കബഡിയിൽ എതിര്‍ടീമിന്‍റെ കളത്തില്‍ പ്രവേശിച്ച് ആക്രമിക്കുന്ന പേരാളിയാണ് 'റൈഡർ'. എതിർ ടീമംഗങ്ങളെ തൊട്ട് പിടികൊടുക്കാതെ തിരിച്ചുവരുന്ന റൈഡറാണ് കളിയിലെ താരമാകാറുള്ളത്. കബഡിയും ഫോട്ടോഗ്രഫിയും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ ആലപ്പുഴ മാന്നാർ സ്വദേശി ടിറ്റു ഷാജി തോമസിന്‍റെ ആഗ്രഹങ്ങൾ കബഡിക്കളത്തിൽ നിന്ന് നേരെ ചേക്കേറിയത് കാമറയിലാണ്. യാദൃശ്ചികതകൾ നിറഞ്ഞ ജീവിത കഥയിൽ തോറ്റു കൊടുക്കാതെ മുന്നേറിയ 'റൈഡറാ'ണയാൾ...
കബഡി ചെറുപ്പം മുതലേ ജീവിതത്തോട് ചേർന്നതാണ് ടിറ്റുവിന്. കുട്ടിക്കാലത്ത് ചിത്രങ്ങൾ വരക്കാറുമുണ്ടായിരുന്നു. എന്നാൽ കബഡി മനസിനെ കീഴടക്കിയതോടെ മറ്റെല്ലാം സൈഡായി. കായംകുളം എം.എസ് കോളേജ് പഠന കാലത്ത് കേരള യൂനിവേഴ്സിറ്റി ടീമിൽ അംഗമായിരുന്നു. പിന്നീട് ബംഗളൂരുവിലേക്ക് തട്ടകം മാറ്റി. സൈന്യത്തിൽ ജോലിക്ക് ചേരണമെന്നായിരുന്നു സ്വപ്നം. എന്നാൽ വിധി മറ്റൊന്നായിരുന്നു. പ്രായത്തിലെ മാസങ്ങളുടെ വ്യത്യസം സൈനിക ജോലിയിൽ പ്രവേശിക്കുന്നതിന് തടസമായി. അങ്ങനെയാണ് 2009ൽ ജീവിതത്തിന്‍റെ പച്ചപ്പ് തേടി ദുബൈ എന്ന സ്വപ്നലോകത്തേക്ക് പറക്കുന്നത്.
ജോലി തേടി കടൽ കടന്നെങ്കിലും കബഡി ഉപേക്ഷിക്കാൻ മനസനുവദിച്ചില്ല. അതിനാൽ തന്നെ ദുബൈയിലും കബഡിയിൽ സജീവമായി. റെഡ് സ്റ്റാർ ദുബൈ ടീമിന്‍റെ ഭാഗമായി മൽസരങ്ങളിൽ പങ്കെടുത്തു. അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കബഡി കളിക്കിടെ ഒരിക്കൽ പരിക്കേൽക്കുന്നത്. കാൽമുട്ടിനേറ്റ പരിക്ക് കളിക്കളത്തിൽ നിന്ന് എന്നന്നേക്കുമായി പുറന്തള്ളുന്നതായിരുന്നു. കബഡിക്കളത്തിൽ നിന്ന് പിന്തിരിഞ്ഞു നടക്കുക എന്നത് വേദനയായിരുന്നു ടിറ്റുവിന്. ജീവിതത്തിന്‍റെ ത്രില്ലും രസവുമായി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്ന കബഡിയെ ജീവിതക്കളത്തിന് പുറത്താക്കിയപ്പോൾ വല്ലാത്ത ശൂന്യത. ആ വേദനയെ മറികടന്നേ പറ്റൂ. അനേകം എതിരാളികളുടെ കളത്തിൽ നിന്ന് സൂത്രത്തിൽ രക്ഷപ്പെട്ട അയാൾക്ക് അതിന് കഴിയുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഫോട്ടോഗ്രഫിയിൽ ഒരു കൈ നോക്കാൻ ആഗ്രഹമുദിച്ചത്. ദുബൈ അതിന് യോജിച്ച സ്ഥലമായിരുന്നു. കാരണം ധാരാളം ഫോട്ടോഗ്രാഫർമാരും അവരുടെ കൂട്ടായ്മകളും ഇവിടുണ്ട്. അതിലൊന്നായ 'ഫ്രൈഡേ ഷൂട്ടൗട്ട്' എന്ന ഗ്രൂപ്പിൽ അംഗമാകുന്നത് അങ്ങനെയാണ്.
അവാർഡുകൾ നേടിത്തന്ന് കാമറ
'ഫ്രൈഡേ ഷൂട്ടൗട്ട്' ഗ്രൂപ്പിനൊപ്പം രണ്ടര വർഷം കൂടെ നടന്നാണ് ടിറ്റു ഫോട്ടോഗ്രഫിയെ മനസിലാക്കിയത്. കൂട്ടായ്മക്കൊപ്പം ചേർന്ന് കൂട്ടുകൂടി കാമറയെ മെരുക്കിയെടുത്തു. ടെക്നിക്കുകൾ പലതും സ്വയം പഠിച്ചെടുക്കാനും സമയം കണ്ടെത്തി. ചെറുപ്പത്തിലെ ചിത്രരചന ശീലം ഫ്രെയിമുകളിൽ പ്രതിഫലിച്ചതോടെ മനോഹര ചിത്രങ്ങൾ പിറവിയെടുത്തു. 'ട്രാവൽ ആൻഡ് സ്ട്രീറ്റ്' വിഭാഗത്തിലെ ചിത്രങ്ങളാണ് കൂടുതലായി പകർത്തിയത്. തെരുവിന്‍റെ തിരക്കുകൾക്കിടയിലെ അത്യപൂർവമായ സൗന്ദര്യങ്ങൾ ടിറ്റുവിന്‍റെ കാമകൾ ഒപ്പിയെടുത്തു. നല്ല ഫ്രെയിമുകൾക്കായി യു.എ.ഇയിലെ തെരുവുകളിലും ഗ്രാമങ്ങളിലും കാമറയുമായി സഞ്ചരിച്ച കാലമായിരുന്നു പിന്നീട്.
കാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ തനിക്ക് തന്നെ ആത്മവിശ്വാസം പകർന്നതോടെ അന്താരാഷ്രട തലത്തിലെ മൽസരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. അങ്ങനെ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന് നൂറോളം രാജ്യങ്ങളിലെ ആയിരക്കണക്കിന് മത്സരാർഥികളുമായി മാറ്റുരച്ച് വിജയിയായത് രണ്ടു തവണയാണ്. 2019ൽ റഷ്യയിലെ '35 അവാർഡ്സ്' എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചു. യു.എ.ഇയിലെ തന്നെ ചെറുതും വലുതുമായ മറ്റു നിരവധി മൽസരങ്ങളിലും പുരസ്കാരങ്ങൾ കരസ്ഥമാക്കി. കാനൻ മിഡ്ൽ ഈസ്റ്റ് ഫോട്ടോഗ്രഫി മൽസരം, കാൾ ടെയ്ലർ ഇന്‍റർനാഷണൽ ഫോട്ടോഗ്രഫി മൽസരം എന്നിവയിലെല്ലാം നേട്ടം കൊയ്തു. നാഷണൽ ജിയോഗ്രഫിക് മാഗസിനിലടക്കം ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
കാമറയിൽ പയറ്റിത്തെളിഞ്ഞപ്പോൾ ലോകത്തിന്‍റെ സൗന്ദര്യം തേടി സഞ്ചരിക്കണമെന്ന് ആഗ്രഹമായി. അങ്ങനെ സ്ഥലങ്ങളിൽ കറങ്ങി. ഏറ്റവും അവസാനമായി 'ഭൂമിയിലെ സ്വർഗ'മായ ജമ്മു കശ്മീരിലേക്ക് നടത്തിയ യാത്ര അവിസ്മരണീയാണെന്ന് ടിറ്റു പറയുന്നു. നിറയെ ചിത്രങ്ങൾ ലഭിച്ചത് മാത്രമല്ല, മനസിൽ നിറഞ്ഞ നിരവധി മുൻ ധാരണകൾ ഇല്ലാതാക്കിയതും യാത്രയുടെ മെച്ചമായി അദ്ദേഹം പറയുന്നു. ദുബൈയിലെ ഗ്രാമങ്ങളുടെയും തെരുവുകളുടെയും ജീവസുറ്റ ചിത്രങ്ങൾ ഏറെ പകർത്തിയ ടിറ്റുവിന് കശ്മീർ സമ്മാനിച്ചതും മികവുറ്റ ചിത്രങ്ങളായിരുന്നു. ചെമ്മരിയാടുകളെ മേക്കുന്ന ഗ്രാമീണരും മലയോരങ്ങളിൽ മേയുന്ന കുതിരകളും കുട്ടികളും വയോധികരുമെല്ലാം കാമറയിൽ പതിഞ്ഞു. 20ദിവസമായിരുന്നു യാത്ര.
ഓരോയിടത്തും കശ്മീരിലെ ജനങ്ങൾ ഏറെ ആഹ്ലാദത്തോടെയാണ് തന്നെ സ്വീകരിച്ചത്. തെക്കൻ കശ്മീരിലെ ഒരു ഉൾഗ്രാമത്തിലെ സ്കൂളിൽ ഫോട്ടോയെടുക്കാൻ എത്തിയപ്പോൾ ആരും പറയാതെ തന്നെ വീട്ടിലേക്ക് ഓടിപ്പോയി ചായയുമായി വന്ന കുട്ടിയുടെ സ്നേഹത്തെ കാമറയിൽ പകർത്താനാവില്ലെന്ന് ടിറ്റു ഓർക്കുന്നു. അതീവ സുന്ദരമായ ആതിഥേയത്വവും നല്ല ചിത്രങ്ങളും നൽകിയ കശ്മീരിനെ കുറിച്ച് ഒരു പ്രദർശനം ഒരുക്കണമെന്നാണ് മനസിലുണ്ട്.
ദുബൈയിൽ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ടിറ്റു പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മാറുന്നത് ആലോചിക്കുകയാണ്. ഫോട്ടോഗ്രഫിയിൽ കൂടുതൽ മുന്നേറണം. കൂടുതൽ നാടുകളും തെരുവുകളും, മനുഷ്യരുടെ കണ്ണുകളിലെ സ്നേഹവും തീഷ്ണതയും കാമറയിൽ പകർത്തണം. അത് ലോകത്തിന് കാണിച്ചുകൊടുക്കണം. നല്ല ഡോക്യൂമെന്‍ററികൾ നിർമിക്കണം -ഇങ്ങനെ കാമറ കൊണ്ട് ടിറ്റുവിന് സ്വപ്നങ്ങളേറെയാണ്. ജീവിതത്തിന് നിറം പകർന്ന് സ്വപ്നങ്ങൾക്ക് കൂട്ടായി പത്നി രാഖി എലിസബത്തും ഏകമകൾ ആമിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.