ഒരു സാങ്കേതിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് കാറ്റിെൻറയും നീരൊഴുക്കിെൻറയും സഹായത്താൽ കടൽ താണ്ടിയവരുടെ കഥയാണിത്. ദേശങ്ങൾ തേടിപ്പോയവരുടെ, കടലും കാറ്റും മുറിച്ചുകടന്ന സാഹസികരുടെ കഥ. ഒരിടത്തും രേഖപ്പെടുത്താതെ പോയ മനുഷ്യരുടെ ജീവിതങ്ങൾ. ഇതിൽ കടലുകണ്ടവെൻറ അനുഭവമുണ്ട്, ആ ഉപ്പുരുചിയുടെ ചവർപ്പുണ്ട്. തിരകളുടെ കുതിപ്പും കിതപ്പുമുണ്ട്.കടൽ താണ്ടിയ ഒാർമകൾ പൊന്നാനി സ്വദേശി കുഞ്ഞുമൊയ്തീൻ പങ്കുവെക്കുന്നു...
പൊന്നാനി മുഹ്യുദ്ദീൻ പള്ളിക്ക് മുൻവശത്തെ വീട്ടിലിരുന്നാൽ പിന്നിൽ കടലിരമ്പം കേൾക്കാം. മരങ്ങൾക്കും വീടുകളുടെ മേലാപ്പിനുമപ്പുറം ആകാശത്ത് ലൈറ്റ് ഹൗസിെൻറ തലയെടുപ്പ് കാണാം. കടലിെൻറ കഥ പറയാൻ കടലോരത്തുതന്നെയിരിക്കണം. മഴമേഘങ്ങൾ ആകാശത്ത് തിങ്ങിക്കൂടിയ വൈകുന്നേരത്താണ് കുഞ്ഞുമൊയ്തീൻ കഥപറയാൻ തുടങ്ങിയത്. കഥയേക്കാൾ ആദി നിറഞ്ഞ ജീവിതം! ഇതിൽ കടലുകണ്ടവെൻറ അനുഭവമുണ്ട്, ആ ഉപ്പുരുചിയുടെ ചവർപ്പുണ്ട്. തിരകളുടെ കുതിപ്പും കിതപ്പുമുണ്ട്.
ഏഴു പതിറ്റാണ്ടു മുമ്പ്, വൻ കപ്പലുകളും യന്ത്രവത്കൃത ബോട്ടുകളും പൊന്നാനിയുടെ തീരം തൊടാത്ത കാലം. റെയിൽപാളങ്ങളും റോഡുകളും വികസിക്കാത്ത സമയം. ദേശങ്ങൾക്കിടയിൽ ദൂരത്തിനന്ന് ദൂരം കൂടുതലായിരുന്നു. പൊന്നാനിയിൽ ആകെയുണ്ടായിരുന്നത് രണ്ടു ബസുകൾ. ചമ്രവട്ടത്തേക്കും ഗുരുവായൂരിലേക്കും മാത്രം. മറ്റു വഴികളെല്ലാം പുഴകളും തോടും കായലുകളും മുറിച്ചെടുത്തു. കടലാണെല്ലാം, വഴിയും വഴിവിളക്കും.
മഴ കടലിനെയും കരയേയും നനക്കാൻ തുടങ്ങിയ ആ വൈകുന്നേരത്ത് പുതുകാലത്തിന് അപരിചിതമായ ഒരു കാലഘട്ടത്തിലേക്കാണ് കുഞ്ഞുമൊയ്തീൻ ഓർമയിലൂടെ സഞ്ചരിച്ചത്. പതിനഞ്ചാം വയസ്സു മുതൽ കടലിലേക്കിറങ്ങിയ മനുഷ്യൻ. പത്തേമാരിയുടെ പായ വലിച്ചുകെട്ടി കാറ്റിനൊപ്പം പലദേശങ്ങൾ സഞ്ചരിച്ചവൻ. കടലിെൻറ തിരയിളക്കങ്ങൾക്കും ആകാശത്തിന്റെ നിറവ്യത്യാസങ്ങൾക്കും കാറ്റിെൻറ ഏറ്റക്കുറച്ചിലുകൾക്കും പല അർഥങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയയാൾ. കടൽ കനിഞ്ഞവരുടെയും കടലെടുത്തവരുടെയും നേരനുഭവങ്ങൾക്ക് സാക്ഷിയായയാൾ. കുഞ്ഞുമൊയ്തീെൻറ ജീവിതാനുഭവങ്ങൾ പൊന്നാനിയുടെയും കടലോരവാസികളുടെയും ചരിത്രംകൂടിയാണ്. അക്കാദമിക തലങ്ങളിലൊന്നും പരാമർശിക്കപ്പെടാതെപോകുന്ന കടൽ തൊഴിലാളികളുടെ ചരിത്രം. അതുകൊണ്ടുതന്നെയാണ് ഇങ്ങനൊരു എഴുത്തിലേക്ക് കുഞ്ഞുമൊയ്തീൻ കടന്നുവരുന്നത്.
അതിദാരിദ്ര്യമാണ് കുഞ്ഞുമൊയ്തീനെയും കടലിലേക്ക് ആകർഷിച്ചത്. ഒന്നുമില്ലാത്തവന് എന്നും അഭയമാണല്ലോ കടൽ! ആ കഥയിലേക്ക് വരാം. പതിനഞ്ചാം വയസ്സിൽ പത്തേമാരിയിൽ പാചകക്കാരനായി കുഞ്ഞുമൊയ്തീൻ കടലിലേക്കിറങ്ങി. പാചകമൊന്നും അറിഞ്ഞിട്ടല്ല, ഒരു സഹായിയായി കൂടെ ചേരൽ, അതായിരുന്നു ലക്ഷ്യം. എരിയുന്ന വയറുകൾക്ക് കടൽ അന്നം തരുമെന്ന വിശ്വാസം. കൗതുകമായിരുന്നു ആദ്യം. തീരം വിട്ടാൽ ചുറ്റും ആഴിപ്പരപ്പു മാത്രം. മുകളിൽ ചരിഞ്ഞുനിൽക്കുന്ന പായകളിൽ തട്ടി പിൻവാങ്ങുന്ന കാറ്റിന്റെ മൂളൽ. അതിനൊപ്പം പൊങ്ങുതടിപോലെ ചാഞ്ഞും ഉലഞ്ഞും ഒഴുകിനീങ്ങുന്ന നൗക.
പഴയകാല എട്ടാം ക്ലാസുകാരനാണ് കുഞ്ഞുമൊയ്തീൻ. പൊന്നാനിയിൽ രണ്ട് സ്കൂളുകളിൽ മാത്രമേ അന്ന് എട്ടാം ക്ലാസ് വരെ പഠനമുള്ളൂ. വറുതിക്കിടയിലും കുഞ്ഞുമൊയ്തീൻ സ്കൂളിൽ പോയി. പഴങ്കഞ്ഞിയാണ് മൂന്നു നേരവും ഭക്ഷണം. െപട്ടെന്നൊരു നാൾ അപ്രതീക്ഷിതമായി കുഞ്ഞുമൊയ്തീെൻറ ബാപ്പ മരിച്ചു. താഴെയുള്ള എട്ടു സഹോദരങ്ങളുടെ സംരക്ഷണം കുഞ്ഞുമൊയ്തീെൻറ ഉത്തരവാദിത്തമായി. സ്കൂളിൽ പോക്ക് മുടങ്ങി. ഇതിനിടയിൽ സ്കൂളിലെ അധ്യാപകർ ഒരു ദിനം വീട്ടിലെത്തി. പഠനത്തിലേക്ക് കുഞ്ഞുമൊയ്തീനെ തിരികെ കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആ വീട്ടിലെ ദാരിദ്ര്യവും കുഞ്ഞുകുട്ടികളുടെ ദയനീയതയും കണ്ട് അവർ നിസ്സഹായരായി തിരികെ പോയി. മറുകര എവിടെയെന്നറിയാത്ത നാവികരെ പോലെ കുഞ്ഞുമൊയ്തീൻ സ്തംഭിച്ചു നിന്നു. അതിനൊടുവിലാണ് കടൽ ജീവിതമാർഗമാക്കാൻ കുഞ്ഞുമൊയ്തീൻ തീരുമാനിച്ചത്.
കോഴിേക്കാടുനിന്ന് മുംബൈയിലേക്കുള്ള ചരക്കുകടത്ത് വാഹനമായിരുന്നു ആ പത്തേമാരി. കാറ്റിെൻറ ദിശയും വേഗവുമനുസരിച്ചാണ് യാത്ര. എപ്പോൾ ലക്ഷ്യം തൊടുമെന്നും തിരികെയെത്തുമെന്നും ഒരുറപ്പുമില്ല. എല്ലാം നിശ്ചയിക്കുന്നത് കാറ്റും കടലുമാണ്. അവ ഉഗ്രരൂപം പൂണ്ടാൽ യാത്രാലക്ഷ്യം തെറ്റും, നടുക്കടലിൽ എല്ലാവരും താണുപോകും! ചിലപ്പോൾ കടലിളകും, പത്തേമാരി ഉലയും. ജീവൻ ബാക്കികിട്ടിയാൽ തിരികെ മടങ്ങാം. കോഴിക്കോട്ടുനിന്നും കണ്ണൂരിൽനിന്നും മരവും വളപട്ടണത്തുനിന്ന് പൊതിക്കാത്ത തേങ്ങയുമായി അത് കോഴിക്കോടിനും മുംബൈക്കുമിടയിൽ ഒഴുകിനടന്നു. കോഴിക്കോട്ടുനിന്ന് മുംബൈയിലെത്താൻ ശരാശരി 15 ദിവസമായിരുന്നു യാത്ര. കാറ്റിെൻറ ഗതി വേഗത്തിലാകുമെങ്കിൽ ഏഴാംദിനം എത്താം. വേഗമില്ലെങ്കിൽ 40 ദിവസം വരെ എടുക്കാം. കൂട്ടത്തിൽ കുഞ്ഞായ കുഞ്ഞുമൊയ്തീൻ ആദ്യ യാത്രയിൽ ഇക്കാര്യങ്ങളെല്ലാം മറ്റുള്ളവരിൽനിന്ന് ചോദിച്ചറിഞ്ഞു. അയാൾക്കന്ന് എത്രയും പെട്ടെന്ന് തിരികെയെത്തണമായിരുന്നു. അയാളുടെ വരവും കാത്ത് വീട്ടിൽ ഉമ്മയും എട്ട് സഹോദരങ്ങളും കാത്തിരിപ്പുണ്ടല്ലോ.
മൂന്നു വർഷം കുഞ്ഞുമൊയ്തീൻ പാചകക്കാരനായി അതേ പത്തേമാരിയിൽ തുടർന്നു. പിന്നീട് 12 വർഷം ഗ്രാസി എന്നറിയപ്പെടുന്ന ജോലിക്കാരനായി. മുകളിൽ ആകാശവും ചുറ്റും കടലും മാത്രമുള്ള നിഴലും നിലാവും മാറിമറിയുന്ന ദിനരാത്രങ്ങൾ. കാറ്റുപോലെ ദിവസങ്ങൾ കടന്നുപോയി. ഊഷരമായ യാത്രകളിൽ ശൂന്യത അകറ്റാനായി പത്തേമാരിയിലിരുന്ന് അവർ പാടി. ജീവിതമോഹങ്ങളുടെയും പത്തേമാരികളുടെയും കടലിെൻറയും കഥ പറയുന്ന പാട്ടുകൾ.
ദക്ഷിണേന്ത്യയിലെ അതിപുരാതന തുറമുഖങ്ങളിലൊന്നാണ് പൊന്നാനി. കടലിന്റെ കാരുണ്യംകൊണ്ട് പലരും പലവട്ടം ഈ തീരത്ത് വന്നണഞ്ഞു. മരത്തടികളും തേങ്ങയും കയറും കുരുമുളകും പത്തേമാരികളിലേറി പല നാടുകളിലുമെത്തി. അരിയും പഞ്ചസാരയും ഉപ്പും ഓടുമൊക്കെ പൊന്നാനിയിൽ വന്നണഞ്ഞു. ഇത് ലാഭകരമായതോടെ മുതലാളിമാർ പത്തേമാരികളെ കടലിലിറക്കി. മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ പണക്കാരും ഗുജറാത്തിലെ സേട്ടുമാരുമായിരുന്നു ഉടമകളിൽ മുന്നിൽ. പരമ്പരാഗതമായി വഞ്ചികളിലും ചെറുതോണികളിലും ജോലിചെയ്തിരുന്ന പൊന്നാനിക്കാർ പത്തേമാരിയിലെ ജോലിക്കാരായി. പത്തേമാരികൾ നിരന്നുനിൽക്കുന്ന പൊന്നാനി തുറമുഖത്തിന്റെ ചിത്രം പഴമക്കാരുടെ ഓർമകളിലുണ്ട്. ഒരു സാങ്കേതിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് കാറ്റിെൻറയും നീരൊഴുക്കിന്റെയും സഹായത്താലായിരുന്നു ആ യാത്രകളൊക്കെയും.
കരയിൽ കാത്തിരിക്കുന്നവരുടെ പട്ടിണി മാറ്റാൻ ഒരുറപ്പുമില്ലാത്ത ജീവിതത്തിനുമേൽ മനക്കരുത്തുകൊണ്ട് അവർ രാവും പകലും താണ്ടി. വീടുകൾ പ്രാർഥനയോടെ കാത്തിരുന്നു. ഓരോ പുറപ്പെടലുകളും കടലിനെ കണ്ണീരണിയിച്ചു. മുംബൈയിലെ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും പത്തേമാരികൾക്കൊപ്പം പൊന്നാനിയിലെത്തി. ഹിന്ദുസ്ഥാനി സംഗീതവും ഗസലും ഖവാലിയും പൊന്നാനിയിലും മറ്റു തീരങ്ങളിലുമെത്തിച്ചതിലും പത്തേമാരികളുടെ പങ്കുണ്ട്. പിന്നീട് തീരങ്ങളിലൂടെ അവ പലരും പാടിനടന്നു. തീരം പല പാട്ടുകളുടെ സംഗമഭൂമിയായി. വിദൂരമായ ദേശങ്ങളിലെ ഭാഷയും സംസ്കാരവുമൊക്കെ പൊന്നാനിയുടെ തീരവും തൊട്ടു. ഇതിനിടെ, അറബിക്കടൽ മുറിച്ചുകടന്ന പത്തേമാരികൾ ഗൾഫെന്ന പുതിയ സ്വപ്നതീരത്തെത്തി. അത് മറ്റൊരു ചരിത്രം.
കാറ്റിനൊപ്പം പോയവർ
കോഴിക്കോടുനിന്ന് മുംബൈക്കുള്ള കടൽദൂരത്തിൽ പിന്നിടേണ്ട വഴിദൂരങ്ങളെ കുറിച്ച് കുഞ്ഞിമൊയ്തീൻ ഓർത്തുപറഞ്ഞു. തീരത്തെ ലൈറ്റ്ഹൗസുകൾ എണ്ണിയാണ് യാത്ര. കോഴിക്കോട് വിട്ടാൽ കൊയിലാണ്ടി. പിന്നെ കണ്ണൂർ, ശേഷം മംഗലാപുരം, ഭട്കൽ, കാർവാർ അങ്ങനെ യാത്ര നീളും. ദൂരെ മാൾവാൻ മല കണ്ടു തുടങ്ങിയാൽ യാത്ര ലക്ഷ്യസ്ഥാനത്തുതന്നെയാണെന്ന് ഉറപ്പിക്കാം. പിന്നെയുള്ള പ്രധാന അടയാളം ശിവജിയുടെ കോട്ടയാണ്. കോട്ടയിൽ പോയി വെള്ളമെടുക്കാം. നല്ല കാറ്റാണെങ്കിൽ പിന്നീട് ഒരു ദിവസംകൊണ്ട് മുംബൈ തീരത്തെത്താം.
സമയവും ദിശയും സൂചിപ്പിക്കുന്ന ഉപകരണങ്ങളൊന്നും സാധാരണക്കാരായ പത്തേമാരി തൊഴിലാളികളുടെ കൈവശമില്ലായിരുന്നു. തീരത്തെ സൂചകങ്ങളും ലൈറ്റ്ഹൗസുകളും നോക്കിനോക്കിയാണ് യാത്ര. കടലിെൻറ ചെറുമാറ്റങ്ങളും ആകാശത്തിലെ ഭാവ വ്യത്യാസങ്ങളും വരാനിരിക്കുന്ന ചിലതിന്റെ സൂചകങ്ങളാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. സൂര്യന് ചുറ്റും രണ്ട് നിഴൽവട്ടം കണ്ടാൽ കാറ്റിനും തിരയിളക്കത്തിനുമുള്ള മുന്നറിയിപ്പാണെന്ന് കുഞ്ഞുമൊയ്തീൻ പറയുന്നു. കടലിൽനിന്ന് അസാധാരണയായി കുമിളപൊങ്ങിത്തുടങ്ങിയാൽ കടൽക്ഷോഭത്തിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരിൽ ഭയം ഇരച്ചുകയറാൻ തുടങ്ങും. എങ്കിലും വരുന്ന വിപത്തിനെ ധീരതയോടെ നേരിടുകയെന്ന ശരിയിലേക്ക് അവർ എളുപ്പത്തിൽ പാകപ്പെടും. അത്തരത്തിൽ ഒരു ദിവസമാണത് സംഭവിച്ചത്.
പത്തേമാരിയെ അടിമുടി ഉലച്ചുകൊണ്ട് കാറ്റും കോളും കടലിൽ രൂപപ്പെട്ടു. ആകാശം കറുത്തിരുണ്ടു, നീലിമ മാഞ്ഞു. തിരമാലകൾ പത്തേമാരിയിലേക്ക് കയറിവന്നു. പരിമാനിൽ കിടന്ന് പായകൾ കയറുപൊട്ടിക്കാൻ തുടങ്ങി. കാറ്റിലുലഞ്ഞ പായകളെ ശരിപ്പെടുത്താൻ പരിമാനിൽ കയറിയതായിരുന്നു ഒരു തൊഴിലാളി. അയാൾ കയറിയതും പരിമാൻ പൊട്ടിയതും പെെട്ടന്നാണ്. പത്തേമാരിയിലെ മരത്തടികൾക്കു മീതെ മലർന്നുവീണ അയാൾ തൽക്ഷണം മരിച്ചു. കരയിലേക്ക് പിന്നെയും ഒരുപാട് ദൂരമുണ്ട്. മൃതദേഹവുമായി ദിവസങ്ങൾ സഞ്ചരിക്കാനാകില്ല. അവർ കഴിയുംവിധം മൃതദേഹം പരിപാലിച്ചു. നമസ്കാരശേഷം മൃതദേഹം പലകയിൽ കെട്ടി കുത്തനെ കടലിലേക്കിറക്കി. പലക വലിച്ചൂരിയപ്പോൾ മൃതദേഹം ആഴിയുടെ അഗാധതയിലേക്ക് താണുപോയി.
ഒരിക്കൽ ഭട്കലിനടുത്തുകൂടി സഞ്ചരിക്കുന്ന ദിവസം. ഒരു തൊഴിലാളി നല്ല ഉറക്കത്തിലാണ്. നേരമേറെ കഴിഞ്ഞിട്ടും അയാൾ ഉണർന്നില്ല. സംശയം തോന്നി തട്ടിവിളിച്ചപ്പോൾ അനങ്ങുന്നില്ല. ആ മനുഷ്യെൻറ ജീവിതയാത്ര നടുക്കടലിൽ അവസാനിച്ചിരുന്നു. മരണം ഉറപ്പിച്ചതോടെ ആ മൃതദേഹവും കടലിൽ താഴ്ത്തി. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് ഇക്കാര്യങ്ങളെല്ലാം നാട്ടിലും വീട്ടിലുമറിയുക. അക്കാലമത്രയും തങ്ങളുടെ പ്രിയപ്പെട്ടവൻ മടങ്ങിവരുമെന്ന് പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാകുമവർ.
12 തൊഴിലാളികളാണ് ഒരു പത്തേമാരിയിലുണ്ടാവുക. സഹയാത്രികരും ബന്ധുക്കളും കാറ്റിലും തിരയിലും അകപ്പെട്ട് കടലിൽ താഴുേമ്പാൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന എത്രയോ പേരുടെ ചരിത്രം പൊന്നാനിക്ക് പറയാനുണ്ട്. അങ്ങനെയൊരു കാറ്റിലാണ് കുഞ്ഞുമൊയ്തീന്റെ അനുജൻ സിദ്ദീഖിനെയും കടലെടുത്തത്. മുംബൈയിലേക്ക് തിരിച്ച വിജയമാല എന്ന പത്തേമാരിയിലെ തൊഴിലാളിയായിരുന്നു സിദ്ദീഖ്. ഇതേ ദിവസംതന്നെയാണ് പൊന്നാനിയിൽ നിന്ന് യാത്ര തിരിച്ച ദുൽദുൽ എന്ന പത്തേമാരിയും കാറ്റിൽ തകർന്നത്. ഇരു പത്തേമാരികളിലെയും തൊഴിലാളികൾ മുഴുവൻ അന്ന് കടലിൽ അസ്തമിച്ചുപോയി. 1967ലായിരുന്നു അത്. ദിവസങ്ങൾക്കുശേഷം അതുവഴി പോയവർ കടലിൽ മൃതദേഹങ്ങളും പത്തേമാരി അവശിഷ്ടങ്ങളും കണ്ടാതോടെയാണ് ദുരന്തം പുറംലോകമറിയുന്നത്. ഇങ്ങനെ പാതിവഴിയിൽ മാഞ്ഞുപോയ ഒരുപാടുപേരുടേതുകൂടിയാണ് കടൽ. ആ യാത്രകളും അവരുടെ ചരിത്രവും പക്ഷേ, ഒരിടത്തും രേഖപ്പെടുത്താതെ പോയി. 1978ലും '79ലും പൊന്നാനിയിലെ തൊഴിലാളികൾ അടക്കമുള്ള പത്തേമാരികൾ കടലിൽ മുങ്ങിത്താഴ്ന്നിട്ടുണ്ട്.
വർഷങ്ങളുടെ അനുഭവങ്ങൾ കടലിന്റെ ഭാവ വ്യത്യാസങ്ങൾ അറിയാനും പത്തേമാരിയിൽ പല തീരങ്ങൾ തൊടാനും കുഞ്ഞുമൊയ്തീനെ സഹായിച്ചു. ആ അനുഭവ പാഠങ്ങൾ തൊഴിലാളിയിൽനിന്ന് അയാളെ സ്രാങ്കിലെത്തിച്ചു. പത്തേമാരി യുടെ നിയന്ത്രണം ഏറ്റെടുത്ത് പിന്നെയും കുഞ്ഞുമൊയ്തീൻ കടലിൽ അലഞ്ഞു. പത്തേമാരി വ്യവസായം അവസാനിക്കും വരെ അതു തുടർന്നു. പിന്നെയും ഏറെ കഴിഞ്ഞാണ് വൻ കപ്പലുകളും യന്ത്രവത്കൃത ബോട്ടുകളും കേരളതീരങ്ങളിലെത്തുന്നത്. കുഞ്ഞുമൊയ്തീൻ അേപ്പാഴേക്കും വിശ്രമജീവിതത്തിലേക്ക് തിരിഞ്ഞിരുന്നു.
ഇന്നീ 86ാം വയസ്സിൽ വർഷങ്ങളുടെ കടൽജീവിതം എന്തു ബാക്കിവെക്കുന്നു എന്ന് ചോദിച്ചാൽ കുറെ അനുഭവങ്ങൾ മാത്രം എന്നാണ് കുഞ്ഞുമൊയ്തീന്റെ ഉത്തരം. ഒരു കാലത്ത് സഹോദരങ്ങളുടെ പട്ടിണി മാറ്റാൻ കടലിൽ പോയിത്തുടങ്ങിയെങ്കിൽ പിന്നീടത് മക്കളുടേതായി. കടുത്ത ദാരിദ്ര്യത്തിെൻറ കയ്പ് മാറ്റാൻ പോലും ആ തൊഴിൽ കാലം സഹായിച്ചില്ല. അധ്വാനത്തിനൊത്ത കൂലി ഒരുകാലത്തും അയാൾക്കും കൂട്ടാളികൾക്കും ലഭിച്ചില്ല. ഒരു സമ്പാദ്യവും ബാക്കിവെക്കാനുണ്ടായില്ല. പതിറ്റാണ്ടുകൾ മുമ്പത്തെ കടൽയാത്രാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറന്നാൽ ഇനിയുമെത്രയോ കഥകൾ പറയാനുണ്ടാകും. ദേശങ്ങൾ തേടിപ്പോയവരുടെ, കടലും കാറ്റും മുറിച്ചുകടന്നവരുടെ കഥകൾ. പൂർവ മനുഷ്യരുടെ അനുഭവങ്ങൾ. കുഞ്ഞുമൊയ്തീൻ അതിലൊരു കണ്ണിമാത്രം.
കടലിനുമേൽ മഴ കനക്കാനും ചുറ്റും ഇരുട്ടുപരക്കാനും തുടങ്ങിയതോടെ കുഞ്ഞുമൊയ്തീൻ സംസാരം അവസാനിപ്പിച്ചു. അന്നേരം ഒരു പാട്ടിന്റെ വരികൾ ഓർമയിലെത്തി. പണ്ട് പത്തേമാരിയിലിരുന്ന് അവർ പാടിയ വരികൾ.
'വഞ്ചിത്തൊഴിലാളികൾ
ശറഫഞ്ചും പ്രധാനികൾ
മൊഞ്ചായുള്ള ജീവിതം
വഞ്ചിത്തൊഴിലാളികൾ ഐക്യം
മനംപോലെ നാളെ സൗഖ്യം
വഞ്ചിക്കും തൊഴിലാളിക്കും നിർഭാഗ്യം'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.