മുഹമ്മദ് റാഫി

മെഹ്ഫിൽ സംഗീത സായാഹ്നങ്ങൾ ഇനി ജന്മനാട്ടിൽ; മുഹമ്മദ് റാഫി മടങ്ങുന്നു

സംഗീത സദസ്സുകളിൽ പഴയ ഗാനങ്ങളുമായി നിറസാന്നിധ്യമായിരുന്ന ജിദ്ദ പ്രവാസികളുടെ പ്രിയപ്പെട്ട റാഫിക്ക എന്ന മുഹമ്മദ് റാഫി 34 വർഷത്തെ പ്രവാസത്തോട് വിടപറയുന്നു. 1986 ൽ തുടങ്ങിയ പ്രവാസത്തിൽ ആദ്യ മൂന്ന് വർഷം മദീനയിലെ ഒരു ആശുപത്രിയിൽ എയർ കണ്ടീഷൻ ടെക്‌നീഷ്യന്‍റെ സഹായിയായിട്ടായിരുന്നു ജോലി. ശേഷം ജിദ്ദയിലേക്ക് മാറുകയും രണ്ടു വർഷം വിവിധ കമ്പനികളിലെ താൽകാലിക ജോലികൾക്ക് ശേഷം കഴിഞ്ഞ 28 വർഷങ്ങളായി നിസാർ അബ്ദുല്ല മൂസ എസ്റ്റാബ്ലിഷ്‌മെന്‍റ് സ്ഥാപനത്തിന് കീഴിൽ ഓട്ടോമൊബൈൽ എയർ കണ്ടീഷൻ വർക്ക്ഷോപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്.

മെഹ്ഫിൽ സംഗീത സദസ്സുകൾ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി കാണുന്ന കോഴിക്കോടൻ നഗരത്തിൽ നിന്നുള്ളയാളായത് കൊണ്ട് തന്നെ മുഹമ്മദ് റാഫിക്കും സംഗീതം ഹരമായിരുന്നു. പിതാവ്, പിതൃസഹോദരൻ എന്നിവരിൽ നിന്നും പകർന്ന് കിട്ടിയ ശുദ്ധ സംഗീതം ജീവിതത്തിന്റെ ഭാഗമായി. അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാവാം പിതാവ് തനിക്കും ആ പേര് നൽകിയതെന്ന് ഇദ്ദേഹം പറയുന്നു.

ജിദ്ദയിൽ നേരത്തെ നിലവിലുണ്ടായിരുന്ന ബ്രദേഴ്സ് ഗ്രൂപ്പിലൂടെയായിരുന്നു സ്റ്റേജ് പരിപാടികളിൽ ആദ്യമായി പാടാൻ തുടങ്ങിയത്. ശേഷം കോഴിക്കോട്ടുകാരായ സുഹൃത്തുക്കളോടൊപ്പം ചേർന്ന് എട്ട് വർഷങ്ങൾക്ക് മുമ്പ് രൂപീകൃതമായ 'കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്' എന്ന സംഗീത കൂട്ടായ്മയുടെ നെടുംതൂണാണ് മുഹമ്മദ് റാഫി. എല്ലാ വാരാന്ത്യങ്ങളിലും ഈ കൂട്ടായ്മക്ക് കീഴിൽ മെഹ്ഫിൽ രാവുകൾ നടന്നു വരുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് ഇദ്ദേഹമാണ്.


അതോടൊപ്പം കേരള കലാസാഹിതി എന്ന സംഘടനയിലും അംഗമാണ്. ഗായകൻ മാത്രമല്ല, നല്ലൊരു ഫുട്ബാൾ കളിക്കാരനുമായിരുന്നു മുഹമ്മദ് റാഫി. പ്രവാസിയാവുന്നതിന് മുമ്പ് കോഴിക്കോട് യങ് ചലഞ്ചേഴ്‌സ്, യങ്സ്റ്റേഴ്‌സ്, ഇൻഡിപെൻഡൻസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഒരു തവണ സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെന്‍റിലും കളിക്കാനുള്ള ഭാഗ്യമുണ്ടായി. ജിദ്ദയിൽ പഴയകാല ക്ലബായ ഏഷ്യാനയിലൂടെയും മറ്റു വിവിധ ക്ലബുകളിലൂടെയും പ്രവാസത്തിലും കാൽപ്പന്തു കളി തുടർന്നു.

കളിക്കിടയിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം കളിയിൽ നിന്ന് വിട്ടു നിന്നെങ്കിലും സിഫ് സംഘടിപ്പിക്കുക്കാറുള്ള ഫുട്ബാൾ ടൂർണമെന്‍റുകളിൽ കളിക്കാരെ വിലയിരുത്തുന്ന ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്നവരിൽ പ്രധാന പങ്ക് വഹിച്ചു പോന്നിരുന്നു. ശിഷ്ടകാലം മാതാവിനെ സേവിക്കാനുള്ള ആഗ്രഹമാണ് പ്രവാസം മതിയാക്കുന്നതിന് കാരണമെന്നു മുഹമ്മദ് റാഫി പറയുന്നു.

ഭാര്യ: ലൈല, മക്കൾ: റാഫില, ഷംസില, ഹിന ഷെറിൻ, റിഷാൻ മുബാറക്. മരുമക്കൾ: മുഹാജിർ (ജിദ്ദ), സർജിത്ത് (ഖത്തർ). ചൊവ്വാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് മിഷൻ എയർ ഇന്ത്യ വിമാനത്തിൽ മുഹമ്മദ് റാഫി നാടണയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.