???????? ?????? ?????????

ടാക്സിയില്‍ പറക്കുന്ന മക്കാനിപ്പെരുമ

ചവിട്ടിനില്‍ക്കാന്‍ മാത്രമുള്ള മണ്ണില്‍ സ്വപ്നങ്ങള്‍ മാത്രമേ കെട്ടിപ്പൊക്കാന്‍ കഴിയൂവെന്ന തിരിച്ചറിവില്‍ നിന്നാണ് അബ്ദുല്ല കോഴിക്കോട് നാദാപുരത്തുനിന്ന് 70 വര്‍ഷംമുമ്പ് യാത്ര പുറപ്പെട്ടുപോയത്. ഇളംപ്രായത്തിലെ ഉശിരും കൈയില്‍ കരുതിയ ചില്ലറകളും കുടുംബക്കാരില്‍ ചിലരുടെ വിലാസവുമായി അയാള്‍ കോഴിക്കോടും ബോംബെയും കല്‍ക്കത്തയും പിന്നിട്ടു. നടന്നും ചരക്കുവണ്ടി കയറിയും തീവണ്ടിപ്പുരയിലിരുന്നും ഒടുവില്‍ ബര്‍മയിലെത്തി. അവിടെ ബന്ധുക്കളെ തേടിച്ചെന്ന് അവരുടെ മുഖത്തെ അദ്ഭുതം കണ്ട് പുഞ്ചിരിച്ചു. പിന്നെ അവിടെയായി തട്ടകം. ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ. സ്വന്തം കൂരയിലെ കൂട്ടുകുടുംബത്തിന്‍െറകൂടി പുഞ്ചിരി. അവര്‍ക്ക് വിശക്കാതിരിക്കണം. ഉടുക്കാന്‍ പെരുന്നാളിനെങ്കിലും ഒരു കോടിമണമുള്ള വസ്ത്രം. പിന്നെ തന്‍െറ പെങ്ങന്മാരുടെ വിവാഹം. പക്ഷേ, കഥകള്‍പോലെയും കിനാവുപോലെയും അല്ല ജീവിതം. അവിടെ പ്രതീക്ഷിക്കാത്തത് സംഭവിക്കും. ബര്‍മയിലെ കഠിനാധ്വാനങ്ങള്‍ക്കിടയില്‍ ഇടിത്തീപോലെ ഒരു വാര്‍ത്ത പരന്നു. രണ്ടാം ലോകയുദ്ധത്തിന് ബര്‍മക്കാരെ ബ്രിട്ടീഷ് പട്ടാളം കൂട്ടിക്കൊണ്ടു പോകുന്നു. പോര്‍ക്കളത്തില്‍ പോയി ആര്‍ക്കോവേണ്ടി മരിക്കാന്‍ തയാറല്ലാത്തതുകൊണ്ടാകണം അബ്ദുല്ലയും ബന്ധുക്കളായ ചെറുബാല്യക്കാരും പാതിരാത്രിയില്‍ ബര്‍മയില്‍നിന്ന് കൈയില്‍ കിട്ടിയതുമായി പുറപ്പെട്ടു. സ്വന്തം മണ്ണിലേക്കുള്ള ആ യാത്രയും സംഭവബഹുലമായിരുന്നു. നടന്നും ഓടിയും ഒളിച്ചിരുന്നും വിശന്നും ലോറികളില്‍ മാറിക്കയറിയും ഒടുവില്‍ അവര്‍ നാദാപുരത്തിന്‍െറ മണ്ണിലെത്തി. അപ്പോള്‍ നാട് സ്വാതന്ത്ര്യത്തിന്‍െറ സമരബോധവുമായി ജ്വലിക്കുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യം കിട്ടിയ കാലം. ഇനി സ്വന്തം മണ്ണില്‍നിന്ന് എന്തെങ്കിലും പണിയെടുത്തോ കച്ചവടംചെയ്തോ കുടുംബത്തിന് തുണയാകാമെന്ന ചിന്തയില്‍ കുറെ കാലം. അതില്‍ കുറെയേറെ ജയിച്ചു. പക്ഷേ, പ്രാരബ്ധങ്ങള്‍ വീണ്ടും വീടിനെ കാര്‍ന്നുതിന്നുന്നുവെന്ന ബോധ്യം അലട്ടിത്തുടങ്ങിയപ്പോള്‍ അബ്ദുല്ല വീണ്ടും പുറപ്പെട്ടുപോയി. ഇത്തവണ തീവണ്ടിയിലേക്കായിരുന്നില്ല. പത്തേമാരി കയറി പേര്‍ഷ്യയിലേക്കായിരുന്നു പോക്ക്.

1963ല്‍ ഒരു മാസത്തിലേറെയുള്ള യാത്രക്കിടയില്‍ ആടിയും ഉലഞ്ഞും ആ പത്തേമാരി കാറ്റും കോളും നിറഞ്ഞ അലകള്‍ക്കു മീതെ ലക്ഷ്യസ്ഥാനം കണ്ടു. കടലില്‍നിന്ന് കരയിലേക്ക് നീന്തിച്ചെന്നു. ഖത്തറിന്‍െറ ചുട്ടുപൊള്ളുന്ന മണ്ണിലൂടെ അയാള്‍ നടന്നുചെന്നത് ദോഹയിലെ മുംതാസ പാര്‍ക്കിലേക്കായിരുന്നു. അവിടെയുള്ള വിശാലമായ പാര്‍ക്കില്‍ വന്നിരിക്കുന്ന കുറെ മനുഷ്യന്മാര്‍. അതില്‍ പല രാജ്യക്കാരുമുണ്ട്. അവിടെ കിടന്ന കുറെ ടാക്സി കാറുകളില്‍നിന്ന് ഡ്രൈവര്‍മാര്‍ പുതിയൊരാള്‍ വരുന്നത് കണ്ട് വളഞ്ഞു. എങ്ങോട്ടു പോകാനാണ്. ‘ഇതാ എന്‍െറ ടാക്സിയില്‍ കയറൂ...’ എന്നാല്‍, എങ്ങോട്ട് പോകാനും തയാറായ അയാള്‍ക്ക് ഇപ്പോള്‍ അറിയാത്തതും എങ്ങോട്ട് സഞ്ചരിക്കണം എന്നതാണ് എന്നറിഞ്ഞപ്പോള്‍ ഡ്രൈവര്‍മാര്‍ ചിരിച്ചു. ടാക്സിക്കാരുടെ ആ ചിരിയില്‍നിന്നായിരുന്നു അബ്ദുല്ലയുടെ തുടക്കം. ഡ്രൈവര്‍മാര്‍ കൂടുന്ന ആ പാര്‍ക്കിന് മുന്നില്‍ ഒരു അറബിയുടെ കാരുണ്യത്തില്‍ ഒരു പെട്ടിക്കട ആരംഭിച്ചു. അറബിയുടെ വീടിനോട് ചേര്‍ന്ന ഗാരേജിന്‍െറ ഒരു ഭാഗത്തായിരുന്നു അത്. 49 വര്‍ഷം മുമ്പുള്ള ഖത്തറിന്‍െറ അവസ്ഥ അന്ന് എല്ലാ രീതിയിലും വ്യത്യസ്തമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടിക്കട അല്‍പംകൂടി പരിഷ്കരിച്ചു. ന്യൂ കേരള റസ്റ്റാറന്‍റ് എന്ന പേരില്‍. കടയില്‍ അരിപ്പത്തിരിയും ഇറച്ചിക്കറിയും ഒക്കെ വെച്ചു വിളമ്പിത്തുടങ്ങി. ടാക്സി ഡ്രൈവര്‍മാരും അവരുടെ കാറുകളില്‍ എത്തുന്നവരും മാത്രമായിരുന്നു കടയിലെ പതിവുകാര്‍. ദോഹയിലെ ടാക്സി ഡ്രൈവര്‍മാരും അബ്ദുല്ലയും തമ്മിലുണ്ടായ ആത്മബന്ധം കൂടിവന്നു. അങ്ങനെയാണ് ന്യൂ കേരള റസ്റ്റാറന്‍റ് എന്ന് എഴുതിവെച്ച ആ ചെറുഹോട്ടലിന് സ്വദേശികളും വിദേശികളും ചേര്‍ന്ന് ‘ടാക്സി ഹോട്ടല്‍’ എന്നു പേരിട്ടത്.

ടാക്സി ഹോട്ടല്‍ പോസ്റ്റര്‍
 


കുടുംബക്കാരെക്കൂടി കൊണ്ടുവരുന്നു
തന്‍െറ രക്തവേരുകളെക്കൂടി ഇതിനിടയില്‍ അബ്ദുല്ല ഖത്തറിലത്തെിച്ചു. മക്കളായ കുഞ്ഞഹമ്മദ്, സൂപ്പി, ഖാദര്‍ എന്നിവരെയും മകള്‍ പാത്തു ഹജ്ജുമ്മയുടെ മകന്‍ അഷ്റഫിനെയും ഒക്കെ തന്‍െറ ഹോട്ടലിലെ ചുമതലകള്‍ പകുത്തുതുടങ്ങി. 1975ലത്തെിയ ഖാദര്‍ ഹാജി പറയുന്നത് അന്ന് ഖത്തറിലെത്തി ടാക്സി ഹോട്ടലിലേക്ക് വന്നുകയറിയ അനുഭവം ഒരിക്കലും മറക്കില്ല എന്നാണ്. ഉഷ്ണക്കാറ്റ് വീശിക്കൊണ്ടിരിക്കുന്ന നട്ടുച്ചയില്‍ കടയിലേക്ക് വന്നപ്പോള്‍ പലതരം കളറുകളുള്ള (അന്നുള്ള ടാക്സികള്‍ക്ക് ബഹുനിറമുണ്ടായിരുന്നു. പിന്നീടവ ഓറഞ്ച് കലര്‍ന്ന നിറമായി. ഇപ്പോള്‍ പ്രത്യേക പച്ചനിറമുള്ളതും) ടാക്സികളില്‍ നിന്നും ഇറങ്ങിവരുന്ന ഡ്രൈവര്‍മാരുടെ നിര. അവരില്‍ നേപ്പാളികളും ശ്രീലങ്കക്കാരും ഇന്ത്യക്കാരും ഫിലിപ്പീനികളും പാകിസ്താനികളും ഒക്കെയുണ്ട്. പച്ചരിച്ചോറും പരിപ്പുകറിയും ഒക്കെ ചേര്‍ത്ത് കഴിച്ചശേഷം അവര്‍ തന്‍െറ ഉപ്പക്ക് ചില്ലറ നാണയങ്ങള്‍ നല്‍കിയശേഷം സംതൃപ്തിയോടെ പോകുന്നു. വന്നുനില്‍ക്കുന്ന പയ്യന്‍ അബ്ദുല്ലയുടെ മകനാണെന്ന് അറിഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ കെട്ടിപ്പിടിച്ചും ഹസ്തദാനം നടത്തിയും സ്നേഹം പ്രകടിപ്പിച്ചു. ഖാദറിന് ഒരു അദ്ഭുതമായിരുന്നു, വിവിധ രാജ്യക്കാരായ ഈ ഡ്രൈവര്‍മാരെല്ലാം തന്‍െറ പിതാവിനോട് ഇത്രയും സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‍െറ കാരണം. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ ഖാദറിന് മനസ്സിലായി- ഇത് കേവലമൊരു ഹോട്ടല്‍ മാത്രമല്ല, ഇതൊരു കൂട്ടുകുടുംബം പോലെയാണ്. തന്‍െറ പിതാവിന്‍െറ നന്മയാണ് ഇവിടെ വിളമ്പുന്ന ഓരോ വിഭവത്തിലും അടയാളപ്പെട്ടുകിടക്കുന്നത് എന്ന പരമാര്‍ഥവും.

ഓരോ ടാക്സിക്കാരനും അബ്ദുല്ല ഹാജിയെക്കുറിച്ച് പറയാന്‍ ഒരു നന്മയുടെ കഥയുണ്ടാകും. അല്ളെങ്കില്‍ ടാക്സി ഹോട്ടലുമായുള്ള ആത്മബന്ധത്തിന്‍െറ ഇഴയടുപ്പത്തെക്കുറിച്ച് പറയാന്‍ എന്തെങ്കിലുമൊക്കെ കാണും. ഏതോ രാജ്യത്ത് കിടക്കുന്ന തന്‍െറ കുടുംബത്തെക്കുറിച്ച്, അവിടെ നടക്കുന്ന വിശേഷങ്ങളെക്കുറിച്ച്, വേദനകളെക്കുറിച്ച് അവരില്‍ പലരും പറയാന്‍, ഒന്ന് ആശ്വാസം കണ്ടത്തൊന്‍ ഓടിവന്നിരുന്നത് അബ്ദുല്ല ഹാജിയോടായിരുന്നു. അനുഭവങ്ങളുടെയും ഹൃദയ വിശാലതയുടെയും മനസ്സുകൊണ്ട് തന്‍െറ ആത്മസൗഹൃദങ്ങളുടെ വര്‍ത്തമാനങ്ങള്‍ അദ്ദേഹം കേട്ടിരുന്നു. ആവുന്നതൊക്കെ ചെയ്തു. അബ്ദുല്ല ഹാജിയുടെ മകളുടെ മകന്‍ അഷ്റഫ് പറയുന്നത് കേള്‍ക്കുമ്പോള്‍ പഴയ ഖത്തറിന്‍െറ ഒരു വ്യക്തത കിട്ടും. 1983ല്‍ എത്തുമ്പോള്‍ പലയിടത്തും കറന്‍റില്ല. ഫാന്‍ ഉള്ള വീടുകളും കടകളും വളരെ കുറവ്. റോഡുകളില്‍ ആള്‍ത്തിരക്കും കുറവാണ്. ഗ്രാമാന്തരീക്ഷമായിരുന്നു അന്ന് എവിടെയും. അക്കാലത്ത് 38 റിയാല്‍ മാറിയാല്‍ നാട്ടിലെ 100 രൂപ കിട്ടുമായിരുന്നു. 1990 ആയപ്പോള്‍ ഗതിമാറി. ഖത്തര്‍ വികസിച്ചുതുടങ്ങി.

ഹോട്ടല്‍ സ്ഥാപകന്‍ അബ്ദുല്ല ഹാജി
 


ആ പോസ്റ്റ്ബോക്സ് ഇപ്പോഴുമുണ്ട്
പതിറ്റാണ്ടുകള്‍ക്കു മുമ്പ് അബ്ദുല്ല ഹാജി ഖത്തറിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റില്‍ പണം അടച്ച് ഒരു പോസ്റ്റ് ബോക്സും താക്കോലും വാങ്ങി. അത് കടക്കു മുന്നില്‍ കൊണ്ടുവെച്ചു. അത് ഒരു വിലാസമായിരുന്നു. പി.ഒ നമ്പര്‍ 4341 മുംതാസ, ദോഹ. ആ കത്തുപെട്ടിയുടെ ഉടമ അബ്ദുല്ല ഹാജിയായിരുന്നെങ്കിലും അതില്‍ വന്ന് കുമിഞ്ഞുകൂടിയ കത്തുകള്‍ ദോഹയിലുള്ള വിവിധ രാജ്യക്കാരായ ടാക്സിക്കാരുടേതായിരുന്നു. രാത്രിയിലാണ് കത്തുകള്‍ പെട്ടിയില്‍നിന്ന് കടയിലേക്ക് എടുക്കുന്നത്. മിടിക്കുന്ന നെഞ്ചുമായി ഡ്രൈവര്‍മാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ എഴുതിയ കത്തുകള്‍ അതിലുണ്ടോ എന്ന് നോക്കാന്‍ മത്സരിക്കും. കത്തുകള്‍ കിട്ടിയവര്‍ ഒരു സുലൈമാനിക്കും ഓര്‍ഡര്‍ ചെയ്തു കത്ത് പതിയെ പൊളിച്ച് വായിക്കും. ചിലര്‍ പലതവണ വായിച്ച കത്ത് നെഞ്ചോടടുക്കിപ്പിടിച്ചിരിക്കും. ചില മലയാളികളുടെ കത്ത് വായിച്ചുകൊടുക്കേണ്ട ചുമതലയും കടയുടമക്കാണ്. അതിലൊന്നും അബ്ദുല്ല ഹാജിക്ക് വിഷമമില്ലായിരുന്നു. ഒടുവില്‍ വിലാസമില്ലാത്തവരുടെ നൂറുകണക്കിന് പേരുടെ വിലാസം ഈ പോസ്റ്റ് ബോക്സായി മാറി. ഒടുവില്‍ കൊണ്ടുപോകാത്ത കത്തുകളും നിരവധിയായി. അവയൊന്നും നശിപ്പിച്ചു കളയരുതെന്ന് അബ്ദുല്ല ഹാജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവകാശികള്‍ വരുംവരെ അവ സൂക്ഷിച്ചുവെക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. അതിനൊപ്പം കടയില്‍ മലയാള പത്രങ്ങള്‍ വരുത്തുകയും ചെയ്യുമായിരുന്നു. ആഴ്ചകള്‍ പഴക്കമുള്ള പത്രമായിരുന്നു ആദ്യം കിട്ടിയിരുന്നത്. എങ്കിലും അത് കൈയില്‍ കിട്ടുമ്പോള്‍ ആര്‍ത്തിയോടെ പിടിവലി നടത്തുന്നവര്‍ ഏറെയായിരുന്നു.

നാദാപുരത്തിന്‍െറ രുചി
ഒരു കാലത്ത് ദോഹയിലെ പഴയ വാഹന കച്ചവടങ്ങള്‍  നടന്നിരുന്നതും ടാക്സി ഹോട്ടലില്‍വെച്ചായിരുന്നു. ബ്രോക്കര്‍മാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുണ്ടാകും. വില്‍ക്കാന്‍ വരുന്നവരും വാങ്ങാന്‍ വരുന്നവരും കച്ചവടം ഉറപ്പിച്ചാല്‍ ഹോട്ടലിലെ മേശപ്പുറത്തുവെച്ച് ഉടമ്പടി പത്രം തയാറാക്കും. കച്ചവടം ഉറച്ചാല്‍ അബ്ദുല്ല ഹാജിയെ നോക്കി കടുപ്പത്തില്‍ ഒരു ചായ എന്ന് പറച്ചിലുണ്ടാകും. പിന്നെ പലരും തൊഴില്‍ അന്വേഷിക്കാനും മറ്റുമൊക്കെ ഇവിടെ എത്തും. മലയാളികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് എന്ത് ജോലി ചെയ്യാനും തയാറായിരുന്നു. അതുകൊണ്ടുതന്നെ അവരില്‍ പലരും എല്ലുമുറിയെ അധ്വാനിച്ചു. കൈ നിറയെ കാശും നേടുകയുണ്ടായി. (പക്ഷേ, ഇന്നത്തെ കാലത്ത് കഠിനജോലികള്‍ ചെയ്യുന്നവരില്‍ മലയാളികളെ കാണാനേയില്ലെന്ന് ഇപ്പോള്‍ ടാക്സി ഹോട്ടലിന്‍െറ ബ്രാഞ്ച് നോക്കിനടത്തുന്ന അഷ്റഫ് പറയുന്നു.) വിവിധ രാജ്യക്കാരുടെ സാംസ്കാരികപരമായ ഒരു കൂടിച്ചേരലുകള്‍കൂടിയാണ് അന്നും ഇന്നും ടാക്സി ഹോട്ടല്‍. ഈ കടയില്‍ കുറച്ച് നേരം കയറിയിരുന്നാല്‍ ആര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയും. ടാക്സിയില്‍ കയറുന്ന ടൂറിസ്റ്റുകളെ ഇവിടെ കൊണ്ടുവരും ദോഹയിലെ ഒട്ടുമിക്ക ഡ്രൈവര്‍മാരും. ഇവിടെയുള്ള പൊറോട്ടയും ചിക്കന്‍ കറിയും സാന്‍ഡ്വിച്ചും ഒക്കെ കഴിച്ചാല്‍ അതിന്‍െറ രുചി നാവില്‍നിന്ന് എളുപ്പം പോയിമറയില്ല. തനി നാദാപുരം രുചിയാണ് ഇവരുടെ എക്കാലത്തെയും പാരമ്പര്യം. പരമാവധി വിലക്കുറവില്‍ നല്ല ഭക്ഷണം എന്നതാണ് ഇപ്പോഴും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും.

ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്ന ഖാദര്‍ ഹാജിയും മകന്‍ നിസാറും
 


അരനൂറ്റാണ്ടിന്‍െറ വര്‍ത്തമാനം
കടയുടമയായ അബ്ദുല്ല ഹാജി 1992ല്‍ അന്തരിച്ചു. പക്ഷേ, നിങ്ങള്‍ ഈ പ്രസ്ഥാനം തുടരണം എന്ന് പറഞ്ഞാണ് അദ്ദേഹം കണ്ണടച്ചത്.   ടാക്സിഹോട്ടലിന്‍െറ നാള്‍വഴികള്‍ ഖത്തറിന്‍െറ പോയകാലത്തിലെ  ഒരു  എളിയ സംരംഭത്തിന്‍െറ അഭിമാനകരമായ വിജയംകൂടിയാണ്. കുടുംബബന്ധങ്ങള്‍ എന്നും ശക്തമായി നിലകൊള്ളണം എന്നാഗ്രഹിച്ച ഒരാളുടെ വിയര്‍പ്പും കഠിനാധ്വാനവും തെളിഞ്ഞുകിടക്കുന്ന ഇടം. ഇപ്പോള്‍ മുംതാസയിലെ ടാക്സി ഹോട്ടല്‍ നടത്തുന്നത് അബ്ദുല്ല ഹാജിയുടെ പുത്രന്മാരായ ഖാദര്‍ ഹാജിയും സൂപ്പി ഹാജിയുമാണ്. ഖാദര്‍ ഹാജിയുടെ മക്കളായ നിസാറും മുഹമ്മദും സൂപ്പി ഹാജിയുടെ മകനായ ഹാരിസുമൊക്കെ ഒരുമയോടെ ഒരു മനസ്സോടെ ബിസിനസില്‍ ശ്രദ്ധ പുലര്‍ത്തുന്നു. ദോഹയിലെ പ്ലാസാ മാളില്‍ ഒരുവര്‍ഷം മുമ്പ് തുടങ്ങിയ ടാക്സി ഹോട്ടലിന്‍െറ ബ്രാഞ്ചിന്‍െറ മേല്‍നോട്ടം അബ്ദുല്ല ഹാജിയുടെ മകളുടെ മകന്‍ അഷ്റഫിനാണ്. മറ്റൊരു രസകരമായ കാര്യം ഹോട്ടലുകളുടെ പേര് ഒരിക്കലും കടയുടമകള്‍ ടാക്സിഹോട്ടല്‍ എന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. ആദ്യം ന്യൂ കേരള റസ്റ്റോറന്‍റ് ആയിരുന്നെങ്കില്‍ അത് പിന്നീട് സലഹിയ എന്നായി മാറുകയായിരുന്നു. എന്നാല്‍, ആളുകള്‍ ടാക്സി ഹോട്ടല്‍ എന്നവിളിപ്പേരിനെ അന്നും ഇന്നും മുറുകെ പിടിച്ചിരിക്കുകയും ചെയ്യുന്നു.  

Tags:    
News Summary - malayalee hotel 'taxi hotel' in doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.