കൊടകര: കോടാലിക്കടുത്ത് മുരിക്കുങ്ങല്‍ കുട്ടിയമ്പലം പാലക്കല്‍ വീട്ടില്‍ നികേഷിന് സ്വന്തമായി ‘മൂന്നാനകളുണ്ട്’. ചേക്കിലെ മാധവന്, കോടാലി വിക്രം, കണ്ണന് എന്നീ കൊമ്പന്മാർ 28കാരനായ നികേഷിന്റെ കരവിരുതില്‍ ജന്മം കൊണ്ടവരാണ്. ഒറ്റനോട്ടത്തില്‍ എണ്ണംപറഞ്ഞ ജീവനുള്ള കരിവീരന്മാരെന്ന് തോന്നിക്കുന്നവയാണ് ഈ കൊമ്പന്മാര്. ചേക്കിലെ മാധവന് എന്ന ലക്ഷണമൊത്ത കൊമ്പനെ രണ്ടുമാസം മുമ്പാണ് നിര്‍മിച്ചത്. നികേഷ് നിര്‍മിക്കുന്ന എട്ടാമത്തെ ആനയാണിത്. പതിനെട്ടാമത്തെ വയസ്സിലാണ് ഇത്തരത്തിലുള്ള ആനയെ ഈ കലാകാരന് ആദ്യമായി നിര്‍മിച്ചത്. ആദ്യമൊക്കെ നികേഷിന്റെ കരവിരുതില്‍ പിറവിയെടുത്തത് ചലിക്കാത്ത ആനകളായിരുന്നു. പിന്നീട് തുമ്പിക്കൈയും ചെവികളും ആട്ടുന്ന ആനകള്‍ക്ക് രൂപം നല്കി.
ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചേക്കിലെ മാധവന് ഒത്ത ആനയുടെ ഉയരമുണ്ട്. പത്തടി ഉയരമുള്ള ഈ കരിവീരന് തുമ്പിക്കൈ ഉയര്‍ത്തുകയും ചെവികളാട്ടുകയും മസ്തകം കുലുക്കുകയും ചെയ്യും. ഇരുവശത്തേക്കും കണ്ണുകള്‍ ചലിപ്പിക്കാനും ഈ കൊമ്പന് കഴിയും. രണ്ടുലക്ഷം രൂപയോളം ചെലവഴിച്ച് മൂന്നുമാസമെടുത്താണ് ഈ കൊമ്പൻ പിറവിയെടുത്തത്. കമ്പി കൊണ്ടുള്ള ഫ്രെയിമില്‍ ഘട്ടം ഘട്ടമായി തെര്‍മോകോള്‍, വൈറ്റ് ഫോം, തുണി, റബര്‍ എന്നിവ ഉപയോഗിച്ചാണ് ആനക്ക് രൂപം നല്‍കുന്നത്. ഏറ്റവും ഒടുവില്‍ അനുയോജ്യമായ രീതിയിലുള്ള പെയിന്റ് ചെയ്താണ് ജീവനുള്ളതെന്ന് തോന്നിക്കും വിധത്തില്‍ ഒരുക്കുന്നത്.
ചെവികളും തുമ്പിക്കൈയും കണ്ണുകളും ചലിപ്പിക്കാനാവശ്യമായ മോേട്ടാറും അനുബന്ധ സജ്ജീകരങ്ങളും നികേഷ് തന്നെയാണ് ഘടിപ്പിക്കുന്നത്. ആനയുടെ പുറത്ത് മൂന്നുപേര്‍ക്ക് കയറി ഇരിക്കാനാവുന്ന വിധത്തിലാണ് നിര്‍മിതി. ചേക്കിലെ മാധവനു പുറമെ എട്ടടി ഉയരമുള്ള കോടാലി വിക്രമും അഞ്ചടി മാത്രം ഉയരമുള്ള കണ്ണന് എന്ന കുട്ടിക്കൊമ്പനും നികേഷിന്റെ വീട്ടുമുറ്റത്ത് നിരന്നുനില്‍ക്കുന്നുണ്ട്. നികേഷിന്റെ ആനകളെ കാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്.
ഉത്സവത്തിനും പെരുന്നാളിനും പ്രദര്‍ശിപ്പിക്കാനായി ഈ ആനകളെ കൊണ്ടുപോകാറുണ്ട്. ഘോഷയാത്രകളിലും നികേഷിന്റെ കൊമ്പന്മാര് ഇടംപിടിക്കാറുണ്ട്. ഇങ്ങനെ പ്രദര്‍ശിപ്പിക്കുമ്പോള്‍ കിട്ടുന്ന ‘ഏക്ക’ത്തുകയാണ് ഈ കലാകാരനുള്ള പ്രതിഫലം. വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം മുതലേ ചിത്രംവരയിലും ശില്പനിര്മാണത്തിലും അഭിരുചിയുള്ള നികേഷ് വീട്ടുകാരുടേയും നാട്ടുകാരുടേയും കണ്ണനാണ്.
യു.പി ക്ലാസില്‍ പഠിക്കുമ്പോള്‍ കളിമണ്ശിൽപ നിര്‍മാണത്തിനും ചിത്രരചനക്കും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ നികേഷ്, പ്ലസ് ടു കഴിഞ്ഞ് ഓട്ടോമൊബൈല്‍ പഠിക്കാനാണ് പോയത്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല നികേഷ് ഏറ്റെടുത്തു. ഓട്ടോ ഓടിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പാര്‍ക്കുകളിലേയും ചിത്ര -ശില്പ നിര്‍മാണ ജോലികള്‍ ചെയ്തുമാണ് മുന്നോട്ടുപോകുന്നത്. ഗാര്ഡന് സെറ്റിങ്ങിലും നികേഷ് വിദഗ്ധനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.