അതിര്‍വരമ്പുകള്‍ മായ്ച്ച് ചട്ടക്കൂടുകള്‍ പൊളിച്ച് അനന്ത വിഹായസ്സില്‍ പാറുന്നതാണ് എട്ടുവയസ്സുകാരി നിളക്ക് ചിത്രരചന. കാന്വാസുകള്ക്കൊപ്പം ഉറങ്ങുകയും ഉണരുകയും കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന നിള സ്റ്റേസി ജോണ്‍സിന് വരയാണ് സര്‍വവും. സ്വപ്നലോകത്ത് സഞ്ചരിക്കുന്ന ഈ കുരുന്ന്, തന്റെ സ്വപ്നങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുകയാണ്. അതിന് പ്രത്യേക സമയമോ കാലമോ ഇല്ല. വരച്ചു തുടങ്ങുന്ന ചിത്രം മുഴുമിപ്പിക്കണമെന്നുമില്ല. ചിലപ്പോള്‍ ആഴ്ചകള്‍ക്കുശേഷം വീണ്ടും ആരംഭിച്ചെന്നും വരാം. എല്ലാ ദിവസവും വരക്കുമെങ്കിലും കാന്‍വാസിൽ വല്ലപ്പോഴുമേ വരക്കാറുള്ളൂ. കാന്‍വാസില്‍ വരക്കുന്നത് തീര്‍ക്കാന്‍ ഒരു മാസംവരെ സമയമെടുത്തെന്നും വരാം.
ജലച്ഛായം, കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെ വകതിരിവൊന്നും നിളക്കില്ല. പെയിന്റ് ചെയ്യുന്നതിന് ബ്രഷ് വേണമെന്ന നിബന്ധനയുമില്ല. എന്താണോ ലഭ്യമായത്, അതാണ് നിള ചിത്രരചനക്ക് ഉപയോഗിക്കുന്നത്. അത് വിരലുകളാകാം, ടൂത്ത് ബ്രഷ്, കത്തി, തുണി എന്നിവയുമാകാം. അക്രിലിക്, ഓയില്‍ എന്നിവയാണ് ചായങ്ങളായി ഉപയോഗിക്കുന്നത്. എല്ലാ ചിത്രങ്ങളിലും അറിഞ്ഞോ അറിയാതെയോ പ്രഷ്യന്‍ ബ്ലൂ കയറിവരാറുണ്ട്. നിളയുടെ വാക്കുകളില്‍ പറഞ്ഞാല്‍ സ്വപ്നങ്ങളാണെല്ലാം. അവയെ കാന്‍വാസിലേക്ക് പകര്‍ത്താന്‍ എന്താണ് ഉതകുന്നത് അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. രണ്ടാഴ്ച മാത്രം പോയ ശേഷം നിള സ്കൂളിനോട് വിടപറഞ്ഞു. സ്കൂള്‍ തനിക്ക് പറ്റിയ ഇടമല്ല എന്നാണ് നിള മാതാപിതാക്കളോട് പറഞ്ഞത്. അവളുടെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെയാകട്ടെയെന്ന് മാതാപിതാക്കളും പറഞ്ഞു.
മറ്റു ചിലപ്പോള്‍ ഒഴിഞ്ഞ കാന്‍വാസുമായാണ് മടക്കം. ഏതെങ്കിലും സ്ഥാപനത്തില്‍ പോയി ചിത്രരചന പഠിക്കാന്‍ നിളക്ക് താല്പര്യമില്ല. ഏതെങ്കിലും ഒരു അധ്യാപകന്റെ കീഴില്‍ ചിത്രരചന പഠിച്ചാല്‍, പഠിപ്പിക്കുന്ന ആളുടെ സ്വാധീനം നിളയുടെ ചിത്രത്തിലും കടന്നുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ആ ഉദ്യമത്തിന് മാതാപിതാക്കളും പ്രേരിപ്പിച്ചില്ല. എന്തെങ്കിലും സംശയം ആരോടെങ്കിലും ചോദിക്കണമെങ്കില്‍ കൊച്ചിയിലെതന്നെ കലാകാരനായ ഡെസ്മണ്ട് ട്രിബേറയോടാണ് ചോദിക്കുക. അദ്ദേഹവും ചിത്രകലാ സ്കൂള്‍ കയറാത്ത കലാകാരനാണ്. സ്വന്തമായി സ്വപ്നങ്ങളും ലോകവുമുള്ള നിളയുടെ ചിന്താധാരകളെ വെട്ടിയൊരുക്കി അതിന്റെ സ്വത്വത്തെ നശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് മാതാപിതാക്കളെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മൂന്നാം വയസ്സില്‍ നിള വരക്കാന്‍ തുടങ്ങി. 2015ല്‍ ആറു വയസ്സുള്ളപ്പോള്‍ കൊച്ചിയിലെ കേരള ലളിതകല അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചു. 2016ല്‍ കോഴിക്കോട് ആർട്ട് ഗാലറിയിലും 2017ല്‍ ഫോര്‍ട്ട് കൊച്ചി ബല്ലാര്‍ഡ് ബംഗ്ലാവ് ആർട്ട് സ്പേസ് ഗാലറിയിലും 2017ല്‍ വീണ്ടും കൊച്ചി ലളിതകല അക്കാദമി ദര്‍ബാര്‍ ഹാളിലും പ്രദര്‍ശനം സംഘടിപ്പിച്ചു. 15000 മുതല്‍ 50000 രൂപവരെ വിലക്കാണ് ചിത്രങ്ങള്‍ വിറ്റുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.