അമ്പലപ്പുഴ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സതീശന് മൂവാറ്റുപുഴ അണിയാത്ത വേഷങ്ങളില്ല. ഓട്ടോ ഡ്രൈവർ മുതല്‍ സിനിമയിലെ ചെറിയരംഗങ്ങളില് വരെ സതീശന് വേഷമിട്ടു. നിലവില്‍ കപ്പക്കടയില്‍ നടക്കുന്ന ജെമിനി സര്‍ക്കസിലെ അനൗണ്‍സറായി പ്രവര്‍ത്തിക്കുകയാണ്. കലാരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ട സതീശൻ സ്കൂൾ പഠനകാലം മുതൽ മിമിക്രി, നാടകം, മോണോ ആക്ട് എന്നിവയിൽ നിരവധി പുരസ്കാരങ്ങൾ നേടി. 19-ാം വയസിൽ അനൗൺസ്മെന്റ് മേഖലയിൽ മികവ് തെളിയച്ചതോടെ നാട്ടിലെ പൊതു പരിപാടികളിലെ പ്രധാന അനൗൺസറായി. ഇതിനിടയിൽ കുടുബത്തിലെ പ്രാരാബ്ധം മാറ്റാൻ ഓട്ടോ ഡ്രൈവറായിരിക്കെ, മിമിക്രി വേദികളിലും തിളങ്ങി. മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ എന്നിരുടെ ശബ്ദാനുകരണം നിരവധി വേദികളെ കൈയടക്കിയിട്ടുണ്ട്.
മൂവാറ്റുപുഴയിലെ സുഹൃത്തുക്കൾക്കൊപ്പം രൂപവത്കരിച്ച സമിതി കൂടാതെ ജോക്സ് ഇന്ത്യ, കൊച്ചിൻ രസിക തുടങ്ങിയവയിലും പരിപാടി അവതരിപ്പിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഒരു ഷോയിൽ നായനാരുടെ ശബ്ദം നിർത്താതെ ഏഴ് മണിക്കൂർ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശാരദാ ടീച്ചർക്ക് കേൾക്കാനായി അത് കാസറ്റാക്കി കൊടുക്കണമെന്ന് സംഘാടകർ പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ നായനാരുടെ കുടുബവീടായ കല്യാശ്ശേരിയിൽ വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുമോദിച്ചത് ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷമായാണ് സതീശൻ ഓർക്കുന്നത്.
ആക്ഷൻ ഹീറോ ബിജു, ഒരു യമണ്ടൻ പ്രേമകഥ, ഒരു തെക്കൻ തല്ല് കേസ്, സ്വർഗത്തിലെ കട്ടുറുമ്പ് അടക്കം സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഫ്ലവേഴ്സ് കോമഡി ഉത്സവം, മഴവിൽ മനോരമയിലെ ബംബർ ചിരി അടക്കം ഹാസ്യ പരിപാടി ചെയ്തിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ ഏഴു മണിക്കൂർ നിർത്താതെ അവതരിപ്പിച്ച് ഗിന്നസ് ബുക്കിൽ കയറാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
ഭാര്യ: രശ്മി. മക്കൾ: വാദ്യകലാകാരൻ കലാമണ്ഡലം കൈലാസ് നാഥ്, കാവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.