?????? ????????? ????????? ???????????????? ?????????????? ??? ???????????????????

ഒരു നീലക്കുറിഞ്ഞിക്കാലം മുമ്പാണ്. എയ്ഡ്സ് ബോധവത്കരണ പ്രചാരണത്തിന് 2005ല്‍ കൊച്ചിയിലെത്തിയതാണ് മിസ് യൂനിവേഴ്സ് നതാലി ഗ്ലബോവ. സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ സഞ്ജന ജോണില്‍നിന്ന് അവര്‍ ഒരു ചിത്രത്തെക്കുറിച്ചറിഞ്ഞു- കേരളത്തിലെ ചുവര്‍ചിത്രകലയിലെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായ സീമ സുരേഷിന്‍െറ ‘രാധാമാധവം’. ചിത്രം നേരില്‍ കണ്ടപ്പോള്‍ നതാലി പറഞ്ഞതിത്രമാത്രം: ‘‘എന്നേക്കാള്‍ എത്ര സുന്ദരിയാണീ രാധ.’’ വിശ്വസുന്ദരിയുടെ മനം കവര്‍ന്ന ചിത്രം അവര്‍ക്ക് സമ്മാനമായി നല്‍കാന്‍ ആ വാക്കുകളേക്കാള്‍ വലിയ പ്രതിഫലമൊന്നും വേണ്ടിയിരുന്നില്ല സീമക്ക്.


വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രം വിജയം കണ്ട ചുവര്‍ചിത്രകലാരംഗത്ത് മറ്റൊരു അപൂര്‍വതക്ക് ചായം പകരുകയാണിപ്പോള്‍ സീമ. എറണാകുളം തമ്മനം അനന്തപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍െറ ശ്രീകോവിലില്‍ സീമയുടെ ചുവര്‍ചിത്രരചന പുരോഗമിക്കുന്നു. ക്ഷേത്ര ചുവര്‍ചിത്രരചന അത്യപൂര്‍വമായേ സ്ത്രീകളെ ഏല്‍പിക്കാറുള്ളൂ. ‘‘ഈ വെല്ലുവിളി ഒരു ജീവിത നിയോഗമായി ഞാനേറ്റെടുക്കുകയായിരുന്നു. കലയുടെ സാക്ഷാത്കാരം മാത്രമല്ല എനിക്കിത്; ഭക്തിയുടെ പൂര്‍ണത കൂടിയാണ്. ക്ഷേത്രച്ചുവരുകളില്‍ വരച്ചിടുന്നത് പഞ്ചവര്‍ണങ്ങള്‍ മാത്രമല്ല, പുണ്യംകൂടിയാണ്. പ്രതിഫലവും അതുതന്നെ. വരക്കാന്‍ കഴിവ് നല്‍കിയ ദൈവത്തിന് തിരികെ സമര്‍പ്പിക്കുന്ന കാണിക്കയാണിത്’’ -സീമ പറയുന്നു.

തമ്മനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ശ്രീകോവിലിന്‍െറ ഇരുവശങ്ങളിലുമായി രാധാമാധവവും ഗുരുവായൂരപ്പനെയുമാണ് സീമ ഇപ്പോള്‍ വരക്കുന്നത്. ഉത്സവത്തിനു ശേഷം കൃഷ്ണലീലകള്‍കൂടി വരച്ച് ശ്രീകോവിലിന് ചുറ്റുമുള്ള ചുവര്‍ചിത്രരചന പൂര്‍ത്തിയാക്കും. 16 വര്‍ഷമായി ചിത്രരചന രംഗത്തുള്ള സീമ ചുവര്‍ചിത്രങ്ങള്‍ മാത്രമല്ല, അക്രലിക്കിലും ഓയിലിലും ഛായാചിത്രങ്ങളും വരക്കാറുണ്ട്. ചുവര്‍ചിത്രരചനയില്‍ തന്നെ നിരവധി പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.


നമുക്ക് പരിചിതമായ, കണ്ണിലും കരളിലുമായി നമ്മള്‍ അനുഭവിച്ചറിഞ്ഞ തനി കേരളീയ കലാരൂപങ്ങള്‍ ചുവര്‍ചിത്രത്തില്‍ സന്നിവേശിപ്പിച്ചതാണ് അതിലൊന്ന്. എട്ടടി നീളവും അഞ്ചടി ഉയരവുമുള്ള കാന്‍വാസില്‍ കഥകളി, തെയ്യം, കളരിപ്പയറ്റ്, വള്ളംകളി, മോഹിനിയാട്ടം, തൃശൂര്‍പൂരം തുടങ്ങിയവയെല്ലാം പഞ്ചവര്‍ണങ്ങളുടെ ചേരുവയില്‍ ജീവനോടെ തുടിച്ചു നില്‍ക്കുന്നു. സജി അരൂരിന്‍െറകൂടി സഹായത്തോടെയാണ് സീമ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ മലയാളിയായ അജീഷ് നായര്‍ പിന്നീട് ഈ ചിത്രം സ്വന്തമാക്കി.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗുരുവായൂരപ്പന്‍ ചുവര്‍ചിത്രവും സീമയാണ് ഒരുക്കിയിട്ടുള്ളത്. എട്ടടിയോളമാണ് നില്‍ക്കുന്ന ഗുരുവായൂരപ്പന്‍ ചിത്രത്തിന്‍െറ ഉയരം. ഒമ്പതടിയുള്ള ശ്രീരാമചിത്രം പൂര്‍ത്തിയായിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ സീമയെ കുട്ടിക്കാലത്ത് കണ്ട തെയ്യങ്ങളുടെ വര്‍ണ വൈവിധ്യമാണ് നിറങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്. അതത് ദേശത്തിന്‍െറ ബിംബങ്ങളും വിശ്വാസങ്ങളും പ്രതിഫലിപ്പിക്കുന്നതിനാലാണ് ചുവര്‍ചിത്രങ്ങളോട് താല്‍പര്യമുണ്ടായത്.

തമ്മനം അനന്തപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍െറ ശ്രീകോവിലില്‍ സീമ ചുവര്‍ചിത്രരചനയില്‍
 


പുരാണങ്ങളോടുള്ള ഇഷ്ടംകൂടിയായതോടെ കേരളത്തില്‍ ചുവര്‍ചിത്രകല ആദ്യമായി അഭ്യസിച്ച പെണ്‍കുട്ടികളില്‍ ഒരാളായി. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചിത്രകലാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാത്തതിനാല്‍ മാഹിയിലെ മലയാള കലാഗ്രാമത്തില്‍ ചേര്‍ന്നാണ് ചുവര്‍ചിത്രകല പഠിച്ചത്. പിന്നീട് തലശ്ശേരിയിലെ കേരള സ്കൂള്‍ ഓഫ് ആര്‍ട്സിലും പഠിച്ചു. ചിത്രകലയിലെ കുലപതികളായ കെ.കെ. വാര്യര്‍, എം.വി. ദേവന്‍ തുടങ്ങിയവരുടെ ശിഷ്യയാണ്. 

നര്‍ത്തന ഗണപതി,  ഉണ്ണിഗണപതി, മള്ളിയൂര്‍ ഗണപതി തുടങ്ങി ഗണപതിയുടെ വിവിധ ഭാവങ്ങളും വനദുര്‍ഗ, സൂര്യദേവന്‍, കണ്വാശ്രമത്തിലെ ശകുന്തള എന്നിവയുമൊക്കെ സീമയുടെ കരവിരുതില്‍ മനോഹര ചുവര്‍ചിത്രമായത് ഏറെ ശ്രദ്ധ നേടിയിരുന്നു. രൗദ്രവും കരുണവും മോഹനവുമെല്ലാം നിറച്ചാര്‍ത്തണിഞ്ഞ ചിത്രങ്ങള്‍ ദുബൈയിലും കേരളത്തിലെ വിവിധ നഗരങ്ങളിലുമായി നടന്ന പ്രദര്‍ശനങ്ങളില്‍ പ്രശംസ പിടിച്ചുപറ്റി.

ഇപ്പോള്‍ കാക്കനാട്ടെ നൈപുണ്യ സ്കൂളില്‍ ചിത്രകലാധ്യാപികയാണ് സീമ. 12 വര്‍ഷമായി കൊച്ചിയില്‍ തമ്മനത്ത് ‘ആര്‍ട്ട് ഇന്‍ ആര്‍ട്ട്’ എന്ന ചിത്രകല വിദ്യാലയവും നടത്തുന്നു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് സുരേഷ് വെള്ളിമുറ്റവും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ സൂരജ് കിരണും നല്‍കുന്ന പിന്തുണയാണ് കലാരംഗത്തെ വിജയങ്ങള്‍ക്ക് കാരണമെന്ന് സീമ പറയുന്നു.

Tags:    
News Summary - Artist Seema Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.