കാസർകോട്: വിഷമഴ കണ്ണീർമഴയായി പെയ്തുകൊണ്ടിരുന്ന ഇടവഴികളിൽ നിന്ന് കളഞ്ഞുകിട്ടിയ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ ഒരുക്കിയ കൂടിന്റെ പേരാണ് സ്നേഹവീട്. ഒരമ്മക്ക് ജനിച്ച എല്ലാ കുഞ്ഞുങ്ങളും ഭിന്നശേഷിക്കാർ എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ടപ്പോൾ ആ അമ്മ ചോദിച്ച ചോദ്യത്തിലെ നീറ്റലിൽ നിന്നാണ് സർക്കാറിന്റെ ഒരു രൂപപോലും വെച്ചുനീട്ടാത്ത, സ്നേഹം മാത്രം നിക്ഷേപമുള്ള അമ്പലത്തറയിലെ സ്നേഹ വീടിന് തുടക്കം. ‘ഞാൻ മരിച്ചാൽ എന്റെ കുഞ്ഞുങ്ങളെ ആരുനോക്കും’ എന്നായിരുന്നു ചോദ്യം.
എൻഡോസൾഫാൻ കീടനാശിനിയുമായി നേരിട്ടുള്ള ബന്ധം വഴി രോഗികളായവരിൽനിന്ന് അവരുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിലേക്ക് വിഷ മഴ ജനിതകപരമായി പകർന്നാടിയപ്പോഴാണ് ഭിന്നശേഷിക്കാരായ നിരവധി കുഞ്ഞുങ്ങളുടെ പിറവി മനഃസാക്ഷിയെ നടുക്കിയത്.
‘എൻമകജെ ഗ്രാമത്തിൽ എഴുന്നേൽക്കാനോ ചലിക്കാനോ കഴിയാതെ കിടപ്പിലായ ഒരമ്മയുടെ നീറ്റലിൽനിന്നാണ് സ്നേഹവീട് ഉയർന്നതെന്ന് സ്നേഹവീടിന്റെ സ്ഥാപകനും എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി കൺവീനറുമായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘ കൈയും കാലും ശോഷിച്ച് ചലിക്കാൻ പറ്റാത്ത അവസ്ഥയിൽ അവർക്കൊരു കുഞ്ഞുണ്ടായിരുന്നു -ശീലാബതി. പ്രേത പിശാചുക്കൾ വരാതിരിക്കാൻ ഒരു ധൈര്യത്തിന് ഒരു കത്തി ആ കുഞ്ഞിന്റെ തലക്കരികിൽ വെച്ചുകൊടുത്താണ് ആ അമ്മ പുറത്തിറങ്ങുന്നത്. കെട്ടുറപ്പില്ലാത്ത വീടിനുള്ളിൽ മകളെ ഒറ്റക്ക് കിടത്തിയാൽ ഇഴജന്തുക്കൾ വന്നേക്കുമോയെന്ന് ഭയന്ന് മകൾക്ക് കാവലായി അവളുടെ കാലിൽ മണികെട്ടിയ പൂച്ചയെ കെട്ടിയിടുമായിരുന്നു . ഇതെല്ലാം ചെയ്ത അമ്മ അവസാനമായി ഒരു ചോദ്യം ചോദിച്ചു;
'ഞാൻ മരിച്ചാൽ എന്റെ മകളെ ആര് സംരക്ഷിക്കും? ' ഈചോദ്യത്തിൽ അരിഞ്ഞിറങ്ങിയ നീറ്റലിലാണ് സ്നേഹവീടിന്റെ പിറവി. അദ്ദേഹം പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ഡോക്ടർ ബിജു, അംബികാസുതൻ മാങ്ങാട്, തുടങ്ങിയവർ ആ വീടിന്റെ തണലായി. 2014 ഡിസംബർ എട്ടിന് വാടക ക്വാർട്ടേഴ്സിൽ മൂന്ന് കുട്ടികളെയും കൊണ്ട് തുടങ്ങിയ സ്നേഹവീട് ഇന്ന് നൂറു കുട്ടികളുടെ അമ്മവീടായി മാറി. ഒരു വർഷം 30 ലക്ഷം രൂപ ചെലവുള്ള സ്നേഹവീടിന് എന്തെങ്കിലും സഹായം ലഭ്യമാക്കണമെന്ന അഭ്യർഥന സർക്കാർ സമക്ഷം ഉറങ്ങുകയാണെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറയുന്നു. 17 ജീവനക്കാരാണ് സ്നേഹവീട്ടിൽ കുട്ടികളെ പരിചരിക്കുന്നത്. സമൂഹം നൽകുന്ന നിർലോപ സഹായം കൊണ്ടു മാത്രമാണ് സ്ഥാപന നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.