പടന്ന: കൃഷിയും അനുബന്ധ തൊഴിലുകളും അന്യമായതോടെ പ്രതിസന്ധിയിലായ പാരമ്പര്യ തൊഴിൽമേഖലയാണ് കൊല്ലപ്പണി. ഒരുകാലത്ത് ആഞ്ഞുകത്തിയ ആലയിലെ ഉലയിൽ ഇന്ന് മങ്ങിയവെളിച്ചം മാത്രം. 56കാരനായ ലക്ഷ്മണൻ കൊല്ലപ്പണി ആരംഭിക്കുന്നത് 42 വർഷങ്ങൾക്കുമുമ്പ്.
1982ൽ പിലിക്കോട് സ്വദേശിയായ ലക്ഷ്മണൻ പിതാവ് കണ്ണന്റെ പാത പിന്തുടർന്ന് പാരമ്പര്യത്തൊഴിലിന്റെ ചുറ്റിക പിടിക്കുമ്പോൾ കൊല്ലപ്പണി പ്രതാപകാലത്തായിരുന്നു. പടന്ന മൂസഹാജി മുക്കിലുണ്ടായിരുന്ന ആലയിൽ അരിവാൾ, കോടാലി, പിച്ചാത്തി, വെട്ടുകത്തി,തുടങ്ങിയവ ഉണ്ടാക്കാനും വായ്ത്തല കൂട്ടാനും ആളുകൾ കാത്തിരുന്ന കാലമുണ്ടായിരുന്നു. അന്ന് കൃഷിയായിരുന്നു ആളുകളുടെ ജീവിതോപാധി.
എന്നാൽ, കൃഷി കുറഞ്ഞതോടെ കത്തികളുടെ മൂർച്ച കൂട്ടാനും വായ്ത്തല പോയത് നന്നാക്കാനും ഇടക്കുവരുന്ന ആളുകളിലൊതുങ്ങി ആലയിലെ ആളനക്കം. കത്തിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സൂപ്പർ മാർക്കറ്റുകളിൽവരെ വാങ്ങാൻ കിട്ടുന്നകാലത്ത് കാരിരുമ്പിന്റെ കരുത്തിൽ ആലയിൽ അടിച്ച് പരത്തിയുണ്ടാക്കുന്ന ഉപകരണങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റാതായി. കാലംമാറിയതോടെ ഒപ്പമോടാൻ പാരമ്പര്യതൊഴിൽ വിട്ട് ഇവരുടെ പുതുതലമുറകൾ പുതുവഴികൾ തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.