മസ്കത്ത്: ചന്ദ്രനിൽ ഭൂമി സ്വന്തമാക്കുക എന്ന അസാധാരണ നേട്ടവുമായി ഒമാനിൽ സ്ഥിരതാമസമാക്കിയ മലയാളി പ്രവാസി. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ രാമചന്ദ്രൻ നായരാണ് മൂന്നേക്കർ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാന്ദ്രസ്വത്തിനായുള്ള ഭൂമിയുടെ രേഖ ഇദ്ദേഹത്തിന് ഔദ്യോഗികമായി യു.എസ് ആസ്ഥാനമായുള്ള പ്രശസ്ത സ്വകാര്യ കമ്പനിയായ ലൂണ സൊസൈറ്റി ഇന്റർനാഷനലിൽനിന്ന് ദിവസങ്ങൾക്ക് മുമ്പ് ലഭിക്കുകയും ചെയ്തു. ചന്ദ്രനിലെ സന്തോഷത്തിന്റെ തടാകം (ലാക്കസ് ഫെലിസിറ്റാറ്റിസ്) എന്നറിയപ്പെടുന്ന പ്രദേശത്തെ ലൂണ എർത്ത് മൂൺ ട്രാക്റ്റ് എൽ-എൽ.എ.എഫ്.ഇ-55ലെ 115605, 115606, 115607 സ്ഥലങ്ങളുടെ ഉടമയാണ് രാമചന്ദ്രൻ നായരെന്ന് രേഖകൾ പറയുന്നു.
ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് ശേഷമാണ് ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്ന് രാമചന്ദ്രൻ നായർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ അപേക്ഷ നൽകി; ജനുവരിയിലാണ് സ്ഥിരീകരണം ലഭിക്കുന്നത്.
ഏക്കറിന് ഏകദേശം 30 യു.എസ് ഡോളറാണെന്നും രേഖകളടക്കം 50 ഡോളർ ചെലവായെന്നും അദ്ദേഹം പറഞ്ഞു. 2025 വരെയുള്ള കാലയളവിലേക്കാണ് ‘ഭൂമി’ ലഭിച്ചിരിക്കുന്നത്. ഇത് പിന്നീട് പുതുക്കാം. ഒമാനിൽ 35 വർഷമായി കുടുംബത്തോടൊപ്പം കഴിയുന്ന രാമചന്ദ്രൻ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
1999ൽ അമേരിക്കയിലെ ന്യൂയോർക് സിറ്റിയിൽ സ്ഥാപിതമായ ഇന്റർനാഷനൽ ലൂണാർ രജിസ്ട്രി (ഐ.എൽ.എൽ.ആർ) ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള ഉപാധിയാണ്. ആളുകളെ ചന്ദ്രനിലേക്കെത്തിക്കുക എന്ന ദൗത്യവുമായിട്ടാണ് പ്രവർത്തിക്കുന്നത്. ആളുകൾ സ്ഥലം വാങ്ങുന്നതിലൂടെ ലഭിക്കുന്ന തുക ചന്ദ്ര പര്യവേക്ഷണത്തിനും ഗവേഷണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാൻ, അന്തരിച്ച ഹിന്ദി സിനിമ താരം സുശാന്ത് സിങ് രാജ്പുത്, ജമ്മു-കശ്മീരിൽനിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസ് എന്നിവർ ഇന്ത്യയിൽനിന്ന് ചന്ദ്രനിൽ ‘ഭൂമി’ സ്വന്തമാക്കിയവരാണ്. ഈ പട്ടികയിലാണ് ഇപ്പോൾ രാമചന്ദ്രൻ നായരും ഉൾപ്പെട്ടിരിക്കുന്നത്. ഐ.എൽ.എൽ.ആറിന്റെ വെബ്സൈറ്റിൽ (lunarregistry) കയറി ആർക്കും ഭൂമി സ്വന്തമാക്കാൻ കഴിയും.
ബേ ഓഫ് റെയിൻബോസ്, സീ ഓഫ് ക്ലൗഡ്സ്, ഓഷൻ ഓഫ് സ്റ്റോംസ് എന്നിങ്ങനെ നിരവധിയായ പ്രദേശങ്ങളാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽനിന്ന് ഇഷ്ടപ്പെട്ട പ്രദേശം, എത്ര ഏക്കർ സ്ഥലമാണ് വാങ്ങുന്നത് എന്നീ കാര്യങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.