കാർഡ് പൂരമൊരുക്കി വിൻസെന്‍റ് ഗോമസ്

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ ടെലിഫോൺ കാർഡുകൾകൊണ്ട് പൂരം ഒരുക്കുകയാണ് തിരുവനന്തപുരം സ്വദേശി വിൻസെന്‍റ് ഗോമസ്. ഗൾഫിൽ പ്രവാസിയായിരുന്ന കാലം മുതൽ മൂന്നു പതിറ്റാണ്ടുകാലത്തെ ആനന്ദവും ആവേശവുമാണ് വിൻസെന്‍റ് ഗോമസിന് കാർഡ് ശേഖരണം. 140 കിലോ വരുന്ന 40,000 കാർഡുകൾകൊണ്ട് തൃശൂർ പൂരം തെക്കോട്ടിറക്കത്തെ ചിത്രീകരിക്കുകയാണ് പൂരം പ്രദർശന നഗരിയിലെ 'ഗ്ലോബൽ ടെലിഫോൺ കാർഡ്സ് ഷോ 2022'ലൂടെ.

ഒരുകാലത്ത് അടിയന്തരാവശ്യമായിരുന്ന ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് കാർഡ് ഷോയിലൂടെ വിൻസെന്‍റ് ഗോമസ് ലക്ഷ്യമിടുന്നത്. മൂന്നു ഡോളർ മുതൽ നാലു ലക്ഷം രൂപ വരെയുള്ള കാർഡുകളുണ്ട് വിൻസെന്‍റിന്‍റെ പക്കൽ. '86ൽ ഗൾഫിൽ പ്രവാസിയായിരിക്കെ ഒമാന്‍റെ മഞ്ഞനിറത്തിലുള്ള കാർഡ് സ്വന്തമാക്കിയപ്പോൾ വിൻസെന്‍റ് ഒട്ടും വിചാരിച്ചിരുന്നില്ല, നീണ്ട കാലത്തെ ആവേശമായി അത് മാറുമെന്ന്. ആദ്യം സന്ദർശിച്ച ഗൾഫ് രാജ്യങ്ങളിലെ കാർഡുകൾ ശേഖരിച്ചു. പുറകെ യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലെ കാർഡുകൾ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമായി ലഭിച്ചു.

ഇന്ത്യൻ ബുക്സ് ഓഫ് റെക്കോഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയവ ഇതുവരെ നേടിയിട്ടുണ്ട്. ഇനി ഗിന്നസ് റെക്കോഡ് ആണ് ലക്ഷ്യമെന്ന് വിൻസെന്‍റ് ഗോമസ് പറയുന്നു. ഇന്ത്യയിലെ ആദ്യമായിറങ്ങിയ ബി.പി.എൽ കാർഡ് മുതൽ ആഫ്രിക്കയിലെ ലൈക്കടെൽ വരെയെത്തുന്ന 180 രാജ്യങ്ങളുടെ കാർഡുകളുണ്ട് ശേഖരത്തിൽ. വളരെ കുറച്ച് മാത്രം ഇറങ്ങിയ ഫെസ്റ്റിവൽ സ്പെഷൽ കാർഡുകൾ അപൂർവ കാഴ്ചയാണ്. മാർപാപ്പയുടെ ചിത്രമടങ്ങിയ ടെലിഫോൺ കാർഡ് ഒരു കടയിൽനിന്ന് അവിചാരിതമായി ലഭിച്ചത് വിൻസെന്‍റിന്‍റെ ഓർമയിൽ മായാതെയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഉൾപ്പെടെ പലയിടങ്ങളിലും പ്രദർശനം നടത്തിയിട്ടുണ്ട്.

കാർഡുകൾകൊണ്ട് പൂക്കളമിട്ട് വിൻസെന്‍റ് ശ്രദ്ധ നേടിയിരുന്നു. ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ പ്രദർശനമാണ് പൂരം പ്രദർശന നഗരിയിലേത്. 1000 സ്ക്വയർ ഫീറ്റ് വലുപ്പത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.