പറവൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾ നെഞ്ചിലേറ്റി മാതൃകയാവുകയാണ് പുത്തൻവേലിക്കരയിലെ യുവ അധ്യാപകൻ. ഇളന്തിക്കര ഹൈസ്കൂളിലെ കായിക അധ്യാപകൻ രഞ്ജിത്ത് മാത്യുവാണ് സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ജീവിത വ്രതമാക്കിയിരിക്കുന്നത്. 2018ലെ വെള്ളപ്പൊക്കം തീർത്ത കൊടിയ ദുരിതമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻ നിരയിലേക്ക് എത്തിച്ചത്.
അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി രൂപയോളം വരുന്ന സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചിട്ടുണ്ട്. സ്വന്തം വിദ്യാലയത്തിലെ അഞ്ച് വിദ്യാർഥികൾക്ക് വീട് നിർമിച്ച് നൽകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും മനോഹര അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ മൂന്ന് വിദ്യാർഥികൾ അച്ഛനില്ലാത്തവരാണ്. അഞ്ചാമത്തെ വീട് നിർമിച്ച് നൽകിയത് നിർധന സാഹചര്യത്തിൽ ജീവിക്കുന്ന പ്ലസ് ടു വിദ്യാർഥിനിക്കാണ്. ഇതിന് പുറമെ നിർധനരായ രണ്ടുപേർക്ക് പുതിയ വീട് നിർമിച്ചും രണ്ടുപേർക്ക് വീട് നവീകരിച്ചും നൽകി. ആകെ പുതിയ ഏഴ് വീടുകൾ നിർമിച്ചു നൽകുകയും രണ്ട് വീടുകൾ നവീകരിച്ചു നൽകുകയും ചെയ്തു. ഓൺലൈൻ പഠനത്തിന് വിദ്യാലയത്തിലെ 25 വിദ്യാർഥികൾക്ക് ടി.വിയും 15 വിദ്യാർഥികൾക്ക് ഡിഷും നൽകി. കൂടാതെ നാട്ടിലെ 28 വിദ്യാർഥികൾക്ക് ടി.വിയും 12 വിദ്യാർഥികൾക്ക് ഡിഷും നൽകി.
ഇതിന് പുറമെ ഓൺലൈൻ പഠനത്തിന് 20 മൊബൈൽ ഫോണുകൾ സ്വന്തം വിദ്യാലയത്തിൽ നൽകി. പ്രളയനാന്തരം വിദ്യാർഥികൾക്ക് 10 ലക്ഷം രൂപയുടെ പഠനോപകരണങ്ങളും, വീട്ടുപകരണങ്ങളും നൽകുകയും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. പ്രളയബാധിതരായ 10 വിദ്യാർഥികൾക്ക് 25,000രൂപ വീതം സംഘടിപ്പിച്ചു നൽകി.
വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ 40 ഫാനും വൈദ്യുതി തകരാർ പരിഹരിക്കാൻ 1.5 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പാക്കി. ഇതോടൊപ്പം സ്കൂളിൽ സി.സി ടി.വി കാമറ, ഇൻവെർട്ടർ സംവിധാനം എന്നിവ സജ്ജമാക്കി.
പൂർവവിദ്യാർഥിനിയുടെ വിവാഹത്തിന് ഒരു ലക്ഷം രൂപയും രണ്ട് വൃക്കകൾ തകരാറിലായ വിദ്യാർഥികളുടെ പിതാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 2.50 ലക്ഷം രൂപയും സംഘടിപ്പിച്ചു നൽകി. ഇതിനായി ബക്കറ്റ് പിരിവ് നടത്തിയാണ് പണം സമാഹരിച്ചത്. 2019ൽ വയനാട്ടിലെ പ്രളയകാലത്ത് മേപ്പാടി, മൂപൈനാടി പഞ്ചായത്തിലെ ആദിവാസികളും, ഗുരുതര രോഗത്താൽ വലയുന്നവരുമായ 200 പേർക്ക് 6.5 ലക്ഷം രൂപയുടെ നിത്യോപയോഗ സാധന സാമഗ്രികളും, മരുന്നും, വസ്ത്രങ്ങളും, പഠനോപകരണങ്ങളും പണവും എത്തിച്ചു.
കോവിഡ് കാലത്ത് നാട്ടിലെ നിർധനരും രോഗികളുമായവർക്ക് രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകിയതിന് പുറമേ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിന് സാമ്പത്തിക സഹായവും, ആശുപത്രിക്ക് തെർമൽ സ്കാനറും സംഘടിപ്പിച്ചു നൽകി. കോവിഡ് വന്ന് പിതാവ് മരിച്ച വിദ്യാർഥികൾക്ക് പഠന സഹായമായി ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകി.
20 വർഷത്തെ കായിക അധ്യാപന ജീവിതത്തിൽ 18 സംസ്ഥാന മെഡലുകൾ വിദ്യാർഥികൾ നേടുന്നതിൽ പങ്ക് വഹിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
എട്ട് അത്ലറ്റിക്സ് മെഡലും 10 കബഡി മെഡലുകളുമാണ് നേടിയത്. ജില്ല, സംസ്ഥാന തലത്തിൽ അധ്യാപക പരിശീലകനായും, ഒ.എസ്.എസ് ടീം അംഗമായും പ്രവർത്തിച്ച അദ്ദേഹം ദേശീയ, സംസ്ഥാന, ജില്ല അത്ലറ്റിക്സ് മീറ്റിൽ ടെക്നിക്കൽ ഒഫീഷ്യൽ (അനൗൺസർ) ആയി സേവനം ചെയ്തിട്ടുണ്ട്. ജൂനിയർ റെഡ്ക്രോസ് ആലുവ വിദ്യാഭ്യാസ ജില്ല കോഓഡിനേറ്ററായും, അധ്യാപക സംഘടന ജില്ല പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.