കയ്പമംഗലം: പാതയോരത്ത് നട്ടുപിടിപ്പിച്ച ചെടികളിൽ ജീവൻ തുടിക്കുന്ന വിവിധ രൂപങ്ങളുണ്ടാക്കി വിസ്മയക്കാഴ്ചയൊരുക്കുകയാണ് പെരിഞ്ഞനം സ്വദേശിയായ നടയ്ക്കൽ സതീഷ്. പാരമ്പര്യ കുലത്തൊഴിലിനിടയിലും സമയം കണ്ടെത്തിയാണ് മുറ്റത്തെ ചെടികളിലും പാഴ്വസ്തുക്കളിലും മറ്റും ഈ 51കാരൻ കൗതുകം തീർക്കുന്നത്.
പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് തൊട്ടരികെയുള്ള റോഡിലൂടെ അൽപം സഞ്ചരിച്ചാലെത്തുന്ന വളവിൽ കാഴ്ചക്കാരുടെ ശ്രദ്ധ ആദ്യമാകർഷിക്കുന്നത് റോഡിന് സമീപമുള്ള ചെടികളിലേക്കാണ്. ഓരോ ചെടിയിലും മിഴിവാർന്ന നിരവധി രൂപങ്ങൾ കാണാം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വാസ്തുവിദ്യയിൽ വിദഗ്ധനായ സതീഷാണ് വീടിന് മുന്നിലെ റോഡരികിലുള്ള കുറ്റിച്ചെടികളിൽ ചെറുതും വലുതുമായ രൂപങ്ങൾ തീർക്കുന്നത്.
പാരമ്പര്യ വാസ്തുവിദഗ്ധരായ പെരിഞ്ഞനം നടയ്ക്കൽ ബാലനാചാരിയുടെ അഞ്ചു മക്കളിൽ ഇളയവനായ സതീഷ് സ്കൂൾ പഠനത്തിനു ശേഷമാണ് കുലത്തൊഴിലിൽ സജീവമാകുന്നത്. പിന്നീട് മരത്തടിയിലും മറ്റും ശിൽപങ്ങൾ തീർക്കുന്നതിലായി ശ്രദ്ധ. പണിക്കിടെ ബാക്കിവരുന്ന മരക്കഷണങ്ങളും പാഴ്വസ്തുക്കളുമെല്ലാം സതീഷിന്റെ കരവിരുതിനാൽ ജീവൻ തുടിക്കുന്ന ശിൽപങ്ങളായി മാറി.
വീടിന് മുന്നിൽ ചെടികൾ വളർത്താൻ സ്ഥലമില്ലാത്തതിനാലാണ് റോഡരികിൽ സഹോദരൻ ജയനുമായി ചേർന്ന് ചെടികൾ വെച്ചുപിടിപ്പിച്ചത്. മാസങ്ങളോളമെടുത്ത പരിശ്രമങ്ങൾക്കൊടുവിൽ സ്ത്രീയുടെ മുഖവും വലിയ തോണിയുമെല്ലാം ചെടികളിൽ രൂപങ്ങളായി നിറഞ്ഞു. അച്ഛന്റെ കലാപാരമ്പര്യം മക്കളായ ആതിരക്കും അർച്ചനക്കും പകർന്നുകിട്ടിയിട്ടുണ്ട്. വിദ്യാർഥികളായ ഇരുവരും ഇതിനോടകം നിരവധി ചിത്രങ്ങൾ വരച്ച് സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. അച്ഛനും മക്കൾക്കും പ്രോത്സാഹനമായി ഭാര്യ ദീപയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.