നമ്പൂതിരി എന്നത് മലയാളിക്ക് വെറുമൊരു പേരല്ല, നീട്ടിയും കുറുക്കിയുമുള്ള വരകളാൽ ഭാവനാലോകത്തെ നിറംപിടിപ്പിച്ച കലാകാരനാണ്. കാണാമറയത്തെ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും നൽകിയ ആളാണ്. മലയാള സാഹിത്യത്തിൽ എഴുത്തുകാർക്ക് നിറം ചാർത്തി ദീർഘകാലം കൂടെനടന്ന മറ്റൊരാളുണ്ടാകില്ല. സെപ്റ്റംബറിൽ നമ്പൂതിരി മറ്റൊരു ജന്മദിനം പിന്നിട്ടു. 1925ലെ സെപ്റ്റംബർ 15 കഴിഞ്ഞ് 92 വർഷം പിന്നിട്ടിരിക്കുന്നു. കാലം കലാകാരന്റെ ചോദനകളെ ഒട്ടും മങ്ങലേൽപിച്ചിട്ടില്ല. എടപ്പാളിലെ വീട്ടിലിരുന്ന് നമ്പൂതിരി ഇപ്പോഴും വരച്ചുകൊണ്ടേയിരിക്കുന്നു. രേഖാചിത്രങ്ങളും പെയിൻറിങ്ങും തലക്കെട്ടുകളുമായി. പല താളുകളിലൂടെ അവ കൈരളിയെ വലംവെക്കുന്നു. ഒാരോ കഥാപാത്ര സൃഷ്ടിയിലും എഴുത്തുകാരന്റെ ഉള്ളിൽ ഒരു പരിചിത മുഖമുണ്ടാകാം. എവിടെയോ കണ്ടുമാഞ്ഞ മുഖങ്ങൾ. വായനക്കാരൻ അകമേ അവക്ക് മറ്റൊരു രൂപം പണിയും. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ചിത്രകാരൻ. കരുവാട്ടുമന വാസുദേവൻ നമ്പൂതിരിയെന്ന മലയാളിയുടെ സ്വന്തം ചിത്രകാരൻ അവയെ വരകൾകൊണ്ട് സമന്വയിപ്പിച്ചു. നമ്പൂതിരിയുടെ ചിത്രമെഴുത്തുചരിത്രം മലയാള സാഹിത്യചരിത്രം കൂടിയാണ്. ഒാർമകളൊെക്കയും കഥകളും. തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ‘മാധ്യമം ലിറ്റററി ഫെസ്റ്റി’ന്റെ ഭാഗമായി ആർട്ടിസ്റ്റ് നമ്പൂതിരിയെ
മാധ്യമം ആദരിച്ചിരുന്നു.
മലയാളത്തിന്റെ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിന് പിറകെയാണ് എടപ്പാൾ വട്ടംകുളത്തെ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. വീടിന്റെ കോലായയോടു ചേർന്ന് വലതുഭാഗത്തൊരുക്കിയ ‘ചിത്രപ്പുരയിൽ’ മിനുക്കുപണിയിലായിരുന്നു അദ്ദേഹം. ജുബ്ബയും മുണ്ടും, വാലുള്ള കണ്ണടയും, തൂവെള്ള മുടിക്കെട്ടുമായി പതിവുപോലെ നമ്പൂതിരി. വിരലുകളിൽ പറ്റിയ നിറം മായ്ക്കാതെ കോലായിലെ ചാരുകസേരയിൽ ചിത്രകാരനിരുന്നു. വീട്ടുമുറ്റത്തെ ഇടത് ഭാഗത്തെ സ്ത്രീപ്രതിമക്ക് സമീപം ശിൽപിയും ചിത്രകാരനും ഒരു നിമിഷം മൗനത്തിലാഴ്ന്നു. ഉണർന്നത് കുഞ്ഞബ്ദുള്ളയുടെ ഒാർമകളിലേക്ക്.
നമ്പൂതിരിയുടെ വരക്കൊപ്പം എം.ടി. വാസുദേവൻ നായർ കണ്ടെത്തി വളർത്തിയ കുഞ്ഞബ്ദുള്ള. എഴുത്തിനും വരക്കുമിടയിൽനിന്ന് ആത്മബന്ധത്തിന്റെ മറ്റൊരു ലോകം ഇരുവർക്കുമിടയിലുണ്ടായി. വരകൾക്കും പുറത്തേക്കുനീണ്ട സൗഹൃദം. മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാർക്കൊപ്പം നമ്പൂതിരി കുഞ്ഞബ്ദുള്ളയെ കൂട്ടുന്നു. നർമവും ക്ഷോഭവും മറ്റു വികാരങ്ങളുമെല്ലാമുള്ള കഥാപാത്രങ്ങൾ കുഞ്ഞബ്ദുള്ളയിലൂടെ ജനിച്ചു. പള്ളിപ്പറമ്പിലും ആശുപത്രികളിലും തെരുവോരങ്ങളിലും അവർ ജീവിച്ചു. അവർ പലയിടങ്ങളിലായി കുഞ്ഞബ്ദുള്ള കണ്ടുമുട്ടിയവരാണെന്നതിൽ നമ്പൂതിരിക്ക് സംശയമില്ല. ‘സ്മാരകശിലകൾ’ക്ക് നമ്പൂതിരി വരച്ചുകൊണ്ടിരിക്കുന്ന കാലം. തങ്ങളുടെ കഥാപാത്രത്തിൽ എത്തിയേപ്പോൾ നമ്പൂതിരിക്കൊരു സംശയം, മുടി നീട്ടിവളർത്തിയ തങ്ങളോ! വിഷയം കുഞ്ഞബ്ദുള്ളയോട് നേരിട്ടുചോദിച്ചു. അങ്ങനെ ഒരാളുണ്ട് എന്നായിരുന്നു മറുപടി. നമ്പൂതിരിയുടെ വരയിൽ പിന്നെ തങ്ങൾ മുടിനീട്ടി ചരിത്രത്തിലേക്ക് നടന്നു.
സ്മാരകശിലകൾക്കു ശേഷവും മുമ്പും നമ്പൂതിരി കുഞ്ഞബ്ദുള്ളക്കായി വരച്ചു. ഒാർത്തെടുക്കാൻ കഴിയാത്തവിധം അതൊക്കെ എവിടെയൊെക്കയോ നഷ്ടപ്പെട്ടു. ഒാർക്കാൻ ഒരു സ്മാരകശിലയുള്ളപ്പോൾ മറ്റു വരകളൊക്കെ എന്തിനെന്ന് നമ്പൂതിരി. കൂടെ സൗരഭ്യം പരത്തുന്ന ആ സൗഹൃദമുണ്ടല്ലോ... വടകരയിലെ എഴുത്തുകാരന്റെ വീട്ടിൽ പലതവണ എത്തിയത് നമ്പൂതിരി ഒാർക്കുന്നു. ആ സൗഹൃദത്തിന്റെ തുടർച്ചയായാണ് നവതി ആഘോഷത്തിന് കുഞ്ഞബ്ദുള്ള നമ്പൂതിരിയുടെ വീട്ടിലെത്തിയത്. കുഞ്ഞബ്ദുള്ള എഴുത്തു നിർത്തി യാത്രയായപ്പോൾ നമ്പൂതിരിക്ക് ഒരിക്കൽകൂടി വടകരയിലെത്താനായില്ല. ഇനി പോകുേമ്പാൾ വെളുക്കെ ചിരിച്ച് കെട്ടിപ്പിടിക്കാൻ കുഞ്ഞബ്ദുള്ള അവിടെ കാത്തിരിക്കാനുമില്ല. കാലം കാത്തുവെക്കുന്ന വലിയ നഷ്ടങ്ങളിൽ ഒന്നാണ് ഇതെന്ന് നമ്പൂതിരി.
കുഞ്ഞബ്ദുള്ളയെ കുറിച്ചുള്ള ഒാർമ മറ്റു എഴുത്തുകാരിലേക്കെത്തിച്ചു. കാലത്തെ അതിജീവിച്ച കഥാപാത്രങ്ങളാൽ മലയാളത്തെ സമ്പുഷ്ടമാക്കിയ പ്രിയപ്പെട്ടവർ. നമ്പൂതിരിക്കൊപ്പവും മുമ്പും പിമ്പും കഥയൊരുക്കിയവർ. അവരിൽ പലരുടെയും ഭാവനാലോകങ്ങളെ വിശാലമാക്കിയത് നമ്പൂതിരി ചിത്രങ്ങൾകൊണ്ടുകൂടിയാണ്. എഴുത്തുകാരനും ചിത്രകാരനുമിടയിലെ അതിർവരമ്പുകൾ ആർക്കുമിടയിലും നമ്പൂതിരി വരച്ചില്ല. എഴുത്തുകാർക്കെല്ലാം നമ്പൂതിരി പ്രിയപ്പെട്ടവനായി, തിരിച്ചും. ആ ആത്മബന്ധത്തിൽ രൂപംകൊണ്ട വരകൾ വായനക്കാർക്കും പ്രിയപ്പെട്ടതായി. ബഷീർ ചിത്രങ്ങൾ കൂടുതൽ വരച്ചവരിൽ ഒരാൾ നമ്പൂതിരി ആയിരിക്കും. ഒാർമകളിൽ തിളക്കത്തോടെ നിൽക്കുന്നുണ്ട് ബഷീർ. അതിൽ ബഷീറിനൊപ്പം നമ്പൂതിരി പ്രസിദ്ധമായ ആ മാേങ്കാസ്റ്റിൻ ചുവട്ടിലിരിക്കുകയാണ്. ഗ്രാമേഫാണിൽ നിന്ന് നിർഗളം ഏതോ ഗസലൊഴുകുന്നു. ചാരുകസേരയിലിരുന്ന് ‘സുൽത്താൻ’ തമാശ പറയുകയാണ്. കോഴിക്കോടൻ വൈകുന്നേരങ്ങളാണ് നമ്പൂതിരിയെ ബഷീറുമായി അടുപ്പിച്ചത്. ഒഴിവുേവളകളിലെല്ലാം അനുഭവത്തിന്റെ ആ മരച്ചുവട്ടിലേക്ക് നമ്പൂതിരി ഒാടിയെത്തിക്കൊണ്ടേയിരുന്നു. എം.എ. റഹ്മാന്റെ ‘ബഷീർ ദി മാൻ’ ഡോക്യുമന്റെറിക്കായി നമ്പൂതിരി വരച്ച ബഷീർ ചിത്രങ്ങൾ എത്രയെത്ര. ദേവൻ വരച്ച ചിത്രങ്ങൾ എം.എ. റഹ്മാന് വേണ്ടി നമ്പൂതിരി വീണ്ടും വരച്ചപ്പോൾ അത് മറ്റൊരു കാഴ്ചയായി. നമ്പൂതിരി വരകളിൽ ബഷീർ വീണ്ടുമാ കസേരയിലിരുന്നു. ഗ്രാമഫോണിൽ പാട്ടുകേട്ടു. സൈക്കിളിൽ അതുമായി എവിടേക്കോ ചവിട്ടിനീങ്ങി. ചെന്നൈയിലെ ആർട്ട് വില്ലേജിൽ നമ്പൂതിരി വരച്ച ആ ചിത്രം മിഴിവോടെ ഇന്നുമുണ്ട്. മറ്റു എഴുത്തുകാരുടെ കഥാപാത്രങ്ങൾ ചിത്രങ്ങളായപ്പോൾ ബഷീർ കഥകളിൽ മിക്കതിലും അദ്ദേഹം തന്നെ നായകനും ചിത്രവുമായി.
അങ്ങനെയിരിക്കെ, പഴയ കോഴിക്കോടും മാനാഞ്ചിറയും വലിയങ്ങാടിയും പാരഗൺ ഹോട്ടലുമൊക്കെ ചിത്രകാരന്റെ മനസ്സിലെത്തും. നിറവർണങ്ങളുള്ള ഒാർമകൾ. അവിടെ ചിരിതൂകി നിൽപുണ്ട്- വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന വി.കെ.എൻ. വി.കെ.എന്നിന്റെ ‘പിതാമഹൻ’ നോവൽ, സർ ചാത്തു തേരിൽപോകുന്ന ചിത്രമാണ് നമ്പൂതിരി വരക്കേണ്ടത്. രഥമുരുളുന്ന വഴിയിൽ അത്താണി വരച്ചപ്പോൾ നമ്പൂതിരിക്കൊരു കൗതുകം. അത്താണിയിൽ എന്തേലും എഴുത്തുണ്ടേൽ ഭംഗിയല്ലേ... ഏറെ ആലോചിച്ചില്ല. വി.കെ.എന്നിന്റെ കുടുംബപേര് ‘നാണിയമ്മ’ വക എന്ന് വരച്ചിട്ടു. രഥ വഴിയിലെ അത്താണിയും ഉടമയുടെ പേരും കണ്ട വി.കെ.എൻ സന്തോഷം അറിയിച്ചു. വി.കെ.എൻ സുഹൃത്തിന് നൽകിയ സ്വാതന്ത്ര്യമായി കാണുന്നു നമ്പൂതിരി ഇതിനെ. തന്റെ കഥകളിൽ നമ്പൂതിരിക്ക് അദ്ദേഹം എന്നും സ്വന്തമായ ഒരിടം ഒഴിച്ചിട്ടു. സ്വന്തം ആശയങ്ങളും ചേർത്ത് നമ്പൂതിരി അവ പൂരിപ്പിച്ചു. സർ ചാത്തുവും പയ്യനും വെളിച്ചപ്പാടും നങ്ങേമയും ലേഡീഷിറ്റും നമ്പൂതിരിയിലൂടെ തെളിഞ്ഞു. എഴുത്തുകാരനും ചിത്രകാരനും തമ്മിലുള്ള രസതന്ത്രം ഇരുവരെയും ഒറ്റവരയിലാക്കി. ‘അനന്തരം’ എന്ന നോവൽ നമ്പൂതിരിയുടെ വരകാണാൻ മാത്രമാണ് വി.കെ.എൻ എഴുതിയതെന്ന് പറയുന്നു. ‘അനന്തരം’ വി.കെ.എൻ സമർപ്പിച്ചതും നമ്പൂതിരിക്കുതന്നെ ‘വരയുടെ പരമശിവനായ വാസുദേവൻ നമ്പൂതിരിക്ക്’ എന്ന വാക്കിൽ. അഭിമാനിക്കാവുന്ന ആദരം. വി.കെ.എൻ നമ്പൂതിരിക്ക് നിരന്തരം കത്തുകളയച്ചു, തിരിച്ചും. ഒാരോ തവണയും വിലാസത്തിൽവരെ ഹാസ്യം കലർത്തി വി.കെ.എൻ മറുപടി അയച്ചു. കോഴിക്കോട് ബിലാത്തികുളത്ത് നമ്പൂതിരി താമസിക്കുന്ന സമയം, വിലാസത്തിൽ വി.കെ.എൻ ഇങ്ങനെ എഴുതി: ‘നമ്പൂതിരി, ചാക്കോർകുളം തോണ്ടിയതിന് സമീപം’. അവയൊക്കയും നമ്പൂതിരി സൂക്ഷിച്ചുവെച്ചു. ആത്മ കഥയുടെ ഭാഗവുമാക്കി.
മഹാഭാരത കാലഘട്ടം പശ്ചാത്തലത്തിലെത്തുമ്പോൾ ചിത്രകാരനെ കുഴക്കുന്ന പലതുമുണ്ട്. കാണാത്ത കാലത്തെ വസ്ത്രധാരണം, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ എന്നിവയെല്ലാം അറിയണം. എം.ടിയുടെ രണ്ടാമൂഴത്തിൽ വാക്കും വരകളും അതെല്ലാമറിഞ്ഞു ഒത്തുചേർന്നു. രണ്ടാമൂഴത്തിലെ ദ്രൗപദിയും ഭീമനും കഥക്കൊപ്പം ജ്വലിച്ചുനിന്നു. ഇന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ കണ്ടു പരിചയിച്ച രൂപങ്ങൾ രണ്ടാമൂഴ വരക്ക് ഗുണം ചെയ്തെന്ന് നമ്പൂതിരി. തനി പ്രാദേശിക സ്വഭാവത്തിലായിരുന്നു ആ വരകൾ. കോഴിക്കോട് ബിലാത്തികുളത്തെ വീട്ടിലിരുന്നായിരുന്നു രണ്ടാമൂഴത്തിന് വരച്ചത്. വരക്കാൻ ഏറ്റവും ഇണങ്ങിയ ഇടമായി ഇന്നും അതിനെ കാണുന്നു. വാക്കുകളിൽ എനിക്ക് നൽകാൻ കഴിഞ്ഞ രൂപങ്ങൾക്കെല്ലാം മറ്റേതോ ചില മാനങ്ങൾ കൂടി ചേർത്തുകൊണ്ടാണ് നമ്പൂതിരി വരച്ചതെന്ന് രണ്ടാമൂഴത്തെ കുറിച്ച് എം.ടി എഴുതി. നമ്പൂതിരിയുടെ സിദ്ധികളെയും സാധനയെയും നോക്കി അത്ഭുതവും ആദരവും തോന്നിയ അനേകരിൽ ഒരാളാണ് താനെന്നും. നമ്പൂതിരിക്കും എം.ടി എന്നും പ്രിയപ്പെട്ടവൻ തന്നെ. എടപ്പാളിലെ വീടിന്റെ അകത്തളത്തിൽ തൂങ്ങുന്ന സ്വയം വരച്ച എം.ടി ചിത്രം ആ അടുപ്പം വെളിപ്പെടുത്തുന്നു. വാനപ്രസ്ഥം പുസ്തകമായപ്പോള് വരച്ചതും നമ്പൂതിരി. വിനോദിനിയും കരുണാകരന് മാസ്റ്ററും പുറത്ത് മൗനവും അകം വാചാലമായും കഥെക്കാപ്പംനിന്നു. ഒരുമിച്ചുള്ള ജോലി, ഒരേ നഗരത്തിലെ വാസം, നാട്ടിൽ ഗ്രാമത്തിന്റെ അപ്പുറവും ഇപ്പുറവും നിന്ന് ഭാരതപ്പുഴ കണ്ടവർ, നമ്പൂതിരിയെയും എം.ടിയെയും ഒരുമിപ്പിക്കുന്ന ഘടകങ്ങൾ പിന്നെയുമെത്രയോ.
അങ്ങനെയിരിക്കെ റബർ ബോർഡ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടെത്തി. പാരഗൺ ഹോട്ടലിലാണ് താമസം. നാലാം ഗേറ്റിലാണ് നമ്പൂതിരിയുടെ മുറി. എം.ടിയും വി.കെ.എന്നും തിക്കോടിയനുമൊക്കെ എത്തുന്നതോടെ വൈകുന്നേരങ്ങളിൽ ഹോട്ടൽ മുറി സാംസ്കാരിക ചർച്ച കേന്ദ്രമായി. പെട്ടന്നൊരു ദിനം ചർച്ച സിനിമയെ കുറിച്ചായി. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത ചിത്രങ്ങളുടെ പിറവി അതിൽ നിന്നാണ്. സിനിമക്ക് ആർട്ട് ഡയറക്ടറായത് നമ്പൂതിരി. അതിലൊന്നിന് പുരസ്കാരവും കിട്ടി. ഓർക്കുമ്പോൾ രസകരമായ കാലമാണതെന്ന് നമ്പൂതിരി. ഇടക്ക് മുറിഞ്ഞുപോയ സിനിമ ബന്ധങ്ങൾ പുതുക്കാൻ സംവിധായകൻ ജയരാജ് അടുത്തിടെ എടപ്പാളിലെത്തി. തകഴിയുടെ കഥയിൽ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ ചിത്രങ്ങൾക്ക്. സംസാരം നീണ്ടുനീണ്ടു പോയി. ചിത്രകലയും സാഹിത്യവും പോയകാലത്തിലെ കഥകളായി വിരിഞ്ഞു. കെ.സി.എസ്. പണിക്കർ, മദ്രാസ് ജീവിതം തുടങ്ങി പല എഴുത്തുകാരിലൂടെ അത് സഞ്ചരിച്ചു. നേട്ടങ്ങളും ഒാർമകളും കാഴ്ചകളുമൊക്കെ സംസാരത്തിലെത്തി. വീട്ടുമുറ്റത്തെ പെൺപ്രതിമയുടെ നിഴലിന് നീളം കൂടിക്കൊണ്ടിരിക്കുന്നു.
നമ്പൂതിരി വരയിലെ സ്ത്രീകളെ കുറിച്ച് ചോദിക്കാതിരിക്കുക എങ്ങനെ! സ്ത്രീ ശരീരഘടനക്ക് താളവും ഈണവുമുണ്ട്. അതിനെ ഭാവാത്മകമാക്കുമ്പോൾ സൗന്ദര്യം തനിയെ വന്നുചേരുമെന്ന് ചിത്രകാരൻ. നമ്പൂതിരിയുടെ സൗന്ദര്യബോധവും അതിൽ ഉൾചേരുന്നു. പൊന്നാനിക്കാരനാണ് നമ്പൂതിരി. ‘സുന്ദരികളുടെയും സുന്ദരൻമാരുടെയും’ കഥ പറഞ്ഞ ഉറൂബിെൻറ നാട്ടുകാരൻ. മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാർക്ക് ജന്മംനൽകിയ പൊന്നാനി. കുഞ്ഞായിരിക്കെ പൊന്നാനി കാരുവാട്ട് മനക്കലെ മുറ്റത്ത് ഈര്ക്കില് കൊണ്ടും ചുവരുകളില് കരിക്കട്ടകൊണ്ടും കോറിയിട്ട് സ്വയം ഉണർത്തിയ കലാകാരൻ. വരയോടുള്ള അഭിനിവേശം തന്നെയാണ് അയാളെ ആര്ട്ടിസ്റ്റ് നമ്പൂതിരിയാക്കിയത്. ഇക്കഴിഞ്ഞ കാലമത്രയും നമ്പൂതിരി അതിൽനിന്ന് പിറകോട്ട് പോയില്ല. ഇന്നും തുടരുന്ന സാധകം. കുട്ടിക്കാലത്ത് എടപ്പാൾ ശുകപുരം ക്ഷേത്രത്തിൽ തൊഴാനെത്തിയിരുന്ന നമ്പൂതിരി ചിലതുകൂടി ശ്രദ്ധിച്ചിരുന്നു, ക്ഷേത്ര ചുമരുകളിൽനിറഞ്ഞ ദാരുശിൽപങ്ങൾ. അവ നോക്കി കൗതുകത്തോടെനിന്ന കുട്ടി തന്നെയാണ് താനിപ്പോഴുമെന്ന് നമ്പൂതിരി പറയും. ഇൗ വിനയംതന്നെ മലയാളത്തിന്റെ പുണ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.