കൊടുങ്ങല്ലൂർ: സോഫ്റ്റ്ബാളിൽ ഇന്ത്യക്ക് വേണ്ടി പോരാടാൻ കൊടുങ്ങല്ലൂരിൽനിന്നൊരു കൗമാര താരം. പക്ഷെ, ജില്ലയിൽനിന്ന് ആദ്യമായി കളിമികവ് കൊണ്ടുമാത്രം ഇന്ത്യൻ ടീമിൽ ഇടംനേടിയ റിയാസിന് ആശങ്കയാണ്. കായിക പ്രതിഭയിൽ മുന്നിലാണെങ്കിലും സാമ്പത്തിക സ്ഥിതിയിൽ പിന്നിലായതാണ് കാരണം.
ജൂൺ 23 മുതൽ 29 വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ് പോരാട്ട വേദിയിൽ ഇന്ത്യൻ ജഴ്സിയണിയാൻ ഈ 18കാരന് പൊതുസമൂഹത്തിന്റെ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. ഈ കായിക ഇനത്തിൽ ഇനിയും സ്പോൺസർമാരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. സർക്കാർ സഹായവുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 പേരും സ്വന്തം ചെലവിൽ വേണം മത്സരത്തിൽ പങ്കെടുക്കാൻ. ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും ഓരോരുത്തരും കരുതണം. ഇതിനായി പിന്തുണ തേടുകയാണ് ഈ വിദ്യാർഥി.
ശ്രീനാരായണപുരം കട്ടൻബസാർ കോനക്കാട്ടുപറമ്പിൽ നൗഷാദിന്റെയും സൗദയുടെയും മകനായ റിയാസിനെ പി. വെമ്പല്ലൂർ എം.ഇ.എസ് ഹൈസ്കൂൾ കായിക അധ്യാപകനായ റഷീദാണ് കായിക രംഗത്തേക്ക് കൊണ്ടുവന്നത്. അനുരാഗ്, യാദവ്, വിഷ്ണു എന്നിവരാണ് സോഫ്റ്റ് ബാൾ പരിശീലകർ. അഴീക്കോട് എസ്.എസ്.എം.എച്ച്.എസ്.എസിലായിരുന്നു പ്ലസ് ടു പഠനം. ഇതിനകം മൂന്നുതവണ കേരള ടീമിൽ കളിച്ച റിയാസ് ഒരിക്കൽ ക്യാപ്റ്റനുമായിരുന്നു.
നിരവധി തവണ ജില്ലക്ക് വേണ്ടിയും ജഴ്സിയണിഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പോണ്ടിച്ചേരിയിലെ ഇന്ത്യൻ പരിശീലന ക്യാമ്പിലാണ് ഇപ്പോൾ റിയാസ്. ഇതിനിടെ പ്ലസ്ടുവും വിജയിച്ചു. ഇതൊക്കെയാണെങ്കിലും റിയാസിന്റെ മോഹം പൂവണിയാൻ പൊതുസമൂഹം കനിയണം. നൗഫൽ, റസീന എന്നിവരാണ് സഹോദരങ്ങൾ: ഫോൺ: 9895403834.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.