കേരളത്തിെൻറ ആയുർവേദ സംസ്കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യരെ. ആയുർവേദത്തിെൻറ കർമവഴികളിൽ കാഴ്ചവെച്ച സമർപ്പണവും ദീർഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാേങ്കതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിെൻറ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.
ആയുർേവദ രംഗത്തെ കോർപറേറ്റ് മത്സരങ്ങൾക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനിൽക്കുന്നു കോട്ടക്കൽ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴിൽ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. രാജ്യത്തിനുതന്നെ അഭിമാനമായി മാറിയ ഡോ. പി.കെ. വാര്യർ ഇന്ന് ശതാഭിഷേക നിറവിലാണ്. പ്രായത്തിെൻറ ആകുലതകൾ ഒന്നുമില്ലാതെ സദാ കർമനിരതനായിരിക്കുന്ന അദ്ദേഹം പറയുന്നു, ആയുർവേദത്തോടൊപ്പം താൻ നടന്ന നാളുകളെക്കുറിച്ച്...
എൻജിനീയറിങ്ങിന് പോകാനായിരുന്നു അന്ന് പി.കെ. വാര്യരുടെ ആഗ്രഹം. അന്നത്തെക്കാലത്ത് ഇൻറർമീഡിയറ്റ് കഴിഞ്ഞാൽ എൻജിനീയറിങ്ങിന് ചേരാമായിരുന്നു. എന്നാൽ, വീട്ടുകാർക്കിഷ്ടം ആയുർവേദം പഠിക്കുന്നതും. വൈദ്യരത്നം പി.എസ്. വാര്യർ (അദ്ദേഹത്തിെൻറ വല്യമ്മാമൻ) ഉണ്ടായിരുന്ന കാലമാണ്. ജ്യേഷ്ഠൻ (ആര്യവൈദ്യൻ പി. മാധവ വാര്യർ) വൈദ്യനായി പ്രാക്ടിസ് ചെയ്ത് പി.എസ്. വാര്യരെ സഹായിച്ചിരുന്നു. ഭാവിയിൽ ആര്യവൈദ്യശാല കൊണ്ടുനടത്താൻ ആരാണ് ഉണ്ടാവുക എന്ന വീട്ടുകാരുടെ ചിന്തയാണ് വൈദ്യപഠനത്തിലേക്ക് എത്തിച്ചത്.
കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്സിന് പഠിച്ചു. ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എൻ.വി. കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.
സത്യം, ധർമം, മാനവികത എന്നീ അടിസ്ഥാന ഘടകങ്ങൾതന്നെയാണ് ആര്യവൈദ്യശാലയുടെ മുതൽക്കൂെട്ടന്ന് പി.കെ. വാര്യർ പറയുന്നു. ''ആര്യവൈദ്യശാലയുടെ സ്ഥാപകൻ എഴുതി തയാറാക്കിയ ഒരു വിൽപത്രം ഞങ്ങൾക്ക് മാർഗദർശകമാണ്. ആര്യവൈദ്യശാലയുടെ ലാഭം എങ്ങനെ വിനിയോഗിക്കണമെന്ന നിർദേശം ഞങ്ങൾ പാലിക്കുന്നുണ്ട്. ധർമാശുപത്രിയുടെ ചെലവുകൾ, പി.എസ്.വി നാട്യസംഘത്തിെൻറ നടത്തിപ്പ്, ആയുർേവദ കോളജിന് ധനസഹായം എന്നിവയെല്ലാം ഇൗ വിൽപത്രത്തിൽ വിഭാവനം ചെയ്തപോലെത്തന്നെ നിർവഹിക്കുന്നു'' -അദ്ദേഹം പറയുന്നു.
പി.കെ. വാര്യരുടെ ജ്യേഷ്ഠൻ മാനേജിങ് ട്രസ്റ്റിയായ കാലയളവിൽ, അതായത് 1940കളിലാണ് ആര്യവൈദ്യശാലയുടെ ഫാക്ടറിയിൽ യന്ത്രവത്കരണം നടപ്പാക്കുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ആര്യവൈദ്യശാല ഗോൾഡൻ ജൂബിലി നഴ്സിങ് ഹോം തുടങ്ങി. തിരൂരിലും തമിഴ്നാട്ടിലെ ഇൗറോഡിലും ആര്യവൈദ്യശാലയുടെ ശാഖകൾ സ്ഥാപിച്ചു. പിന്നീട് ആയുർവേദത്തെ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ ആര്യവൈദ്യശാലയിൽ വിപുലമായി നടന്നു, അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
2003ൽ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാം ആണ് ഇൗ രംഗത്തെ പുതിയ സംരംഭമായ സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ് റിസർച് (സി.എം.പി.ആർ) ഉദ്ഘാടനം ചെയ്തത്. നിരവധി ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുകയും ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. ആയുർവേദ ഒൗഷധ നിർമാണത്തിനായി ഉപയോഗിക്കുന്ന മൂലികകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിദഗ്ധ സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതിനെല്ലാം അപ്പുറം വിപുലമായൊരു കൂട്ടായ്മയുടെ കേന്ദ്രബിന്ദുവാണ് ആര്യവൈദ്യശാലയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പച്ചമരുന്നുകൾ ശേഖരിച്ചുനൽകുന്നവർ, പാൽ നൽകുന്നവർ തുടങ്ങി ഡോക്ടർമാരിൽ വരെ എത്തിനിൽക്കുന്ന വിവിധ തലത്തിലുള്ള കൂട്ടായ്മയാണ്. ഇൗ കൂട്ടായ്മതന്നെയാണ് ആര്യവൈദ്യശാലയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു.
തെൻറ 100ാം വയസ്സിലും യൗവനത്തിെൻറ പ്രസരിപ്പോടെയാണ് പി.കെ. വാര്യർ എപ്പോഴും. അതിന് അദ്ദേഹത്തിേൻറതായ ചില രഹസ്യങ്ങളുമുണ്ട്. പുലർകാലത്തുതന്നെ എഴുന്നേൽക്കുന്നു എന്നതുതന്നെയാണ് ആ രഹസ്യങ്ങളിൽ ഒന്ന്. രാവിലെ നാലരമണിക്ക് എഴുന്നേൽക്കും. കുളിയും ജപവും പ്രാർഥനയുമെല്ലാം കഴിഞ്ഞ് ഏഴരക്ക് പ്രഭാത ഭക്ഷണം. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം കുറച്ചുസമയം ഉറപ്പായും ചെലവഴിക്കും. ആയുർവേദ പുസ്തകങ്ങൾ, മാസികകൾ, ദിനപ്പത്രങ്ങൾ എന്നിവയുടെ വായനയും ഒരു ദിവസവും മുടക്കാറില്ല.
എല്ലാദിവസവും രോഗികളെ പരിശോധിക്കുന്നത് ശീലമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് അൽപം വിശ്രമം. ശേഷം ഉറപ്പായും ഒാഫിസിൽ തെൻറ സാന്നിധ്യമറിയിക്കും. ജോലിസമയം കഴിഞ്ഞ് സന്ധ്യക്കുള്ള കുളിയും പ്രാർഥനയും കഴിഞ്ഞാൽ രാത്രിഭക്ഷണം നേരത്തേ തന്നെ കഴിക്കും. കുറച്ചുനേരം നടക്കും. രാത്രി ഒമ്പതരയോടെ ഉറങ്ങാൻ കിടക്കും. വളരെ ചിട്ടയോടെയുള്ള ജീവിതം തന്നെയാണ് അദ്ദേഹത്തിേൻറത്. തേൻറതായ കാരണത്താൽ ഇക്കാര്യങ്ങൾക്കൊന്നും മുടക്കം വരാതെ ശ്രദ്ധിക്കാറുമുണ്ട്. ജീവിതത്തിൽ സമയനിഷ്ഠ പുലർത്തുക എന്നത് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അദ്ദേഹം നടപ്പാക്കിപ്പോരുന്ന കാര്യമാണ്. അതിനോടൊപ്പം എപ്പോഴും ശുഭാപ്തിവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സിൽ കൊണ്ടുനടക്കും.
1921ലാണ് പി.കെ. വാര്യരുടെ ജനനം. വലിയമ്മാമനായ വൈദ്യരത്നം പി.എസ്. വാര്യരുടെ ഉപദേശ നിർദേശങ്ങളാണ് അദ്ദേഹം എന്നും പിന്തുടർന്നുപോന്നത്. ''ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴിൽ ആയുർവേദ ചികിത്സ ശാസ്ത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ആയുർവേദത്തിെൻറ പ്രചാരത്തിനും ഉന്നമനത്തിനുമായാണ് 1902 ഒക്ടോബർ 12ന് വലിയമ്മാമൻ ആര്യവൈദ്യശാല സ്ഥാപിച്ചത്. അദ്ദേഹം സ്വപ്നം കണ്ടിരുന്നതിൽനിന്ന് എത്രയോ മടങ്ങ് പുരോഗതി ആയുർവേദത്തിനുണ്ടായിരിക്കുന്നു. ഔഷധനിർമാണം, വിപണനം, രോഗചികിത്സ, ഗവേഷണം എന്നിവയാണ് ആര്യവൈദ്യശാലയുടെ മുഖ്യ പ്രവർത്തന രംഗങ്ങൾ. പഴയകാലത്ത് ആയുർവേദ ആശുപത്രികൾ കുറവായിരുന്നു. മരുന്നുകൾ വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ തുടങ്ങിയതോടെ ചികിത്സരംഗത്തും മാറ്റങ്ങൾ വന്നു.
1924ൽ പി.എസ്. വാര്യർ ധർമാശുപത്രി തുടങ്ങിയത് ആയുർവേദ ചികിത്സ രംഗത്ത് പ്രാധാന്യമുള്ള ഒരുകാര്യമാണ്. 1954ൽ നഴ്സിങ് ഹോം പ്രവർത്തനമാരംഭിച്ചു. 2000ത്തിൽ ഡൽഹിയിൽ ആശുപത്രി തുടങ്ങി. 2008ൽ എറണാകുളത്തും ആരംഭിച്ചു. വൈദ്യെൻറ മേൽനോട്ടത്തിൽതന്നെ ചികിത്സ, ഭക്ഷണം, ദിനചര്യ, പഥ്യം എന്നിവ രോഗികൾക്കു ലഭിക്കുന്നത് രോഗശമനത്തിന് അത്യാവശ്യമാണ്. ലോകത്തിെൻറ നാനാഭാഗത്തുനിന്നും രോഗികൾ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ആയുർവേദത്തിനുള്ള പ്രാധാന്യം വർധിക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു'' -അദ്ദേഹം പറയുന്നു.
നിപ, കൊറോണ പോലുള്ള വൈറസുകൾ ലോകത്തിനു മുന്നിൽ ഭീതി പരത്തുേമ്പാൾ ആയുർവേദ രംഗത്തിന് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ഡോ. പി.കെ. വാര്യർ പറയുന്നു. ''പകർച്ചവ്യാധികളെക്കുറിച്ച് ആയുർവേദത്തിൽ പറയുന്നുണ്ട്. രോഗം വരാതിരിക്കാൻ, രോഗപ്രതിരോധശക്തി നിലനിർത്താൻ, ശരീരബലം വർധിപ്പിക്കാൻ എല്ലാം ശാസ്ത്രത്തിൽ നിർദേശമുണ്ട്. ഇക്കാലത്ത് ആയുർവേദ ഔഷധങ്ങൾ നിരവധി ആളുകൾ ശീലിക്കുന്നുമുണ്ട്. രോഗം ഗുരുതരാവസ്ഥയിലാവാതിരിക്കാൻ ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കണം. രോഗിയെ രക്ഷിക്കാൻ രണ്ടു ശാസ്ത്ര സമ്പ്രദായങ്ങളും യോജിച്ച് പ്രവർത്തിക്കുന്നു.
രോഗം മാറിയശേഷവും നിരവധിയാളുകൾ ആയുർവേദ മരുന്നുകൾ ശീലിക്കുന്നുണ്ട്. ഔഷധത്തോടൊപ്പം ആഹാരം, വ്യായാമം, നിദ്ര എന്നിവകൂടി ശരിയായാലേ രോഗം ബാധിക്കാതിരിക്കൂ. കോവിഡ് രോഗത്തിെൻറ ലക്ഷണത്തിന് അനുസരിച്ച് ആരംഭ ഘട്ടത്തിൽത്തന്നെ വൈദ്യനിർദേശാനുസൃതം മരുന്നുകൾ ഉപയോഗിക്കാം. ഗുരുതരാവസ്ഥയിലാകാതെ ആരോഗ്യം വീണ്ടെടുക്കാൻ ആയുർവേദ ഔഷധങ്ങൾ സഹായിക്കുന്നുണ്ട്.'' ആര്യവൈദ്യശാലയുടെ എല്ലാ ബ്രാഞ്ചുകളിലും ആശുപത്രികളിലും കോവിഡ് ചികിത്സ നടക്കുന്നുണ്ട്. ടെലിമെഡിസിൻ സംവിധാനവും ഇവിടങ്ങളിലുണ്ട്. അർഹതപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നുകൾ കൊടുക്കാനുള്ള സംവിധാനവും തയാറാണ്.
''പഴയകാലത്ത് വീടിനു ചുറ്റുമുള്ള പച്ചമരുന്നുകൾ കൊണ്ടായിരുന്നു ചികിത്സ. വൈദ്യൻ എഴുതിക്കൊടുക്കുന്ന കുറിപ്പടി അനുസരിച്ച് രോഗിതന്നെ വീട്ടിൽ മരുന്നുണ്ടാക്കി കഴിക്കുമായിരുന്നു. 1902ൽ ആര്യവൈദ്യശാല വ്യവസായികാടിസ്ഥാനത്തിൽ മരുന്നു നിർമാണം തുടങ്ങി. നിർമിത ഔഷധങ്ങൾ രോഗികൾക്ക് ലഭ്യമായിത്തുടങ്ങി. ആയുർവേദ ചികിത്സ നടത്താൻ ആശുപത്രികൾ സ്ഥാപിച്ചു. ഗുരുകുല വിദ്യാഭ്യാസ രീതിയിൽനിന്ന് ആയുർവേദ പഠനം പാഠശാലയിലേക്കു മാറി. ആയുർവേദ കോളജുകൾ നിലവിൽവന്നു. എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണല്ലോ ഇപ്പോൾ ആയുർവേദപഠനത്തിന് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. മരുന്നു നിർമാണത്തിന് നൂതന യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു. എൻജിനീയറിങ്ങിലും സസ്യശാസ്ത്രത്തിലും രസതന്ത്രത്തിലുമുള്ള നൂതന അറിവുകൾ ഔഷധ നിർമാണ രംഗത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടിസ് ഔഷധ നിർമാണ മേഖലയിൽ നിലവിൽവന്നു.
നിരവധി ഔഷധ നിർമാണ സ്ഥാപനങ്ങൾ ഉണ്ടായിട്ടുണ്ട്. സർക്കാർതലത്തിൽ ആയുർവേദത്തിനായി ആയുഷ് ഡിപ്പാർട്മെൻറ് പ്രവർത്തിക്കുന്നുണ്ട്. കഷായം ടാബ്ലറ്റ് രൂപത്തിലാക്കിയതും ഭസ്മങ്ങൾ കാപ്സ്യൂളുകളിലാക്കിയതുമെല്ലാം ആയുർവേദത്തിലെ കാലാനുസൃത പരിഷ്കാരങ്ങളാണ്. ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ ആയുർവേദത്തിെൻറ പുരോഗതിക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നിരവധി വിദേശികൾ ചികിത്സക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ആയുർവേദത്തിനുണ്ടായ പുരോഗതിയിൽ ഞാൻ സംതൃപ്തനാണ്'' -അദ്ദേഹം വാചാലനാകുന്നു.
പി.കെ. രാമുണ്ണി മേനോൻ മാസ്റ്ററായിരുന്നു ആയുർവേദ കോളജിലെ പ്രിൻസിപ്പൽ. മഹാപണ്ഡിതനും കർക്കശക്കാരനുമായിരുന്ന അദ്ദേഹവും ആര്യവൈദ്യൻ എൻ.പി. കൃഷ്ണപ്പിഷാരടി, പി.കെ. ശ്രീധരൻ നമ്പൂതിരി, കെ.വി. ശങ്കര വാര്യർ, എസ്. രഘുനാഥ അയ്യർ എന്നിവരുമൊക്കെ അധ്യാപകരായിരുന്നു. ഇവരൊക്കെയാണ് ഗുരുക്കന്മാർ. കൂടെ പഠിച്ചിരുന്ന പലരും മികച്ച വൈദ്യന്മാരായി ചികിത്സ ചെയ്ത് സ്വന്തമായി വൈദ്യശാലകൾ സ്ഥാപിച്ച കാര്യവും അദ്ദേഹം പങ്കുവെക്കുന്നു.
ആയുർവേദ രംഗത്തെ പുതിയ തലമുറയും ആയുർവേദത്തിെൻറ പുതിയ സാധ്യതകൾ തേടി പുതിയ വെളിച്ചം തേടിയുള്ള യാത്രയിലാണെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. എന്നാൽ, അതിനോടൊപ്പം ചില വിഷമങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എന്താണ് രോഗമെന്ന് എക്സ്റേ പോലുള്ളവ മാത്രം എടുത്ത് അതിെൻറ ഇൻെവസ്റ്റിഗേഷൻ റിപ്പോർട്ട്വെച്ച് മാത്രമാണ് ഇന്ന് മിക്കപ്പോഴും സ്ഥിരീകരിക്കുന്നത്. അതിൽ തെറ്റൊന്നുമില്ല, മാത്രമല്ല അത് സൂക്ഷ്മവുമാണ്. എന്നാൽ, മുമ്പ് രോഗിയെ നോക്കി പരിശോധിച്ച് ചോദ്യങ്ങൾ ചോദിച്ച് ഒാരോന്നും മനസ്സിലാക്കിയായിരുന്നു ചികിത്സയെന്ന് അദ്ദേഹം പറയുന്നു. ഇൻെവസ്റ്റിഗേഷൻ റിപ്പോർട്ട് ഉപയോഗിക്കുന്നതോടൊപ്പംതന്നെ ബുദ്ധിപരമായിക്കൂടി ചിന്തിച്ചുകൊണ്ട് വേണം ചികിത്സ ചെയ്യാൻ എന്നാണ് പി.കെ. വാര്യർ പറയുന്നത്.
'സ്മൃതിപർവം' എന്ന ആത്മകഥയിലൂടെ വായനക്കാർക്ക് അനുഭവങ്ങൾ പകർന്നുനൽകിയ േഡാ. പി.കെ. വാര്യർക്ക് ആ പുസ്തകത്തിനുതന്നെ 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകൾ' പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസിെൻറ പ്രസിഡൻറായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ്സ് റിസർച്ചിെൻറ (സി.എം.പി.ആർ) പ്രോജക്ട് ഓഫിസർകൂടിയാണ് അദ്ദേഹം. 1999ൽ പത്മശ്രീ, 2010ൽ പത്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ രാജ്യം അദ്ദേഹത്തിന് നൽകി. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്ഥമാക്കി. 1999ൽ കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചു.
കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്.
ഹൃദയത്തിൽ തട്ടിയ നിരവധി മുഹൂർത്തങ്ങൾ പറയാനുണ്ട് ഡോ. പി.കെ. വാര്യർക്ക്. ''പണ്ട് ഏഴര മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയെയുംകൊണ്ട് മാതാപിതാക്കൾ ചികിത്സക്കെത്തി. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം പിറന്ന ഏക സന്തതിയാണ്. കുട്ടിയുടെ എല്ലാ സന്ധിയും സ്ഥാനം തെറ്റിയിരിക്കുകയായിരുന്നു. മലർന്നുകിടന്ന് കൈകാലുകൾ ചലിപ്പിക്കും. ശബ്ദവും കുറവ്. ആസ്ട്രേലിയയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരാണ് മാതാപിതാക്കൾ. ചില മരുന്നുകൾ നിർദേശിച്ചു. രണ്ടു മാസംകൊണ്ട് കുട്ടിയുടെ കഴുത്തുറച്ചു. നവരച്ചോറ് തേപ്പിച്ച് കൈകാലുകൾക്ക് ബലം വരുത്തി. പിന്നീട് കോട്ടക്കൽ ആര്യവൈദ്യശാല ആൻഡ് റിസർച് സെൻററിൽ കിടത്തിച്ചികിത്സ നടത്തി. ക്രമേണ കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകൾ വർധിച്ചു. ശബ്ദത്തിന് കരുത്തുകിട്ടി. ചികിത്സക്കുശേഷം അവർ ആസ്ട്രേലിയയിലേക്ക് തിരിച്ചുപോയി. പിന്നീട് തപാൽമാർഗം ചികിത്സ തുടർന്നു.
ആ കുടുംബം പിൽക്കാലത്ത് അമേരിക്കയിലേക്ക് താമസം മാറി. അവിടെവെച്ച് ഒമ്പതാം വയസ്സിൽ ദേശീയതലത്തിൽ നടന്ന ഗണിതശാസ്ത്ര മത്സരത്തിൽ മുതിർന്ന കുട്ടികളേക്കാൾ കഴിവ് പ്രദർശിപ്പിച്ചു ആ കുട്ടി. പിന്നീടൊരിക്കൽ ഇൗ കുട്ടിയെ അമേരിക്കയിൽവെച്ച് കാണാനിടയായി. 'ഭാവി പരിപാടി' എന്താണെന്ന് അന്വേഷിച്ചപ്പോൾ ഫിസിക്സിൽ പിഎച്ച്.ഡി എടുക്കണമെന്ന മറുപടി കിട്ടി. അപ്പോൾ അവെൻറ മുഖത്തെ ആത്മവിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.
ഇത്തരം അനുഭവങ്ങൾക്കൊപ്പംതന്നെ വളരെ വ്യത്യസ്തമായ ചിലതുകൂടി ഉണ്ട്. വർഷങ്ങളോളം കാടും മേടും താണ്ടി ആര്യവൈദ്യശാലക്കായി പച്ചമരുന്നുകൾ ശേഖരിച്ചവരും ആയുർവേദശാലയിൽ മുപ്പതു നാൽപത് വർഷം സേവനം ചെയ്തതിനുശേഷം പ്രായാധിക്യം മൂലവും രോഗംമൂലവും അവശരായവരുമായ കുറെ മനുഷ്യരുണ്ട്. അവർക്കൊക്കെ ചികിത്സക്കായി ആര്യവൈദ്യശാലയിൽ വരാം. കുറച്ചുദിവസത്തെ ചികിത്സ കഴിഞ്ഞ് അസുഖമെല്ലാം മാറി 'ഇനി പിന്നെ വരാം' എന്ന് യാത്രപറഞ്ഞ് അവർ പിരിയുേമ്പാൾ അനുഭവിക്കുന്ന ആത്മസംതൃപ്തി വളരെ വലുതാണ്.'' ഒരു വൈദ്യെൻറ ജീവിതത്തിെൻറ സാഫല്യമാണ് ഇത്തരം ഒാരോ അനുഭവങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.