കരുമാല്ലൂര്‍: ഈറ്റനെയ്ത്ത് തൊഴിൽ രംഗത്ത് ഒറ്റയാനായ സുബ്രഹ്മണ്യന്റെ കരവിരുതിൽ വിരിഞ്ഞത് നൂറുകണക്കിന് കൊട്ടയും മുറവും. എല്ലാവരെയും പോലെ പ്രതീക്ഷയുടെ ഊടും പാവും നെയ്ത് ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കരുമാല്ലൂര്‍ തട്ടാംപടി കൈമള്കാട്ടില് സുബ്രഹ്മണ്യന്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സുബ്രഹ്മണ്യന് പാരമ്പര്യവും തനിമയും കൈവിടാതെയാണ് കൊട്ടയും മുറവും ഉൾപ്പെടെ പാരമ്പര്യ വീട്ടുപകരണങ്ങൾ തയാറാക്കുന്നത്.
പാരമ്പര്യമായി ലഭിച്ച കുലത്തൊഴില്‍ പഠിച്ചെടുക്കാന്‍ 15ാം വയസ്സില്‍ പിതാവിനൊപ്പം കൂടിയതാണ് സുബ്രഹ്മണ്യന്. ഒരു കാലത്ത് നല്ല വരുമാനമുള്ള തൊഴിലായിരുന്നു കൊട്ടനെയ്ത്ത്. നാട്ടില്‍ വിവാഹസദ്യ നടന്നാല്‍ കൊട്ടയും മുറവുമെല്ലാം അന്വേഷിച്ച് ആളുകളെത്തുമെന്ന് ഉറപ്പായിരുന്നു. അതുപോലെ കൊയ്ത്ത് തുടങ്ങിയാല്‍ അളവുകൊട്ടയും ധാരാളം വിറ്റുപോകുമായിരുന്നു. നെല്‍കൃഷി നശിച്ചതോടെ അതില്ലാതെയായി.
വിവാഹസദ്യ, കാറ്ററിങ് കമ്പനി ഏറ്റെടുത്തതോടെ മുറവും കൊട്ടയുമെല്ലാം ആര്‍ക്കും വേണ്ടാതായി. ഇപ്പോള്‍ ആകെയുള്ളത് ഇടക്കിടെ നടക്കുന്ന മേളകളാണ്. പിന്നെയുള്ള പ്രതീക്ഷയാണ് ഓണവിപണി. പൂപറിക്കാന്‍ ചെറിയ കൊട്ടകളും പുതിയ മുറവുമെല്ലാം അന്വേഷിച്ച് ആളുകളെത്തും. ഇത്തവണയും പതിവുപോലെ നിരവധി പേർ എത്തി. അതേസമയം, ഇതെല്ലാം തയാറാക്കാനുള്ള ഈറ്റയുടെ ദൗര്‍ലഭ്യം വലിയ പ്രതിസന്ധിയാണെന്ന് സുബ്രഹ്മണ്യന് പറയുന്നു.
ബാംബൂ കോര്‍പറേഷനില്‍നിന്ന് രണ്ടുകെട്ട് ഈറ്റ മാത്രമാണ് നല്‍കുന്നത്. അതിനാകട്ടെ വലിയ വിലയും നല്‍കണം. സുബ്രഹ്മണ്യന് അഞ്ച് സഹോദരങ്ങളുണ്ടെങ്കിലും അവരാരും ഈ തൊഴിലിലേക്ക് തിരിഞ്ഞില്ല. വരുമാനം കുറവാണെങ്കിലും പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കുലത്തൊഴില്‍ ചെയ്തുതന്നെ മുന്നോട്ടുപോകാനാണ് സുബ്രഹ്മണ്യന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.