തിരുനാവായ: അധ്യാപനത്തോടൊപ്പം വൈവിധ്യമാർന്ന കാർഷികവൃത്തികളിലും സാമൂഹികസേവനങ്ങളിലും ആനന്ദം കണ്ടെത്തുന്ന അപൂർവ വ്യക്തിത്വമാണ് എടക്കുളത്തെ സി.പി. ബഷീർ. എടക്കുളം ജി.എം.എൽ.പി സ്കൂളിലെ അറബിക് ഭാഷാധ്യാപകനായ ഇദ്ദേഹം 15 വർഷത്തോളം ആടുവളർത്തൽ നടത്തിയിരുന്നു. 10 വർഷമായി തിരുനാവായ പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനുമാണ്. തരിശുഭൂമി ഏറ്റെടുത്ത് നെൽകൃഷി ചെയ്തു 100 മേനി വിളയിക്കുന്ന ഇദ്ദേഹം ഈ വർഷം 35 ഏക്കറിലാണ് പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തുന്നത്. പച്ചക്കറി കൃഷി വേറെയും.
സ്കൂളിലും കുട്ടികളെ സഹകരിപ്പിച്ച് പച്ചക്കറി കൃഷി നടത്തുന്നുണ്ട്. വലിയ പറപ്പൂർ ജി.എം.എൽ.പി സ്കൂളിൽ ജോലിചെയ്തിരുന്ന സമയത്ത് വിദ്യാർഥികൾക്ക് കൃഷി പരിശീലനം നൽകിയിരുന്നു. മികച്ച കർഷകനുള്ള തിരുനാവായ പഞ്ചായത്ത് കൃഷിഭവൻ, ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരങ്ങൾക്കുപുറമെ ഭിന്നശേഷിക്കാരിൽ മികച്ച കർഷകനുള്ള പുരസ്കാരവും ബഷീറിനെ തേടി എത്തിയിട്ടുണ്ട്. എടക്കുളത്തെ പാരമ്പര്യ കർഷകനായിരുന്ന പരേതനായ ചിറ്റകത്ത് പൊറ്റമ്മൽ കോയയുടെ മകനാണ്. മൈമൂനയാണ് ഭാര്യ. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉപ്പയെ കാർഷിക വൃത്തിയിൽ സഹായിക്കുന്ന മുഹമ്മദ് സിയാദ്, ബുർഹാന നർഗീസ്, ബുസ്താന നർഗീസ് എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.