ഭോപ്പാൽ നഗരത്തിൽ പാൽ കച്ചവടം നടത്തിയും പത്രം വിതരണം ചെയ്തും ജീവിച്ച ഒരു പതിമൂന്നുകാരൻ, രണ്ട് പതിറ്റാണ്ടിനിപ്പുറം ദുബൈ നഗരത്തിൽ പ്രമുഖരടക്കം ഗുരുവായി സ്വീകരിച്ച ഫിറ്റ്നസ് ഐക്കണും ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ജിംനേഷ്യത്തിന്റെ ഉടമയുമായി മാറുന്നു. അസാധ്യമല്ലെങ്കിലും അത്യസാധരണമായ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലായൊരാൾക്ക് മാത്രമേ അങ്ങനെയൊരു നേട്ടത്തിലേക്ക് ഉയരാനാകൂ. പ്രത്യേകിച്ച് ഔദ്യോഗിക വിദ്യഭ്യാസത്തിന് സാഹചര്യം ലഭിച്ചിട്ടില്ലാത്തൊരാൾ കൂടിയാകുമ്പോൾ പിന്നിടാനുള്ള കടമ്പകൾക്ക് ഉയരും വർധിക്കും, പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും രൂപവും ഭാവവും മാറും. അത്തരമൊരു കഥയാണ് യാസിർ ഖാൻ എന്ന 33കാരന്റേത്.
മധ്യപ്രദേശിലെ ഭോപ്പാലിൽ കർഷക കുടുംബത്തിലാണ് ജനനം. സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ ഔദ്യോഗിക വിദ്യഭ്യാസത്തിന് തടസമായി. ഭോപ്പാൽ നഗരത്തിലും സമീപ ഗ്രാമങ്ങളിലുമായാണ് കുട്ടിക്കാലം പിന്നിട്ടത്. മാതാപിതാക്കളുടെ ലളിത ജീവിതവും കഠിനാധ്വാന ശീലവും പകർന്നുകിട്ടിയതിനാലാണ് പാൽ വിൽക്കാനും പത്രവിതരണത്തിനുമൊക്കെ ചെറുപ്പത്തിൽ തന്നെ ഇറങ്ങിത്തിരിച്ചത്. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രയാസപ്പെടുന്ന പിതാവിനെ സഹായിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. പിതാവ് 'അകാഡ' എന്നറിയപ്പെടുന്ന ലോക്കൽ ഫിറ്റ്നസ് കേന്ദ്രത്തിൽ പരിശീലിച്ചിരുന്നു.
എന്നാൽ ഇടക്കാലത്ത് ഇത് അവസാനിപ്പിക്കേണ്ടിവന്നു. യാസിർ പതിമൂന്നാമത്തെ വയസിലാണ് ഫിറ്റ്നസ് ട്രെയിനിങ് ആരംഭിക്കുന്നത്. അക്കാലത്ത് ഭോപ്പാലിൽ ഫിറ്റ്നസ് ട്രെയിനിങ് കാര്യമായി ഉണ്ടായിരുന്നില്ല. അകാഡകളിലും പിന്നെ സ്കൂളുകളിൽ പി.ടി അധ്യാപകരും മറ്റുമാണ് ട്രെയിനിങ് നൽകിയിരുന്നത്. 16ാം വയസിൽ മുബൈയിലേക്ക് താമസം മാറ്റി. അഞ്ചുവർഷം അവിടെ താമസിച്ചത് ജീവിതത്തിൽ വഴിത്തിരിവായി. ട്രെയിനിങ് തുടരുകയും ബോളിവുഡിലെ പ്രമുഖരടക്കം പലർക്കും പരിശീലനം നൽകാനും ഇവിടെവെച്ച് സാധിച്ചു. പെട്ടന്നായിരുന്നു വളർച്ച. എം.ടിവിയിൽ റിയാലിറ്റിഷോയുടെ ഭാഗമായി, പല ഫാഷൻ മാഗസിനുകളുടെ കവർ ചിത്രമായും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
യാസിർ എല്ലാ കാലത്തും മാറ്റത്തെ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരനാണ്. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നത് ചെറുപ്പം മുതലുള്ള സ്വഭാവമായിരുന്നു. നമ്മുടെ ശരീരം നമ്മൾ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളുടെ ഫലമാണെന്ന തിരിച്ചറിലെത്തുന്നത് അങ്ങനെയാണ്. അത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകിയാണ് ബോഡി ട്രാൻസ്ഫോമേഷനിൽ വിദഗ്ധനാകാൻ സാധിച്ചത്. ഈ മേഖലയിലെ ഏറ്റവും മികച്ച 'റെസിപ്പി' കയ്യിലുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് പരിശീലന രംഗത്തേക്ക് ഇറങ്ങുന്നതിന് പ്രചോദനമായത്. ആളുകളുടെ ശരീരം മാത്രമല്ല, മനസുകൂടി തിരിച്ചറിഞ്ഞേ ശരിയായ ബോഡി ട്രാൻസ്ഫോമേഷൻ സാധ്യമാകൂ. കാരണം മനുഷ്യന്റെ ഉപബോധമനസുകൂടിയാണ് വ്യക്തികളുടെ സ്വഭാവചര്യകളെ നിർണയിക്കുന്നത്. അതിനാൽ സ്വഭാവചര്യകളിൽ മാറ്റമുണ്ടാകണമെങ്കിൽ മാനസികമായ മാറ്റം കൂടി അനിവാര്യമാണ്. കേവലമായ ഭാരം കുറക്കൽ മാത്രം ശാരീരികമായ മാറ്റത്തിന് മതിയാകില്ലെന്ന് മനസിലാക്കണം -തുടങ്ങിയ സ്വന്തമായ തിരിച്ചറിവുകളുമായാണ് 2015ൽ ദുബൈയിലേക്ക് ജീവിതം പറിച്ചുനടുന്നത്.
ലോകത്തെ അവസരങ്ങളുടെ വലിയ കാൻവാസിലേക്ക് വാതിൽ തുറക്കുന്നത് ദുബൈയാണ്. പല രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ബോഡി ബിൽഡിങ് മൽസരങ്ങളിൽ പങ്കെടുക്കാനായി യാത്ര ചെയ്തു. ആസ്ത്രേലിയ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങൾ അക്കൂട്ടത്തിൽ പെട്ടതാണ്. ബ്രിട്ടനിൽ വെച്ച് 'ക്ലാസിക് ഫിസിക്' വിഭാഗത്തിൽ ചാമ്പ്യനാകാൻ സാധിച്ചത് സ്വപ്ന തുല്യമായ നേട്ടമായിരുന്നു. കീശയിൽ 200ദിർഹവുമായാണ് ഈ രാജ്യത്ത് വന്നിറങ്ങിയത്. ആദ്യത്തിൽ ചില ജിമ്മുകളിൽ ജോലി ചെയ്തു. പിന്നീട് ദുബൈയിൽ നിന്ന് ലോകത്തിന് മുഴുവൻ തന്റെ ഫിറ്റ്നസ് കൺസെപ്റ്റ് പരിചയപ്പെടുത്താൻ സാധിക്കുമെന്നത് തിരിച്ചറിഞ്ഞതോടെ മുംബൈയിലെ ജീവിതം പൂർണമായി മതിയാക്കി ദുബൈയിൽ സ്ഥിരമാക്കുകയായിരുന്നു. ഇപ്പോൾ 50പേർ പ്രവർത്തിക്കുന്ന ടി.വൈ.ബി(ട്രാൻസ്ഫോം യുവർ ബോഡി) എന്ന സ്ഥാപനം വളർത്തിയെടുത്തു. അടുത്ത മാസങ്ങളിൽ 80,000സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള ജിംനേഷ്യം ദുബൈ അൽ ഖൂസിൽ തുറക്കാനിരിക്കയാണ്. ഗൾഫിലെ ഏറ്റവും വലിയ ജിമ്മായിരിക്കും ഇത്. നിരവധി ഫാഷൻ, ഫിറ്റ്നസ് മാഗസിനുകളുടെ കവറിൽ ഇതിനകം യാസിറിന്റെ മുഖം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
കോവിഡ് സാധ്യതയായപ്പോൾ
കോവിഡ് കാരണമായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ടി.വൈ.ബി കമ്പനി രജിസ്റ്റർ ചെയ്തത്. വലിയ പ്രതിസന്ധിയിലേക്കാണ് ആ സമയത്ത് കാലടെുത്തുവെച്ചത്. സാമ്പത്തികമായി പ്രയാസമുണ്ടായി. കാരണം ജോലിക്കാരന് ശമ്പളം, കെട്ടിട വാടക എന്നിങ്ങനെ ചിലവുകളുണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ കോവിഡ് കാലത്തെ അഭിമുഖീകരിക്കാൻ തീരുമാനിച്ചു. പ്രത്യേകിച്ച് ബാധ്യതകളൊന്നും ഇല്ലാത്തതിനാലും ഒറ്റയാനായതിനാലും ഒരു തീരുമാനത്തിനും പ്രയാസമില്ലായിരുന്നു. ടി.വൈ.ബി അടുത്ത ഒരു വർഷത്തേക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ആസൂത്രണം ചെയ്തു.
എല്ലാവരും ആരോഗ്യത്തെ കുറിച്ച് ആശങ്കയിലായ സമയം കൂടിയായിരുന്നു അത്. അപ്പോൾ ഫിറ്റ്നസ് ട്രെയിനിങിന് ധാരാളം അന്വേഷണങ്ങളുണ്ടായി. എല്ലാവരോടും പരിശീലനത്തിന് തയ്യാറാണെന്ന് പറഞ്ഞു. പതിയെപ്പതിയെ പരിശീലിനത്തിന് കൂടുതൽ പേരെത്തി. അതിലൂടെ കോവിഡ് കാലവും പോസിറ്റീവായി ഉപയോഗപ്പെടുത്താനായി. ഇത്തരത്തിൽ നിരവധി പേരെ ആത്മവിശ്വാസത്തോടെ മഹാമാരിക്കാലത്തെ അതിജീവിക്കുവാൻ സഹായിക്കാനായി.
ഫിറ്റ്നസ് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേകമായ പരിശീലനമോ കോഴ്സോ ഒന്നും യാസിർ ഖാൻ പഠിച്ചിട്ടില്ല. റെഗുലർ വിദ്യഭ്യാസം തന്നെ അൽപമെങ്കിലും നേടിയെടുക്കുന്നത് 16ാമത്തെ വയസിൽ മുംബൈയിലേക്ക് മാറിയ ശേഷമാണ്. മറ്റെല്ലാ കാര്യങ്ങളും അനുഭവത്തിലൂടെയും സ്വന്തമായും പഠിച്ചെടുത്തതാണ്. അതിനാൽ തന്നെ ലക്ഷ്യം കൈവരിക്കാനുള്ള ഇച്ഛാശക്തിയുണ്ട്. വലിയ പ്രതിസന്ധികൾ മറികടന്നാണ് ഇത്തരമൊരു പൊസിഷനിൽ എത്തിച്ചേർന്നത്. അതിന് വലിയ ത്യാഗം തന്നെ വേണ്ടിവന്നിട്ടുണ്ട്. അമേരിക്കയിൽ പരിശീലന കേന്ദ്രം തുടങ്ങുന്നതായിരുന്നു ലക്ഷ്യം. രണ്ടു പ്രാവശ്യം അതിനായി അപേക്ഷ നൽകി.
എന്നാൽ രണ്ടും നിഷേധിക്കപ്പെട്ടു. ഒരുപക്ഷേ പുതിയ കാലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ പേര് തന്നെയാവാം വില്ലനായതെന്ന് യാസിർ ഖാൻ സംശയിക്കുന്നു. ദുബൈയിലെത്തിയ ശേഷം ലോകത്തെ ഫിറ്റ്നസ് മേഖലയിലെ മൽസരം തിരിച്ചറിയാനും അതിനനുസരിച്ച് സ്വന്തമായ സ്ഥാപനത്തെ വളർത്തിയെടുക്കാനും സാധിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ ജിമ്മിലേക്കുള്ള പ്രയാണം ഇങ്ങനെയാണ്.
നിലവിൽ വ്യത്യസ്തങ്ങളായ ജിമ്മുകളിൽ പരിശീലനം നൽകുന്നുണ്ട്. അൽഖൂസിൽ ആരംഭിക്കുന്ന ജിമ്മിൽ ദിവസവും രണ്ടായിരം പേർക്കുള്ള സൗകര്യങ്ങളാണൊരുക്കുന്നത്. ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ ഫീൽഡിൽ നമ്പർ വണ്ണാകുക എന്നതാണ് സംരഭത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ദുബൈ എല്ലാ കാലത്തും ഒന്നാമതെത്തുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിന് മുഴുവൻ ഫിറ്റ്നസ് പാഠങ്ങൾ പകരാൻ ഇവിടെനിന്ന് സാധിക്കുമെന്നതാണ് പ്രതീക്ഷ.
വിവിധ സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും യാസിർ ഖാന്റെ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഒരു വെല്ലുവിളിയും പ്രത്യേകിച്ച് അഭിമുഖീകരിക്കുന്നില്ല. സമീപിക്കുന്ന ഒരോരുത്തർക്കും മികച്ച നേട്ടം പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. അവരുടെ മാനസികാവസ്ഥയും ശരീരകാവസ്ഥ മാറ്റാനാണ് ആഗ്രഹിക്കുന്നത്.
ഒരു വ്യക്തിയെന്ന നിലയിൽ കാര്യങ്ങളെ സസൂക്ഷമം നിരീക്ഷിക്കുകയും തീവ്രമായി പഠിക്കുകയും ചെയ്യുന്നൊരാളാണ്. വ്യക്തിപരമായി പഠിക്കുകയും വളരുകയും വികസിക്കുകയും ചെയ്യലാണ് തന്റെ ഭാവി പദ്ധതിയെന്നാണ് ലക്ഷ്യത്തെ കുറിച്ച ചോദ്യത്തിന് മറുപടി. ഫിറ്റ്നസിന്റെ ലോകത്തെ തന്നെ പരിവർത്തിപ്പിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളിലാണ് ശ്രദ്ധ. തീർച്ചയായും മികച്ച ഭാവിയിലേക്ക് പ്രതീക്ഷാപൂർവ്വം മുന്നേറുകയാണ് താനെന്ന ആത്മവിശ്വാസത്തിലാണ് ഈ ട്രാൻസ്ഫോമേഷൻ എക്സ്പേർട്ട്.
ശരീരം സമ്പൂർണമായും പരിവർത്തിപ്പിക്കുക എന്നതാണ് യാസിർ ഖാന്റെ പരിശീലനത്തിന്റെ പ്രത്യേകത. സാധാരണ ഫിറ്റ്നസ് ട്രെയിനർമാരിൽ നിന്ന് വ്യത്യസ്തമായി, പരിശീലിപ്പിക്കുന്ന ഒരോരുത്തരുടെയും നിത്യജീവിതത്തിലെ മുഴുവൻ കാര്യങ്ങളിലും ഇടപെടലുണ്ടാകും. അതിനാൽ പരിശീലിപ്പിച്ച പലരുടെയും വ്യക്തിത്വത്തിൽ കാര്യമായ മാറ്റം തന്നെ ബോഡി ട്രാൻസ്ഫോമേഷനോടെ സംഭവിച്ചിട്ടുണ്ട്. മനസ്, സ്വഭാവചര്യകൾ, തുടർച്ചയുള്ള പരിശീലനം എന്നിവയാണ് പരിശീലനത്തിൽ ഫോക്കസ് ചെയ്യുന്നത്.
ഒരാളുടെ ശരീരപ്രകൃതവും വ്യക്തിത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഒരാൾ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, എന്ത് കേൾക്കുന്നു, എന്ത് കാണുന്നു എന്നതെല്ലാം ശരീരപ്രകൃതിയെ നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ള ഒരാൾ അത്തരം ആളുകളുമായി തന്നെയാണ് കൂട്ടുകൂടുന്നതെങ്കിൽ പുതിയ ആശയങ്ങളും പ്രശ്നങ്ങൾ മറികടക്കാനുള്ള വഴിയും കണ്ടെത്തില്ല. അതുപോലെ ഏത് തരം കൂട്ടുകാരുടെ അടുത്താണ് എത്തുന്നത് എന്നതിനനുസരിച്ച് ഫിറ്റ്നസും നിർണയിക്കപ്പെടും. അത്തരം സാഹചര്യത്തിൽ ഏറ്റവും മികച്ച സുഹൃത്തായും സഹായിയായും ഫിറ്റ്നസ് കൈവരിക്കാൻ സഹായിക്കുകയാണ് യാസിർ ഖാൻ ചെയ്യുന്നത്. അത് എല്ലാവർക്കും സാധ്യമല്ലാത്ത ഒരു പരിശീലന സംവിധാനമാണ്.
സാധാരണഗതിയിൽ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർ 'ഫിറ്റ്നസ് വിദഗ്ധർ' എന്നറിയപ്പെടുമ്പോൾ ഇദ്ദേഹം 'ബോഡി ട്രാൻസ്ഫോമേഷൻ വിദഗ്ധൻ' എന്നാണ് പരിചയപ്പെടുത്തുന്നത്. കാരണം ഫിറ്റ്നസ് ട്രെയിനർമാർ പരിശീലന സമയത്ത് മാത്രം നിർദേശങ്ങൾ നൽകുമ്പോൾ, ഇദ്ദേഹം മുഴുസമയവും പാലിക്കേണ്ട ശീലങ്ങൾ പഠിപ്പിക്കുന്നു. ഇത്തരത്തിൽ മാത്രമാണ് ബോഡി ട്രാൻസ്ഫോമേഷൻ പൂർണരൂപത്തിൽ സാധ്യമാകൂ എന്നതിനാലാണ് ഈ രീതി പിന്തുടരുന്നത്.
മൂന്നും നാലും മാസമാണ് സാധാരണഗതിയിൽ ഈ പരിശീലനം ഉണ്ടാകാറുള്ളത്. സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ താരമായ പ്രമുഖൻ പരിശീലനം പൂർത്തിയാക്കിയപ്പോൾ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാർ തന്നെ പങ്കുവെച്ചതായി യാസിർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.