നെടുങ്കണ്ടം: ജില്ലയിലെ മിക്ക സർക്കാർ സ്കൂളിലെയും ജൈവവൈവിധ്യ ഉദ്യാനങ്ങളിൽ ഈ കലാകാരന്റെ കൈയൊപ്പുണ്ട്. സ്റ്റാർസ് പ്രീപ്രൈമറി സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം ഗവ. യു.പി സ്കൂൾ, കല്ലാർ ഗവ. എൽ.പി.എസ്, ഗവ. എൽ.പി.എസ് കരിങ്കുന്നം തുടങ്ങി ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ ജൈവവൈവിധ്യ ഉദ്യാനങ്ങളിൽ ശ്രദ്ധേയങ്ങളായ ശിൽപങ്ങളും മതിലുകളിൽ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമാണ് ഷാജി ചിത്രകല നിർമിച്ചിരിക്കുന്നത്. ചിത്രകലയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്താണ് ഷാജിക്കുള്ളത്. ഫൈൻ ആർട്സിൽ യോഗ്യതയുള്ള ഷാജി ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളും നിരവധി ശിൽപങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ നൂറോളം സ്കൂളിൽ ഷാജി ചുവർച്ചിത്രം വരച്ചിട്ടുണ്ട്. ഭാവനയും ആശയവും നിരീക്ഷണവുമനുസരിച്ച് കലാസൃഷ്ടിയുടെ മൂല്യവും ഉയരുമെന്നാണ് ഷാജി പറയുന്നത്.
ചിത്രകാരനാകുക എന്നത് ഷാജിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. അഞ്ചു വയസ്സു മുതൽ വരച്ചുതുടങ്ങി. വീട്ടിലെ സാമ്പത്തിക സ്ഥിതി അന്ന് വളരെ മോശമായിരുന്നു. എങ്കിലും ചിത്രകലയിൽ ഉപരിപഠനം നേടി. ദേശീയ അന്തർദേശീയതലത്തിൽ ഒട്ടനവധി പ്രദർശനങ്ങളും ഇദ്ദേഹം നടത്തിവരുന്നു. നിലവിൽ നെടുകണ്ടം ഗവ. യു.പി സ്കൂൾ ചിത്രകല അധ്യാപകനാണ്. 1990ൽ കട്ടപ്പനയിൽ ചിത്ര ആർട്സ് എന്ന സ്ഥാപനം തുടങ്ങി. 2013 മുതൽ കുട്ടികൾക്കായി ചിത്രകല സ്കൂളും ആർട്ട്ഗാലറിയും ആരംഭിച്ചു. ഇതിനോടൊപ്പം ചുവർച്ചിത്ര രചനയും നടത്തുന്നു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും ചുവർച്ചിത്രങ്ങളും അൾത്താര വർക്കുകളും ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങൾക്ക് കവർ പേജും ഇലസ്ട്രേഷനുകളും ചെയ്യുന്നുണ്ട്. കട്ടപ്പന ദർശന അവതരിപ്പിക്കുന്ന തോറ്റവരുടെ യുദ്ധങ്ങൾ എന്ന നാടകത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നു. കലാരംഗത്ത് സജീവമായ ഈ അധ്യാപകൻ കേരള ലളിതകല അക്കാദമി, വിവിധ സാംസ്കാരിക സംഘടനകൾ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ നിരവധി അവാര്‍ഡ് ഷാജിയെ തേടിയെത്തിയിട്ടുണ്ട്. അക്കാദമി ഡയറക്ടറിയിലും ഇടംപിടിച്ചു. വരയെന്ന ജീവിതമാർഗത്തിന് നിറച്ചാറത്തേകിയത് അച്ഛൻ, അമ്മാവൻ എന്നിവരുടെ പാരമ്പര്യവഴിയിൽനിന്നാണെന്ന് ഷാജി പറയുന്നു. ടാക്സ് കൺസൾട്ടന്റായ സോണിയയാണ് ഭാര്യ. അരുണ്‍, അഖില്‍ എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.