കളമശ്ശേരി: ആയിരത്തൊന്ന് ദിവസം ആയിരത്തൊന്ന് മുഖചിത്രങ്ങൾ വരച്ച് നിസാർ പിള്ളയുടെ ആയിരത്തൊന്ന് രാവുകളുടെ യജ്ഞം വെള്ളിയാഴ്ച പൂർത്തിയായി. ഏലൂർ കിഴക്കുംഭാഗം വെള്ളംകോളിൽ വീട്ടിൽ നിസാർ പിള്ള 2019 ജനുവരി 18ന് പിറന്നാൾ ദിനത്തിൽ സുഹൃത്തിന്റെ മുഖചിത്രം വരച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.
കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ഇലക്ട്രീഷ്യനായ സുഹൃത്തിന്റെ മുഖചിത്രമാണ് ആദ്യം വരച്ചത്. അവസാനം പിതാവിന്റെ മുഖം വരച്ചാണ് ചിത്രയജ്ഞം പൂർത്തിയാക്കിയത്. പിതാവ് മുഹമ്മദ് പിള്ളയുടെ വേർപാടിന്റെ ഏഴ് വർഷം പിന്നിടുന്ന ദിവസം കൂടിയായിരുന്നു വെള്ളിയാഴ്ച. ചിത്രകലയിലെ വഴികാട്ടിയായ ജ്യേഷ്ഠൻ വി.എം. അഷ്റഫിന്റെ ചിത്രം കഴിഞ്ഞ ബുധനാഴ്ചയും ആയിരാമത്തെ ചിത്രമായി ഗുരു സുനിൽ ലിനസ് ഡേയുടെ മുഖം വ്യാഴാഴ്ചയും പൂർത്തിയാക്കിയിരുന്നു.
കോവിഡ് കാലത്താണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്. ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രങ്ങൾ നോക്കിയാണ് മുഖചിത്രങ്ങളുടെ വര തുടങ്ങിയത്. വരച്ചതിലേറെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ചിത്രങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കാർട്ടൂണിസ്റ്റ് യേശുദാസ്, ചിത്രകാരൻ ഡാവിഞ്ചി സുരേഷ് എന്നിവരെയും വരച്ചിട്ടുണ്ട്. വരയുടെ 500 എണ്ണം പൂർത്തിയായ 2021 ഫെബ്രുവരിയിൽ വീട്ടിൽ പ്രദർശനമൊരുക്കിയിരുന്നു.
ഉമ്മ പാത്തുമ്മയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ബോണ്ട് പേപ്പറിൽ പെൻസിൽ കൊണ്ടാണ് വരക്കുന്നത്. ആലുവ കെ.എസ്.ആർ.ടി.സി റീജനൽ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി നോക്കുന്ന നിസാർ ദിവസവും രാത്രി ഒരു മണിക്കൂർ ഇതിനായി മാറ്റിവെക്കും. പത്താം ക്ലാസ് പഠനകാലത്ത് കലാഭവനിൽ ആറുമാസം ചിത്രരചന പഠിച്ചിട്ടുണ്ട്.
ചിത്രകാരൻ സുനിൽ ലിനസ് ഡേയുടെ ശിക്ഷണത്തിലും ചിത്രകല അഭ്യസിച്ചു. റെമീനയാണ് ഭാര്യ. പ്ലസ് ടു വിദ്യാർഥി ഹനീസ്, ഒമ്പതിൽ പഠിക്കുന്ന ലിയ എന്നിവരാണ് മക്കൾ. ലിയ കോവിഡ് കാലത്ത് 50 ദിവസം കൊണ്ട് 50 ചിത്രം വരച്ച് പ്രദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.