ചെറിയൊരു മൊബൈൽ ഫോണുണ്ടെങ്കിൽ എന്തെല്ലാം നടക്കും? ചിത്രം വരക്കാനൊക്കുമോ? ഏയ് അതിന് നല്ലൊരു ക്യാൻവാസും നിറങ്ങളുമൊക്കെ വേണ്ടേ എന്ന് പറയാൻ വരട്ടെ... ഒരാളെ പരിചയപ്പെടുത്താം, മൊബൈൽ ഫോൺ ക്യാൻവാസാക്കി മനോഹരമായ ചിത്രങ്ങൾ വരക്കാമെന്ന് കാണിച്ചു തന്ന ഒരു പാലക്കാടുകാരനുണ്ട് ദുബൈയിൽ. സാംസങ് ഗാലക്സി നോട്ട് ലൈറ്റ് എന്ന തന്റെ ബഡ്ജറ്റ് ഫോണിൽ ഒരു പെൻ ഉപയോഗിച്ച് ചിത്രം വരച്ച് ശ്രദ്ധനേടിയ വിവേക് ചിങ്ങേച്ചംവീട്ടിൽ.
സ്കെച്ച് ബുക്ക് എന്ന ഫ്രീ ആപ്പ് ഉപയോഗിച്ചാണ് ഈ ചിത്രങ്ങളെല്ലാം വിവേക് വരച്ചെടുത്തത്. രണ്ടുമൂന്നു ദിവസങ്ങളെടുത്ത് തന്റേതായ ഭാവനകളും ചേർത്തങ്ങനെ മൊബൈൽ ഫോൺ ക്യാൻവാസാക്കി മനോഹര ചിത്രങ്ങൾ വിരിയും. വരക്കുന്നവ അധികവും മനോഹരമായ പ്രകൃതിയും ഓർമ്മയിലെ മനോഹര ദൃശ്യങ്ങളുമൊക്കെയാണ്.
മൊബൈലിൽ ഇത്തരത്തിൽ ചിത്രം വരയ്ക്കുന്ന യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ട് പ്രാക്ടീസ് ചെയ്താണ് തുടക്കം. കോവിഡ് സമയവും ലോക്ക്ഡൗണുമൊക്കെ എല്ലാവരെയും പോലെ ഉപയോഗപ്പെടുത്തി വിവേക്. ക്വാറന്റൈൻ കാലത്ത് ഏകദേശം പതിനഞ്ചോളം ആർട്ട് വർക്കുകളാണ് വിവേക് തന്റെ ഫോണിൽ വരച്ചെടുത്തത്. വരച്ച ചിത്രങ്ങൾ vividexpressions എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചിത്രം വരക്കുന്ന വീഡിയോ ആദ്യം മുതൽ അവസാനം വരെ ഷൂട്ട് ചെയ്തു അതും പോസ്റ്റ് ചെയ്തു. ഇത്രയും ചെറിയ ഒരു സ്ക്രീനിൽ ഇത്ര മനോഹരമായി ഈ ചിത്രം വരക്കാൻ ആകുമോ എന്ന് പലരും കൗതുകത്തോടെയാണ് നോക്കിനിന്നത്. അധികമാളുകൾക്കും ഇതൊരു പുതിയ അറിവ് കൂടിയായിരുന്നു. ആരും അധികം പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത രീതി.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ വെച്ച് എല്ലാ വർഷവും നടക്കാറുള്ള വേൾഡ് ആർട് ദുബൈയിൽ മൂന്നുവർഷത്തോളം വിസിറ്റർ ആയി മാത്രം ചെന്നിരുന്ന വിവേക് അങ്ങനെ മൊബൈൽ സ്ക്രീനിൽ താൻ വരച്ച തന്റെ ചിത്രങ്ങൾ എക്സിബിറ്റ് ചെയ്യാൻ തീരുമാനിച്ചു. ഏകദേശം മുന്നൂറിലധികം ആർട്ടിസ്റ്റുകൾ പങ്കെടുത്തിരുന്ന ഈ എക്സിബിഷനിൽ മൊബൈലിൽ താൻ സ്കെച്ച് ചെയ്ത ചിത്രങ്ങളും സെലക്ട് ചെയ്തു. ചിത്രങ്ങൾ പ്രിൻറ് ചെയ്തു പ്രദർശിപ്പിച്ചു.
താൻ വരച്ച 15 ചിത്രങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. നല്ല അഭിപ്രായങ്ങളും പ്രോത്സാഹനവും ലഭിച്ചു. കൗതുകത്തോടെയാണ് ഓരോരുത്തരും ഈ മനോഹര ചിത്രങ്ങൾ നോക്കി കണ്ടത്. ‘വെൻ ഫോൺ ബികംസ് എ ക്യാൻവാസ്’ നിങ്ങളുടെ ഫോൺ ഒരു കാൻവാസ് ആയാൽ എന്നായിരുന്നു പ്രദർശനത്തിൽ വിവേകിന്റെ തീം. മെറ്റീരിയൽ ഇല്ല കയ്യിൽ കാശില്ല തുടങ്ങിയ ഓരോ എക്സ്ക്യൂസുകൾ പറഞ്ഞ് വരക്കാതിരിക്കുകയും വേണ്ട. ഒരു ഫോണും നമുക്കായി നമ്മുടെ ഇഷ്ടങ്ങൾക്കായി മാറ്റിവയ്ക്കാൻ ഒരിത്തിരി സമയവും ഉണ്ടെങ്കിൽ ഫോണിലും ചിത്രം വരക്കാം.
വരകളോട് എന്നും പ്രിയം
ചെറുപ്പം മുതൽ ചിത്രകല വിവേകിന്റെ ഒരു പാഷനാണ്. വാട്ടർകളർ, അക്രിലിക് തുടങ്ങി എല്ലാവിധ രീതികളും പരീക്ഷിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ സ്കൂൾ ആർട്സ് ഫെസ്റ്റുകളിൽ ചിത്രകലക്കും പെയ്ന്റിങ്ങിനുമൊക്കെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള വിവേക് പാലക്കാട് ജില്ലാ പൊലീസ് ആർട് കോമ്പൻറ്റീഷനിലും സമ്മാനം നേടിയിട്ടുണ്ട്. ചിത്രങ്ങളിൽ പലതും വിവേകിന്റെ ഓർമ്മകൾ കൂടിയാണ്. ചെറുപ്പത്തിൽ താൻ കണ്ട കാടുപിടിച്ച കാവിന്റെ മനോഹാര്യതയും ഒപ്പം തന്റെ കുറച്ച് ക്രിയേറ്റിവിറ്റിയും ചേർത്ത് മനോഹരമായ ഒരു ചിത്രം വിവേക് വരച്ചിട്ടുണ്ട്. എവിടെ നിന്നും ചിത്രം വരക്കാം എന്നുള്ളതാണ് ഈ ഒരു ആർട്ട് വർക്കിന്റെ മറ്റൊരു പ്രത്യേകത. യാത്ര ചെയ്യുമ്പോഴോ, വെറുതെയിരിക്കുന്ന സമയത്തോ എവിടെ നിന്നും പേനയും പേപ്പറും ഒന്നുമില്ലാതെ മനസ്സിലുള്ള ചിത്രം വരക്കാം. ആറുവർഷമായി ദുബൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന വിവേക് ഒരിക്കൽ നാട്ടിലേക്ക് പോകുമ്പോൾ മനോഹരമായ ആകാശം ഫ്ലൈറ്റിൽ ഇരുന്ന് കണ്ട് ആ നീലാകാശവും തന്റെ മൊബൈൽ ഫോണിന്റെ ക്യാൻവാസിൽ വരച്ചിരുന്നു.
ലുലു ഗ്രൂപ്പ് റീജനൽ ഓഫിസ് വേൾഡ് ഹാർട്ട് ഡേയോടനുബന്ധിച്ച് അൽ ബർഷാ ലുലു സെൻട്രൽ സ്പേസിൽ വിവേകിനായി ഒരു എക്സിബിഷൻ സ്പേസ് ഒരുക്കുകയും ചെയ്തിരുന്നു. യു.എ.ഇ നാഷണൽ ഡേയിലും ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരുന്നു.
ഇപ്പോൾ പുതിയൊരു ചിത്രരചന പദ്ധതിയിൽ കൂടിയാണ് വിവേക്. ദുബൈയുടെ ഓരോ 20 വർഷവും ഒപ്പം 20 വർഷത്തെ മാറ്റങ്ങളും കാണിക്കുന്ന ഒരു വ്യത്യസ്ത ആർട് വർക്ക്. ചിത്രകലയുടെ ഇഷ്ടമുള്ള കുട്ടികൾക്ക് ഒരുപാട് പ്രചോദനമാണ് ഈ വേറിട്ട ചിത്രകല. കുട്ടികൾ എന്നോ മുതിർന്നവരെന്നോ ഇല്ലാതെ ഈ മൊബൈൽ ചിത്രങ്ങൾ ഇഷ്ടപെടുന്നു. ഒരിക്കൽ ദുബൈ എക്സിബിഷനിൽ വെച്ച് പ്രായമായ ഒരു സ്ത്രീ കൗതുകത്തോടെ തൻറെ ആർട്ട് വർക്കിനെ നോക്കി കണ്ടതും, അത്ഭുതത്തോടെ ഇത് ഫോണിൽ വരച്ചതാണോ എന്ന് ചോദിച്ചതും, ഇത് തീർത്തും വ്യത്യസ്തമാണെന്ന് തന്നോട് പറഞ്ഞതും വിവേക് പങ്കുവെക്കുന്നു. വീക്കെന്റുകളിൽ നല്ല ഒരു മ്യൂസിക് ഒക്കെ കേട്ട് സമാധാനത്തിൽ ചിത്രം വരയ്ക്കുന്നതിന് സുഖം വേറൊന്നും തന്നെയാണെന്ന് വിവേക് അഭിപ്രായപ്പെടുന്നു. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ചെയ്യുമ്പോൾ, നമുക്ക് വേണ്ടി ഒരു സെൽഫ് ടൈം എടുക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖമാണ് അല്ലെങ്കിൽ ഒരു മെഡിറ്റേഷൻ ചെയ്യുന്നപോലെ ഒക്കെയാണ് ചിത്രം വരക്കുമ്പോൾ തനിക്ക് കിട്ടുന്നതെന്ന് വിവേക് പറയുന്നു. ഭാവിയിൽ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ഒരു ഓൺ ബ്രാൻഡ് തുടങ്ങണമെന്നാണ് ആഗ്രഹം.
ഓരോ ആർട് ചെയ്യുമ്പോഴും ഭാര്യ അതുല്ല്യയുടെ പിന്തുണയും എടുത്ത് പറയേണ്ട ഒന്നാണ്. അച്ഛൻ മോഹൻദാസിനും അമ്മ ഗീതുമോഹനുമൊപ്പം യു.എ.ഇയിൽ തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം വിവേക് പൂർത്തിയാക്കിയത്. സഹോദരൻ വിനയും തനിക്ക് ഏറെ പ്രചോദനം നൽകിയിട്ടുണ്ട്.
കലാകാരന്മാരുടെ പറുദീസയാണ് യു.എ.ഇ എന്നും, കലാകാരന്മാർക്ക് ഒരു പ്രത്യേക പ്രാധാന്യം നൽകുന്ന രാജ്യം കൂടിയാണ് യു.എ.ഇ എന്നും വിവേക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.