമെത്തുന്നത്. കുട്ടിക്കാലം മുതൽ വേണുവിന്റെ ഇഷ്ട മേഖലയും ഡൈവിങ് തന്നെയാണ്.
തികഞ്ഞൊരു പ്രകൃതി സ്നേഹികൂടിയാണ് വേണു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കടലിന്റെ ഭംഗിക്ക് കോട്ടം തട്ടുന്നെന്ന് തിരിച്ചറിഞ്ഞ്, പ്രകൃതിക്ക് വേണ്ടി തന്നാലാവുന്നത് ചെയ്യാനിറങ്ങിത്തിരിക്കാറുണ്ട് വേണു. അജ്മാനിലെ കടൽത്തീരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കണ്ടതിനെ തുടർന്ന് സ്വയം മുൻകയ്യെടുത്ത് കടൽ വൃത്തിയാക്കാനിറങ്ങി. സൗജന്യമായി കടൽ വൃത്തിയാക്കാമെന്ന നിർദേശത്തിൽ അന്ന് അജ്മാൻ ഭരണാധികാരിയതിന് അനുമതിയും നൽകി. സേവന സന്നദ്ധനായി രംഗത്തു വന്ന വേണുവിനെ അന്ന് ഭരണാധികാരി നേരിട്ടഭിനന്ദിച്ചിരുന്നു. 13 മീറ്റർ താഴ്ചയിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മാലിന്യങ്ങൾ പുറത്തെടുത്തത്. ശ്വസന ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായാണ് അന്ന് വേണുവും കൂട്ടരും കടലിലേക്കിറങ്ങിയത്.
വേണുവിനടുത്ത് സ്കൂബാ ഡൈവിങ് പഠിക്കാനായെത്തുന്നവർ കടലിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞാണ് മടങ്ങുന്നത്. തന്റെയടുത്ത് പഠിക്കാനെത്തുന്നവരുടെ കടലിനോടുള്ള ഭയം മാറ്റുകയാണ് ആദ്യ പടി. പിന്നീട് തന്നോടൊപ്പം കടലിനടിയിലെ വിസ്മയങ്ങളിലേക്കും, തകർന്നടിഞ്ഞ കപ്പലിന്റെ അവശിഷ്ടങ്ങൾ തേടിയും പോകും. വളരെ വ്യക്തതയോടെ ഓരോരുത്തർക്കും വേണു ഡൈവിങ്ങിനെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതും, തന്നോടൊപ്പം ഡൈവിങ് പഠിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറുന്നതും Okaydive എന്ന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. കടലിനടിയിലെ വിസ്മയങ്ങൾ ആവുന്നത്രയും കാണാനും കൂടുതലാളുകൾക്ക് ഈ മനോഹര കാഴ്ച്ചകൾ പകർന്ന് നൽകാനുമുള്ള തയാറെടുപ്പിലാണ് വേണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.