കണ്ണിന്‍െറ ദൃഷ്ടിപടലത്തില്‍ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈര്‍ഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവമാണ് നിറം. നിറത്തില്‍ ഭാവന ചാലിക്കുമ്പോള്‍ അതിന് പലതുമായി മാറാന്‍ കഴിയും. അനേകം വാക്കുകളെ കുറഞ്ഞ വരകള്‍കൊണ്ട് ആവിഷ്കരിക്കാം. പ്രകൃതിയുടെ ഋതുമാറ്റങ്ങളെ വര്‍ണങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ പറയാന്‍ എളുപ്പം സാധിക്കുക ചിത്രകാരനാണ്. മരിക്കുന്ന പുഴകളും കാടിറങ്ങുന്ന മരങ്ങളും അതിനിടയില്‍നിന്നുയരുന്ന ജൈവികതയുടെ നിലവിളിയും പകര്‍ത്താന്‍ ചിത്രകാരന് ഒറ്റ കാന്‍വാസ് മതി.
ജൈവികതയുടെ നിലക്കാത്ത നിലവിളി വര്‍ണങ്ങള്‍കൊണ്ടും വരകള്‍കൊണ്ടും എഴുതി ഇന്ദ്രജാലം തീര്‍ക്കുന്ന ഒരു മലയാളി യു.എ.ഇയിലുണ്ട്. അഷര്‍ ഗാന്ധി എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായ കണ്ണൂര്‍ താഴെ ചൊവ്വക്കാരന്‍. ഒരുപക്ഷേ, മലയാളികളെക്കാള്‍ ഇദ്ദേഹത്തെ അറിയുക വിദേശികളാണ്. ലോക പീരിയോഡിക്കല്‍സുകള്‍ക്കുവേണ്ടി രേഖാചിത്രങ്ങള്‍ വിതരണം ചെയ്യുന്ന ബ്ലാക്ക് വാട്ടര്‍ യു.കെ സിന്‍ഡിക്കേറ്റിന്‍െറ രേഖാചിത്രകാരനാണ് അഷര്‍. പെയിന്‍േറഴ്സ് പാലറ്റിനുവേണ്ടി കണ്ടംപററി പെയിന്‍റിങ്ങുകളും ചെയ്യുന്നു. മൗറിസന്‍ സാക്, ടിംബര്‍ട്ടണ്‍, പീറ്റര്‍ സിസ്, ഡേറാഡ് കാന്‍സന്‍ തുടങ്ങിയവരെ രേഖാചിത്രകലയില്‍ പിന്തുടരുന്നു. പെന്‍ഗ്വിന്‍ ബുക്സടക്കം യൂറോപ്യന്‍ രാജ്യങ്ങളിലെ നൂറോളം പബ്ലിഷേഴ്സിനുവേണ്ടി അഷര്‍ വരക്കുന്നു. രണ്ടായിരത്തിലേറെ ചിത്രങ്ങള്‍ വ്യത്യസ്ത പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇതിനകം വരച്ചുകഴിഞ്ഞു.
വിദേശ ഭാഷകള്‍ക്ക് വരക്കുക എളുപ്പമുള്ള പണിയല്ല. അവരുടെ ജീവിതരീതികളും ചലനങ്ങളും ഭാവങ്ങളുമെല്ലാം കൃത്യമായി അറിഞ്ഞാലേ അതിനനുസരിച്ച് വരക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ഗഹനമായ വായനകൂടിയേ തീരൂ. അഷറിനെ ഈ രംഗത്ത് തിളക്കം നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്തുന്നത് കൃത്യതയുള്ള ഗൃഹപാഠം കൊണ്ടു നടക്കുന്നതിനാലാണ്. ആഴത്തിലുള്ള വായനക്കുശേഷമാണ് അഷറിന്‍െറ വര ആരംഭിക്കുക. വായനയില്‍നിന്ന് മനസ്സിന്‍െറ ഭിത്തിയില്‍ പറ്റിപ്പിടിച്ച വാക്കുകളെ ഉരച്ച് പാകപ്പെടുത്തി പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ അത് വാക്കിനൊപ്പംപോന്ന വരയാകുന്നു. നിരവധി മലയാള സാഹിത്യങ്ങള്‍ക്കുവേണ്ടിയും അഷര്‍ വരച്ചിട്ടുണ്ട്. അകത്തെ രേഖാചിത്രങ്ങളും പുറംചട്ടയും അഷര്‍ ചെയ്യുന്നു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അഷറിന്‍െറ വര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നടവഴിയിലെ നേരുകള്‍’ എന്ന ഒറ്റ നോവല്‍കൊണ്ട് വായനക്കാരുടെ ഇഷ്ടപ്പെട്ട എഴുത്തുകാരിയായി മാറിയ ഷെമിയുടെ പുതിയ പുസ്തകത്തിന്‍െറ മുഖചിത്രമാണ് അഷര്‍ മിനിറ്റുകള്‍ക്കുള്ളില്‍ വരച്ചത്. ഒരു ഭാഗത്ത് വാക്കുകള്‍ പുരോഗമിക്കുമ്പോള്‍ നിറങ്ങള്‍കൊണ്ട് അഷര്‍ തീര്‍ത്ത വരയുടെ ഇന്ദ്രജാലം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവത്തിലെ വേറിട്ട കാഴ്ചയായിരുന്നു.
വെളുത്ത കാന്‍വാസില്‍ കറുത്ത നിറം. അത് പിന്നീട് പല വര്‍ണങ്ങളിലൂടെ ഒഴുകുന്നു. നിറങ്ങള്‍കൊണ്ട് കണ്ണൂരില്‍നിന്ന് മലപ്പുറത്തേക്കുള്ള ഷെമിയുടെ വഴിദൂരങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു അഷര്‍. മങ്ങിയ നിറങ്ങളുടെ താഴ്ചയില്‍നിന്ന് കടുംനിറങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും. ഷെമിയുടെ രണ്ടാമത്തെ പുസ്തകമായ ‘മലപ്പുറത്തിന്‍െറ മരുമകളുടെ’ കവര്‍ ചിത്രമാണ് തിങ്ങിനിറഞ്ഞ അക്ഷരസ്നേഹികളെ സാക്ഷിനിര്‍ത്തി അഷര്‍ വരച്ചത്. 2009ലാണ് പേരിനൊപ്പം ഗാന്ധി വരുന്നത്. രേഖകള്‍കൊണ്ട് എളുപ്പത്തില്‍ വരക്കാം ഗാന്ധിയെ. പേരില്‍ ഗാന്ധി വന്നതോടെ തിരക്കിനിടയില്‍ തിരിച്ചറിയാന്‍ തുടങ്ങി. മാധ്യമം, ചന്ദ്രിക, മലയാള മനോരമ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തുടങ്ങിയ മാധ്യമങ്ങളില്‍ അഷര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുറവാസത്തിന് ഇപ്പോള്‍ 13 വയസ്സ്.
മലയാളത്തിലുള്ള രചനകള്‍ക്കും മറ്റുമുള്ള വര എളുപ്പമാണെന്ന് അഷര്‍ പറയുന്നു. നമ്മുടെ കഥാപാത്രങ്ങളുടെ വസ്ത്രരീതികളും അനാട്ടമിയും മനസ്സില്‍ ഉറച്ചതാണ്. എന്നാല്‍, വിദേശ പ്രസിദ്ധീകരണങ്ങളില്‍ പല രാജ്യക്കാരുടെ കഥകളുണ്ടാവും. അവരുടെ സാമൂഹിക-സാംസ്കാരിക പരിസരം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വരയില്‍ വിജയിക്കുകയുള്ളൂ. ശരീരഭാഷ വരയുടെ നെടുന്തൂണാണ്. പാകിസ്താനികളുടെയും ബംഗ്ലാദേശുകാരുടെയും ഇന്ത്യക്കാരുടെയും ഘടന വ്യത്യസ്തമാണ്. അവരുടെ ശരീരഭാഷ പഠിക്കാന്‍ ദുബൈയില്‍ വന്നതുകൊണ്ടാണ് എളുപ്പമായതെന്നും അഷര്‍. പാകിസ്താനിലെ പഠാണികളുടെ ഇരുത്തം വരക്കാന്‍ പെരുത്തിഷ്ടമാണ് അഷറിന്.
എത്ര സമയം വേണമെങ്കിലും അവര്‍ ഇരുന്ന ഇരുപ്പില്‍ ഇരിക്കും. കാലു രണ്ടും നിലത്ത് വെക്കാതെ വിരലില്‍ തൊട്ട് തലോടിയുള്ള അവരുടെ ഇരുത്തത്തെ ഏറെ വരച്ചിട്ടുണ്ട് അഷര്‍. പുറവാസഭൂമിയിലെ ജീവിതങ്ങള്‍ അഷറിന്‍െറ വരയിലേറെ ഇടംപിടിച്ചിട്ടുണ്ട്. രേഖാചിത്ര രചനയിലെ മള്‍ട്ടി ഡൈമെന്‍ഷന്‍ രീതി വരകളില്‍ ജീവന്‍െറ തുടിപ്പ് പകരുന്നു. പെയിന്‍റിങ്ങില്‍ കണ്ടംപററി രീതിയാണ്. നിറങ്ങളെ മനസ്സുമായി പാകപ്പെടുത്താന്‍ ഈ രീതിക്ക് പ്രത്യേക കഴിവുണ്ട്. ദിവസം മൂന്നു മുതല്‍ അഞ്ചു വരെ ചിത്രങ്ങളാണ് വരക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ചിത്രങ്ങള്‍ അയക്കുന്നതും പ്രതിഫലം പറ്റുന്നതും. എല്ലാത്തിനും പിന്തുണയേകി ഭാര്യ ദില്‍ഷാനയും മക്കളായ ജെറിന്‍ റികാസ്, ലാസിം അഷര്‍ എന്നിവരും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.