ചില മനുഷ്യർ ഭാഷയിലൂടെ സംസാരിക്കും. മുഷിഞ്ഞ വേഷത്തിൽ കച്ചവടത്തോടൊപ്പം പൊടിയും പുകയും ഒച്ചയും ഓടയുടെ ദുർഗന്ധവും നിറഞ്ഞ ഭാഷയിൽ തെരുവുകവിതകളിലൂടെ വായനയുടെ വഴിയോരങ്ങളിൽ ഇരുന്ന് അവർ സ്വന്തം ജീവിതം എഴുതും. വെയിലത്തും പട്ടാപ്പകലും കവിത എഴുതി ജനങ്ങളെ ഉത്ഭുതരാക്കും. ‘വഴിയോരങ്ങളിൽ ചെറിയ ചെറിയ ലുലു മാളങ്ങൾ കെട്ടി പിടച്ച് പോകുകയാണ് തവസി’ എന്ന് റാസി പാടുന്നതുപോലെ... അതേ, ഇത് റാസിയുടെ കഥയാണ്.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടുമുമ്പിൽ വഴിയോരത്ത് തെരുവുകച്ചവടം നടത്തുന്ന റാസി. ഒരു ദിവസം ചെരുപ്പാണ് വിൽക്കുന്നതെങ്കിൽ അടുത്ത ദിവസം ഫ്രൂട്സായിരിക്കാം, കുടയായിരിക്കാം, ബാഗ് ആയിരിക്കാം. ഇത്തരത്തിൽ വിൽക്കുന്ന പഴമോ ചെരുപ്പോ ചുരിദാറോ ഷർട്ടോ ഫാൻസി സാമഗ്രികളോ സാധനങ്ങളുടേയോ തട്ടിനു താഴെ റാസിയുടെ ഇതിനകം പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളായ ‘ഏഴ് മുറികളിൽ കവിത’, ‘എൻറൊ’, ‘മാജിക്കൽ സ്ട്രീറ്റിസം’, ‘ജെ’ എന്നിവയിലേതെങ്കിലും ചിലതിന്റെ കുറച്ചു കോപ്പികളുമുണ്ടാകും. വാങ്ങാൻ വരുന്നവരുടെ കൂട്ടത്തിൽ അക്ഷരപ്രേമികളാരെങ്കിലുമുണ്ടായാലോ. അവർക്കു നൽകാനാണത്. ‘വരൂ ഈ ചെരുപ്പുകളുടെ മുത്തം സ്വീകരിക്കൂ...’ എന്നിങ്ങനെ കവിത ചൊല്ലി വാങ്ങാൻ വരുന്നവരെ സ്വീകരിക്കും. അയാളുടെ കവിതകളിൽ തിരോന്തോരമുണ്ട്, സാധാരണ മനുഷ്യരുടെ ഭാഷയുണ്ട്, ജീവിതമുണ്ട്, തെരുവുകളുണ്ട്... റാസിയുടെ കവിതകൾ നിറയെ സമ്പ്രദായിക കവിത പുറമ്പോക്കിലുപേക്ഷിച്ച കോളനിയും, കോളനി ഭാഷയും അതിലൂടെ പെയ്തിറങ്ങുന്ന ജീവിതവുമുണ്ട്. വരേണ്യവിഭാഗത്തിന്റെ വാ അടപ്പിക്കുന്ന ഭാഷയിലാണവ എഴുതിയിട്ടുള്ളത്. ‘എൻറൊ’ സമാഹാരത്തിലുള്ള കവിതയും ജീവിതവും എന്ന കവിതയിൽ എന്താണു തനിക്ക് കവിതയെന്നു റാസി പറയുന്നുണ്ട്, ഒറ്റ വാക്കിൽ -‘അനുഭവമെടാ’.
ആപ്പിൾ വിൽക്കുന്ന ഒരു ദിവസം ഇടക്ക് വന്ന് പൊലീസ് വിരട്ടിയപ്പോൾ കൊടുത്ത മറുപടിയോ അതിലേറെ രസകരം. ‘ഏമാനെ സ്വർഗ്ഗത്തിലെ ഈ അംഗീകൃത കനി വഴിയോര വെയിലത്തത് ഉണങ്ങാനിട്ടതല്ല. ഹ ഹ ഹ...’ മറുപടിക്കും, കലാപത്തിനും, പ്രതിരോധത്തിനും എല്ലാം ഒറ്റ ഭാഷയേയുള്ളൂ അത് റാസിയുടെ കവിതയുടെ ഭാഷയാണ്, സ്വന്തമായി ഉണ്ടാക്കിയ ഭാഷയാണ്.
നിങ്ങളുടെ കവിത എന്റെ ഭാഷയിൽ എനിക്ക് ‘കബ്ത’ ആണ്. ഞാൻ കവിയല്ല, ‘കബി’യാണെന്നാണ് റാസിയുടെ പക്ഷം. സ്വന്തം പേര് പറയുന്നത് തന്നെ റാച്ചിയെന്നാണ്. എന്തിനാണ് റാസി കവിത എഴുതുന്നതെന്ന ചോദ്യത്തിന് കബിക്ക് പറയാനുള്ളത് ഇത്രമാത്രം... ‘നിങ്ങളിതുവരെ വായിച്ച കവിതയല്ല എന്റെ കബ്തയെന്ന് കാണിക്കാൻ. നിങ്ങളിതുവരെ കണ്ട ജീവിതമല്ല എന്റെ കബ്തയിലുള്ളതെന്ന് കാണിക്കാൻ. നിങ്ങളാവർത്തിക്കുന്ന ഭൗതിക, ചരിത്ര, പുരാണ, പ്രണയ, യുക്തി, ശാസ്ത്ര ക്ലീഷേ ബിംബങ്ങളല്ല കബ്തകളിലെന്ന് സർക്കാസിക്കാൻ... ഹ ഹ ഹ’.
നാല് കവിതാ സമാഹാരങ്ങളാണ് റാസിക്കുള്ളത്. 2013ൽ ഇറങ്ങിയ 21കവിതകൾ അടങ്ങിയ സമാഹാരമാണ് ‘ഏഴ് മുറികളിൽ കവിത’. ‘ജെ’, ‘എൻറൊ’യും ‘മാജിക്കൽ സ്ട്രീറ്റിസം’ എന്നിവ കിഴക്കേക്കോട്ടയിലെ തെരുവിൽ പ്രകാശിതമായ കവിതാ സമാഹാരങ്ങളാണ്. കവിയായ അക്ബർ, മലയാളം അധ്യാപകൻ സുനിൽ കുമാറിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു.
കവിതാപുസ്തകം ‘ബ്ലാക്ക്റോക്ക്’, ജീവിതമെഴുത്തിന്റെ പുസ്തകമായ ‘തെരുക്കുറൾ’, കടൽക്കവിതകളുടേയും കടലനുഭവങ്ങളുടേയും പുസ്തകം ‘കട(ൽ)വുളേ’ തുടങ്ങിയവ ഇനി വരാനിരിക്കുന്ന കവിതകളാണ്. കട്ടച്ചോറ്’, ‘കെല്ലി’ എന്നീ നോവലുകളാണ് മറ്റൊന്ന്. റാസി ജനിച്ച തിരുവനന്തപുരത്തെ ഒരു ചേരിയെക്കുറിച്ചും അവിടത്തെ മനുഷ്യരെക്കുറിച്ചും പറയുന്ന നോവലാണ് ‘കട്ടച്ചോറ്’.
ആദ്യ പുസ്തകം ഇറങ്ങുന്നത് സമാന്തര മാസികയിൽ പ്രസിദ്ധീകരിച്ച് വന്നതോടെയാണ്. കിട്ടുന്ന പൈസയുടെ പകുതിക്ക് ബുക്ക് വാങ്ങുന്ന റാസിക്ക് ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിക്കാൻ സ്വന്തമായൊരു പാർപ്പിടമില്ല. തിരുവനന്തപുരം നഗരത്തിന്റെ തെരുവുകളിലെ എരിപൊരി വെയിലിൽ കച്ചവടം നടത്തുന്ന തിരോന്തോരത്തിലെ തെരുവുകവിക്ക് കലാപമാണ് എഴുത്തും ജീവിതവും.
ചെരുപ്പ് വിൽക്കുമ്പോഴും റാസിയുടെ മനസ്സ് നിറയെ കവിതയാണ്. ആശയം മുളപൊട്ടിയാൽ കയ്യിൽ കിട്ടുന്നിടത്ത് അത് കുറിച്ചിടും. അംഗീകാരങ്ങളോ പുരസ്കാരങ്ങളോ റാസിക്കവിതയുടെ വഴിയിൽ ഇതുവരെ വന്നിട്ടില്ല. അതേസമയം, ആ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മനസ്സിലാക്കിയ വായനക്കാരും നിരൂപകരും റാസിയെ തുടരെ വായിക്കാറുണ്ട്.
എപ്പോഴാണ് കവിത എഴുതുന്നത്, വായിക്കുന്നത് എന്ന ചോദ്യത്തിന് റാസിയുടെ മറുപടി ഇങ്ങനെ.... ‘ഉണർച്ചയിലെല്ലാം കബ്തയെക്കുറിച്ച് ചിന്തിക്കുന്നതിനാൽ കബ്ത എഴുതാൻ പ്രത്യേക സമയം വേണ്ട. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. വായനയാണ് സാറേ മുഖ്യം. തെരുവുകളിലിരുന്ന്... ജോലികളുടെ ഇടവേളകളിൽ... ഉറങ്ങുന്നതിന് ഒരു നിമിഷം മുൻപ് വരെ... കവിയുടെ ലേബൽ കവിത്വമാണ്. ഒഴിഞ്ഞ പേജിൽ എന്തുമാവം’.
അങ്ങനെ തെരുവിൽ കണ്ടതും, കേട്ടതുമെല്ലാം കവിതകളാക്കി. പേനയും ഒരു തുണ്ട് പേപ്പറുമുണ്ടെങ്കിൽ വിപ്ലവം സൃഷ്ടിക്കാമെന്ന് റാസി പറയുന്നു. എഫ്.ബി ചുവരിലായിരുന്നു എഴുത്ത് മുഴുവൻ. സുഹൃത്തുക്കളുടെ കമന്റ് ബോക്സിലെ അംഗീകാരമാണ് തനിക്ക് കൂടുതലും കിട്ടിയിട്ടുളള്ളതെന്നും, വേറെ അംഗീകാരങ്ങൾക്കും അവാർഡുകൾക്കും വേണ്ടി യാചിക്കാൻ പോകില്ലെന്നും റാസി പറയുന്നു. തൊഴിലിടവേളകളുടെ വിരസത മാറ്റാൻ പാട്ട് പാടിയും പാരമ്പര്യക്കവിതകൾ ചൊല്ലിയും സമയം പോക്കി. പിന്നീടാണ് ഒരു ടച്ച്സ്ക്രീൻ മൊബൈൽ വാങ്ങുന്നത്. യൂട്യൂബും ഗൂഗ്ളും വിക്കിയും മാറ്റാപ്പുകളും സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഫേസ്ബുക്കാപ്പാണ് മുമ്പിലെന്ന് മനസ്സിലാക്കി. അങ്ങനെ റാസിയും ഫേസ്ബുക്കനാകുകയായിരുന്നു. എഴുത്തുകാരുടെ ഫേസ്ബുക്ക് ഫ്രണ്ടായി. അവരുടെ എഴുത്തുകൾ കണ്ടപ്പോൾ അവരേക്കാൾ വ്യത്യസ്തമായി എന്തെങ്കിലും എഴുതാനാവുമോയെന്ന ആലോചനക്കൊടുവിൽ എത്തിയത് ഇനി താൻ എഴുതുന്ന ഭാഷ ‘ശിശുഭാഷ’ ആയാലോ എന്നതിലാണ്.
ഇതിനിടയിൽ സിനിമയിൽ പാട്ടെഴുതാൻ അവസരം കിട്ടിയെങ്കിലും അത് നിഷേധിച്ചു. ടിപ്പിക്കൽ പ്രേമഗാനങ്ങൾ എഴുതാൻ വയ്യെന്നായിരുന്നു മറുപടി. 200ഓളം കവിതകൾ എഴുതി വെച്ചിട്ടുണ്ടെന്ന് റാസി പറയുന്നു.
വാടക വീട്ടിലാണ് താമസം. 6ാം ക്ലാസിൽ തോറ്റപ്പോൾ മുതൽ ജോലിക്ക് പോയി തുടങ്ങി. പഠിത്തം ഇല്ല, ജോലി മാത്രം. 25രൂപക്കാണ് അന്ന് ജോലി ചെയ്ത് തുടങ്ങിയതെന്ന് റാസി പറയുന്നു. ഫുട്ബാൾ കളിക്കാരനാവുകയായിരുന്നു ആഗ്രഹം.
11ാം വയസ്സിൽ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി കാന്റീനിൽ എച്ചിൽ പാത്രമെടുക്കുന്ന ജോലി ചെയ്താണ് തുടക്കം. മേശ തുടച്ചും പട്ടിണി മാറ്റി. അത് കഴിഞ്ഞപ്പോൾ സർവിസ് സ്റ്റേഷനിൽ ജോലിക്ക് കയറി. വണ്ടികൾ കഴുകലായിരുന്നു ജോലി. പള്ളിയിൽ ബാങ്ക് വിളിച്ചു. ബസ്സിൽ ക്ലീനർ പണിയും ചെയ്തു. ഇപ്പോൾ തൊഴിൽ തെരുവു കച്ചവടത്തിലെത്തി നിൽക്കുന്നു. വിഴിഞ്ഞം സ്വദേശികളായ ഹസ്സനും, വീട്ടമ്മയായ നൂർജഹാനുമാണ് മാതാപിതാക്കൾ. തെരുവിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്തായിരുന്നെന്ന ചോദ്യത്തിന് റാസിയുടെ മറുപടി ഇങ്ങനെ ‘അപമാനിക്കൽ... അവഗണന... പരിഹാസം... എല്ലാം ഉണ്ട്, തെരുവിൽ കച്ചവടം ചെയ്യണമെങ്കിൽ അഭിമാനം കളയണം’. എഴുത്തുകാരെ മഹത്വവത്ക്കരിക്കരുതെന്ന് പറയുന്ന റാസി, ജീവിതത്തിൽ ഭ്രാന്താണ് വായനയെന്ന് പറയുന്നു. സാഹിത്യത്തിന്റെ എല്ലാ മേഖലയിലും കൈവെയ്ക്കാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട് ഈ 35 വയസ്സുകാരന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.