വണ്ടൂർ: കുട്ടികൾക്കൊപ്പം പരിസ്ഥിതിയെയും ജീവിതത്തോട് ചേർത്തുപിടിച്ച് മാതൃകയാവുകയാണ് പോരൂർ സ്വദേശി തടത്തിൽ സത്യകുമാർ. 30 വർഷത്തോളമായി പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് 54കാരനായ കാപ്പിൽ എസ്.വി.എ യു.പി സ്കൂൾ അധ്യാപകൻ. തരിശുഭൂമിയായ സ്കൂൾ പരിസരങ്ങൾ മനോഹരമാക്കിയായിരുന്നു തുടക്കം. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 2022-23 വർഷത്തെ വനമിത്ര പുരസ്കാരത്തിന് പുറമെ സ്കൂളിൽ നടപ്പാക്കുന്ന ‘മധുവൻ മണ്ണിലെഴുതുന്ന പച്ചപ്പ്’ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല പുരസ്കാരം, പി.എം ഫൗണ്ടേഷന്റെ ഹരിത വിദ്യാലയം പുരസ്കാരം എന്നിവയെല്ലാം മധുവൻ പദ്ധതി നേടുകയുണ്ടായി. മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള ജില്ലതല പുരസ്കാരങ്ങൾ, മികച്ച അധ്യാപക കർഷക അവാർഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ എസ്.പി.എൻ പരിസ്ഥിതി പുരസ്കാരം എന്നിവയെല്ലാം മധുവന്റെ നേട്ടങ്ങളാണ്.
സ്കൂളിലെ 25ലേറെ ഇനം മുളകളും 40ലേറെ മുളക്കൂട്ടങ്ങളുമുള്ള ബാംബൂ പാർക്ക്, ജപ്പാനീസ് രീതിയിലുള്ള സെൻ ഗാർഡൻ, ബട്ടർൈഫ്ല ഗാർഡൻ, ഏറുമാടം, ബേർഡ് ബാത്ത്, താമരക്കുളം, ജൈവ പച്ചക്കറി കൃഷി, നക്ഷത്രവനം തുടങ്ങിയവയും അഭിമാനമാണ്. സ്കൂളിനെ ഹരിത വിദ്യാലയമാക്കുതിൽ വലിയ പങ്കാണ് സത്യനാഥൻ വഹിച്ചത്.
വണ്ടൂർ ടൗൺ സൗന്ദര്യവത്കരണം, കാക്കത്തോട് പാലം സൗന്ദര്യവത്കരണം, റോഡരികിലെ സ്നേഹ മരങ്ങൾ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളാണ്. ജലസേചനത്തിന് സ്വന്തം വാഹനത്തിൽ പുലർച്ച അഞ്ചിന് ഇറങ്ങും. റോഡരികിലെ മരങ്ങൾ നനക്കുന്നതും സത്യകുമാർ തന്നെ. മിയാവാക്കി വനവത്കരണവും വിദ്യാവനവും സ്കൂളിലെ മികച്ച പ്രോജക്ടുകളാണ്.
കാളികാവ് ബ്ലോക്ക് ജീവനക്കാരി ബിന്ദുവാണ് ഭാര്യ. മക്കൾ: അർച്ചന (എൻജിനീയറിങ് വിദ്യാർഥി), മേഘ്ന, ആഷ്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.