‘‘വികസനത്തിെന്റ പേരിൽ മലകളും കാടുകളും നശിപ്പിക്കുകയും അമിത നിർമാണങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മണ്ണിടിച്ചിലടക്കം സംഭവിക്കുന്നു. ഭൂഗർഭ ജലത്തിെന്റ അളവ് കുറയുന്നു. ഓരോ വർഷവും ഇത്തരം ദുരന്തങ്ങൾ അധികരിക്കുമ്പോൾ ജനങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടും. സ്വാഭാവികമായും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും.ഇതാവണമോ യഥാർഥ വികസനം? ‘നാച്വർ ഫസ്റ്റ് ആൻഡ് പീപ്ൾ ഫസ്റ്റ്’ എന്നതാവണം ഏതൊരു വികസനത്തിെന്റയും അടിസ്ഥാനം. ഈ സങ്കൽപനം ഒരിക്കലും വികസനവിരുദ്ധമല്ല’’ പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ പ്രഫ. ചിരാഗ് ധാര സംസാരിക്കുന്നു...
ഇന്ത്യയിലെ യുവ കാലാവസ്ഥ വിജ്ഞാനീയരിൽ ശ്രദ്ധേയനാണ് പ്രഫ. ചിരാഗ് ധാര. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോജിയോകെമിസ്ട്രിയിൽ നിന്നും ജർമനിയിലെ ഹാംബർഗ് സർവകലാശാലയിൽനിന്ന് എർത്ത് സയൻസിൽ പിഎച്ച്.ഡി നേടിയ ചിരാഗ് ധാര ക്വാണ്ടം മെക്കാനിക്സിലും ക്വാണ്ടം കമ്യൂണിക്കേഷനിലും വിദഗ്ധനാണ്. ഭൗതിക ശാസ്ത്രത്തിലും പിഎച്ച്.ഡിയുണ്ട്. നിലവിൽ Krea സർവകലാശാലയിൽ അസി. പ്രഫസർ. പ്രശസ്ത പരിസ്ഥിതി എൻജിനീയറും ആക്ടിവിസ്റ്റുമായ പ്രഫ. സാഗർ ധാരയുടെ മകനാണ്. വികസനം, കാലാവസ്ഥ പ്രതിസന്ധി, ബദൽ, പ്രതിവിധി, ജിയോ എൻജിനീയറിങ് തുടങ്ങി വിഷയങ്ങളെക്കുറിച്ച് നിരീക്ഷണങ്ങളും നിർദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.
പ്രഫ. ചിരാഗ് ധാരവികസനം അനിവാര്യതയല്ലെന്ന് കാലാവസ്ഥ ആക്ടിവിസ്റ്റുകൾ പറയുമെന്ന് ഞാൻ കരുതുന്നില്ല. എന്തുതരം വികസനമാണ് നമുക്ക് വേണ്ടതെന്നതിനെക്കുറിച്ചാണ് അവർ കൃത്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വികസനം എന്നത് ശരിയായ രീതിയിൽ ആയിരിക്കം. സംസാരിക്കുന്നത് വികസനവിരുദ്ധതയെക്കുറിച്ചല്ല. അടിസ്ഥാനസൗകര്യ വികസനം അനിവാര്യമാണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ, അതിരുകവിയൽ അപകടകരമാണ്.
ഉദാഹരണത്തിന് പരിസ്ഥിതി വളരെ ദുർബലമായ കേരളമെടുക്കാം. വികസനത്തിെന്റ പേരിൽ കൂടുതൽ മലകളും കാടുകളും നശിപ്പിക്കുകയും അമിത നിർമാണങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മണ്ണിടിച്ചിലടക്കം സംഭവിക്കുന്നു. ഭൂഗർഭ ജലത്തിെന്റ അളവ് കുറയുന്നു. ഓരോ വർഷവും ഇത്തരം ദുരന്തങ്ങൾ അധികരിക്കുമ്പോൾ ജനങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടും. സ്വാഭാവികമായും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. ഇതാവണമോ യഥാർഥ വികസനം? ‘നാച്വർ ഫസ്റ്റ് ആൻഡ് പീപ്ൾ ഫസ്റ്റ്’ എന്നതാവണം ഏതൊരു വികസനത്തിെന്റയും അടിസ്ഥാനം. ഈ സങ്കൽപനം ഒരിക്കലും വികസനവിരുദ്ധമല്ല. എന്നാൽ, പരിസ്ഥിതി പ്രവർത്തകരുടെ തലയിൽ ഈ ഒരു പദം കെട്ടിവെക്കുകയാണ് ചെയ്തുവരുന്നത്.
ലോകത്തിെന്റ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതിയെ പരിഗണിക്കുന്ന ശരിയായ വികസനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണമായി ക്യൂബ. ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിൽ മുഴുവൻ ജനതയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കുന്നത്. വളരെ പരിമിത വിഭവങ്ങൾ വെച്ചുകൊണ്ടാണ് അവർ ഇത് യാഥാർഥ്യമാക്കിയത്. ഇതുപോലെയാണ് കോസ്റ്ററീക. എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ മേൽത്തരം വിദ്യാഭ്യാസം അവർ ഉറപ്പുവരുത്തുന്നു. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത മികച്ച രൂപത്തിലുള്ള ജീവിതം കെട്ടിപ്പടുക്കുന്നു. നിലവിലുള്ള വിഭവങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചാണിത്. സ്വകാര്യവത്കരണത്തിലൂടെയല്ല, പൊതുസംവിധാനത്തിലൂടെയാണ് അവർ ഇത് സാധ്യമാക്കുന്നത്. ഇത്തരത്തിൽ നല്ല മാതൃകകൾ ലോകത്തെമ്പാടുമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച മാതൃകകൾ സൃഷ്ടിച്ചിരുന്നു.
അതെ, വളരെ ശരിയാണ്. എന്നാൽ, ഈ കാലത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്ഭനായ പരിസ്ഥിതി പ്രവർത്തകനായ ആശിഷ് കോഠാരി അടക്കമുള്ളവർ നല്ല മാതൃകകൾ ആവിഷ്കരിച്ചിട്ടുണ്ട്. കോഠാരി മികച്ച ചെറുകിട ബദലുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്ന നിരവധി വെബ്സൈറ്റുകൾ ലോകത്തുടനീളമുണ്ട്. ഇത് അസാധ്യമായ കാര്യമല്ല. പൊതുവായി ചോദിക്കാറുണ്ട്, ഏതു രാജ്യമാണ് സുസ്ഥിര വികസനം സാധ്യമാക്കിയത് എന്ന്. സ്വീഡൻ, ഡെൻമാർക്ക്, നോർവേ എന്നൊക്കെയാണ് ഉത്തരമായി കേൾക്കാറുള്ളത്. എന്നാൽ, ഇത് പൂർണമായും തെറ്റാണ്. ഇവയെല്ലാം അത്യന്തം അസന്തുലിതമാണ്. എന്നാൽ, നമുക്ക് ഉദാഹരമായി എടുത്തുപറയാവുന്ന രാജ്യങ്ങളാണ് ക്യൂബയും കോസ്റ്ററീകയുമൊക്കെ. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയും ഈ ഗണത്തിലുണ്ട്. അവിടെയിപ്പോൾ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടെങ്കിൽ തന്നെയും. ഇവിടത്തെ മനുഷ്യവികസന സൂചിക മറ്റേതു ദക്ഷിണേഷ്യൻ രാജ്യങ്ങളെക്കാളും വളരെ ഉയരത്തിലാണ്.
അതിന് മുഖ്യകാരണം, ടൂറിസമാണ് അവിടെ പ്രധാനമായുണ്ടായിരുന്നത്. കോവിഡ് മഹാമാരി വന്നതോടെ ടൂറിസത്തിന് തിരിച്ചടി നേരിട്ടു. അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. അതോടൊപ്പം അവർ മരുന്നിെന്റ കാര്യത്തിൽ സ്വയംപര്യാപ്തരായിരുന്നില്ല. കർഷകരുടെ പക്കൽ വേണ്ടത്ര വളവും ഇല്ലായിരുന്നു. പിന്നെയവർ ജൈവകൃഷിയിലേക്ക് മാറാൻ തുടങ്ങി. എന്നാൽ അതിന് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. ഇതാണ് പരാജയത്തിലേക്ക് നയിച്ചത്.
- ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ സമ്മേളനത്തിൽ പ്രതിനിധിയായി വന്ന ശ്രീകുമാർ എന്ന പരിസ്ഥിതി പ്രവർത്തകൻ ഇതേക്കുറിച്ച് വളരെ താൽപര്യജനകമായ ചില കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി. രാസവളം ഉപയോഗിച്ചുള്ള പരമ്പരാഗത കൃഷിരീതി തികച്ചും ജൈവരീതിയിലേക്ക് മാറ്റുക എന്നത് അത്ര ലളിതമായ പ്രക്രിയയല്ല. അതേസമയം, ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുമ്പോൾ കൃത്യമായ ആസൂത്രണത്തോടെയാണെങ്കിൽ അത് അസാധ്യവുമല്ല. ഇപ്പോഴുള്ള ഭക്ഷണ ഉപഭോഗരീതിയിൽ നിയന്ത്രണം കൊണ്ടുവരുക എന്നതാണ് അതിലൊന്ന്.
നമ്മൾ ഉപയോഗിക്കേണ്ടത് പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഭക്ഷണമാണോ അതോ വിദൂരദേശങ്ങളിൽനിന്ന് ഗതാഗത മാർഗം എത്തിക്കുന്നവയാണോ എന്നത് ആദ്യം തീരുമാനിക്കണം. പിന്നെ, കൃഷിചെയ്യുന്നത് എന്തായിരിക്കണം? കൃഷിനിലത്തിെന്റ ഉടമസ്ഥാവകാശം ആർക്കായിരിക്കണം? ഏതാനും സ്വകാര്യവ്യക്തികൾ ഭൂമി വൻതോതിൽ കൈവശംവെക്കുന്ന കൃഷിരീതി വേണോ, അതല്ല കർഷകരും തൊഴിലാളികളും കൂടുതൽ സുരക്ഷിതരായിരിക്കുന്ന പൊതു ഭൂ ഉടമസ്ഥ സമ്പ്രദായത്തിലായിരിക്കണമോ എന്നതും പരമപ്രധാനമാണ്. ഈ രീതിയിൽ ആസൂത്രണംചെയ്ത് നടപ്പാക്കുകയാണെങ്കിൽ പരമ്പരാഗത രാസകൃഷിയേക്കാൾ എന്തുകൊണ്ടും ബദലായി ജൈവ കാർഷിക വ്യവസ്ഥ മാറും.
അതോടൊപ്പം ബദലെന്ന നിലയിൽ ചിലതു കൊണ്ടുവരുന്നതിലേക്ക് കൂട്ടിച്ചേർക്കാനുമുണ്ട്. മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളെ ഒരു പരിഹാരമായി ഇന്ന് എല്ലാവരും പറയുന്നു. എന്നാൽ, ഇന്നുപയോഗിക്കുന്ന എല്ലാ ഫോസിൽ ഇന്ധന വാഹനങ്ങളും ഇലക്ട്രിക് വാഹനമാക്കി മാറ്റം ഉണ്ടാക്കുക എന്നത് സംഭവ്യമല്ല. ഒന്ന്, ഇവ ഓടുന്നത് നിലവിലുള്ള അതേ റോഡുകളിലൂടെയായിരിക്കും. മലയും കാടും കീറിമുറിച്ചുകൊണ്ടുള്ള പതിവു പാതകളിലൂടെ. ഇലക്ട്രിക് വാഹനങ്ങളും ഇവയെ നാശോന്മുഖമാക്കും. മറ്റൊന്ന്, ഇത്തരം കാറുകളുടെ നിർമാണം പലതരത്തിലുള്ള അന്തരീക്ഷ മലിനീകരണത്തിന് കാരണമാവും. മണ്ണും വെള്ളവും മലിനമാക്കും. ഇവ നിർമിക്കാൻ വേണ്ടിവരുന്ന അസംസ്കൃത വസ്തുക്കൾ ഒക്കെയും ഖനനം ചെയ്യേണ്ടവയാണ്. കണക്കറ്റ ലോഹങ്ങളാണ് ഇതിനായി വേണ്ടിവരുന്നത്.
ഖനനം നടക്കുന്ന മേഖലയിലും അതിനു സമീപത്തെ ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കും. അവിടങ്ങളിൽ വിളവ് കുറയും. വേറൊന്ന്, ഒരു കാറിെന്റ കാലാവധി അവസാനിച്ചാൽ അതിെന്റ എല്ലാ മെറ്റീരിയലുകളും ഫലപ്രദമായി റീസൈക്കിൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നുണ്ടോ? അതുകൊണ്ടുതന്നെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുക എന്നത് അസാധ്യമാണ്. അതിനുപകരം നമ്മൾ ചിന്തിക്കേണ്ടത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടുള്ള പൊതുഗതാഗത സമ്പ്രദായത്തെക്കുറിച്ചാണ്. സ്വകാര്യവത്കരണത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ്. സ്വകാര്യ ഉടമസ്ഥതയിൽനിന്ന് പൊതു ഉടമസ്ഥതയിലേക്ക് വരുകയാണ് വേണ്ടത്. ഏതെങ്കിലും ഒന്നിനെ മാറ്റി പകരം മറ്റൊന്ന് ഉപയോഗിക്കുന്നതിലല്ല പരിഹാരം. മറിച്ച് മുഴുവൻ വ്യവസ്ഥയിലും സമഗ്രമായ മാറ്റം കൊണ്ടുവരുക എന്നതാവണം.
സാങ്കേതികവിദ്യയെ പ്രശ്നപരിഹാരത്തിലേക്കുള്ള ഒരു വഴിയായിട്ടാണ് ഞാൻ കാണുന്നത്. അല്ലാതെ അതുമാത്രമാണ് വഴി എന്നതല്ല. നമ്മുടെ കൈയിലുള്ള മൊബൈൽ ഫോൺ. ഇത് ആവശ്യമാണോ? അത്യാവശ്യമാണോ? ചിലരൊക്കെ പറയുന്നത് കേൾക്കാം. ആവശ്യമാണെന്ന്. അതേസമയം, മഹാമാരിയുടെ സമയത്ത് വിദ്യാർഥികൾക്ക് പഠിക്കാൻ ലാപ്ടോപ്പും മൊബൈൽഫോണും ഇല്ലാതെവയ്യെന്നുവന്നു. അവിടെ ആവശ്യമല്ല, അത്യാവശ്യമായി മാറി. എന്നാൽ, സാങ്കേതികവിദ്യ ആദ്യഘട്ടത്തിൽ കടന്നുവരുന്നത് ആവശ്യമായിട്ടാണ്. ഇന്ന് വൈദ്യശാസ്ത്രരംഗത്തെ സാങ്കേതികവിദ്യ മനുഷ്യരുടെ ജീവൻവരെ രക്ഷിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാത്തരം പ്രതിസന്ധികൾക്കുമുള്ള പരിഹാരം സാങ്കേതികവിദ്യയിൽ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നിടത്താണ് പ്രശ്നം. ഒരു ഉദാഹരണം പറയാം. ബിൽഗേറ്റ്സ്. അദ്ദേഹത്തിെന്റ പക്കൽ ധാരാളം പണമുണ്ട്. വൻകിട ചാരിറ്റബ്ൾ ഫണ്ടർ ആണ്. പല രാജ്യങ്ങളിലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. മെഡിക്കൽ ഫീൽഡിൽ വലിയതോതിൽ പണമാണ് ബിൽഗേറ്റ്സ് പമ്പുചെയ്യുന്നത്. ഇത് ഒരു നല്ല വശമായിരിക്കാം. അതേസമയം, ഏതുതരം വാക്സിനാണ് വികസിപ്പിക്കേണ്ടതെന്നും വികസിപ്പിക്കാതിരിക്കേണ്ടതെന്നുമൊക്കെയുള്ള അമിതാധികാരം ഒരു വ്യക്തിയിൽ നിക്ഷിപ്തമാവുകയാണ്. ഇത് പ്രശ്നം തന്നെയാണ്. ആരാണ് ടെക്നോളജിയുടെ കൈകാര്യ കർത്താക്കൾ എന്നത് ഒരു പ്രധാന പോയന്റാണ്. ടെക്നോളജി ഒരു പ്രശ്നത്തെ പരിഹരിച്ചേക്കാം. പക്ഷേ, പല പ്രശ്നങ്ങളെ അത് സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രൈവറ്റ് ഇലക്ട്രിക് വാഹനങ്ങൾ പോലെ. ഇത് കാർബർ ബഹിർഗമനത്തെ ലഘൂകരിക്കുമായിരിക്കും. പക്ഷേ, ഖനനംപോലെ പുതിയ പല പ്രശ്നങ്ങളും ഉണ്ടാക്കും.
സോളാർ പാനലുകൾ റീ സൈക്കിൾ ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ നമ്മുടെ പക്കലില്ല. ഇതിെന്റ വിൻഡ് ടർബൈൻ േബ്ലഡുകൾ നിർമിക്കുന്നത് ഫൈബർ ഗ്ലാസ് കൊണ്ടാണ്. ഈ ഗ്ലാസുകൾ റീ സൈക്കിൾ ചെയ്യാനുള്ള മാർഗങ്ങളില്ല. അതുകൊണ്ട് തന്നെ ഇവ കുഴികുത്തി അതിലിടും. ഘന ലോഹങ്ങൾ ആണ് സോളാർ പാനലുകളിൽ അടങ്ങിയിരിക്കുന്നത്. ഇവ കുഴിച്ചുമൂടുകയോ സോളാർ പാടങ്ങളിൽ കിടക്കുകയോ ചെയ്യുമ്പോൾ അവിടെയുള്ള മണ്ണിലും ഭൂഗർഭജലത്തിലുമൊക്കെ കലരും.
ഇത് കേവലമായ പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, ഭൂഗർഭജലത്തിൽ കലരുന്നതുവഴി മൃഗങ്ങൾ ഇവിടങ്ങളിലെ സസ്യങ്ങൾ ഭക്ഷണമാക്കും. അവയുടെ മാംസം നമ്മൾ കഴിക്കും. മനുഷ്യരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ വിഷങ്ങൾ കലർന്ന ഭക്ഷണം കഴിക്കുക വഴി കോശകലകൾ രൂപപ്പെടുന്ന ചെറുപ്രായത്തിലുള്ളവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
സോളാർ എനർജിയിലേക്ക് മാറിയാലും നമ്മൾ ഇപ്പോൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമാകില്ല. നമുക്ക് എത്രത്തോളം ഉൗർജം ആവശ്യമുണ്ട് എന്ന് ആദ്യം നിശ്ചയിക്കണം. കുറഞ്ഞ ദൂരത്തേക്കുള്ളതും അത്ര അനിവാര്യമല്ലാത്തതുമായ യാത്രകൾക്ക് പൊതുഗതാഗത സൗകര്യവും ട്രെയിനുകളും മറ്റും ഉപയോഗിക്കേണ്ടതിന് പകരം വിമാനയാത്ര തെരഞ്ഞെടുക്കേണ്ടതുണ്ടോ? കാർബൺ ബഹിർഗമനം വലിയതോതിൽ നടക്കുകയാണ്. നമ്മുടെ അത്യാവശ്യങ്ങൾക്കുള്ള ഊർജം പോലും ഇല്ലാതാവുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആഡംബരത്തിനായി ഇത്രയധികം ഉൗർജം നമ്മൾ ഉപയോഗിക്കേണ്ടതുണ്ടോ എന്ന് പുനരാലോചന നടത്തിയേ പറ്റൂ. പരിസ്ഥിതിയെ ആദരിക്കുന്ന സമീപനം കൈക്കൊണ്ടേ മതിയാവൂ.
കാലാവസ്ഥ പ്രതിസന്ധിമൂലമുണ്ടാവുന്ന നാശനഷ്ടങ്ങളുടെ ഫണ്ട് അനുവദിക്കാൻ ചൈനയടക്കമുള്ള സമ്പന്നരാഷ്ട്രങ്ങൾ ഒടുവിൽ കോപ് 27ൽ തീരുമാനിച്ചു. പക്ഷേ, ഈ ഫണ്ടിനെക്കുറിച്ചുള്ള ഒരു വിശദാംശവും ലഭ്യമല്ല. ആരാണ് പണം നൽകുക, എത്ര പണം നൽകും, ചൈന ഇതിനോട് സഹകരിക്കുമോ? എന്നതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ല. നിരവധി ചോദ്യങ്ങൾ ഇേപ്പാഴും നിലനിൽക്കുന്നു. അതോടൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിന് പരിധിവെക്കാൻ ഇവരാരും തീരുമാനിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിലും കോപ് 27 സമ്പൂർണമായി പരാജയപ്പെട്ടു.
അറബിക്കടൽ മറ്റു സമുദ്രഭാഗങ്ങളേക്കാൾ വേഗത്തിലാണ് ചൂടുപിടിക്കുന്നത്. കടൽവെള്ളം ചൂടുപിടിക്കുന്നതിനനുസരിച്ച് ചുഴലിക്കാറ്റുകൾ കൂടുതലായി രൂപപ്പെടും. കാരണം, ചുഴലിക്കാറ്റുകൾ ഊർജം സംഭരിക്കുന്നത് ഇതിൽനിന്നാണ്. എന്നാൽ, ഇതിനെ ഇങ്ങനെമാത്രം നോക്കിക്കാണുന്നതും ശരിയല്ല. ചുഴലിക്കാറ്റുകൾ മനുഷ്യജീവിതത്തിെന്റ ഭാഗമായി ഉള്ളതാണ്. അതേസമയം, കാലാവസ്ഥ മാറ്റത്തിെന്റ രൂക്ഷമായ പ്രത്യാഘാതങ്ങളെ മറ്റു വികസന പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുതന്നെ കാണണം. ഒരുദാഹരണം, നമ്മൾ തീരപ്രദേശങ്ങളിൽനിന്ന് കണ്ടൽകാടുകൾ നീക്കംചെയ്യുന്നപക്ഷം ചുഴലിക്കാറ്റുകളുടെ ആക്രമണം അവിടെ കൂടുതലായിരിക്കും. കണ്ടൽമരങ്ങൾ തീരദേശങ്ങളെ കടലാക്രമണങ്ങളിൽനിന്ന് രക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവയാണ്. വികസനപ്രവർത്തനങ്ങളുടെ പേരിൽ ഇവ മുറിച്ചുകളയുന്നപക്ഷം ഇത് കടുക്കും. മറ്റൊരുവശത്ത് കാർബൺ ബഹിർഗമനം അധികരിപ്പിക്കുന്ന ജീവിതരീതിയുമായി നമ്മൾ കൂടുതൽ മുന്നോട്ടുപോവുന്നു. ഇതിെന്റ ഭാഗമായും ചുഴലികൾ നമ്മുടെ കരഭാഗങ്ങളിൽ കനത്ത നാശം വിതക്കും.
ഇതിനെ വിളിക്കുന്നത് ജിയോ എൻജിനീയറിങ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങളുണ്ട്. അവയെ എല്ലാം തള്ളാനോ കൊള്ളാനോ കഴിയില്ല. ജിയോ എൻജിനീയറിങ് ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ യു.എസിലെ പല സർവകലാശാലകളും ഒരുപാട് ഫണ്ട് സ്വീകരിക്കുന്നുണ്ട്. അവർ അതിനെ പലരീതിയിൽ ന്യായീകരിക്കുന്നുമുണ്ട്. മറ്റൊരു പോംവഴിയില്ലാത്ത സാഹചര്യത്തിൽ നമ്മൾക്ക് ജിയോ എൻജിനീയറിങ്ങിനെ ആശ്രയിക്കേണ്ടിവരുമെന്ന വാദമാണ് അവർ ഉയർത്തുന്നത്. എന്നാൽ, ജിയോ എൻജിനീയറിങ്ങിന്റെ പരീക്ഷണങ്ങളുടെ സങ്കീർണമായ ഫലങ്ങളെ മുഴുവനായി മനസ്സിലാക്കാൻ നമുക്കായിട്ടില്ല. സ്ട്രാറ്റോസ്ഫിയറിൽ മേഘധൂളികൾ വിതറി ചൂടു കുറക്കലും കൃത്രിമ മഴ പെയ്യിക്കലുമടക്കമുള്ള ഗൗരവതരമായ കാര്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്.
എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിലേക്ക് വരുമ്പോൾ സൂര്യനിൽനിന്നുള്ള റേഡിയേഷനെ കുറക്കാനുള്ള ഒന്നായാണിതിനെ അവതരിപ്പിക്കുന്നത്. ഇത് വളരെ അപകടകരമായ ഒന്നുകൂടിയാണ്. കാരണം, ലോകത്തുടനീളം മഴയുടെ പെയ്ത്ത് വിവിധ തോതിലാണ്. ഇതുവരെ ആയിട്ടും കാലാവസ്ഥ സംവിധാനത്തെ നല്ല തോതിൽ മനസ്സിലാക്കാൻ നമുക്കായിട്ടില്ല. കൃത്രിമമായ മഴപ്പെയ്ത്ത് ഒരു പ്രദേശത്തിനുമേൽ ഏതുതരത്തിലുള്ള മാറ്റമുണ്ടാക്കുമെന്ന് നമുക്കു പറയാനാവില്ല. മേഘധൂളികൾ സ്ട്രാറ്റോസ്ഫിയറിൽ നിക്ഷേപിച്ചാൽ, അതിെന്റ പത്തോ പതിനേഞ്ചാ കിലോമീറ്റർ പരിധിയിൽ ശക്തമായ കാറ്റ് ഉണ്ടാവും. അതിനു ചുറ്റിലും അത് പരക്കും. ഇത് ചിലയിടങ്ങളിൽ മഴയെ കുറക്കും ചിലയിടങ്ങളിൽ കൂട്ടും. ഇതിെന്റ ഫലം എന്തായിരിക്കുമെന്ന് കൃത്യമായി പറയാനാവില്ല. അതുകൊണ്ടുതന്നെയാണ് ഇത് വളരെ അപകടകരമായ സംഗതിയാണെന്ന് പറയേണ്ടിവരുന്നത്. രാജ്യത്തിെന്റ പല ഭാഗങ്ങളിൽ ആസിഡ് മഴ പെയ്യുന്നതായ വാർത്തകൾ വരുന്നു. ഇത്തരത്തിലുള്ള കാലാവസ്ഥ- സാമൂഹിക പ്രതിസന്ധികൾ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുമുണ്ട്.
ഒരു ആയുധമായി ഇത് ഉപയോഗിക്കുമോ എന്നതിൽ തീർച്ചയില്ല. എന്നാൽ, ഒരു സമ്പന്നരാജ്യം ഏതെങ്കിലും ഒരു ആഫ്രിക്കൻ രാജ്യത്തിലോ ഏഷ്യൻ രാജ്യത്തിനുമുകളിലോ ഇതിനെ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ അവിടെയുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ആര് സമാധാനം പറയും? ആര് പിഴയൊടുക്കും. അങ്ങനെ ഇത് ഉപയോഗിച്ചാൽ എന്തുമാത്രം പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും നമുക്കിപ്പോൾ പറയാനാവില്ല. മറ്റു പലതും ഇതിലുണ്ട്. ആരാണ് ടെക്നോളജിയുടെ കൈകാര്യ കർത്താക്കൾ എന്നത് ഒരു പ്രധാന പോയന്റാണ്. ആരുടെ കൈയിലാണ് പണം? അതൊരു രാജ്യമാവട്ടെ, വ്യക്തിയാവട്ടെ കാര്യങ്ങൾ അവർക്ക് തീരുമാനിക്കാം. ഒരു യുദ്ധം നടക്കുന്നുവെന്നു കരുതുക. അവർ കാര്യങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അത് നല്ലതിനായിരിക്കുമോ?
ഇനി, മലിനീകരണതോത് നിയന്ത്രിക്കാനുള്ള നീക്കങ്ങൾ ഇതുവഴി നടത്തുന്നുവെന്നിരിക്കട്ടെ, ആ സമയത്ത് പിന്നെയും ചൂട് കൂടാൻ തുടങ്ങും. ഇത് പൂർവാധികം വേഗത്തിലായിരിക്കും. പനിക്ക് പാരസെറ്റമോൾ നൽകുന്നതുപോലെ. തൽക്കാലത്തേക്ക് പനിയടങ്ങും. മേഘ കണങ്ങൾ നിക്ഷേപിക്കുന്നത് നിർത്തിയാൽ വീണ്ടും ചൂട് ഉയരും.
ചെറുപ്പക്കാർ ഈ വിഷയത്തിൽ ഏറെ താൽപര്യമുള്ളവരായാണ് ഞാൻ മനസ്സിലാക്കുന്നത്. പരിസ്ഥിതി എന്നത് എപ്പോഴും കാണാൻ കഴിയുന്നത് പൊതുജനങ്ങളിൽനിന്ന് മാറിനിൽക്കുന്ന ഒന്നായിട്ടാണ്. എന്നാൽ, എല്ലാ മനുഷ്യ നാഗരികതകളും ഉരുവംകൊണ്ടത് പ്രത്യേക കാലാവസ്ഥകളിലൂടെയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ എന്നത് നമ്മളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒന്നല്ല. ഇവിടെ 20 ഡിഗ്രി സെൽഷ്യസാണ് തണുപ്പെങ്കിൽ നമുക്ക് പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. അതുെകാണ്ട് നമ്മുടെ ജീവിതമെല്ലാം കാലാവസ്ഥയെ ആശ്രയിച്ചാണ്. ഭക്ഷണം അടക്കം.
കാലാവസ്ഥമാറ്റം നമ്മുടെ നിലനിൽപിെന്റ അടിസ്ഥാനത്തെ തന്നെ ബാധിക്കും. ധാരാളം ചെറുപ്പക്കാർ ഇത് തിരിച്ചറിയുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ അവർ പുറത്തെത്തിക്കുന്നുണ്ട്. മൂവ്മെന്റുകൾ കൊണ്ടുവരുന്നുണ്ട്. കാലാവസ്ഥമാറ്റങ്ങളെക്കുറിച്ച് അവർ ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഇതൊരു വലിയ കാര്യമാണ്. ഞാൻ വളരെ നല്ലൊരു വാക്യം അടുത്തിടെ വായിക്കാനിടയായി. നമുെക്കാരിക്കലും പൂർവികരിൽനിന്ന് അനന്തരമായി എടുക്കാനുള്ളത് ഭൂമിയിലില്ല. നമ്മുടെ മക്കൾക്കുള്ളതിൽനിന്ന് കടംവാങ്ങാനുള്ളതേ ഉള്ളൂ എന്ന്. അതാണ് യാഥാർഥ്യം. ഇതിനെ ഉൾക്കൊണ്ടുകൊണ്ടുള്ള വലിയ ജാഗ്രതയാണ് അനിവാര്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.