നീലേശ്വരം: 30 വർഷത്തിലധികം വക്കീൽ ഗുമസ്തനായി ജോലിചെയ്ത നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പള്ളിയത്ത് വീട്ടിലെ പി. ഗംഗാധരൻ (52) ഇനി വക്കീലായി കോടതി കയറും.
ജോലി ചെയ്യുന്നതിനിടെ തന്നെ ബി.എയും തുടർന്ന് എൽഎൽ.ബിയും പഠിച്ചാണ് ഗംഗാധരൻ കഴിഞ്ഞ ദിവസം അഭിഭാഷകനായി എൻറോൾ ചെയ്തത്. ഹൈകോടതിയിൽ നടന്ന ചടങ്ങിൽ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. നീലേശ്വരം ജി.എൽ.പി സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി 1992ൽ വക്കീൽ ഗുമസ്തനായി.
ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകരായിരുന്ന അഡ്വ. എ. മമ്മൂട്ടി, അഡ്വ. കെ.കെ. ജീവാനന്ദ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 2016ൽ അഡ്വ. ജീവാനന്ദിന്റെ നിര്യാണത്തിന് ശേഷം ഇതേ ഓഫിസിൽ അഡ്വ. എ. അബ്ദുൽ കരീം, അഡ്വ. ടി.വി. അനിൽകുമാർ എന്നിവർക്കൊപ്പം ജോലി ചെയ്തുവരുന്നു.
2019ൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ബി.എ മലയാളം പാസായി. 2020 ഡിസംബറിൽ കർണാടക നിയമ സർവകലാശാലക്ക് കീഴിലെ സുള്ള്യ കെ.വി.ജി ലോകോളജിൽ എൽഎൽ.ബിക്ക് ചേർന്നു. ഈ മൂന്നുവർഷം മാത്രം ഭാഗികമായി ജോലിയിൽ നിന്നു മാറിനിന്നു.
പുലർച്ച 5.45ന് കാഞ്ഞങ്ങാട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിലും സ്വന്തം ബൈക്കിൽ ഇരിയ - കാഞ്ഞിരുക്കം വഴിയുമെല്ലാം ഏറെ കഷ്ടപ്പെട്ടാണ് ദിവസവും കോളജിൽ എത്തിയത്.
മേയ് മാസത്തിൽ എൽഎൽ.ബി എടുത്തു. കഴിഞ്ഞദിവസം എൻറോൾ ചെയ്തതോടെ ഗുമസ്തനായി ജോലിചെയ്ത ഓഫിസിൽ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. അഭിഭാഷകരായ അബ്ദുൽ കരീമും അനിൽ കുമാറും പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഭാര്യ കെ.കെ. ദീപ, മക്കൾ സി. ശ്രീദേവി, സി. ഹരിഗോവിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.