ദുബൈ: മലപ്പുറത്തുകാരുടെ ചങ്കിടിപ്പാണ് മറഡോണ. അതേ മറഡോണയുടെ ചങ്കായ ഒരു മലപ്പുറത്തുകാരനുണ്ട് ദുബൈയിൽ. താനൂർ അയ്യായ നെല്ലിശേരി സുലൈമാൻ. ഒമ്പത് വർഷത്തിനിടെ മറഡോണ എപ്പോഴൊക്ക ദുബൈയിലെത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം ഡീഗോയുടെ കാറിെൻറ സാരഥിയായി സുലൈമാനുമുണ്ടായിരുന്നു. 2011 ആഗസ്റ്റ് 11ന് തുടങ്ങിയ ബന്ധം മറഡോണയുടെ 60ാം പിറന്നാൾ ദിനത്തിലും ഒരു കോട്ടവുമില്ലാതെ തുടരുന്നു.
മറഡോണക്ക് വെറുമൊരു ഡ്രൈവർ മാത്രമല്ല സുലൈമാൻ. വീടിനകത്തും പുറത്തും കളിക്കളത്തിലും നിശാ ക്ലബിലും സന്തത സഹചാരിയാണ്. ഏത് പാതിരാത്രിക്കും വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. 2011ൽ യു.എ.ഇയിലെ അൽവാസൽ ക്ലബിെൻറ പരിശീലകനായെത്തിയപ്പോഴാണ് ഡീഗോയെ ആദ്യമായി പരിചയപ്പെടുന്നത്.
ക്ലബിെൻറ ഡ്രൈവറായിരുന്ന സുലൈമാനായിരുന്നു മറഡോണയുടെ സാരഥിയാകാനുള്ള നിയോഗം. മാസങ്ങൾക്കുശേഷം മറഡോണ ക്ലബ് വിട്ടെങ്കിലും സുലൈമാനോടുള്ള ഇഷ്ടം മാത്രം കുറഞ്ഞില്ല. ദുബൈ സ്പോർട്സിെൻറ അംബാസഡറായി തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിെൻറ പ്രധാന ആവശ്യങ്ങളിലൊന്ന് സുലൈമാനെ ഡ്രൈവറായി നിയോഗിക്കണമെന്നായിരുന്നു.
അങ്ങനെ, മറഡോണയുടെ ശമ്പളത്തിൽ സുലൈമാൻ ഡ്രൈവിങ് തുടങ്ങി. പിന്നീട് ദുബൈയിലെത്തിയപ്പോഴെല്ലാം ഡ്രൈവിങ് സീറ്റിൽ മറഡോണയുടെ 'സുലൈ' ഉണ്ടായിരുന്നു. പാം ജുമൈറയിൽ ഡീഗോക്കൊപ്പമായിരുന്നു താമസം. ടി.വിയിൽ കളിയുള്ള ദിവസങ്ങളിൽ എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചുണർത്തണം. സ്പാനിഷ് ഭാഷയിലാണ് സംസാരം. അറിയാവുന്ന ഭാഷയിൽ സുലൈ മറുപടി നൽകും. അത്യാവശ്യ ഘട്ടങ്ങളിൽ ട്രാൻസലേറ്ററുടെ സഹായം തേടും.
മറഡോണയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും സുലൈമാന് അടുത്തറിയാം.മറഡോണക്ക് തിരിച്ചും. ഒരിക്കൽ, സുലൈമാൻ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാൻ ടിക്കറ്റെടുത്തത് അദ്ദേഹം ഇപ്പോഴും ഓർമിക്കുന്നു. കുടുംബാംഗങ്ങളുടെ പാസ്പോർട്ടിെൻറ കോപ്പി ആവശ്യപ്പെട്ട് ട്രാൻസലേറ്റർ സുലൈമാനെ സമീപിച്ചിരുന്നു. ടിക്കറ്റെടുത്ത ശേഷമാണ് അദ്ദേഹം വിവരം അറിയുന്നത്.
സുലൈമാെൻറ ഉമ്മക്ക് സുഖമില്ലാതെ വന്നപ്പോൾ പത്ത് ദിവസം ലീവ് നൽകി നാട്ടിലേക്കയച്ചു. ആശുപത്രിയിലുള്ള ഉമ്മായെ വിഡിയോ കാൾ ചെയ്ത് സമാധാനിപ്പിച്ചത് മറഡോണയിലെ നന്മയുള്ള മനുഷ്യെൻറ തെളിവായി സുലൈമാൻ ചൂണ്ടിക്കാണിക്കുന്നു.
ഭാഷ മനസ്സിലാവാത്ത ഉമ്മയുടെ മറുപടികൾ സുലൈമാൻ മൊഴിമാറ്റി നൽകി. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മനസ്സറിഞ്ഞ് സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്.മറഡോണ മാത്രമല്ല, അർജൻറീനൻ താരം അഗ്യൂറോയും കുടുംബവും ദുബൈയിലെത്തിയാലും ഡ്രൈവർ സീറ്റിൽ സുലൈമാൻ ഉണ്ടാവും.
മൈതാന മധ്യത്തിൽ കാണുന്നപോലെ അഗ്രസിവായ സ്വഭാവമല്ല ജീവിതത്തിൽ മറഡോണയുടേത്. ശാന്തനായ മനുഷ്യൻ. താരജാഡകളോ അഹങ്കാരമോ ലവലേശമില്ല. മൂന്ന് വർഷം മുമ്പാണ് കൈയും കാലുമില്ലാത്ത ഈജിപ്ഷ്യൻ കുട്ടി മറഡോണയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
ഫുജൈറ ക്ലബിൽ പരിശീലകനായിരുന്ന മറഡോണ സ്വന്തം ചെലവിൽ കുട്ടിയെയും കുടുംബത്തെയും ഇവിടെ എത്തിച്ചതും സഹായിച്ചതും സുലൈമാൻ ഓർമിക്കുന്നു. ഒരിക്കൽ, ഡീഗോയുടെ അഭിഭാഷകയെ വിമാനത്താവളത്തിൽ എത്തിക്കാൻ വൈകിയതിെൻറ പേരിൽ വിമാനം നഷ്ടപ്പെട്ടതും ജോലി പോകുമെന്ന് ഭയന്നതും 'സാരമില്ല' എന്നുപറഞ്ഞ് സമാധാനിപ്പിച്ചതും ഓർമയിൽ സൂക്ഷിക്കുന്നു.
കേരളത്തിൽ വന്നുപോയ ശേഷം മലയാളികളോടും കേരളത്തോടും അദ്ദേഹത്തിന് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു. അർജൻറീനയിലെ സമയം നോക്കിയാണ് ഭക്ഷണം കഴിക്കുന്നത്. കൈയിൽ രണ്ട് വാച്ചുണ്ടാവും. ഒന്നിൽ അർജൻറീനൻ സമയവും മറ്റൊന്നിൽ യു.എ.ഇ സമയവുമാണ് സെറ്റ് ചെയ്തിരുന്നത്.
മറഡോണയോടൊപ്പം ചേർന്നതുമുതലുള്ള ഓരോ നിമിഷവും തീയതി സഹിതം സുലൈമാൻ ഓർത്തുവെക്കുന്നുണ്ട്. 2018 ജൂലൈ 15നാണ് അവസാനം അദ്ദേഹം യു.എ.ഇയിൽനിന്ന് മടങ്ങിയത്. ബർത്ത്ഡേ പോലുള്ള ഏത് പരിപാടിയുണ്ടെങ്കിലും ദുബൈയിലെ മാധ്യമ ഫോട്ടോഗ്രാഫറായ അഫ്സലിനെ വിളിക്കാൻ പറയും. അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു മറഡോണക്ക്.
ദുബൈ ഇൻറർനാഷനൽ സിറ്റിയിൽ താമസിക്കുന്ന സുലൈമാൻ സ്വകാര്യ സ്ഥാപനത്തിെൻറ മെഡിക്കൽ ഡിപ്പാർട്മെൻറിൽ ഡ്രൈവറാണ്. 17 വർഷമായി യു.എ.ഇയിൽ എത്തിയിട്ട്.കഴിഞ്ഞ തവണ മടങ്ങുേമ്പാൾ വിലകൂടിയ വാച്ച് സമ്മാനമായി നൽകിയത് ഇപ്പോഴും നിധിേപാലെ സൂക്ഷിക്കുന്നു.'തിരക്കൊഴിയുേമ്പാൾ വിളിക്കണം, പിറന്നാൾ ആശംസ അറിയിക്കണം'-അതാണ് സുലൈമാെൻറ ഇന്നത്തെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.