മറ്റുള്ളവർക്ക് ഒട്ടും മനസ്സിലാവാത്ത തരം സാഹസികതകൾ കൈയിലുള്ള ചില മനുഷ്യർ. പ്രത്യേകിച്ച് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭാഷക്കു വേണ്ടി ആത്മാർഥമായി സർവവും സമർപ്പിച്ചു ചെയ്യുന്ന ചില കാര്യങ്ങളാണ് ഭാഷയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മുതൽക്കൂട്ടാകുന്നത്. ഒഴിവുസമയത്ത് ചെയ്യുന്നൊരു വിനോദം എന്നതിൽ തുടങ്ങി തങ്ങളുടെ സമയത്തെ തന്നെ നിർവചിക്കുന്നൊരു ഇഷ്ടമായി അത് മാറുന്നു. ഭാഷയുടെ സൗന്ദര്യം വരും തലമുറയിലേക്കും പകരാൻ അതിന്റെ പരിപൂർണതക്കായി പണിയെടുക്കുന്ന ചില മനുഷ്യർ...
തെസോറസ് എന്നാൽ ‘സമാനാർഥമുള്ള പദങ്ങൾ’ അഥവാ ‘പര്യായ നിഘണ്ടു’ എന്നാണ്. ‘സമാനാർഥമുള്ള പദങ്ങളുടെ ഡിക്ഷനറി’ എന്നുപറയാം. പത്ത് ലക്ഷത്തോളം വാക്കുകളടങ്ങിയ ‘പ്രതിപദം ഭാഷണഭേദം’ തെസോറസുമായി മലയാളത്തിന് പുതിയൊരു വെളിച്ചം നൽകിയ പ്രതിഭയുണ്ട് മഹാനഗരമായ മുംബൈയിൽ. ഇ.കെ. കുറുപ്പ് എന്നാണ് ആ മനുഷ്യന്റെ പേര്. ആലപ്പുഴ മാരാരിക്കുളം സ്വദേശി. ആയുസ്സിന്റെ വലിയൊരു കാലം മുഴുവൻ വാക്കുകൾക്കൊപ്പം കഴിഞ്ഞ് അദ്ദേഹം തയാറാക്കിയ തെസോറസ് ഇപ്പോൾ ‘ഓളം’ എന്ന ഓൺലൈൻ ഡിക്ഷനറിയുടെ ഭാഗമാണ്.
പുതുതലമുറ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും മറിച്ചും വാക്കുകൾ തിരയുന്ന ഇടമായ ‘ഓള’ത്തിൽ ഇതുവരെ ഒന്നര ലക്ഷം വാക്കുകളാണുണ്ടായിരുന്നത്. ഇ.കെ. കുറുപ്പിന്റെ ‘പ്രതിപദം ഭാഷണഭേദം’ തെസോറസ് ഓളത്തിൽ ലയിപ്പിച്ചതോടെ വാക്കുകൾ പത്ത് ലക്ഷത്തോളമായി. മലയാള ഭാഷയുടെ സമ്പന്നതയുടെ പുതിയൊരു തെളിവുകൂടിയാണ് ഇ.കെ. കുറുപ്പ് തയാറാക്കിയ തെസോറസ്. അത് ഡിജിറ്റലൈസ് ചെയ്യുകയെന്നതാവട്ടെ മലയാള ഭാഷാ ചരിത്രത്തെയും ഭാവിയെയും സംബന്ധിച്ച് നിർണായകമായ ചുവടുവെപ്പാണ്. ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഇതിന് ചുക്കാൻപിടിച്ചത്. തലശ്ശേരി വയലളം സ്വദേശി ഞാറ്റ്യേല ശ്രീധരന്റെ മലയാളം, തമിഴ്, കന്നട, തെലുഗു ഭാഷകൾ ചേർന്ന ചതുർഭാഷാ ഡിക്ഷനറിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘സമം’ ഇതോടൊപ്പം മലയാളികളിലേക്കെത്തി. ബംഗളൂരുവിൽ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിനെത്തിയ ഇ.കെ. കുറുപ്പും ഞാറ്റ്യേല ശ്രീധരനും തങ്ങളുടെ വാക്കു ജീവിതത്തെ കുറിച്ച് മനസ്സു തുറക്കുന്നു...
അച്ഛൻ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നതു കൊണ്ടു തന്നെ ആ വായന കണ്ട് വളർന്നതാണ് തന്നിലും വാക്കിനോടുള്ള ഇഷ്ടം മുളപ്പിച്ചതെന്ന് ഇ.കെ. കുറുപ്പ് പറയുന്നു. സ്കൂളിലും കോളജിലും പഠിപ്പിച്ച ഒരു കൂട്ടം അധ്യാപകരാണ് ഭാഷയോടും സാഹിത്യത്തോടും അടുക്കാൻ പ്രേരിപ്പിച്ചത്. കണിച്ചുകുളങ്ങര ഹൈസ്കൂളിലും ചേർത്തല എസ്.എൻ കോളജിലുമായിരുന്നു പഠനം. കൈയിൽ കിട്ടുന്ന ചെറിയ നോട്ടീസുപോലും വായിക്കാതെ വിടില്ലായിരുന്നു. ഒരേ സമയം ബോംബെയിലെയും നാട്ടിലെയും ഒന്നിൽ കൂടുതൽ ലൈബ്രറികളിൽ അംഗത്വമെടുക്കാൻ മാത്രം പ്രേമമുണ്ടായിരുന്നു വായനയോട്.
1976ലാണ് ജോലിയാവശ്യാർഥം ബോംബെയിൽ എത്തുന്നത്. മൂന്നു വർഷത്തോളം ടൈപ്പിങ് ജോലി ചെയ്തു. പിന്നീട് ലാർസൻ ആൻഡ് ടൂബ്രോ കമ്പനിയിൽ ക്ലർക്കായി കയറി. ജോലിയുടെ ഭാഗമായി മിനിട്സും റിപ്പോർട്ടുകളും പ്രസംഗങ്ങളുമൊക്കെ എഴുതേണ്ടിവന്ന സമയത്താണ് വാക്കുകളോടുള്ള താൽപര്യം ജനിക്കുന്നത്. ഒരേ റിപ്പോർട്ടിൽ അല്ലെങ്കിൽ പ്രസംഗത്തിൽതന്നെ ഒരേ വാക്ക് ആവർത്തിക്കുന്നതിനു പകരം അതിന് സമാനമായ അർഥമുള്ള വാക്കുകൾ ഏതായിരിക്കുമെന്ന ആലോചനയിൽനിന്നാണ് തുടക്കം. വാക്കുകളുടെ ഔദ്യോഗിക ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു വാക്കിനുതന്നെ പലതരത്തിലുള്ള അർഥങ്ങളുണ്ടാവുകയും സന്ദർഭങ്ങൾക്കനുസരിച്ച് വാക്കുകളുടെ അർഥങ്ങൾ മാറുകയും ചെയ്യുന്നത്, അത്തരത്തിൽ ഭാഷയുടെ, വാക്കുകളുടെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കുകയും അതിൽ ആകൃഷ്ടനാവുകയും ചെയ്തു. ഒരു മനുഷ്യനെ വളർത്താനും തളർത്താനും വാക്കുകൾക്കാവുമെന്നതാണതിന്റെ ശക്തി.
ഞങ്ങളുടെ ഡിപ്പാർട്മെന്റ് ലൈബ്രറിയിൽ റോജറ്റ്സ് തെസോറസിന്റെ ആദ്യരൂപമുണ്ടായിരുന്നു. ഓക്സ്ഫഡ് തെസോറസാണ് പിന്നീട് കാണുന്നത്. ഇത്തരത്തിലൊന്ന് എന്തുകൊണ്ട് മലയാളത്തിലും ആയിക്കൂടാ എന്ന ചിന്തയാണ് തെസോറസ് എന്ന ആശയത്തിലേക്ക് നയിച്ചത്. ‘പ്രതിപദം ഭാഷണഭേദം’ അഥവാ മറുവാക്ക് എന്നാണ് അതിന് പേരിട്ടത്. 2004ൽ ഹോബി എന്ന നിലക്കാണ് തുടങ്ങിയതെങ്കിലും ഇതെത്രത്തോളം കഠിനമാണെന്ന് പിന്നീട് ശരിക്കും മനസ്സിലായി. ഒരുവേള നിർത്തിയാലോ എന്നുവരെ തോന്നിയിരുന്നു. ഇടക്കുവെച്ച് മതിയാക്കാൻ പറ്റാത്തത്ര സമയവും അധ്വാനവും ചെലവാക്കിയതുകൊണ്ട് ഉദ്യമം ഫലപ്രാപ്തിയിലെത്തണമെന്ന വാശിയിലായിരുന്നു. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയം മുഴുവനും അതിനായി ചെലവഴിച്ചു. വിരമിച്ചതിനുശേഷം പൂർണ സമയം വാക്കുകൾക്കൊപ്പമായിരുന്നു. വാക്കുകളായി പിന്നെ പ്രിയപ്പെട്ട കൂട്ട്.
‘പ്രതിപദം ഭാഷണഭേദം’ പ്രസിദ്ധീകരിക്കാൻ മലയാളത്തിലെ പ്രമുഖ പ്രസാധകരുമായി ആദ്യം ധാരണയിലെത്തിയിരുന്നെങ്കിലും അത് നടക്കാതെ പോയി. അയ്യായിരത്തോളം പേജുകളുണ്ടായിരുന്നുവെന്ന് മാത്രമല്ല, അതിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ചും അവർക്ക് ആശങ്കയുണ്ടായിരുന്നു. വളരെ അവിചാരിതമായാണ് ഭാഷാ കമ്പ്യൂട്ടിങ് വിദഗ്ധനായ സന്തോഷ് തോട്ടിങ്ങലിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുമായി ബന്ധപ്പെടുത്തി തരുന്നത്. അവർക്കയച്ചുകൊടുത്ത് രണ്ടാഴ്ചക്കുള്ളിൽ തന്നെ വളരെ താൽപര്യപൂർവം പ്രതികരണം ലഭിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തെ അധ്വാനത്തിന് വെളിച്ചം കാണുന്നതങ്ങനെയാണ്. ലൈവ് ഡോക്യുമെന്റ് എന്ന നിലക്ക് ഇപ്പോഴും വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു.
മുൻ തലമുറയിൽപെട്ട പലരുടെയും അധ്വാനത്തിന്റെ ഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്ന പല സൗകര്യങ്ങളും. എനിക്കിഷ്ടപ്പെട്ട ഒരുകാര്യം ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന ആഗ്രഹമാണ് ഈ തെസോറസ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പോലൊരു എൻ.ജി.ഒയെ ഏൽപിക്കാൻ കാരണമെന്ന് സാക്ഷ്യപ്പെടുത്തുന്നു ഇ.കെ. കുറുപ്പ്.
കേരളവുമായി ബന്ധപ്പെട്ട രേഖകളുടെ ആർക്കൈവുകൾ സൂക്ഷിക്കുന്ന ഗ്രന്ഥപ്പുര, ഓളം തുടങ്ങിയ ഇവരുടെ പ്രവർത്തനങ്ങൾ തന്നെ കൂടുതൽ ആകർഷിച്ചെന്നും അദ്ദേഹം പറയുന്നു. തന്റെ വർഷങ്ങൾ നീണ്ട അധ്വാനം ഒട്ടേറെ പേരിലേക്കെത്തിയതിന്റെ സന്തോഷത്തിലാണദ്ദേഹം. മുംബൈയിലാണ് 72കാരനായ ഇ.കെ. കുറുപ്പിന്റെ സ്ഥിരതാമസം. പ്രിയപത്നി നേരത്തേ വിടപറഞ്ഞു. മകൻ കോളജ് ലെക്ചററാണ്. മകൾ ഐ.ടി ജീവനക്കാരിയും.
ഒരു മലയാള വാക്കിന് ഇനി ഒറ്റ ക്ലിക്കിൽ തമിഴ്, കന്നട, തെലുഗു അർഥങ്ങൾ ലഭിക്കുമെന്നതാണ് ‘സമം’ എന്നു പേരിട്ട ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടുവിന്റെ പ്രത്യേകത. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച ഞാറ്റ്യേല ശ്രീധരൻ ഇരുപത്തഞ്ച് വർഷമെടുത്താണ് നിഘണ്ടു തയാറാക്കിയത്. ഇതിനായി വിവിധ ഭാഷകളിലുള്ള പത്രങ്ങളും പുസ്തകങ്ങളും ആനുകാലികങ്ങളുമെല്ലാം വായിച്ചിരുന്നു. വായനക്കിടയിൽ കിട്ടുന്ന വാക്കുകളുടെ അർഥം കണ്ടെത്തി അവ എഴുതിവെക്കുകയും ചെയ്തിരുന്നു. തമിഴ്, മലയാളം വാക്കുകൾ തമ്മിൽ തോന്നിയ സാമ്യമാണ് ദ്രാവിഡ ഭാഷകളെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത്.
ആദ്യകാലത്ത് പാലക്കാട് ഒരു ബീഡി കമ്പനിയിലായിരുന്നു ജോലി. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകനായ തമിഴ്നാട്ടുകാരനിൽനിന്നാണ് തമിഴ് പഠിച്ചത്. സുള്ള്യക്കാരനായ മറ്റൊരു സഹപ്രവർത്തകന്റെ അടുത്തുനിന്ന് കന്നടയുടെ ബാലപാഠങ്ങളും പഠിച്ചു. കാസർകോടും മംഗളൂരുവിലും പോയാണ് കന്നട മുഴുവനാക്കിയത്. ആന്ധ്രയിലെ നെല്ലൂരിൽ താമസിച്ചാണ് തെലുങ്ക് പഠിച്ചെടുത്തത്. ഇതിനിടയിൽ പൊതുമരാമത്ത് വകുപ്പിൽ ജോലിയും ലഭിച്ചു. ജോലിക്കിടയിൽ തന്റെ സഹപ്രവർത്തകരും നന്നായി പിന്തുണച്ചിട്ടുണ്ടെന്ന് നന്ദിയോടെ സ്മരിക്കുന്നു ശ്രീധരൻ.
2012ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം-തമിഴ് നിഘണ്ടു എന്നപേരിലും 2020ൽ സീനിയർ സിറ്റിസൺ ഫോറം ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടു എന്നപേരിലും ഇത് പുറത്തിറക്കി. 2023ലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇതിന്റെ സമ്പൂർണ രൂപം പുറത്തിറക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളും സാംസ്കാരിക വകുപ്പുകളുമെല്ലാം സംയോജിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ‘ഓർമകളുടെ തിറയാട്ടം’ എന്ന പേരിൽ ആത്മകഥയും അണിയറയിൽ ഒരുങ്ങുകയാണ്. തന്റെ ജീവിതത്തെ ആസ്പദമാക്കി നന്ദൻ നിർമിച്ച ‘ഡ്രീമിങ് ഓഫ് വേഡ്സ്’ എന്ന ഡോക്യുമെന്ററിക്ക് ദേശീയാംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, ഭാഷക്കുവേണ്ടി ഇത്രയും വർഷങ്ങൾ ചെലവഴിച്ചിട്ടും ഒരംഗീകാരവും തന്നെത്തേടി എത്താത്തതിലുള്ള സങ്കടവും കൂടി പറഞ്ഞുവെക്കുന്നു 86കാരനായ ശ്രീധരേട്ടൻ.
ഷിജു അലക്സ്, ജിസോ ജോസ്, കൈലാശ് നാഥ്... മലയാള ലോകത്തിന് ‘ഓള’വും ‘ഗ്രന്ഥപ്പുര’യും നൽകിയ, ഇന്ത്യയിലെ വിവിധ ഭാഷ-സംസ്കാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ സ്ഥാപക പ്രവർത്തകർ. സ്വതന്ത്രഭാഷാ കമ്പ്യൂട്ടിങ് മേഖലയിലെത്തിപ്പെട്ട മൂന്നു പേർ അവിടെനിന്നും ലോകത്തോളം വളർന്ന സൗഹൃദത്തിന്റെ കഥയാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ ചരിത്രം. 2021ലാണ് മൂന്നു പേരുംകൂടി ഫൗണ്ടേഷൻ തുടങ്ങുന്നത്.
മലയാള ഭാഷാ ഗവേഷണത്തിൽ താൽപര്യമുണ്ടായിരുന്ന ഷിജു പഠനാവശ്യത്തിനുള്ള രേഖകൾ തിരഞ്ഞിറങ്ങിയപ്പോഴാണ് അത്തരം രേഖകളുടെ ക്ഷാമം മനസ്സിലായത്. അവിടെനിന്നാണ് തനിക്ക് ലഭിച്ച രേഖകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന ആഗ്രഹത്തിനു പുറത്ത് ‘ഗ്രന്ഥപ്പുര’ തുടങ്ങുന്നത്. പിന്നീടത് വളർന്ന് ഒരു പബ്ലിക് പ്രോജക്ട് ആയി മാറുകയും ചെയ്തു.
2010ൽ ലണ്ടനിൽ പഠിക്കുന്ന സമയത്ത് പല ഇംഗ്ലീഷ് വാക്കുകളുടെയും കൃത്യമായ അർഥം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയിരുന്നതിൽനിന്നുമാണ് കൈലാശിന് ‘ഓളം’ ഡിക്ഷനറി എന്ന ആശയമുദിക്കുന്നത്. വാണിജ്യ താൽപര്യങ്ങളൊന്നുമില്ല എന്നതാണ് ഈ പ്രോജക്ടുകളുടെ ഏറെ ശ്രദ്ധേയമായ കാര്യം. ‘ഗ്രന്ഥപ്പുര’യിൽ തങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന രേഖകളെല്ലാം കേരളത്തിന്റെ പൊതുസ്വത്താണെന്നും അതെല്ലാവർക്കും പ്രയോജനപ്പെടണമെന്നാണ് ആഗ്രഹമെന്നും മൂവരും ഒരേസ്വരത്തിൽ പറയുന്നു. ഇത് മറ്റു ഭാഷകളിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് തുടങ്ങുന്നത്. വരും തലമുറകൾക്കുകൂടി ഇത്തരം രേഖകൾ ഉപകാരപ്പെടണമെന്ന ആഗ്രഹം ഇവർക്കുണ്ട്.
ധാരാളം അക്കാദമിക് വർക്കുകൾക്കും ഗവേഷണ വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെട്ടിട്ടുണ്ട് ‘ഗ്രന്ഥപ്പുര’യെന്ന് സാക്ഷ്യപ്പെടുത്തുന്നു ഷിജു. ചതുർഭാഷാ നിഘണ്ടുവായ ‘സമം’ പുറത്തിറക്കിയതോടെ ഫൗണ്ടേഷൻ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടത്. മലയാളം വാക്കിന്റെ തമിഴ്, തെലുഗു, കന്നട പര്യായങ്ങൾ ഇനി samam.net എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. ഭാഷയുടെ കരുതലിനായുള്ള ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ചെലവേറിയതായതിനാൽ മുന്നോട്ടുള്ള പ്രയാണത്തിന് സർക്കാറിൽനിന്നും ഇതര ഏജൻസികളിൽനിന്നും ഭാഷാസ്നേഹികളിൽനിന്നുമുള്ള സാമ്പത്തിക സഹായവും അത്യാവശ്യമാണെന്ന് ഓർമപ്പെടുത്തുന്നു ഫൗണ്ടേഷൻ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.