ഇടതൂർന്ന മരങ്ങൾ... നനഞ്ഞ പച്ചപ്പ്... ചെവി തുളക്കുന്ന നിശ്ശബ്ദത... ഇലകൾ പരസ്പരം ഉരസി അടക്കം പറയുന്നു. പച്ചമണക്കുന്ന വഴികളിൽ ചിന്തിച്ച് കാട് കയറാൻ നിൽക്കാതെ അമീർ. കാട് കയറാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. നാമ്പിട്ട് കിളിർത്ത കാലം മുതലെ പ്രകൃതിയോടും പച്ചയോടും പ്രത്യേക ഇഷ്ടമാണ്. നാട്ടിലെ പാടത്തും തൊടിയിലും കളിച്ചുവളർന്ന ഈ മലപ്പുറത്തുകാരന്റെ പ്രകൃതി സ്നേഹം ഇന്ന് കെനിയയിലെ മസായിമാരവരെ എത്തി നിൽക്കുന്നു.
എല്ലാവരെയുംപോലെ കൈയിലുണ്ടായിരുന്ന പോയിന്റ്ഷൂട്ട് കാമറയിൽ ചിത്രങ്ങൾ പകർത്തിയാണ് തുടക്കം. പിന്നീട് ഡി.എസ്.എൽ.ആർ കാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാൻ തുടങ്ങി. പ്രകൃതിയോടും മൃഗങ്ങളോടും പണ്ടുമുതലേയുള്ള ഇഷ്ടം വൈകാതെ തന്നെ ഫോട്ടോഗ്രഫി പ്രഫഷനിൽ കൊണ്ടെത്തിച്ചു. വഴികാട്ടികളായി പ്രിയപ്പെട്ടവർകൂടി എത്തിയപ്പോൾ അമീർ കാട് കയറിത്തുടങ്ങി.
ഇരുപത്തിനാലാം വയസ്സിൽ ആദ്യമായി കാമറ ഉപയോഗിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്ക് തുടക്കംകുറിച്ചു. അവിടുന്നങ്ങോട്ട് കാടറിഞ്ഞുള്ള യാത്രകളിലായിരുന്നു. പിന്നീട് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും അമീർ നിറ സാന്നിധ്യമായി. കർണ്ണാടകയിലെ നാഗർ ഹോളെ ടൈഗർ റിസർവ് ഫോറസ്റ്റിലെ കബനിയിവെച്ചാണ് അമീർ ആദ്യത്തെ ‘വൈൽഡ് ലൈഫ് പിക്ചർ’ പകർത്തുന്നത്.
കാട് കയറുന്ന എല്ലാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ ആഗ്രഹമാണ് വേട്ടയാടുന്ന മൃഗങ്ങളെ കാമറയിൽ പകർത്തുക എന്നത്. അമീറിന്റെ ആദ്യ ചിത്രംതന്നെ അതാകുമ്പോൾ മേനി അൽപ്പം കൂടും. 2019ൽ കബനിയുടെ കാടുകളിൽ കടുവ കാട്ടുപോത്തിനെ കടിച്ചുകീറുന്ന ചിത്രമായിരുന്നു അത്. പിന്നീട് വർഷത്തിൽ രണ്ടും മൂന്നും തവണ കബനിയിലെത്തുന്നത് ശീലമായി. പ്രിയപ്പെട്ട കടുവ സങ്കേതങ്ങളിലൊന്നായി കബനി മാറുകയും ചെയ്തു. കർണാടകയിലെ പ്രധാനപ്പെട്ട കടുവ സങ്കേതങ്ങളിലേക്കുള്ള സഫാരിയിലായിരുന്നു പിന്നീട് അമീർ. നാഗർഹോളെ, ബന്ദിപൂർ, ബി ആർ ഹിൽസ്, ഭദ്ര, ദണ്ടലി തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം എന്നിവിടങ്ങളിലെല്ലാം സാന്നിധ്യമറിയിച്ചു.
കാട് കയറിയ കാലം മുതൽ കേട്ടിരുന്ന കഥയാണ് കബനിയിലെ കരിമ്പുലി. പിന്നീട് കരിമ്പുലിയെ കാണണമെന്നതും ഫോട്ടോ എടുക്കണമെന്നതും വലിയൊരു ആഗ്രഹമായി കിടന്നു. ആ ഭാഗ്യം വൈകാതെ അമീറിനെ തേടിയെത്തി. 2013ലെ മഴയൊഴിഞ്ഞൊരു പകൽ. കോട മൂടിയ പച്ച വിരിച്ച പരവതാനിയിൽ ഒരു നിഴലുപോലെ അമീർ കരിമ്പുലിയെ കാണുമ്പോൾ ഒന്ന് സ്തംഭിച്ച് പോയെങ്കിലും അടുത്ത നിമിഷം കാമറയിലൂടെ അത് ഒപ്പിയെടുത്തു. ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളിൽ കരിമ്പുലിക്ക് തന്നെയാണ് ആദ്യ സ്ഥാനം.
കാട് സുന്ദരമാണെങ്കിലും രാത്രി അൽപം ഭീതിപ്പെടുത്തുന്നതാണ്. നിശ്ശബ്ദമായ കാടുകളിലാകും പലപ്പോഴും അപകടം പതിയിരിക്കുന്നത്. കാടുകൾ നല്ല അനുഭവം മാത്രമാണ് നൽകിയതെങ്കിലും ഒരു കാട്ടാന പേടിപ്പിച്ചിട്ടുണ്ട് അമീറിനെ. ബാണാസുര സാഗറിന്റെ അടുത്ത് ഏകദേശം എട്ട് കിലോമീറ്റർ മലമുകളിൽ തമ്പടിച്ച ഒരു രാത്രി. കാട്ടാനകളുടെ അലർച്ചയും ഭീതിപ്പെടുത്തുന്ന ആ രൂപവും ഒരു നിഴലായി ഇന്നും അമീറിന്റെ മനസ്സിലുണ്ട്. സഫാരിക്ക് പോയ വണ്ടി തടഞ്ഞ കാട്ടാനക്കൂട്ടങ്ങളേയും പേടിയോടെ ആസ്വദിച്ചത് അമീർ ഓർക്കുന്നു.
കൺമുന്നിൽപെട്ട ഫ്രെയിമുകളിൽ പലതും കാട് മാത്രമായിരുന്നില്ല, കാട്ടറിവുകൂടിയായിരുന്നു. അത്തരത്തിൽ ഒരു ചിത്രമുണ്ട്. കാടുകളിലേക്ക് എത്തുന്ന മനുഷ്യർ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ചിത്രം. എന്നാൽ അത് അവയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് ഒറ്റ ഫ്രെയിമിലൂടെ അമീർ പഞ്ഞുതരുന്നുണ്ട്.
ഇന്ത്യയിലെ പല ടൈഗർ റിസർവുകളിൽ നിന്നുമായി 100ൽ പരം കടുവകളെ കാമറയിൽ പകർത്താൻ അമീറിന് സാധിച്ചിട്ടുണ്ട്. സഹ്യപർവതത്തിൽ മാത്രം കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന തവളകളെയും പാമ്പുകളെയും ഈ യാത്രയിൽ ചേർത്തുവയ്ക്കാവുന്ന അമീറിന്റെ ഫ്രെയിമുകളാണ്. വൈൽഡ് ലൈഫ് സിനിമ ചിത്രീകരണങ്ങളിലും അമീർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.