കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചതിന്റെ ആഹ്ലാദങ്ങൾകൊണ്ട് മുഖരിതമായ വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ആവശ്യത്തിലധികം തിന്ന് കളിച്ചു മദിച്ചു നടന്ന ബാല്യമെന്ന സുവർണ്ണകാലം. ചുമലിൽ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാരങ്ങളില്ല. അവധിക്കാല സ്പെഷ്യൽ ക്ലാസ്സുകളും ട്യൂഷനും ഇല്ല . കണ്ണുകളെ തളർത്താൻ ടി.വിയുടെയും മൊബൈൽ ഫോണിന്റെയും ടാബ്‌ലെറ്റുകളുടെയും വെള്ളി വെളിച്ചമില്ല. അജ്ഞാത വഴികളിലെ ചതിക്കുഴികളിലേക്കു വാതിൽ തുറക്കാൻകുഞ്ഞുവിരലുകൾ കീ പാഡുകളിൽ അമർത്തി കുഴയുന്നില്ല. ഉണ്ണുക, കളിക്കുക, ഉറങ്ങുക ഇതിനപ്പുറം മറ്റ് ചിന്തകളൊന്നു അലട്ടാത്ത ജീവിതത്തിലെ അനർഘ കാലമായിരുന്നുവല്ലോ അത് ..
ഫാൻ ഇല്ലാതിരുന്നിട്ടും ഉഷ്ണിച്ച് നീറാതെ ഉറങ്ങിയ രാത്രികൾ ..
മാഞ്ചോട്ടിൽ വീണു കിടക്കുന്ന മാമ്പഴങ്ങളെ കണികൊണ്ടുകൊണ്ടുണർന്ന പ്രഭാതങ്ങൾ ..
ഓരോ മാവിൻചുവട്ടിലും പോയി മാമ്പഴങ്ങൾ പാവാടത്തുമ്പിൽ പെറുക്കികൂട്ടുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അണ്ണാറക്കണ്ണൻ കടിച്ചു വെച്ചതും കാക്ക കൊത്തി നോക്കിയതുമായ പഴങ്ങൾ വൈറസിനെ പേടിക്കാതെ കടിച്ചു തിന്ന നാളുകൾ. എത്രതരം മാങ്ങകൾ .. ഞങ്ങളുടെ നാട്ടിൽ 'കുറുക്കൻ മാങ്ങ' എന്ന പേരിലറിയപ്പെടുന്ന നാട്ടുമാങ്ങയാണ് സുലഭമായിരുന്നത്. കൂടാതെ ഒളോർ മാങ്ങ, കോമാങ്ങ, നീലം മാങ്ങ, പഞ്ചാരമാങ്ങ , തത്തചുണ്ടൻ മാങ്ങ, ചക്കരക്കുട്ടി... എന്നിങ്ങനെ രാവും പകലും തിന്നാലും മതിയാവാത്ത തേന്മധുരങ്ങൾ ..
നാടൻ കളികളും ഉഞ്ഞാലാട്ടവുമൊക്കെയായി തിമിർത്താടിയ ബാല്യം. മാവിൻ കൊമ്പിൽ കെട്ടിയ ഒരു ഊഞ്ഞാലെങ്കിലും ഇല്ലാത്ത വീടുകൾ ഇല്ലെന്നുതന്നെ പറയാം. ഓലമടൽ കൊണ്ടുണ്ടാക്കിയ ഊഞ്ഞാൽ പടികൾ കയറിന്റെ ആക്രമണത്തിൽ വിണ്ടുകീറി എത്രവട്ടം ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ടെന്ന് ഓർമയില്ല. വേനലവധിക്കാലത്ത് എല്ലാ വീട്ടുമുറ്റത്തും ഒരു കളിപ്പന്തൽ ഉയർന്നുവരും. ഓലമടലും ഈന്തപ്പനയോലകളും ശീമക്കൊന്നയുടെ കമ്പുകളുമൊക്കെ നിർമാണസാമഗ്രികളാകുന്ന കളിവീട്ടിൽ, ചിരട്ടകൾ ചട്ടിയും കലവുമായി മാറുന്നു. മണ്ണും ഇലകളും പൂക്കളും ചോറും കറികളുമായി പരിണമിക്കുന്നു. സിവിൽ എഞ്ചിനിയറിങ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത കുട്ടിക്കരങ്ങളുടെ നിർമാണ വൈദഗ്ധ്യം പ്രകടമാക്കുന്ന അലങ്കാരങ്ങളുമായി നിലകൊള്ളുന്ന പന്തൽ പക്ഷേ, കാറ്റൊന്നു മനസ്സുവെച്ചാൽ തകർന്നു വീണുപോകും എന്നത് യാഥാർഥ്യം ..
വേനൽക്കാലത്തെ മറ്റൊരു ആഘോഷമായിരുന്നു കൊയ്ത്തുകഴിഞ്ഞ പാടത്ത് നാട്ടുകാരൊന്നിച്ചു നടത്തിയിരുന്ന വെള്ളരിക്കൃഷി. വിഷുവിനെ വരവേൽക്കാനുള്ള മുന്നൊരുക്കം കൂടിയായിരുന്നു അത്. സ്വന്തം വയൽ ഭൂമി മറ്റുള്ളവർക്കു കൃഷി ചെയ്യാൻ സ്നേഹപൂർവം വിട്ടുകൊടുക്കുന്ന ഉടമസ്ഥർ .
എന്റെ ഉമ്മയും അടുത്ത വീട്ടിലെ നാരാണിയേടത്തി, ജാനകിയേടത്തി, കല്യാണിയേടത്തി എന്നിവരും ഒന്നിച്ചാണ് വൈകുന്നേരങ്ങളിൽ പാടത്തേക്ക് പോവുക. അത്യുത്സാഹത്തോടെ ഞങ്ങൾ കുട്ടികളും അമ്മമാരുടെ പിന്നാലെ വെച്ചുപിടിക്കും. വെള്ളരിക്ക് തടമെടുക്കാനും വളമിടാനും വിത്തുപാകാനും തൊട്ടടുത്ത ചെറിയ കുളത്തിൽ നിന്ന് വെള്ളമെടുത്തുകൊണ്ടുവന്നു നനയ്ക്കാനും ഒക്കെ ഞങ്ങൾ കുട്ടികളും ഒപ്പം കൂടും. കൈയിലും കാലിലും മണ്ണ് പുരളുമെന്നു പറഞ്ഞു ആരും ഞങ്ങളെ തടയാതിരുന്നതുകൊണ്ട് ബീജാങ്കുരണവും സസ്യത്തിന്റെ വളർച്ചയുടെ വിവിധ ദശകളും ബയോളജി പുസ്തകം കാണുംമുമ്പേ ഞങ്ങൾ പഠിച്ചു. നോക്കി നോക്കിയിരിക്കെ വെള്ളരിവള്ളികൾ മൊട്ടും പൂവും വിടർത്തി കായ്കളായി മാറുന്ന കാഴ്ച്ച ഇന്നും കണ്ണുകളിൽ മായാതെ നിൽക്കുന്നു.
'ഉമ്മറ്റിയാറെ, നാളെ ഞാളെ പൊര കെട്ടലാട്ടോ ..' നാരാണിയേടത്തി ഉമ്മയെ വിളിച്ചു പറയുമ്പോൾ എന്റെ മനസ്സിലും ഉത്സാഹമായി. മഴക്കാലത്തിന് മുന്നോടിയായി ഓലപ്പുരകൾ കെട്ടിമേയുന്ന പതിവ് എല്ലാ വർഷവും നടക്കും. പിറ്റേന്ന് നേരത്തെ തന്നെ ജോലിയൊക്കെ തീർത്ത് ഉമ്മ അടുക്കള അവർക്കായി ഒഴിഞ്ഞു കൊടുക്കും. അന്നത്തെ അവരുടെ പാചകജോലികൾ ഞങ്ങളുടെ അടുക്കളയിലായിരിക്കും. അവർ അന്നുണ്ടാക്കിയിരുന്ന കപ്പപ്പുഴുക്കിന്റെ രുചി ഇന്നും നാവിലങ്ങനെ നിൽക്കുന്നു. അയൽക്കാരായ കണാരേട്ടനും ബാലേട്ടനും കുഞ്ഞിരാമേട്ടനുമൊക്കെ തങ്ങളുടെ അന്നത്തെ ജോലിയിൽ നിന്ന് അവധിയെടുത്തു പുര മേയാൻ കൂടും. ഓരോരുത്തരുടെയും പുരകെട്ടിന് ഈ പരസ്പര സഹായം ആരും ആവശ്യപ്പെടാതെ തന്നെയുണ്ടാകും. മേൽക്കൂര നഷ്ടപ്പെട്ട് നഗ്നതയുടെ നാണം പേറി നിൽക്കുന്ന വീടിനകം കാണാൻ ഒരു പ്രത്യേക രസമാണ്. അതുവരെ ഇരുട്ടുറങ്ങിയ മുറികളിൽ വെളിച്ചം ആനന്ദനൃത്തമാടുന്ന സുന്ദര ദൃശ്യം. മുറിക്കുള്ളിൽ കയറി ഇതുവരെ കണ്ടിട്ടില്ലാത്തപോലെ മേല്പോട്ട് നോക്കുമ്പോൾ ആകാശം ചിരിക്കുന്നതായി തോന്നും. വീടിന്റെ തറയോട് ചേർന്ന് മണ്ണിൽ ചെറുകുഴികളുണ്ടാക്കി ഇനിയാരും കാണില്ലെന്ന വിശ്വാസത്തോടെ ഒളിച്ചിരിക്കുന്ന കുഴിയാനകളെ തോണ്ടിയെടുക്കലാണ് കുട്ടിക്കാലത്തെ മറ്റൊരു വിനോദം. പാവം തുമ്പിയുടെ ലാർവയാണ് അതെന്നു അന്ന് അറിയില്ലായിരുന്നു. കുഴിയാനയെ കൈവെള്ളയിൽ വെച്ച് മുകളിൽ അല്പം മണ്ണ് വാരിയിടുമ്പോൾ അത് പതിയെ ഇഴയാൻ തുടങ്ങും. ആ ഇക്കിളി അനുഭവിച്ചിട്ടില്ലാത്തവർ പഴയ തലമുറയിൽ ഉണ്ടാവില്ല തന്നെ.
സ്കൂൾ തലം കഴിഞ്ഞ് കലാലയ കാലത്തിലേക്ക് നടന്നെത്തിയപ്പോൾ പഠനാവധിയും പരീക്ഷകളുമൊക്കെയായി തിരക്കിലമർന്നു വേനൽക്കാലം. അപ്പോഴും പുസ്തകങ്ങളുമെടുത്തു പഠിക്കാൻ ഇരുന്നത് മാഞ്ചുവട്ടിലായിരുന്നു. നിറചിരിയോടെ നിൽക്കുന്ന സൂര്യൻ അന്ന് ആരെയും പൊള്ളിച്ചിട്ടില്ല. സൂര്യതാപമേറ്റ് ഒരു ജീവൻപോലും പൊലിഞ്ഞില്ല. മണ്ണും വിണ്ണും സൂര്യനും ചന്ദ്രനും വെയിലും മഞ്ഞും മഴയും മനുഷ്യന് താങ്ങും തണലുമായ് നിലകൊണ്ടിരുന്നൊരു കാലം. മനുഷ്യൻ പ്രകൃതിയിലലിഞ്ഞ്, പ്രകൃതി മനുഷ്യനിൽ ചേർന്ന് നിലകൊണ്ട കാലം.
ഇന്ന് നാട്ടിൽനിന്നുമകന്ന് ഗൾഫ് മണ്ണിൽ ജീവിക്കുമ്പോൾ മാഞ്ചോടും വരിക്കച്ചക്കയും വെള്ളരിപ്പാടവും കണിക്കൊന്നയുമെല്ലാം ഗൃഹാതുരസ്മരണകളായ് മനസ്സിൽ നിറയുന്നു. വിഷുക്കണിയുടെ നിറവായ് എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകൾ.. ആ മധുരമനോഹരമായ കാലത്തിലേക്ക് ഒരിക്കൽക്കൂടി പോയ്‌വരാൻ കൊതിക്കാത്തവരുണ്ടോ ..?
ഇവിടെ സൂപ്പർ മാർക്കറ്റുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴം സുലഭമായ് ലഭിക്കുമ്പോഴും നാട്ടിലെ മാവിൻചുവട്ടിൽ അണ്ണാറക്കണ്ണൻ മധുരം നോക്കി എനിക്കായ് കാത്തുവെച്ച മാമ്പഴത്തിന്റെ സ്വാദിനോട് കിടപിടിക്കാൻ ഏതൊന്നിനു സാധിക്കും ..!!
കവി പാടിയ പോലെ
'ഓർമകൾക്കെന്ത് സുഗന്ധം .എൻ ആത്മാവിൻ നഷ്ടസുഗന്ധം .'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.