ഒരു രോഗം വന്നാൽ രോഗനിവാരണത്തിന് രോഗിയെ ചികിത്സിക്കുന്നതു പോലെത്തന്നെ പ്രധാനമാണ് രോഗിയെ ശുശ്രൂഷിക്കുന്നവർക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതും. കാരണം രോഗിക്ക് വേണ്ട മാനസിക പിൻബലം നൽകാൻ അടുത്ത ബന്ധുക്കൾക്കേ സാധിക്കൂ. അതുപോലെ തന്നെയാണ് വിദ്യാർഥികളുടെ കാര്യവും. സ്കൂളിൽനിന്ന് അധ്യാപകർ പകർന്നു നൽകുന്ന വിദ്യാഭ്യാസം മാത്രം പോരാ കുട്ടികളുടെ വിജയത്തിന്. അവർക്കു വേണ്ട ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കുട്ടികൾ വളർന്നിരുന്നത് സ്വാതന്ത്ര്യത്തോടെയും എന്നാൽ അതേസമയം പ്രശ്നങ്ങൾ വരുമ്പോൾ സഹായം തേടാൻ കുടുംബത്തിൽതന്നെ ആരെങ്കിലും ഉണ്ടാവുന്ന അവസ്ഥയിലുമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ അണുകുടുംബങ്ങളായി. അവിടെ മക്കളെക്കുറിച്ചുള്ള ആധിയാണ് പല മാതാപിതാക്കൾക്കും. തങ്ങൾക്കു നേടാൻ കഴിയാതെപോയ സ്വപ്നങ്ങൾ മക്കളിലൂടെ നേടിയെടുക്കാനുള്ള ത്വരയും. ഈ സ്വാർഥതാൽപര്യങ്ങളുടെ ബലിയാടുകളാണ് പല കുട്ടികളും. മിക്ക വീടുകളിലും മാതാപിതാക്കൾ ജോലിക്കാരാകുമ്പോൾ കുട്ടികൾക്കുവേണ്ടി സമയം ചെലവഴിക്കാൻ പോലും ഇവർക്ക് സാധിക്കാതെ പോകുന്നു. കുട്ടികൾക്ക് മനസ്സ് തുറന്നു സംസാരിക്കാൻ പോലും വീട്ടിൽ ആരും ഇല്ലാത്ത അവസ്ഥയാണ് പലപ്പോഴും. പോരാത്തതിന് പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോയാൽ വീട്ടിൽനിന്നും സ്കൂളിൽ നിന്നും കിട്ടുന്ന ശകാരങ്ങളും. ഇതിനെല്ലാം പുറമെ മൊബൈൽ ഫോൺ രംഗപ്രവേശം ചെയ്തതോടെ കുട്ടികളുടെ ലോകം വീണ്ടും അതിലേക്കു ചുരുങ്ങിത്തുടങ്ങി.
പല രക്ഷിതാക്കളുടെയും പരാതി മക്കൾ തങ്ങൾ പറയുന്നത് അനുസരിക്കുന്നില്ല, വേണ്ടത്ര സമയം പഠിക്കുന്നില്ല എന്നൊക്കെയാണ്. ഇവിടെയെല്ലാം ഓർക്കേണ്ടത് മക്കൾ നിങ്ങളെ അനുസരിക്കേണ്ട യന്ത്രങ്ങളല്ല. അവർക്കു വേണ്ട സ്നേഹവും കരുതലും നൽകിയാൽ അവരുടെ ബഹുമാനം ലഭിക്കാൻ നിങ്ങൾ യോഗ്യരായാൽ, അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ, അവരെ കൈപിടിച്ചു നയിക്കാൻ, അവർ കൈകൾ നിങ്ങൾക്ക് നീട്ടിത്തരും. അവരുടെ വഴികളിലൂടെ സഞ്ചരിക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാം. അല്ലാതെ നിങ്ങളുടെ വഴിയിലൂടെ അവർ വരണം എന്ന് വാശിപിടിക്കരുത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ചെറുപ്പം മുതലേ ചിട്ടയായി ജീവിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ്. നിങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിൽ മക്കൾ ശല്യം ചെയ്യാതിരിക്കാൻ അവരുടെ കൈയിൽ മൊബൈൽ ഫോൺ കൊടുത്തിട്ട് പിന്നീട് കുട്ടികൾ ഫോണിന് അടിമയാണ് എന്ന് പരാതി പറയുന്നതിൽ അർഥമില്ലല്ലോ. കുട്ടികളുടെ ഒന്നു രണ്ട് ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരെ ക്കുറിച്ചുള്ള വേവലാതി ഒഴിവാക്കാം.കുട്ടികളുടെ ആദ്യത്തെയും അവസാനത്തെയും ആശ്രയം രക്ഷിതാക്കളാണ്. ആ വിശ്വാസം അവർക്ക് എപ്പോഴും ഉണ്ടായിരിക്കണം. സ്നേഹം മനസ്സിൽവെച്ച് കാർക്കശ്യം ഉള്ളവർ ആകാതിരിക്കുക. അവരുടെ തെറ്റുകളെ സംയമനത്തോടെ തിരുത്താൻ ശ്രമിക്കുക. തെറ്റുകളിൽനിന്ന് അവർ ശരി പഠിച്ചുകൊള്ളും. അവർ സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ വളരട്ടെ. ബാക്കിയെല്ലാം കാലക്രമേണ ശരിയായിക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.