നരിക്കുനി: നടൻ മമ്മൂട്ടിയുടെയും ഫുട്ബാൾ താരം മെസ്സിയുടെയും ചിത്രങ്ങൾ ഗ്രാനൈറ്റിൽ തീർത്ത് രാഹുൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു. കുരുവട്ടൂർ വേവും കാട്ടിൽ പത്മനാഭൻ-ലളിത ദമ്പതികളുടെ മകനായ നരിക്കുനി പയ്യടി മീത്തൽ രാഹുലാണ് ഗ്രാനൈറ്റിൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. ഡിഗ്രി പഠനം പാതിവഴിയിൽ നിർത്തി ടൈൽസ് ജോലിക്കായി ഇറങ്ങിയപ്പോൾ മേസ്തിരിയായ പയ്യടി ബിജുവായിരുന്നു രാഹുലിലെ കലാകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും.
രാഹുൽ വിരിക്കുന്ന ടൈലുകളുടെ മനോഹാരിത പലപ്പോഴും ബിജുവിനെ അമ്പരപ്പിച്ചു. ഗ്രാനൈറ്റ് വിരിക്കുന്ന തൊഴിലിലേക്ക് മാറിയതോടെ വിശ്രമവേളയിൽ ഗ്രാനൈറ്റിന്റെ അവശേഷിക്കുന്ന കഷ്ണങ്ങളിൽ പല രൂപങ്ങളും ചെയ്തുതുടങ്ങിയപ്പോൾ മനുഷ്യരുടെ രൂപത്തിലേക്ക് മാറ്റിയാലോ എന്ന ചിന്തയിലേക്ക് രാഹുലിനെ എത്തിച്ചു.
ഏറെ ശ്രമകരമായ ജോലിയാണെന്ന് അറിയാമായിരുന്നെങ്കിലും പിന്മാറാൻ രാഹുലിന്റെ മനസ്സ് അനുവദിച്ചില്ല. മമ്മൂട്ടിയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായ രാഹുൽ മെസ്സിയുടെ ചിത്രം തയാറാക്കാൻ മൂന്നുദിവസവും മമ്മൂട്ടിയുടേതിന് രണ്ടുദിവസവും എടുത്തു. സ്കെച്ച് ആർട്ട് കിട്ടാത്തതിലുള്ള പ്രയാസമാണ് നേരിടുന്നതെന്ന് രാഹുൽ പറയുന്നു.
ഇനി മോഹൻലാൽ, മഹാത്മാഗാന്ധി, ഫുട്ബാൾ രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ചിത്രങ്ങൾ വരക്കാനുള്ള തയാറെടുപ്പിലാണ്. ഗ്രാനൈറ്റിൽ ചെയ്ത രൂപങ്ങൾ എത്രകാലം വരെ വേണമെങ്കിലും ഈടുനിൽക്കുമെന്നും രാഹുൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.