????. ??????????

പരിസ്ഥിതി സ്വാമി 

ആലുവ, കാലടി, കാക്കനാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ പാതയോരത്തും പുഴയോരത്തും ഏകദേശം 3000 മരങ്ങള്‍ വെച്ചുപിടിച്ചിച്ച ഒരു റിട്ട. അധ്യാപകനുണ്ട്്. നാട്ടുകാര്‍ പരിസ്ഥിതി സ്വാമി എന്ന് സ്നേഹത്തോടെ വിളിക്കുന്ന സീതാരാമന്‍. ആലുവയിലെ രാമപ്രിയ വീടിന്‍െറ മുന്നില്‍ പ്രകാശം പരത്തുന്ന ചിരിയുമായി നില്‍ക്കുന്ന ആ മനുഷ്യന്‍ കേരളത്തിലെ പുഴകളുടെയും മരങ്ങളുടെയും പ്രിയ കാമുകനാണ്. 

 മരണമണി മുഴങ്ങുന്ന പെരിയാറിന്‍െറ സുരക്ഷക്കായി, നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ എണ്ണമറ്റതാണ്. കോടതിയില്‍ നല്‍കിയ കേസുകള്‍ക്ക് കണക്കില്ല. ഇഷ്ടികക്കളങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ വേറെയും. മിക്ക കേസുകളുടെയും വിധി അനുകൂലമായിരുന്നു. ചില വിധികള്‍ കടലാസില്‍ ഒതുങ്ങി. ആലുവയില്‍ പുഴ നികത്തി ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച മഴവില്‍ റസ്റ്റാറന്‍റ് പൊളിച്ചുമാറ്റിയത് സുപ്രീംകോടതിയില്‍ സീതാരാമന്‍ ഏഴ് വര്‍ഷം നടത്തിയ പോരാട്ടത്തിന്‍െറ ഫലമായാണ്. പെരിയാറിലും വല്ലാര്‍പാടം ദ്വീപിലും മലിനീകരണത്തെക്കുറിച്ച് പഠിക്കാനായി വര്‍ഷങ്ങളാണ് ചെലവിട്ടത്. അദ്ദേഹത്തിന്‍െറ ശ്രമഫലമായി ആലുവ പെരിയാര്‍ തീരത്തെ മണ്ണൊലിപ്പ് തടയാനും സംരക്ഷിക്കാനുമായി 1990ലും 1997 ലുമായി രണ്ടുഘട്ട പദ്ധതികളാണ് തയാറാക്കിയത്. മൂന്നു മീറ്റര്‍ നീളത്തിലും 40  മീറ്റര്‍ വീതിയിലുമായി പുഴയോരത്ത് സ്ഥലമൊരുക്കി. ഇതില്‍ വ്യത്യസ്ത ഇനത്തില്‍പ്പെട്ട 63 ചെടികള്‍ നട്ടുപിടിപ്പിച്ച് പുഴക്ക് സംരക്ഷണമൊരുക്കിയതും അദ്ദേഹത്തിന്‍െറ പരിശ്രമം തന്നെ.

കൂവപ്പടി കൂടാലപ്പാട് സ്വദേശിയായ ശങ്കരനാരായണ അയ്യരുടെയും അന്നപൂര്‍ണി അമ്മാളിന്‍െറയും എട്ടു മക്കളില്‍ ആറാമനാണ് സീതാരാമന്‍. പിതാവിന്  ധാരാളം കൃഷി ഉണ്ടായിരുന്നു. കൂടാതെ, പശു പരിപാലനവും. സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹം ഒരു മുടക്കവും വരുത്തിയില്ല. ആ അച്ഛനും മരങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു. എവിടെ നിന്ന് വൃക്ഷത്തൈകള്‍ കിട്ടിയാലും അത്  വീട്ടില്‍ കൊണ്ടുവന്ന് നട്ടു. അച്ഛന്‍െറ ആ പ്രകൃതി സ്നേഹം കണ്ടാണ് കൊച്ചു സീതാരാമനും വളര്‍ന്നത്. കൂവപ്പടി ഗണപതി വിലാസം എച്ച്.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ശ്രീശങ്കര കോളജില്‍ 33 വര്‍ഷം രസതന്ത്രം അധ്യാപകനായിരുന്നു. അവിടെ നിന്ന് വിരമിച്ചശേഷം 12 വര്‍ഷം ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയര്‍ കോളജില്‍ ഡിപ്പാര്‍ട്മെന്‍റ് ഹെഡായി ജോലി ചെയ്തു. ഇതിനിടയില്‍ അഞ്ചു വര്‍ഷം പെരിയാറിലെ ലോഹാംശങ്ങളെ കുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്.ഡി എടുത്തു.

1986ല്‍ ആലുവയിലെ കുറച്ച് ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം എന്ന പേരില്‍ സംഘടന രൂപവത്കരിച്ചു. അതിലെ സജീവ പ്രവര്‍ത്തകനായി. 26 വര്‍ഷം സംഘടനയുടെ സെക്രട്ടറിയായിരുന്നു. ഒരു വൃക്ഷത്തൈ പാതയോരത്ത് നട്ടശേഷം സ്വാമി അതിനെ ഇരുമ്പുകൂട് വെച്ച് സംരക്ഷിക്കും. തൈക്ക് ചുറ്റും പടരുന്ന കളകള്‍ പറിച്ചു കളയും. ദിവസവും വേനല്‍ക്കാലത്ത് വെള്ളം നനച്ചുകൊടുക്കും. ഒരു തൈ അഞ്ചു വര്‍ഷം വരെ ഇങ്ങനെ സംരക്ഷിക്കും. വേനല്‍ക്കാലത്ത് വീട്ടില്‍ നിന്ന് ചെറിയ ബാരലുകളില്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോയി നനക്കും. ഇത്തരം ചെടി പരിപാലത്തിന് വരുന്ന ചെലവ് എല്ലാം സ്വന്തം കൈകളില്‍ നിന്നാണ് വിനിയോഗിക്കുന്നത്. ആലുവയിലെ വീട്ടിലും കൂവപ്പടിയിലെ തറവാട്ടിലും അദ്ദേഹം സ്വന്തമായി വൃക്ഷത്തൈകളുടെ നഴ്സറി തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നാണ് നടാനുള്ള ചെടികള്‍ പല സ്ഥലങ്ങളിലും എത്തിക്കുന്നത്. കൂവപ്പടിയിലെ തറവാട്ടിലുള്ള 60 സെന്‍റ് സ്ഥലത്ത് ജൈവ വൈവിധ്യ സങ്കേതം തന്നെയാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

സഞ്ചാര പ്രിയനായ സീതാരാമന്‍ അമേരിക്കന്‍ ഭൂഖണ്ഡം മുഴുവനും ആഫ്രിക്കയില്‍ ഘാന, നൈജീരിയ, ഇതോപ്യ, കെനിയ, ഈജിപ്ത്, യൂറോപ്പില്‍ ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍, സിങ്കപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, പനാമ, ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെ ത്തുമ്പോഴും അവിടത്തെ പ്രകൃതിവിഭവങ്ങള്‍, അവരുടെ ജീവിതശൈലി, സംസ്കാരം എന്നിവ അദ്ദേഹം പഠനവിധേയമാക്കും. പ്രകൃതിയെ കളങ്കമില്ലാതെ സ്നേഹിച്ചതിന് കേരളബ്രാഹ്മണ സഭ അവാര്‍ഡ്, കെ. രാമന്‍പിള്ള അവാര്‍ഡ്, പരിസ്ഥിതി രത്ന അവാര്‍ഡ്, 2012ല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ വനരത്ന അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ തേടിയത്തെിയിട്ടുണ്ട്. കാക്കനാട് എന്‍.പി.ഒയില്‍ ശാസ്ത്രജ്ഞയായിരുന്ന പാര്‍വതി ആണ് ഭാര്യ. മക്കള്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞരായ ജയനാരായണന്‍, ഹരീശ്വരന്‍. നിലവില്‍ ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.