ഓഫിസിലെ തിരക്കുകൾക്കിടയിലെപ്പോഴോ ആണ് അതു ശ്രദ്ധയിൽപെട്ടത്. പുതിയതായി നിയമിക്കപ്പെട്ട യുവ എൻജിനീയർമാർക്കിടയിലെ ഒരു ഒമാനി യുവതി അനായാസം ഹിന്ദി സംസാരിക്കുന്നു. അറബി ഭാഷയും ഹിന്ദിയും ഇംഗ്ലീഷും ഒരേപോലെ സംസാരിക്കുന്ന അവരെ കണ്ടപ്പോൾ കൗതുകം തോന്നാതിരുന്നില്ല. പരിചയപ്പെട്ടു. സാദിയ സയിദ് അൽ ബലൂഷി. സിവിൽ എൻജിനീയർ. എവിടെ നിന്നാണ് ഇങ്ങനെ ഹിന്ദി സംസാരിക്കാൻ പഠിച്ചതെന്ന് അന്വേഷിച്ചു. ചെറുപ്പം മുതൽ സാദിയ വീട്ടിൽ ഉർദുവും ഹിന്ദിയും കേട്ടാണത്രെ വളർന്നത്. അതിനു കാരണമുണ്ട്. ഇറാന്റെയും പാകിസ്താന്റെയും ഇടയിലായി വരുന്ന ഗ്വാൻഡാർ പ്രവിശ്യയിൽനിന്നുള്ള ബലൂച് വംശജരായിരുന്നു സാദിയയുടെ പൂർവ പിതാമഹന്മാർ.
അറബ് ലോകത്തെ ഏറ്റവും പഴക്കമുള്ളതും വിശാലവുമായ സാമ്രാജ്യമായിരുന്നു പഴയ ഒമാന്റേത്. കിഴക്ക് ഗ്വാൻഡാർ മുതൽ പടിഞ്ഞാറ് ആഫ്രിക്കൻ തീരത്തെ സാൻസിബാർ വരെ അതു പരന്നുകിടന്നിരുന്നു. ഒമാൻ തീരങ്ങളിൽ സ്വാധീനമുറപ്പിച്ച പോർചുഗീസുകാരുമായി വലിയ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. പോർചുഗീസുകാരെ നേരിടാനായി പേർഷ്യൻ ബലൂച് പോരാളികളെയാണ് ഒമാൻ സുൽത്താൻ നിയോഗിച്ചത്. യുദ്ധശേഷം അവർ ഒമാനിൽതന്നെ സ്ഥിരവാസമുറപ്പിച്ചു. അവരിൽപെട്ടവരായിരുന്നു സാദിയയുടെ പൂർവികർ. ഒമാനിൽ വാസമുറപ്പിച്ചെങ്കിലും അവർ തങ്ങളുടെ സംസ്കാരവും ഭാഷയും പരിപാലിച്ചുപോന്നു. ഇന്ത്യയുമായി ഒമാനുള്ള ദീർഘകാല ബന്ധം മൂലം ഗുജറാത്തിൽ നിന്നും മറ്റും ധാരാളം പേർ പണ്ടുമുതലേ ഒമാനിലെത്തിയിരുന്നു. അങ്ങനെ അറബിക് ഭാഷ കഴിഞ്ഞാൽ ഒമാനിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഭാഷയായി ഹിന്ദി മാറി.
ഇന്ത്യൻ സംസ്കാരത്തെയും കലകളെയും സിനിമയെയും ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ് സാദിയ. സൽമാൻ ഖാനും ഷാറൂഖ് ഖാനും അമീർ ഖാനും എന്തിനു രജനികാന്ത് വരെ സാദിയയുടെ ഇഷ്ട നടന്മാരാണ്. ഹിന്ദി സീരിയലുകളുടെ സ്ഥിരം പ്രേക്ഷകയാണിവർ. ഒരു മികച്ച ചിത്രകാരിയും എഴുത്തുകാരിയും കൂടിയാണ് സാദിയ. ചിത്രകലയിൽ പ്രത്യേകമായ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും, ഇവർ വരച്ച ചിത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. അത്രയും ജീവൻ തുടിക്കുന്നവയാണവ. ചില വ്യാപാരസ്ഥാപനങ്ങൾ തങ്ങളുടെ ഇൻറീരിയർ അലങ്കാരങ്ങൾക്കായി സാദിയയുടെ ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഇവരുടേത് ഒരു ചിത്രകലാ കുടുംബമെന്ന് പറയാം.
സാദിയയുടെ പിതാവും മാതാവും സഹോദരിയുമെല്ലാം നന്നായി വരക്കും. ചെറിയപ്രായത്തിൽതന്നെ സാദിയ ചിത്രരചന ആരംഭിച്ചു. ധാരാളം മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2012ലെ ‘ഒമാൻ ലവ്’ ചിത്രരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് സാദിയ ആണ്. എഴുത്തിലേക്ക് കടന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂവെങ്കിലും കുറഞ്ഞ നാൾകൊണ്ട് ഒമാനിൽ ശ്രദ്ധേയയാകാൻ അവർക്കു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം സാദിയക്കായിരുന്നു. ഇന്ത്യയും വിശേഷിച്ച് കേരളവും സന്ദർശിക്കാനും ഇവിടത്തെ സംസ്കാരത്തെ അടുത്തറിയാനും അവർക്കു വലിയ താൽപര്യമുണ്ട്. അധികം വൈകാതെ തന്നെ അതു സാധിക്കുമെന്ന പ്രതീക്ഷയിലാണ് സാദിയ സയിദ് അൽ ബലൂഷി.
സാദിയ എഴുതിയ ‘കൂട്ടുകാരൻ’ എന്ന ചെറുകഥയുടെ സംക്ഷിപ്ത വിവർത്തനം:
ബാലനായ അഹ്മദിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു സിദ്ര. അതൊരു ചെറുമരമാണ്. അവനും അവന്റെ മുത്തശ്ശിയും ചേർന്നാണ് അതു നട്ടത്. അന്നു മുതൽ എല്ലാ ദിവസവും അഹ്മദ് ആ വൃക്ഷത്തൈയുടെ ചുവട്ടിൽ പോകും, അതിനു വെള്ളമൊഴിക്കും, പരിപാലിക്കും, ഒപ്പം അതിനോട് സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അഹ്മദിന്റെ മാതാപിതാക്കൾ വലിയ തിരക്കുള്ളവരായിരുന്നു. അവന്റെ ജ്യേഷ്ഠൻ എപ്പോഴും പഠനത്തിലും. തന്റെ ആഗ്രഹങ്ങളും ചിന്തകളുമൊക്കെ അഹ്മദ് പങ്കുവെക്കുന്നത് ആ സിദ്രമരവുമായാണ്. വർഷങ്ങൾ നീങ്ങി. മരം പെട്ടെന്നു വലുതായി. അഹ്മദും ആ മരവും തമ്മിലുള്ള ബന്ധം അപ്പോഴും ഊഷ്മളമായി തുടർന്നു. അവൻ സംസാരിക്കുമ്പോഴൊക്കെ ചെറുകാറ്റിൽ വൃക്ഷത്തലപ്പ് ഇളകും. അവൻ പറയുന്നത് കേട്ട് അതു തലയാട്ടുകയാണപ്പോൾ.
അവന്റെ ഏറ്റവും വലിയ ആഗ്രഹം ആ വൃക്ഷം ഒരു മനുഷ്യനായി മാറണമെന്നായിരുന്നു. അതിനായി എന്നുമവൻ ദൈവത്തോടു പ്രാർഥിക്കും. ദൈവം അതിന്റെ ആത്മാവിൽ ഊതുകയാണെങ്കിൽ അതിനു മനുഷ്യനെപ്പോലെയാകുവാൻ കഴിയുമെന്നാണവന്റെ വിശ്വാസം. തങ്ങളുടെ പുത്രൻ സദാ സമയവും വൃക്ഷച്ചുവട്ടിൽ ഇരിക്കുന്നതും അതിനോടു സംസാരിക്കുന്നതും അവന്റെ മാതാപിതക്കൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനു കാര്യമായ എന്തോ കുഴപ്പമുള്ളതായി അവർ കരുതി. ഇനി മേലാൽ ആ മരച്ചുവട്ടിൽ പോയി ഇരിക്കരുതെന്ന് അവർ അവനെ ശാസിച്ചു. എന്നാൽ, അഹ്മദ് അതു ചെവിക്കൊണ്ടില്ല. കാരണം, അവനു മനസ്സു തുറന്നു സംസാരിക്കാനുള്ള ഏക സുഹൃത്ത് ആ മരമാണല്ലോ.
ഒരു രാത്രിയിൽ പുറത്തു നിന്ന് എന്തോ ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു. നോക്കുമ്പോൾ അവന്റെ പിതാവ് ആ സിദ്രവൃക്ഷം വെട്ടിമുറിച്ചുകൊണ്ടിരിക്കുകയാണ്. കരഞ്ഞുകൊണ്ട് അവൻ ഓടിയെത്തിയെങ്കിലും അവന്റെ ജ്യേഷ്ഠൻ അവനെ പിടിച്ചുനിർത്തി. മരം മുറിഞ്ഞ് നിലംപതിച്ചു. ആ വൃക്ഷക്കുറ്റിയിൽ കെട്ടിപ്പിടിച്ചുകൊണ്ട് അഹ്മദ് തേങ്ങി. “നീ ഒരു മനുഷ്യനാകണമെന്ന് ഞാൻ ആഗ്രഹിച്ചത് തെറ്റായിരുന്നു. നീ ഒരിക്കലും മനുഷ്യരെപ്പോലെയല്ല, എന്നെപ്പോലെയുമല്ല.’’ അവൻ ആകാശത്തേക്ക് കൈകളുയർത്തി അപേക്ഷിച്ചു, ‘‘ഓ ദൈവമേ... നീ എന്നെ ഒരു വൃക്ഷമാക്കി മാറ്റേണമേ. അപ്പോൾ എനിക്കു കാറ്റിനോടൊത്തു നൃത്തം ചെയ്യാമല്ലോ... മറ്റുള്ളവർക്കു തണലേകാമല്ലോ... ഓ ദൈവമേ, നീ എന്നെ ഒരു വൃക്ഷമാക്കി മാറ്റേണമേ... മനുഷ്യനേക്കാൾ കരുണയും സ്നേഹവുമുള്ള വൃക്ഷം.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.