ചിത്രകാരൻ ലോകത്തിലെ വിസ്മയങ്ങളാണ്. വാക്കുകൾക്കതീതമായ നിറക്കൂട്ടുകളുടെ ദൃശ്യ മനോഹാരിതയിലൂടെ പുതിയ ലോകത്തേക്ക് കലാ ആസ്വാദകരെ അടുപ്പിക്കുന്നു. ആർ.കെ. പൊറ്റശ്ശേരിയെന്ന തൂലിക നാമത്തിൽ പ്രസിദ്ധനായ രാധാകൃഷ്ണൻ മാസ്റ്റർ തന്റെ അമൂല്യമായചിത്ര, ശിൽപകലകളെ ചിറകിലേറ്റി പുതിയ സങ്കേതങ്ങൾ തേടിയുള്ള യാത്ര തുടരുകയാണ്. പരുക്കനായ ഗ്രാനൈറ്റ് പ്രതലത്തിൽ ആവിഷ്ക്കരിച്ച ചിത്രങ്ങളിലൂടെ ആർ.കെ കലാസ്വാദക മനസ്സുകളെ ആശ്ചര്യഭരിതമാക്കുന്നുണ്ട്. മൂർച്ചയേറിയ ഗ്രാനൈറ്റിലെ കറുത്ത പ്രതലങ്ങളിൽ നൂൽകനത്തിലാണ് മനോഹരമായി ചിത്രം കൊത്തിയെടുക്കുന്നത്.
മഹാത്മഗാന്ധി, ശ്രീനാരായണ ഗുരു, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സ്വാമി വിവേകാനന്ദൻ, ഇന്ദിരഗാന്ധി, ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.എച്ച്. മുഹമ്മദ് കോയ, എസ്.കെ. പൊെറ്റക്കാട്ട്, കെ.പി. കേശവമേനോൻ, വൈക്കം മുഹമ്മദ് ബഷീർ, മദർ തെരേസ തുടങ്ങിയവരുടെ ചിത്രങ്ങൾ ഗ്രാനൈറ്റിന്റെ ശീതളഛായയിൽ പുനർജനിയാക്കിയത്. ആർ.കെയുടെ ജന്മനാടായ പൊറ്റശ്ശേരിയിലാണ് കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഛായാചിത്രം അദ്ദേഹം മരിച്ചുവീണ മണ്ണിൽ സ്ഥാപിച്ചത്. എസ്.കെ. പൊെറ്റക്കാട്ടിന്റെ ഗ്രാനൈറ്റ് ചിത്രം മുക്കത്ത് എസ്.കെ.യുടെ പാർക്കിലും സ്ഥാപിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആടും മുഹമ്മദ് ബഷീറും വൈക്കം മുഹമ്മദ് ബഷീറിന്റെ മ്യൂസിയത്തിലും ഉണ്ട്.
വിധേയൻ എന്ന ടെറാക്കോട്ട ശിൽപമാണ് കരവിരുതിൽ സവിശേഷമായത്. കളിമണ്ണിൽ ശിൽപങ്ങൾ നിർമിച്ച് ചുട്ടെടുക്കുന്ന രീതിയാണ് ടെറാക്കോട്ട. കൈകളിൽ കൈക്കോട്ട് പിടിച്ച് വയലിൽ നിൽക്കുന്ന കർഷകനാണ് ടെറാക്കോട്ടയിൽ ദൃശ്യവത്കരിച്ചത്. കർഷക ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങി െചല്ലുന്നതാണ് ഈ ചിത്രം. ഭൂമിയിൽ സംഭവിക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും കാലാവസ്ഥപരവും ആയ മാറ്റങ്ങൾക്ക് ഇരയാകുന്നത് കർഷകൻ മാത്രമാെണന്ന് തന്റെ ചിത്രത്തിലൂടെ ആർ.കെ പറയുന്നു.
വാടിക്കരിഞ്ഞ തന്റെ കൃഷിയിലൂടെ കർഷകനനുഭവിക്കുന്ന നിരാശകളുടെ നിഴലുകൾ തെളിയുമ്പോൾ ഒത്തിരി പ്രത്യാശയും തൊട്ട് പിറകിലുെണ്ടന്ന് ശിൽപം പറയുന്നുണ്ട്. വിധേയൻ എന്ന ടെറാക്കോട്ട ശിൽപത്തിനാണ് 2006 ൽ ആർ.കെ.ക്ക് കേരള ലളിതകല അക്കാദമി അവാർഡ് ലഭിച്ചത്. വെള്ളപ്പൊക്കം എന്ന കളിമണ്ണ് ശിൽപവുമുണ്ട്. വെള്ളപ്പൊക്കത്തിൽ സാമഗ്രികൾ തലച്ചുമടുമായി വീടൊഴിഞ്ഞ് പോകുന്ന സങ്കടക്കാഴ്ചകൾ വിവരിക്കുകയാണ് ചിത്രത്തിലൂടെ ചെയ്യുന്നത്. മതമൈത്രിയും സൗഹാർദവും വിളിച്ചോതുന്ന സ്നേഹ ശിൽപവും ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഭീമൻ ശിൽപവും മറ്റൊരു കലാസൃഷ്ടിയാണ്.
വീടിന്റെ ചുറ്റുമതിലുകളിൽ ശിൽപം ഒരുക്കുന്ന പരീക്ഷണവും വിജയത്തിലേക്ക് നീങ്ങി. ചാർക്കോൾ കൊണ്ട് ഒരുക്കിയചിത്രങ്ങളുമുണ്ട്. പ്രകൃതിയോടുള്ള സ്നേഹവും ദേശ സ്നേഹവും ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങളുമുണ്ട്. ഏറ്റവും ഒടുവിൽ ചാർക്കോൾ സംവിധാനത്തിൽ വരച്ച ചിത്രമാണ് കുടിവെള്ളം. കുടിവെള്ളത്തിന് മനുഷ്യൻ നെട്ടോട്ടമോടുന്നു. തിരുവനന്തപുരം ആർ.സി.സി.യിൽ ആർ.കെ ചികിത്സയിലായിരിക്കെ 15 ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു. കാൻസർ രോഗികളുടെ മാനസിക വിനോദവും സന്തോഷവും കളിയാടുന്ന ചിത്രങ്ങളുമായാണ് ആർ.കെ വരയിലൂടെ വിസ്മയ കാഴ്ചയൊരുക്കിയത്. ചിത്രകലയിലും ശിൽപകലയിലും മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും സിനിമാരംഗത്തും അർ.കെ നിറസാന്നിധ്യമായിരുന്നു.
'കഥ പറയുന്ന മുക്കം' എന്ന ഡോക്യുമെൻററിയുടെ തിരക്കഥയും ഗ്രെയ്സ് പാലിയേറ്റിവിന് വേണ്ടി സാമ പർവ്വ എന്ന ഡോക്യുഫിഷന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അദ്ദേഹമായിരുന്നു. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായിരിക്കെയാണ് 2010-11 ൽ ദേശീയ അധ്യാപക അവാർഡ് ആർ.കെ.യെ തേടിയെത്തിയത്. ആരോഗ്യപരമായ പ്രതിസന്ധിക്ക് മുന്നിലും പതറാതെ ആർ.കെ.യുടെ മനസ്സ് ഇപ്പോഴും കലാലോകത്ത് സർഗവസന്തം വിടർത്തിക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പൊറ്റശ്ശേരിയിലെ പരേതനായ കോപ്പുണ്ണി മാസ്റ്റർ-പെണ്ണുട്ടി ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമനാണ് ആർ.കെ.യെന്ന രാധാകൃഷ്ണൻ. ഭാര്യ: ജനനി. മക്കൾ: അരുൺ, ആരതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.