അമീൻ മന്നാന്റെ ആരും പറയാത്ത കഥ

ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ വ്യത്യസ്തമായ അവതരണ രീതിയിലൂടെ പ്രചോദിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അമീൻ മന്നാൻ. നിരാശരായ അനേകം മനുഷ്യരെ പ്രചോദിപ്പിച്ച് ജീവിതത്തിന്‍റെ സുവർണകാലത്തിലേക്ക് കൈപിടിച്ചു നടത്തുന്ന പ്രവാസി മലയാളി. അപ്രതീക്ഷിതമായി വന്നുഭവിച്ച ദുരനുഭവങ്ങൾ മൂലം കൈവിട്ടുപോകുമെന്ന് കരുതിയ സ്വജീവിതം തിരിച്ചുപിടിച്ചപ്പോൾ ലഭിച്ച ആത്മവിശ്വാസമാണ് ഈ യുവാവിനെ സമൂഹ മാധ്യമങ്ങളിൽ ഇന്ന് അറിയപ്പെടുന്ന പ്രചോദകരിൽ ഒരാളാക്കി മാറ്റിയത്. 36കാരനായ അമീൻ തന്‍റെ ഫോളോവേഴ്സിനോട് പറയാതെ ബാക്കിവെച്ച ആ കഥ ഇതാ...

‘കഹാനി, ദ സ്റ്റോറി അൺടോൾഡ്’

കൈതൊട്ട പല ബിസിനസ്സുകളും പരാജയത്തിലേക്ക് വഴുതിപ്പോയ ചില ദുരനുഭവങ്ങൾ, കരിയറിലെടുത്ത ചില തീരുമാനങ്ങളിലെ പാളിച്ചകൾ, ഇവയെല്ലാം ജീവിതത്തെ ചുവടു തെറ്റിക്കുന്നു എന്ന് തോന്നിച്ച സമയത്ത് തന്നെ കളിക്കൂട്ടുകാരനും ഉറ്റ സ്നേഹിതനുമായ ഒരു കുടുംബാംഗത്തിന്‍റെ ആകസ്മിക വേർപാടിന്‍റെ ദുഃഖ വാർത്ത കൂടി തേടിയെത്തിയപ്പോൾ എല്ലാം കൈവിട്ടുപോയി എന്നൊരു മനസ്സികാവസ്ഥയിൽ ദിവസങ്ങൾ തള്ളിനീക്കിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നു ജീവിതത്തിൽ.

ലക്ഷ്യബോധമില്ലാതെ നടന്ന ആ നാളുകളിൽ ഉയർത്തെഴുന്നേൽക്കൽ തന്‍റെ മാത്രമല്ല, തന്നെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന്‍റെ കൂടി ആവശ്യകതയാണെന്ന തിരിച്ചറിവിൽ നിന്നും എങ്ങനെ ഇത്തരം പ്രതിസന്ധികളെ നേരിടാം എന്ന് കിട്ടാവുന്ന രീതിയിലൂടെ എല്ലാം മനസ്സിലാക്കാൻ ശ്രമിച്ചു. അന്ന് സ്വയം നടത്തിയ പഠനങ്ങളിലൂടെയും പ്രചോദനങ്ങളിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു കയറാൻ സഹായിച്ച വിദ്യകളിലൂടെ ഇന്ന് അനേകം പേരെ പല പ്രതിസന്ധികളിൽ നിന്നും കരകയറാൻ തന്‍റെ വീഡിയോകളിലൂടെ നിമിത്തമാകുന്നു.

സമൂഹിക മാധ്യമ ലോകത്തേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. കുഞ്ഞു കുട്ടികൾ മണിക്കൂറുകളോളം ഫോണോ ടാബോ ഉപയോഗിക്കുന്നതിന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചായിരുന്നു ആദ്യ വീഡിയോ. തന്‍റെ കുടുംബത്തിൽ തന്നെയുള്ള ഒരു കുട്ടിക്ക് ഉണ്ടായ ഒരു ദുരനുഭവം ആയിരുന്നു അന്ന് ആ വീഡിയോ ചെയ്യാൻ ഉണ്ടായ പ്രേരണ. ഇൻസ്റ്റായും ടിക് ടോകും ഇത്ര സാധാരണമാകുന്നതിനുമുമ്പ് 2017ൽ എഫ്ബിയിൽ മാത്രമായി പോസ്റ്റു ചെയ്ത ആ ഒരു വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടു. അതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു കൈ നോക്കാം എന്ന ചിന്ത മനസ്സിൽ ആദ്യമായ് ഉദിച്ചത്.

ഇൻഫ്ലുൻസർ എന്ന നിലയിലും ബിസിനസുകാരൻ എന്ന നിലയിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സമയം കൊല്ലാൻ മാത്രം വീഡിയോ പോസ്റ്റ് ചെയ്യാറില്ല. ഏതെങ്കിലും തരത്തിൽ അത് കാഴ്ചക്കാർക്ക് പ്രചോദനം നൽകുന്നതായിരിക്കണം എന്നതിനാലാണ് അവ വേറിട്ട് നിൽക്കുന്നത്. തന്‍റെ മേഖല സാമൂഹ്യമാധ്യമ ഇടപെടലുകൾ ആണെങ്കിലും ഫോണിൽ അമിതമായി സമയം ചെലവഴിക്കുന്നവരെ അതിന്‍റെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നൽകുന്ന വിഡിയോകളും ചെയ്യാറുണ്ട്. കൂടാതെ ഫോണുപയോഗത്തിൽ കണിശമായ അച്ചടക്കം സ്വയം പാലിക്കുന്നുമുണ്ട്.

ഒരു മോട്ടിവേഷൻ കണ്ടന്‍റുള്ള വീഡിയോ ചെയ്തു പോസ്റ്റിടുന്നതിൽ തീരുന്നില്ല അമീന്‍റെ റോൾ. പലഘട്ടങ്ങളിലും എമിറേറ്റുകൾ തോറും കിലോമീറ്ററുകൾ താണ്ടി ആളുകളുടെ പ്രശ്നങ്ങൾ തീർക്കാൻ നേരിട്ട് പോകേണ്ടി വന്നിട്ടുണ്ട്. ബിസിനസ്പരമായ തർക്കങ്ങൾ രമ്യതയിൽ തീർക്കാൻ ആളുകൾ വിളിക്കാറുണ്ട്. കുടുംബ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഇടപെടേണ്ടി വന്നിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചവരെ നേരിട്ടും ഫോണിലൂടെയും നിരന്തരം സമ്പർക്കം പുലർത്തി മരണത്തിന്‍റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്.

താങ്കളോടുള്ള ഇഷ്ടം കൊണ്ട് എന്‍റെ കുട്ടിക്ക് ഞാൻ നിങ്ങളുടെ പേരാണ് ഇട്ടത് എന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു അപരിചിതൻ വന്നു പറയുമ്പോഴാണ് തന്‍റെ സോഷ്യൽ ലൈഫ് കൊണ്ട് ഇത്രയധികം ആളുകളെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതും അതിലൂടെയുള്ള ആത്മസംതൃപ്തി ലഭിക്കുന്നതെന്നും അമീൻ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയും നാല് കുട്ടികളുമുള്ള കുടുംബവുമായി ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന ഈ മാഹിക്കാരന്‍റെ ഇഷ്ടവിനോദങ്ങൾ ക്രിക്കറ്റ് കളിയും ഡ്രൈവിങ്ങുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.