പൂക്കോട്ടുംപാടം: പ്രായം മറന്നാണോ പ്രായം ഓർത്താണോ അമരമ്പലം സ്വദേശി പി.സി. സുനിൽ കുമാർ ഓടുന്നതെന്നത് കുഴക്കുന്ന ചോദ്യമാണ്. ഓരോ ജന്മദിനത്തിലും തന്റെ വയസ്സിനൊത്ത കിലോമീറ്ററാണ് അദ്ദേഹം ഓടുന്നതെന്നതിനാൽ അതൊരു ഓർമപ്പെടുത്തലാണ്. 61ാം വയസ്സിൽ 61 കിലോമീറ്റർ ഓടുകയെന്നാൽ അത് പ്രായം മറന്നുള്ള ഓട്ടവുമാണ്.
ബുധനാഴ്ചയായിരുന്നു റിട്ട. അസി. എക്സൈസ് ഓഫിസറായ സുനിൽ കുമാറിന്റെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം 61 കിലോമീറ്റർ ഓടി. പുലർച്ചെ രണ്ടിന് പൂക്കോട്ടുംപാടത്ത് അമരമ്പലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് ലബ്ബ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. അമരമ്പലം, വണ്ടൂർ, നിലമ്പൂർ, ചുങ്കത്തറ, എടക്കര, മൂത്തേടം, കരുളായി വഴി 61 കിലോമീറ്റർ താണ്ടി രാവിലെ 8.30ഓടെ പൂക്കോട്ടുംപാടത്ത് എത്തി. കായികതാരം കൂടിയായ സുനിൽ കഴിഞ്ഞ വർഷം തന്റെ 60ാം ജന്മദിനത്തിൽ 60 കിലോമീറ്റർ ഓടിയിരുന്നു.
വ്യായാമത്തിന്റെ പ്രധാന്യം ജനങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സുനിൽകുമാർ വ്യത്യസ്തമായി ജന്മദിനം ആഘോഷിച്ചത്. ഓട്ടം പൂർത്തിയാക്കിയ ഇദ്ദേഹത്തെ സൺ റൈസസ് കൂട്ടായ്മയും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും ആദരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ പൊന്നാടയണിയിച്ചു. വ്യായാമത്തിലൂടെ മാത്രമേ ആരോഗ്യത്തോടെ ജീവിക്കാനാവൂ എന്ന സന്ദേശം യുവതലമുറയിൽ എത്തിക്കുകയെന്നതാണ് ജന്മദിനത്തിലെ ഓട്ടത്തിന്റെ ലക്ഷ്യമെന്ന് സുനിൽ കുമാർ പറഞ്ഞു.
ട്രാക്കിൽ തിളക്കമാർന്ന നിരവധി നേട്ടങ്ങളാണ് സുനിൽ കുമാർ സ്വന്തമാക്കിയിട്ടുള്ളത്. ഡൽഹിയിലെ കോമൺ വെൽത്ത് വില്ലേജ് സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ നാഷനൽ ഖേലോ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 10000, 5000 മീറ്ററിൽ വെള്ളിയും 1500 മീറ്ററിൽ വെങ്കലവും 4 x 400 റിലേയിൽ സ്വർണവും നേടിയിരുന്നു. കഴിഞ്ഞ നവംബറിൽ പാലായിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000, 5000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
പൂക്കോട്ടുംപാടത്ത് സൺ റൈസ് റണ്ണേഴ്സ് എന്ന പേരിൽ രൂപവത്കരിച്ച കായികാരോഗ്യ ഗ്രൂപ്പിൽ പ്രായഭേദമന്യേ 50ലധികം പേർ നിത്യേന പരിശീലനത്തിനെത്തുന്നുണ്ട്. കൂടുതൽ ആളുകളെ ഉൾപ്പെടുത്തി സൗജന്യ കായിക പരിശീലനം നൽകി ആരോഗ്യമുള്ള ജനതയെ വാർത്തെടുകയെന്നതാണ് ഇതിലൂടെ സുനിലിന്റെ ലക്ഷ്യം. അമരമ്പലം പഞ്ചായത്തിലെ മാമ്പൊയിൽ തരിശ് സ്വദേശിയായ പി.സി. സുനിൽ കുമാർ എക്സൈസ് വകുപ്പിൽനിന്ന് അസി. എക്സൈസ് ഇൻസ്പെക്ടറായി 2019ലാണ് വിരമിച്ചത്. ഭാര്യ: ഉഷ. അധ്യാപക വിദ്യാർഥിയായ ജിതിൻ, മെഡിസിൻ വിദ്യാർഥിയായ സ്വാതി, ശ്രുതി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.