ഇബ്രാഹീം ഹസ്സാന് അഞ്ചു വയസ് പിന്നിട്ട കാലം. പ്രവാചക നഗരിയെന്ന് അറിയപ്പെടുന്ന മദീനയിലെ ഒരു മസ്ജിദിലാണ് പിതാവ് ഇസ്ഹാഖ് നദ്വി ജോലി ചെയ്യുന്നത്. പ്രദേശത്തെ സ്കൂളുകളിൽ അറബിക് സിലബസിലാണ് അധ്യയനം. ഒന്നാം ക്ലാസിൽ ചേർക്കാൻ കുട്ടിയുമായി അദ്ദേഹം സ്കൂളുകൾ കയറിയിറങ്ങാൻ തുടങ്ങി. അഡ്മിഷന് മുമ്പ് ഹസ്സാന് അറബി അറിയുമോയെന്ന് ഓരോ സ്ഥാപന മേധാവികളും ചോദിച്ചു.
അറബി മാതൃ ഭാഷയല്ലാത്ത ഒരു കുട്ടിയെ സ്കൂളിൽ ചേർക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. സ്കൂളുകളിൽ നിന്ന് സ്കൂളുകളിലേക്ക് അഡ്മിഷന് തേടി പോയിക്കൊണ്ടിരുന്നു. എല്ലായിടത്തുനിന്നും തിരിച്ചുപോകാൻ പറഞ്ഞതോടെ ഇസ്ഹാഖ് നദ്വിക്ക് ആശങ്ക കനത്തു. അവസാനമായി ഒരു സ്കൂളിൽ കൂടി പോയിനോക്കി.
കുട്ടിക്ക് അറബി ഭാഷ അറിയില്ലെന്ന് ആ സ്കൂളിലെ പ്രധാനാധ്യാപകനും കണ്ടെത്തി. ഇവിടെയും അഡ്മിഷൻ കിട്ടിയില്ലെങ്കിൽ പഠനം മുടങ്ങുമെന്ന് തൊണ്ടയിടറി അദ്ദേഹം അവർക്ക് മുമ്പിൽ ബോധിപ്പിച്ചു. മുഖത്തെ ദൈന്യത കണ്ടിട്ടാകണം പ്രധാനാധ്യാപകൻ ഒരു നിബന്ധന മുന്നോട്ടുവെച്ചു. മൂന്നു മാസത്തിനകം ഹസ്സാൻ മറ്റു കുട്ടികളെപ്പോലെ ആയിത്തീരണം. അറബി സാമാന്യം സംസാരിക്കുകയും നന്നായി പഠിക്കുകയും വേണം. കുഞ്ഞു ഹസ്സാന് മുമ്പിലെ ആദ്യ വെല്ലുവിളി. എല്ലാവരെയും അദ്ഭുതപ്പെടുത്തി മൂന്നു മാസത്തിനകം അവൻ ക്ലാസിലെ മിടുക്കൻ കുട്ടിയായി. ഒന്നാം വർഷം പിന്നിട്ടപ്പോൾ ബാച്ചിലെ ടോപ്പറുമായി.
അങ്ങനെ മദീനയിലെ സ്കൂളിൽ പഠിച്ചു തുടങ്ങിയ ആ മലയാളി വിദ്യാർഥി പിതാവിന്റെ ജോലി മാറ്റത്തോടൊപ്പം എട്ടാം ക്ലാസുമുതൽ യു.എ.ഇയിലെത്തി. അജ്മാനിലെ അൽ ഹിക്മ പ്രൈവറ്റ് സ്കൂളിൽ അറബിക് സിലബസിൽ പഠനം തുടർന്നു. ഇമാറാത്തികളും വിവിധ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും പഠിക്കുന്ന സ്കൂളാണിത്. പൂർണമായും അറബ് സിലബസിലുള്ള ഇവിടെ ഇത്തവണ പന്ത്രണ്ടാം ക്ലാസ് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ടോപ്പർ അവനായിരുന്നു- 98.21ശതമാനം മാർക്ക്.
മികച്ച വിജയം നേടിയ ഈ മിടുക്കന് സർട്ടിഫിക്കറ്റ് സമ്മാനിച്ചത് അജ്മാൻ രാജകുടുംബാംഗവും അമീരി ദിവാൻ ചെയർമാനുമായ ശൈഖ് മാജിദ് ബിൻ സഈദ് അൽനുഐമി. തൊട്ടുപിന്നാലെ അജ്മാൻ സർക്കാർ പത്തുവർഷത്തെ ഗോൾഡൻ വിസയും ഇബ്രാഹിം ഹസന് സമ്മാനിച്ചു. രണ്ട് വർഷം മുമ്പ് ഖുർആൻ പൂർണമായി മനഃപാഠമാക്കി ഹാഫിളായ ഇബ്രാഹീം ഹസ്സാനെ അജ്മാൻ ഭരണാധികാരിയുടെ ഇഫ്താറിൽ പങ്കെടുപ്പിച്ച് ആദരിച്ചിരുന്നു.
പിതാമഹന്റെ സ്വപ്ന പാതയിൽ
കൊല്ലം ഓച്ചിറയിലെ പരേതനായ മരുതവന ഹാജി ഇബ്രാഹിംകുട്ടിയുടെ മകനാണ് ഇസ്ഹാഖ് നദ്വി. മകൻ അറബി ഭാഷയും ഖുർആനും പഠിക്കണമെന്ന വളരെ വലിയ ആഗ്രഹത്തിനുടമയായിരുന്നു ഇബ്രാഹീംകുട്ടി. അതിനാൽ പ്രയാസപ്പെട്ട് തമിഴ്നട്ടിലെ ഒരു മത വിദ്യഭ്യാസ സ്ഥാപനത്തിൽ എത്തിച്ചാണ് അദ്ദേഹം പഠിപ്പിച്ചത്. പിതാവിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ മകൻ 1998ൽ മക്കയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കുകയും ഒന്നാമതെത്തുകയും ചെയ്തു. അപൂർവം വ്യക്തികൾക്ക്മാത്രം ലഭിക്കുന്ന കഅ്ബയിൽ പ്രവേശിക്കാനുള്ള അവസരവും ഇതുകാരണമായി ലഭിച്ചു. പിന്നീട് മദീനയിൽ ഇമാമായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിക്കാനും മത്സര വിജയം നിമിത്തമായി.
വർഷങ്ങൾ മദീനയിൽ കഴിഞ്ഞ ശേഷമാണ് 2018ൽ യു.എ.ഇയിലേക്ക് ജോലി മാറുന്നത്. ഇപ്പോൾ അജ്മാൻ ഔഖാഫിന്റെ കീഴിലുള്ള പള്ളിയിൽ ഇമാമായി സേവനമനുഷ്ഠിക്കുകയാണ്. ആൺ മക്കൾക്കെല്ലാം പിതാവിന്റെ പേര് ചേർത്താണ് ഇസ്ഹാഖ് നദ്വി പേര് നൽകിയത്. പിതാമഹന്റെ സ്വപ്നങ്ങൾ ഏറ്റെടുത്ത പേരക്കുട്ടികളും ഖുർആനും അറബി ഭാഷയും പഠിച്ചെടുക്കുകയായിരുന്നു. മൂത്ത മകനായ ഹസ്സാൻ ചെറുപ്പം മുതൽ നിരവധി ഖുർആൻ, അറബി കവിത, പ്രസംഗം, പ്രബന്ധം മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
അജ്മാൻ സർക്കാറിന് കീഴിലെ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽനുഐമി ഖുർആൻ പഠന കേന്ദ്രത്തിൽ നിന്നാണ് 2019ൽ ഔദ്യോഗികമായി ഖുർആൻ മനഃപാഠമാക്കിയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ഷാർജ സർക്കാറിന്റെ കീഴിലെ അന്താരാഷ്ട്ര ഹോളി ഖുർആൻ അക്കാദമിയുടെ സെക്രട്ടറി ജനറലും ഷാർജ റേഡിയോയുടെ തലവനുമായ ശൈഖ് ശർസാദിന്റെ കൂടെ റേഡിയോ അഭിമുഖത്തിൽ പങ്കെടുക്കാനും അവസരം ലഭിച്ചു.
മെഡിക്കൽ പഠനം ലക്ഷ്യം
ഇസ്ഹാഖ് നദ്വിയുടെയും ഭാര്യ ആലുവ നൂർമൻസിൽ ഫർഹത്തിന്റെയും എട്ടു മക്കളിൽ അഞ്ചുപേരും അറബി സിലബസിലാണിപ്പോൾ പഠനം തുടരുന്നത്. ഏറ്റവും മൂത്തയാളായ ഹസ്സാന്റെ മികവാണ് ഇളയവർക്കും ഈ സ്കൂളിൽ അഡ്മിഷന് സഹായിച്ചത്. ഒരുപക്ഷേ, അറബ് സിലബസിൽ പഠിക്കുന്ന അപൂർവം മലയാളി കുട്ടികളാണിവർ. മൂത്ത മകളായ ഫാത്തിമ, യു.എ.ഇ മതകാര്യ വകുപ്പ് സംഘടിപ്പിച്ച ഖുർആൻ പാരായണ മൽസരത്തിൽ ഒന്നാമതെത്തിയിട്ടുണ്ട്. വീട്ടിൽ മലയാളം പോലെ തന്നെ അറബിയും കൈകാര്യം ചെയ്യുന്നവരാണ് ഈ കുടുംബം.
എട്ടുമക്കളിൽ സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത ഈ കുഞ്ഞു സൽമയൊഴികെ എല്ലാവരും അറബി സംസാരിക്കും. മൂത്ത സഹോദരനെ പോലെ അടുത്തവർഷങ്ങളിൽ ഹാഫിളാകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഫാത്തിമക്ക് പുറമെ, ഇബ്രാഹീം ദഖ്വാൻ, റുമൈസ, ഇബ്രാഹീം സൗബാൻ, അഫ്റ, ഖൽസം, സൽമ എന്നിവരാണ് ഹസ്സാന്റെ സഹോദരങ്ങൾ.
സ്കൂളിൽ ഏറ്റവും മികച്ച പ്രോൽസാഹനമാണ് അധ്യാപകർ പഠനത്തിന് നൽകുന്നതെന്ന് ഹസ്സാൻ സാക്ഷ്യപ്പെടുത്തുന്നു. വിവിധ രാജ്യക്കാരുമായി ഇടപഴകാനും അവരുടെ സംസ്കാരം മനസിലാക്കാനും പഠനം ഉപകരിച്ചു. എല്ലാ കാര്യങ്ങളിലും സംതൃപ്തിയാണുള്ളത്. ഗൾഫ് രാജ്യങ്ങളിലെ സിലബസ് എല്ലാം സമാനമായതിനാൽ സൗദിയിൽ നിന്ന് യു.എ.ഇയിൽ എത്തിയപ്പോൾ വലിയ പ്രയാസങ്ങളുണായിരുന്നില്ല.
വളരെ ലളിതമാണ് സിലബസെന്നും ഹസ്സാൻ പറയുന്നു. മെഡിക്കൽ മേഖലയിൽ പഠനം തുടരണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. യു.എ.ഇയിൽ തന്നെ പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ മെഡിക്കൽ രംഗം ചിലവേറിയതാണെന്നത് ഭാവിയെ കുറിച്ച ആശങ്കയായി ബാക്കിയുണ്ട്. പഠനത്തിനും ഉപജീവനത്തിനും യു.എ.ഇ നൽകുന്ന പ്രോത്സാഹനത്തിനും ആനുകൂല്യങ്ങൾക്കും എന്നെന്നേക്കും കടപ്പാടുണ്ടെന്നും നന്മയുടെ ഈ രാജ്യം ഉന്നമനത്തിലും ഉയർച്ചയിലും മുന്നിട്ടു നിൽക്കാനാണ് പ്രാർഥനയെന്നും ഇസ്ഹാഖ് നദ്വി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.