ജിജു അഥീന

പിക്ചേഴ്സ് ഓഫ് സ്മാൾ തിങ്ങ്സ്

ഉറുമ്പിലും പാറ്റയിലും തേനീച്ചയിലുമൊക്കെ പ്രകൃതിയുടെ വിസ്മയകരമായ സൗന്ദര്യമുണ്ടെന്ന്​ അടുത്തുനിന്ന്​ നോക്കുമ്പോൾ കാണാനാകും. അത്തരം കാഴ്ചകളിലേക്കാണ്​ ജിജുവിന്‍റെ കാമറക്കണ്ണുകൾ നമ്മെ ആനയിക്കുന്നത്​

ചെറുതാണ്​ ചേതോഹരം എന്നത്​ പലർക്കും ഒരു പറച്ചിൽ മാത്രമാണ്​. എന്നാൽ, ജിജു അഥീനയുടെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ കാണുന്നവർക്ക്​ അതിലൊരു സംശയവുമുണ്ടാകില്ല. കാരണം, അത്രമേൽ മനോഹരമായ ഭൂമിയിലെ അതിസൂക്ഷ്മ സൗന്ദര്യമാണ്​ ആ ചിത്രങ്ങളിലെല്ലാം. സാധാരണ മിക്കവരും വളരെ നിസ്സാരമായി കാണുന്നതും അശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുന്നതുമാണ്​ ചെറുജീവികൾ.

ആന​യോ കുതിരയോ മുന്നിലൂടെ കടന്നുപോകുമ്പോൾ അത്ഭുതത്തോടെ നോക്കുന്നവർ, സ്വന്തം കാലിലും ​​കൈയിലും കയറിയിറങ്ങുന്ന ഉറുമ്പിനെ നോക്കാറില്ലല്ലോ.

എന്നാൽ, ഉറുമ്പിലും പാറ്റയിലും തേനീച്ചയിലുമൊക്കെ പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യമുണ്ടെന്ന്​ അടുത്തുനിന്ന്​ നോക്കുമ്പോൾ കാണാനാകും. അത്തരം കാഴ്ചകളിലേക്കാണ്​ ജിജുവിന്‍റെ കാമറക്കണ്ണുകൾ നമ്മെ ആനയിക്കുന്നത്​.

ജിജു പകർത്തിയ മത്സ്യ ചിത്രങ്ങൾ

1996 മുതൽ ഫോട്ടോഗ്രഫി പരിശീലിക്കാൻ തുടങ്ങിയതാണ്​ തൃശൂർ സ്വദേശിയായ ജിജു. ഇന്‍റർനെറ്റും യൂട്യൂബും സജീവമാകുന്നതിന്​ മുമ്പുള്ള കാലമാണ്​. ഫോട്ടോഗ്രഫി പഠിച്ചെടുക്കാൻ മാഗസിനുകളാണ്​ പ്രധാനമായും ആശ്രയമായി ഉണ്ടായിരുന്നത്​.

പലതരം മാഗസിനുകൾ വരുത്തി വായിച്ചു പഠിക്കുകയായിരുന്നു. ഫോ​ട്ടോഗ്രഫിയിലെ ലോകപ്രശസ്തരായ വിദഗ്​ധരുടെ എഴുത്തുകളിലൂടെ പതിയെപ്പതിയെ പഠിച്ചെടുക്കാൻ തുടങ്ങുന്ന കാലത്ത്​ ഹൈദരാബാദിൽ ജോലിചെയ്യുകയായിരുന്നു. അന്നുമുതൽ വിനോദയാത്രകളെല്ലാം വനപ്രദേശങ്ങളിലേക്കാണ്​ പോയിരുന്നത്​.

ജിജു പകർത്തിയ ചിത്രം

കാട്​ ഫോട്ടോഗ്രാഫർമാരെ എല്ലാകാലത്തും പ്രലോഭിപ്പിച്ച ഇടമാണല്ലോ. ആദ്യകാലത്ത്​ വൈൽഡ്​ ലൈഫ്​ ഫോട്ടോഗ്രഫിയിൽതന്നെയാണ്​ ജിജുവിനും കമ്പം തോന്നിയത്​. 2000ൽ ചെറിയ കാമറ സ്വന്തമാക്കി. പിന്നീട്​ 2005ലാണ്​ ഡി.എസ്​.എൽ.ആർ കാമറ സ്വന്തമാക്കി ഉപയോഗിച്ചുതുടങ്ങുന്നത്​.

ഫോട്ടോഗ്രഫി സാമാന്യം നല്ല രീതിയിൽ പഠിച്ചതോടെയാണ്​ മാക്രോ മേഖലയിലേക്ക്​ ശ്രദ്ധ തിരിയുന്നത്. വൈൽഡ്​ലൈഫ്​ ഫോട്ടോഗ്രഫി പോലെ എല്ലാവരും പരീക്ഷിക്കുന്നതിൽനിന്ന്​ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ്​ മാക്രോയിലേക്ക്​ ശ്രദ്ധ തിരിച്ചത്​.


ചുറ്റുവട്ടങ്ങളിൽ ധാരാളമുള്ളതും എന്നാൽ പലരും ശ്രദ്ധിക്കാത്തതുമായ കുഞ്ഞുജീവികളെ പകർത്തുന്നത്​ എളുപ്പമുള്ള കാര്യമായിരുന്നില്ല. ​പ്രകൃതിയുടെ കുഞ്ഞു സൗന്ദര്യങ്ങൾ അപാരമായ ക്ഷമയോടെ കാത്തിരുന്നും സമയമെടുത്തും പകർത്തി. 16 വർഷമായി ദുബൈയിൽ പ്രവാസിയായ ജിജു, നാട്ടിലെത്തുന്ന ഇടവേളകളിലാണ്​ ഫോട്ടോഗ്രഫിക്ക്​ പ്രധാനമായും സമയം കണ്ടെത്തുന്നത്.


ഫോട്ടോ​ഗ്രഫി ചെയ്യുമ്പോൾ മകൻ ആദിൽ അടക്കമുള്ളവരാണ് സഹായികളായുണ്ടാകാറുള്ളത്. അവരുടെ സഹായത്തോടെ ഷൂട്ടിങ്ങിന്​ ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കും. കുഞ്ഞുജീവികൾക്ക്​ പുറമെ, ജിജുവിന്‍റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ വർണ മത്സ്യങ്ങളുടേതാണ്​.


ലാബുകളിൽ ഉപയോഗിക്കുന്ന മൈക്രോസ്കോപ് ഡി.എസ്.എൽ.ആർ കാമറയിൽ അറ്റാച്ച് ചെയ്ത്​ 150ൽ കൂടുതൽ ചിത്രങ്ങളെടുത്തു സോഫ്​റ്റ്​വെയറിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച്​ ഒറ്റ ചിത്രമാക്കിയതാണ് (focus stacking) മിക്ക ചിത്രങ്ങളും.

ദുബൈയിൽ അഡ്വർടൈസിങ്​ കമ്പനി നടത്തുകയാണ്​ ഇലക്​ട്രിക്കൽ എൻജിനീയറിങ്​ പഠിച്ച ജിജു. കുഞ്ഞുകുഞ്ഞു ജീവികളുടെ ചിത്രങ്ങൾ പകർത്തുന്ന മാക്രോഫോട്ടോഗ്രഫിയിലൂടെ ജനങ്ങളെ പ്രകൃതിയെ ആദരിക്കാൻ ശീലിപ്പിക്കുകയാണ് ജിജു. ഓരോ തവണയും ഫോട്ടോ പകർത്തുമ്പോൾ പഠിച്ചെടുക്കുകയാണെന്ന ബോധ്യമുണ്ട്​. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്​ തനിക്ക്​ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നവർ.


അവർതന്നെയാണ്​ ഏറ്റവും കൂടുതൽ തിരുത്തുകൾ നിർദേശിക്കുന്നവരും. നികോൺ എഫ്​.എം2ൽ തുടങ്ങിയ ജിജുവിന്​ പുതുതലമുറയോട്​ പറയാനുള്ളത്​ പഠിച്ചുകൊണ്ടേയിരിക്കാനാണ്​. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാ​ങ്കേതികവിദ്യയെ കുറിച്ച്​ മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യുക.


അതോടൊപ്പം ഫോട്ടോഗ്രഫിയെ ഒരു പാഷനായി കൊണ്ടുനടക്കുമ്പോൾ, വരുമാനത്തിന്​ മറ്റെന്തങ്കിലും മാർഗം കാണാനും അദ്ദേഹം ഉപദേശിക്കുന്നു. കാരണം, പ്രശസ്തിയും സ്വന്തമായ പേരും നേടിയെടുത്താലേ ഫോട്ടോഗ്രഫിയിൽനിന്ന്​ വരുമാനം ലഭിക്കൂവെന്ന്​ ഓർമിപ്പിക്കുന്നു. ജിജുവിന്​ ആദിലിനെ കൂടാതെ ഒരു മകളാണുള്ളത്​, അഥീന. രജനിയാണ്​ ഭാര്യ.

Tags:    
News Summary - Photography-pictures of small things

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-22 07:52 GMT