പത്ത് മുതൽ 19 വയസുവരെയുള്ള പ്രായത്തെയാണ് കൗമാരം എന്ന് ലോകാരോഗ്യ സംഘടന നിർവചിക്കുന്നത്. പൊതുവേ, കുട്ടികളും രക്ഷിതാക്കളും തമ്മിൽ സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാകാനും കുട്ടികൾ തെറ്റായ സ്വാധീനങ്ങളിൽ ചെന്നുപെടാനും സങ്കീർണ്ണമായ ബന്ധങ്ങളിൽ കുഴങ്ങാനുമൊക്കെ സാധ്യതയുള്ള സമയമാണിത്. എന്നാൽ കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ്. അതുകൊണ്ട് തന്നെ അങ്ങേയറ്റം ശ്രദ്ധയോടെയും പക്വതയോടെയും മാത്രം ഡീൽ ചെയ്യേണ്ട സമയമായതിനാൽ കൗമാരത്തെക്കുറിച്ച് വ്യക്തമായ അവബോധം രക്ഷിതാക്കൾക്ക് ഉണ്ടായിരിക്കണം.
കുട്ടികളുടെ പഠന കാര്യങ്ങളിലും അവരുടെ സൗഹൃദങ്ങളിലും അനാവശ്യ ഇടപെടൽ നടത്തുന്നത് അവർക്ക് രക്ഷിതാക്കളോട് വൈകാരിക അടുപ്പം കുറയാൻ കാരണമാകും. രക്ഷിതാക്കളെക്കാൾ സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്ന പ്രായമാണ്. തെറ്റായ സൗഹൃദങ്ങളിൽ എത്തിപ്പെടാനും ലഹരി ഉപയോഗം തുടങ്ങാനും സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യണം. രക്ഷിതാക്കൾ പറയുന്നത് ശരിയാണെന്നും അത് അനുസരിക്കണം എന്നും അവർക്ക് തൊന്നണമെങ്കിൽ രക്ഷിതാക്കൾ അവരോട് സുഹൃത്തുക്കളെ പോലെ പെരുമാറണം. അത് പെട്ടെന്നൊരു ദിവസം തുടങ്ങാൻ കഴിയുന്നതല്ല. അതിനാൽ കുട്ടികളോട് ചെറുപ്പം മുതലേ സൗഹൃദപരമായി ഇടപെടുക. എങ്കിൽ മാത്രമേ അവർ എല്ലാം തുറന്നു സംസാരിക്കുകയുള്ളൂ.
പഠനം, ജോലി തുടങ്ങിയ ടെൻഷനുകൾ എല്ലാ ഭാഗത്തുനിന്നും കുട്ടികൾക്ക് കിട്ടിത്തുടങ്ങുന്നതിനാൽ അവരുടെ മാനസികാരോഗ്യ കാര്യത്തിലും ശ്രദ്ധവേണം. അവർക്ക് താല്പര്യമുള്ള കലാകായിക വിഷയങ്ങൾ പഠിക്കാനും മറ്റും അനുവദിക്കണം. കുട്ടികളിൽ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകുന്ന കാലഘട്ടമാണ്. അതുകൊണ്ടുതന്നെ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി വ്യത്യാസങ്ങളും വളർച്ചയും ഉണ്ടാകുന്നു.
അതിനാൽ കുട്ടികളുടെ ലൈംഗിക താൽപര്യങ്ങൾ പ്രകടമായി തുടങ്ങുകയും ചെയ്യുന്നു. അത്തരം കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ രക്ഷിതാക്കൾ ചെയ്യാതിരിക്കുക. കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുക എന്നതാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ശരിയായ വിവരങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് കുട്ടികൾ തെറ്റായ / അപകടകരമായ ലൈംഗിക ബന്ധങ്ങളിൽ എത്തിപ്പെടുന്നത്. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് മോശമാണെന്ന ധാരണ ആദ്യം മാറണം. എങ്കിൽ മാത്രമേ കുട്ടികളോട് തുറന്ന് സംസാരിക്കാൻ കഴിയൂ. കുട്ടികൾക്ക് പ്രണയം പോലെയുള്ള ബന്ധങ്ങൾ ഉണ്ടായി തുടങ്ങുന്ന സമയമാണ്.
അത്തരം കാര്യങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ശ്രമിക്കരുത്. അതിനുപകരം പ്രണയം തെറ്റല്ല എന്നും എന്നാൽ അതെങ്ങനെ ആരോഗ്യപരമായി മുന്നോട്ട് കൊണ്ടു പോകണം എന്നും പറഞ്ഞു കൊടുക്കണം. അരുത് എന്ന് കേൾക്കാൻ തീരെ ഇഷ്ട്ടപ്പെടാത്ത പ്രായമാണ്. കുട്ടികൾക്ക് രക്ഷിതാക്കളോട് ദേഷ്യവും സംഘർഷവും രൂപപ്പെടാൻ അതിടയാക്കും. ഒരു കാരണവശാലും കുട്ടികളെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കരുത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയുടെ സമയമായതിനാൽ കുട്ടികൾക്ക് നല്ല മോഡലുകൾ ആകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അവർ എന്താവണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത് നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ കാണിച്ചു കൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.