കൊച്ചിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് കൊടിയുയരുമ്പോൾ ഉയർന്നുകേൾക്കുന്നൊരു പേരുണ്ട്, മട്ടാഞ്ചേരിയിലെ രക്ഷ സ്പെഷൽ സ്കൂൾ. ഇവന്റ് മാനേജ്മെന്റിനെപ്പോലും തോൽപ്പിക്കുന്ന രീതിയിലാണ് ഇവരുടെ ക്രിസ്മസ് ഒരുക്കം. എറണാകുളത്തെ വൻകിട കമ്പനികളുടെ കോർപറേറ്റ് ഓഫിസ് ഉൾപ്പെടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത് രക്ഷ സ്പെഷൽ സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുരുന്നുകളായിരുന്നു. കൊച്ചങ്ങാടി ചെമ്പിട്ട പള്ളിക്കു സമീപത്തെ ദാർ എസ് സലാം റോഡിലെ പുരാതന കച്ചിമേമൻ കുടുംബത്തിെൻറ പഴയ തറവാടായ യാസ്മിൻ മൻസിലിൽ പ്രവർത്തിക്കുന്ന ‘രക്ഷ -സൊസൈറ്റി ഫോർ ദ കെയർ ഓഫ് ചിൽഡ്രൻ’ പ്രസരിപ്പിക്കുന്നത് പ്രതീക്ഷയുടെ പൊൻ കിരണങ്ങളാണ്. ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്ന സ്പെഷൽ സ്കൂളുകൾ പുതുമയുള്ള കാര്യമല്ല. എന്നാൽ, മൂന്നു വ്യാഴവട്ടം മുമ്പ് പൊതുസമൂഹത്തിന് ഈ മേഖലയെക്കുറിച്ച് വേണ്ടത്ര അറിവില്ലാതിരുന്ന കാലത്താണ് രക്ഷ സൊസൈറ്റി സ്ഥാപിക്കപ്പെടുന്നത്. സാമൂഹിക പ്രതിബദ്ധത കൈമോശംവരാത്ത നിസ്വാർഥരായ ഒരു സംഘം ആളുകളുടെ ആത്മാർഥ പരിശ്രമങ്ങളാണ് ‘രക്ഷ’യുടെ പിറവിക്കു പിന്നിൽ.

പരിമിത സാഹചര്യങ്ങളുമായി തുടക്കം

പരസഹായമില്ലാതെ കഴിയാനാവാത്ത മക്കൾ അനുഭവിക്കുന്ന ദുരവസ്ഥയിൽ മനംനൊന്ത് വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്ന നിരാലംബരും നിസ്സഹായരുമായ കുറേയേറെ മനുഷ്യർ. അവരുടെ ഹൃദയവേദനകളും ഒരിക്കലും വറ്റാത്ത കണ്ണീരും മാത്രമായിരുന്നു രക്ഷയുടെ ആദ്യകാല മൂലധനം. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സയും പരിശീലനവും ലഭ്യമാക്കുകയെന്നതായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. ഈ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി സുപ്രീംകോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ.ടി. തോമസും പോപ്പ് ഗായിക ഉഷ ഉതുപ്പും തലമുതിർന്ന ഭിഷഗ്വരനായ ഗൗതം ഹോസ്പിറ്റൽ ഉടമ ഡോ. കെ.ആർ. ജയചന്ദ്രനും അടക്കമുള്ള പ്രമുഖരെ രക്ഷാധികാരികളാക്കി വാടക കെട്ടിടത്തിലെ പരിമിത പശ്ചാത്തലസൗകര്യത്തിൽ 1985 ഏപ്രിൽ രണ്ടിനാണ് രക്ഷയുടെ പ്രവർത്തനം തുടങ്ങുന്നത്.

സ്പെഷൽ എജുക്കേഷനിൽ ഗവേഷണബിരുദമുള്ള ഡോ. റീന സെന്നും മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥ കെ.ബി. വത്സല കുമാരിയും സ്ഥാപക സെക്രട്ടറിയായിരുന്ന വിദ്യാഭ്യാസ വിദഗ്ധനും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന ഡോ. മാഞ്ചു മേനോനുമാണ് രക്ഷയുടെ ബീജാവാപത്തിനു പിന്നിൽ പ്രവർത്തിച്ചത്. പ്രദേശ വാസികളായ ബാലുവും ഡിക്സണുമായിരുന്നു ആദ്യ വിദ്യാർഥികൾ. അധ്യാപിക എലിസബത്ത് ഷെർലി ജോൺസന്റെ കൈപിടിച്ച് കയറിവന്ന രണ്ടര വയസ്സുകാരൻ ഡിക്സൺ ഇന്ന് രക്ഷയിലെ സംഗീതാധ്യാപകനാണ്. മ്യൂസിക് ഡിപ്ലോമ സമ്പാദിച്ച ഡിക്സൺ സേവ്യർ വിവാഹിതനും ഒരു കുഞ്ഞിെൻറ പിതാവുമാണ്. സ്വയംതൊഴിൽ കണ്ടെത്തി കുടുംബനാഥനായി മാറിയ ബാലുവിന്റെ മാതാവ് ലൈല ബാബു ഇന്നും സ്കൂളിലെ മറ്റു കുട്ടികളുടെ പ്രിയപ്പെട്ട ആയയാണ്. എലിസബത്ത് ഷെർലിയാണ് രക്ഷ സ്പെഷൽ സ്കൂളിന്റെ പ്രിൻസിപ്പൽ.

അറ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗങ്ങളിൽപെടുന്ന മൂന്നു വയസ്സു വരെയുള്ള കുട്ടികളിൽ നേരത്തേ രോഗനിർണയം നടത്തലും ഫിസിയോ-ഒക്യുപേഷനൽ-സ്പീച്ച് തെറപ്പികളിൽ പരിശീലനവും സ്പോർട്സിലും റിക്രിയേഷനിലുമുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കലും, ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബത്തിന് ആവശ്യമായ കൗൺസലിങ് നൽകലുമായിരുന്നു ആദ്യകാല സാരഥികൾ വിഭാവനം ചെയ്തിരുന്ന ലക്ഷ്യങ്ങൾ. സിവിൽ സർവിസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായിരുന്ന ഡോ. ഡി. ബാബു പോളും സാഹിത്യപ്രതിഭ കമല സുറയ്യയുമൊക്കെ ഈ ലോകത്തോട് വിടപറയുംവരെ രക്ഷയുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി പ്രവർത്തിച്ചുപോന്നു. പ്രമുഖ വ്യവസായികളായ അൻവർ ഹാഷിമും രഞ്ജിത് പൊതുവാളും സ്ഥാപകരിൽ പ്രധാനിയായ മാഞ്ചു മേനോെൻറ ഭാര്യ രാഗിണി മേനോനെയും പോലുള്ളവർ നിയന്ത്രിക്കുന്ന ഭരണസമിതിയാണ് ഇന്നും രക്ഷയുടെ ചുക്കാൻപിടിക്കുന്നത്. പിൽക്കാലത്ത് പ്രളയമടക്കമുള്ള പ്രതികൂല സാഹചര്യത്തിൽ സാമ്പത്തികസ്ഥിതി തീർത്തും പരുങ്ങലിലായതോടെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.പി.എം. മുഹമ്മദ് ഹനീഷ് രക്ഷക്ക് കൈത്താങ്ങായെത്തി. തുടക്കംമുതൽക്കേ രക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡബ്ല്യു.സി. തോമസാണ് നിലവിലെ ചെയർമാൻ. അദ്ദേഹത്തിെൻറ ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. ലളിത സൂസൻ തോമസും രക്ഷയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.


ഒന്നും മറക്കാനൊരുക്കമല്ല

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന, സമൂഹത്തിെൻറ അടിത്തട്ടിൽ കഴിയുന്നവർക്ക് പേര് അന്വർഥമാക്കുന്നതുപോലെതന്നെ രക്ഷയൊരുക്കുകയായിരുന്നു രക്ഷ സൊസൈറ്റി. പ്രാരംഭ ചെലവുകൾക്കായി വാങ്ങിയ ബാങ്ക് വായ്പയുടെ വമ്പൻ പലിശ കാരണം തിരിച്ചടവ് വലിയ തലവേദനയായിരുന്നു. വാടകയും ജീവനക്കാരുടെ ശമ്പളവും രണ്ടു സ്കൂൾബസുകളുടെ ചെലവുമൊക്കെയായി പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി വന്നതോടെ പിന്നണിപ്രവർത്തകർക്ക് പലരുടെയും മുന്നിൽ കൈനീട്ടേണ്ടിവന്നു. അമേരിക്കയിലുള്ള ജാപ്പനീസ് യോഗീവര്യനായ അകിര നാകഗാവയുടെ സഹായ ഹസ്തം ലഭിച്ചതോടെ മറ്റൊരിടത്തേക്ക് അഞ്ചു വർഷത്തിനിപ്പുറം രക്ഷ പറിച്ചുനട്ടു. ഇറ്റലിയിൽനിന്നുള്ള ഗ്രാമ്മലിനിയും സ്പെയിനിൽനിന്നുള്ള ഫ്രിക്കാറ്റമറും പുതിയ കെട്ടിടനിർമാണത്തിൽ പങ്കാളികളാകാൻ എത്തി. പതിയെ വിവിധ കേന്ദ്രങ്ങളിൽനിന്നും രക്ഷയെ മുന്നോട്ട് നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ പണം എത്തിത്തുടങ്ങി. കേന്ദ്ര-കേരള സർക്കാറുകളുടെ വാർഷിക ധനസഹായത്തിന് പുറമെ ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങളും സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ക്ലബുകളും സഹായവുമായെത്തി.

കലയെ മാറ്റിനിർത്തി ഒരു ‘രക്ഷ’യുമില്ല

മെച്ചപ്പെട്ട സൗകര്യങ്ങൾ കുട്ടികൾക്ക് ഒരുക്കാൻ എത്ര ധനസഹായം കിട്ടിയാലും മതിയാകാത്ത അവസ്ഥ പലപ്പോഴും സംഭവിക്കാറുണ്ട്. വെള്ളപ്പൊക്ക കാലത്ത് സംഭവിച്ചത് അതുതന്നെയായിരുന്നു. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് അഖിലേന്ത്യ തലത്തിൽ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് ധനശേഖരണാർഥം സംഗീത-നൃത്ത പരിപാടികൾ രക്ഷ സംഘടിപ്പിക്കുന്നത്. ആദ്യ കച്ചേരി നടത്തിയത് കെ.ജെ. യേശുദാസായിരുന്നു. പണ്ഡിറ്റ് ജസ് രാജ്, ഉസ്താദ് അംജത് അലിഖാനും മക്കളായ അമാനും അയാനും, ഉസ്താദ് റാഷിദ് ഖാൻ, പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, പണ്ഡിറ്റ് ശിവകുമാർ ശർമ, അനൂപ് ജലോട്ട, ജഗ്ജിത്ത് സിങ്, നർത്തകി പ്രൊതിമ ബേദി, പണ്ഡിറ്റ് ഉല്ലാസ് ഖഷാൽകർ, മാൻഡലിൻ യു. ശ്രീനിവാസ്, ബീഗം പർവീൺ സുൽത്താന, ശുഭ മുഗ്ദൽ, ഉണ്ണികൃഷ്ണൻ, അശ്വതി തിരുനാൾ രാമവർമ പോലുള്ള വിശ്വപ്രസിദ്ധരായ സംഗീതപ്രതിഭകൾ കച്ചേരികൾ അവതരിപ്പിച്ചു. ഇവരിൽ പലരെയും കേരളത്തിലെ, പ്രത്യേകിച്ചും എറണാകുളത്തെ സംഗീതാസ്വാദകർക്കു മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് രക്ഷയാണ്. രക്ഷയുടെ അതിഥിയായി ഡോ. ശശി തരൂർ എം.പി നടത്തിയ ടോക്ക് ഷോയും വലിയൊരു അടയാളപ്പെടുത്തലായിരുന്നു.

രക്ഷയുടെ കരുത്ത്

കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെറിബ്രൽ പാൾസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള രക്ഷ സൊസൈറ്റിയുടെ വിപുലമായ സ്റ്റാഫിൽ ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രാവീണ്യമുള്ള മനഃശാസ്ത്രജ്ഞരും സോഷ്യൽ വർക്കർമാരും സ്പീച്ച്-ഫിസിയോ തെറപ്പിസ്റ്റുമാരുമൊക്കെ അടങ്ങുന്നു. മെഡിക്കൽ വിദഗ്ധരുടെ സേവനവും എപ്പോഴും തയാർ. 1993ൽ സ്ഥാപിച്ച രക്ഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷൽ എജുക്കേഷനിൽ (റൈസ്) റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സെറിബ്രൽ പാൾസിയിൽ പ്രത്യേക വിദ്യാഭ്യാസ മേഖലയിലെ മനുഷ്യ വിഭവശേഷി പരിശീലനം ലക്ഷ്യമാക്കിയുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് രോഗനിർണയമടക്കമുള്ള സേവനങ്ങളും വിലയിരുത്തലും പരിശീലനവും നൽകുന്നു. സ്ഥാപനങ്ങളിലെത്തി ക്ലാസുകളിലും പരിശീലനങ്ങളിലും പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി വീടുകളിലെത്തി സേവനം നൽകും. ഇതിനു പുറമെ കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി അതിനെ അഭിമുഖീകരിക്കാനായി രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കൗൺസലിങ്ങും പരിശീലന പരിപാടികളുമുണ്ട്. ഇതിനകം പ്രത്യേക പരിഗണന അർഹിക്കുന്ന മൂവായിരത്തോളം കുട്ടികൾക്ക് രക്ഷയുടെ സേവനം ലഭ്യമായിട്ടുണ്ട്. റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ നേടിയ പ്രോജക്ട് കോഓഡിനേറ്റർ എലിസബത്ത് ഫിലിപ്പാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊച്ചിയിലെതന്നെ തേവര സുരക്ഷ സ്പെഷൽ സ്കൂൾ, മട്ടാഞ്ചേരിയിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തുന്ന ദിശ സ്പെഷൽ സ്കൂൾ, ഊട്ടി കുന്നൂരിലെ ഉദവി സ്പെഷൽ സ്കൂൾ, വയനാട്ടിലെ രക്ഷിത ഡേ കെയർ സെൻറർ, തിരുവല്ലയിലെ സൊസൈറ്റി ഫോർ ദ കെയർ ഓഫ് ചിൽഡ്രൺ വിത്ത് മൾട്ടിപ്പ്ൾ ഹാൻഡികാപ്സ് എന്നീ സ്ഥാപനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും പരിശീലനപദ്ധതികളും ഒരുക്കുന്നത് രക്ഷയാണ്.

എറണാകുളത്തെ തീരദേശ മേഖലയായ വൈപ്പിനിൽ 1998 മാർച്ചിൽ ഔട്ട് റീച്ച് സെൻറർ എന്ന സങ്കൽപത്തോടെ രക്ഷ സ്പെഷൽ സ്കൂൾ വൈപ്പിനിൽ സ്ഥാപിതമായി. 20ലധികം കുട്ടികൾക്ക് ഈ കേന്ദ്രത്തിൽനിന്ന് സേവനം ലഭിക്കുന്നുണ്ട്.

സ്നേഹം നിറച്ച കേക്കുകൾ

തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഭാഗമായി നൽകുന്ന പരിശീലനത്തിലൂടെ കൈവരുന്ന കഴിവുകൾ പ്രയോജനപ്പെടുത്താൻ ഉതകുന്ന വിവിധ തരം അച്ചാറുകളും ജാം, കെച്ചപ്പ്, സ്ക്വാഷ് തുടങ്ങിയവയും പലഹാര നിർമാണവുമൊക്കെയായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് ആദ്യകാലത്ത് നടന്നുവന്നിരുന്നത്.

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽനിന്നും ലഭിച്ച ആധുനിക സംവിധാനങ്ങളുള്ള ബേക്കറി യൂനിറ്റിലാണ് രക്ഷയിലെ കേക്കുകൾ തയാറാവുന്നത്. ക്രിസ്മസ് കാലത്ത് കുഞ്ഞുനക്ഷത്രങ്ങൾ നിരത്തിയ സുതാര്യമായ വിസ്കോസ് റയോൺ ഫിലമെൻറ് പേപ്പറിൽ പൊതിഞ്ഞ കേക്കിനെ സുവർണ നൂലുകളാൽ ബന്ധിച്ചിരിക്കും. അതിനോടൊപ്പം ചേർത്തുവെച്ചിരിക്കുന്ന ആശംസാ കാർഡിൽ ഇറ്റാലിയൻ ഭാഷയിൽ സന്തോഷകരമായ ക്രിസ്മസ് എന്ന് അർഥം വരുന്ന ബോൺ നതാലെ (Buon Nathale) എന്നെഴുതിയിട്ടുണ്ട്. രക്ഷ തയാറാക്കുന്ന അന്തർദേശീയ നിലവാരമുള്ള സ്പെഷൽ ഗ്രീറ്റിങ് കാർഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

വർത്തമാനപത്രങ്ങൾകൊണ്ടുള്ള പേപ്പർ ബാഗ് നിർമാണവും രക്ഷയിലെ പ്രധാന റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങളിലൊന്നാണ്. സൗജന്യമായി ലഭിക്കുന്ന പത്രക്കടലാസുകൾ ഉപയോഗിച്ചാണ് നിർമാണം. ഇതുകൂടാതെ എൻവലപ്പുകളും പേപ്പർ ഫയലുകളും മറ്റും ഈ യൂനിറ്റിൽ നിർമിക്കും. മെഴുകുതിരി, ഫിനൈൽ തുടങ്ങിയവ നിർമിക്കുന്നതിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

കാർപൻഡറി യൂനിറ്റിൽ പെൻസ്റ്റാൻഡ് പോലുള്ള ലളിതമായ വസ്തുക്കളും ക്രിസ്മസ് ട്രീയിലും മറ്റും ആവശ്യമായ നക്ഷത്രങ്ങളും നിർമിക്കും. ടെയ്ലറിങ് യൂനിറ്റിലെ ചെറിയ ജോലികളും കുട്ടികൾ ചെയ്യും. തൂവാലകളും പലതുണികൾ ഉപയോഗിച്ചുകൊണ്ടുള്ള കിടക്കവിരികളും തീേന്മശയിൽ ഉപയോഗിക്കുന്ന ഷീറ്റുകളും അടുക്കളയിൽ പാചകവേളയിൽ ഉപയോഗപ്പെടുന്ന ഏപ്രണുകളും നിർമിക്കും. ഫിസിയോ തെറപ്പി ചെയ്യുന്ന വേളയിൽ ആവശ്യമായ ഗെയിറ്റർ എന്ന വസ്ത്രവും മറ്റും ഓർഡർ അനുസരിച്ച് നിർമിച്ചുകൊടുക്കുന്നുണ്ട്. ഇവയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുട്ടികൾക്ക് സ്റ്റൈപൻഡ് നൽകുന്നത്.

സ്കൂൾ സിലബസ് പിന്തുടരാൻ കഴിവുള്ള കുട്ടികൾക്ക് രക്ഷ സ്പെഷൽ സ്കൂളിൽ റെഗുലർ അക്കാദമിക് കോഴ്സുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ കീഴിലെ നാഷനൽ ഓപൺ സ്കൂളിെൻറ യോഗ്യതാപരീക്ഷകൾക്കും നിരവധി കുട്ടികളെ പ്രാപ്തരാക്കുന്നുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങി പ്രവർത്തനം വ്യാപിപ്പിക്കണമെന്ന സ്വപ്നം രക്ഷയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ പുനരധിവാസം വ്യവസ്ഥാപിതമായി ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. നിലവിൽ നല്ലൊരു ശതമാനം പേരും സ്വയംതൊഴിലുകളിൽ ഏർപ്പെടുന്നുണ്ട്. കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന തരത്തിൽ അവരെ തൊഴിൽദാതാക്കളായി മാറ്റിയെടുക്കാൻ കഴിയുന്നിടത്താണ് വിജയമെന്ന് രക്ഷ എക്സിക്യൂട്ടിവ് സെക്രട്ടറി ഗിരിജ നാഥ് മേനോൻ കരുതുന്നു.

കാത്തിരിപ്പിനൊടുവിൽ ക്രിസ്മസ്

ക്രിസ്മസ് കേക്കും ക്രിസ്മസ് ട്രീയും നിർമിച്ച് ക്രിസ്മസിനെ വരവേൽക്കുന്നതിൽ പങ്കാളികളായ രക്ഷയിലെ 142 കുഞ്ഞുങ്ങളും കുടുംബവും ഇക്കുറി ‘വർണത്തുടിപ്പ്’ എന്നു പേരിട്ടിരിക്കുന്ന ക്രിസ്മസ് ആഘോഷത്തിെൻറ ഭാഗമാകുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം നടക്കുന്ന ചടങ്ങുകളുടെ ആവേശത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരുമെല്ലാം അടങ്ങുന്ന സമ്പൂർണമായ രക്ഷ കുടുംബം.

Tags:    
News Summary - RAKSHA SPECIAL SCHOOL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.